സമാധാനത്തിന് ഊന്നൽ നൽകുക
മാറ്റം ജീവിതത്തിലെ വലിയ സമ്മർദങ്ങളിലൊന്നാണ്. ഏകദേശം ഇരുപത് വർഷത്തോളം ഞാൻ എന്റെ മുൻ വീട്ടിൽ താമസിച്ചതിനു ശേഷം ഞങ്ങൾ നിലവിലെ വീട്ടിലേക്ക് മാറി. വിവാഹത്തിനു മുമ്പ് എട്ട് വർഷം ഞാൻ ആ വീട്ടിൽ തനിച്ചായിരുന്നു താമസം. പിന്നെ എന്റെ ഭർത്താവ് എല്ലാ സാധനങ്ങളും സഹിതം കടന്നുവന്നു. പിന്നീട് ഒരു കുഞ്ഞും വന്നു, അതായത് കൂടുതൽ സാധനങ്ങൾ.
പുതിയ വീട്ടിലേക്ക് ഞങ്ങൾ നീങ്ങുന്ന ദിവസം സംഭവരഹിതമായിരുന്നില്ല. "മൂവേർഴ്സ്" എത്തുന്നതിനു അഞ്ച് മിനിറ്റു മുമ്പ് പോലും ഞാൻ ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി പൂർത്തിയാക്കുകയായിരുന്നു. പുതിയ വീടിന് നിരവധി കോണിപ്പടികൾ ഉണ്ടായിരുന്നു, അതിനാൽ ആസൂത്രണം ചെയ്തതിനേക്കാൾ ഇരട്ടി സമയവും ജോലിക്കാരും ആവശ്യമായി വന്നു.
പക്ഷേ അന്നത്തെ സംഭവങ്ങളിൽ എനിക്ക് സമ്മർദം തോന്നിയില്ല. പിന്നെ എനിക്ക് മനസ്സിലായി: ഒരു പുസ്തകം എഴുതി പൂർത്തിയാക്കുവാൻ ഞാൻ മണിക്കൂറുകളോളം ചിലവഴിച്ചു - തിരുവെഴുത്തുകളും ബൈബിൾ ആശയങ്ങളും നിറഞ്ഞ ഒരു പുസ്തകം. ദൈവകൃപയാൽ, ഞാൻ ബൈബിളിൽ പരതുകയും പ്രാർഥിക്കുകയും എന്റെ സമയപരിധിക്കുള്ളിൽ എഴുതി തീർക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. തിരുവെഴുത്തിലും പ്രാർഥനയിലും ഞാൻ മുഴുകി എന്നതായിരുന്നു എനിക്ക് ആരോഗ്യം തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
പൗലൊസ് എഴുതി, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്" (ഫിലി. 4:6). നാം പ്രാർഥിക്കുകയും ദൈവത്തിൽ "സന്തോഷിക്കകയും'' ചെയ്യുമ്പോൾ (വാ.4), പ്രശ്നത്തിൽ നിന്ന് നമ്മുടെ ദാതാവിലേക്ക് നാം മനസ്സിനെ കേന്ദ്രീകരിക്കുന്നു. ഒരു സമ്മർദത്തെ നേരിടാൻ നാം ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയായിരിക്കാം, പക്ഷേ അതുമൂലം നാം അവനുമായി ബന്ധപ്പെടുന്നു, അത് "സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം" പ്രദാനം ചെയ്യുന്നു (വാ.7).
കട്ടിളകളിന്മേൽ ആശ്വാസം
തെക്കൻ ലൂസിയാനയിലെ 2016-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഞാൻ സോഷ്യൽ മീഡിയ ഫീഡ് സ്കാൻ ചെയ്യുമ്പോൾ, എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. വെള്ളപ്പൊക്കത്തിൽ നാശമായ അവളുടെ വീട് പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അവളോട്, ഹൃദയഭേദകമായ ആ പുനർനിർമാണ പ്രവർത്തനത്തിൽ പോലും ദൈവത്തെ അന്വേഷിക്കുവാൻ അവളുടെ അമ്മ അവളെ ഉപദേശിച്ചു. താമസിയാതെ, എന്റെ സുഹൃത്ത് അവളുടെ വീടിന്റെ പൊളിഞ്ഞുപോയ കട്ടിളകളിന്മേൽ കണ്ടെത്തിയ ബൈബിൾ വാക്യങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അത് വീട് നിർമിച്ച സമയത്ത് എഴുതിയതാണെന്ന് തോന്നുന്നു. ആ മലപ്പലകകളിലെ തിരുവെഴുത്തുകൾ വായിച്ചത്…
യഥാർത്ഥത്തിൽ വേണ്ടത്
ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ, അവൾ ബീഫ് ഒരു വലിയ പാത്രത്തിൽ ഇടുന്നതിനുമുമ്പ് പകുതിയായി മുറിച്ചു. എന്തിനാണ് മാംസം രണ്ടായി മുറിച്ചതെന്ന് ഭർത്താവ് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "കാരണം എന്റെ അമ്മ അങ്ങനെയാണ് ചെയ്യുന്നത്."
എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ചോദ്യം ആ സ്ത്രീയുടെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട് ആ പാരമ്പര്യത്തെക്കുറിച്ച് അവൾ അമ്മയോട് ചോദിച്ചു. അമ്മ മാംസം മുറിച്ചത് അതു താൻ ഉപയോഗിച്ച ഒരു ചെറിയ പാത്രത്തിൽ കൊള്ളാൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്നാൽ, മകൾക്ക് ധാരാളം വലിയ പാത്രങ്ങൾ ഉണ്ടായിരുന്നതിനാൽ, മാംസം രണ്ടായി മുറിക്കുന്ന പ്രവൃത്തി അനാവശ്യമായിരുന്നു.
പല പാരമ്പര്യങ്ങളും ഒരു ആവശ്യകതയിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ ചോദ്യം ചെയ്യപ്പെടാതെ അത് തുടരുന്നു - "നാം അത് ചെയ്യുന്ന രീതി" ആയി മാറുന്നു. മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പരീശന്മാർ അവരുടെ കാലത്ത് ചെയ്തുകൊണ്ടിരുന്ന ചിലത് അങ്ങനെയായിരുന്നു (മർക്കോസ് 7:1-2). യേശുവിന്റെ പ്രവർത്തികൾ തങ്ങളുടെ മതനിയമങ്ങളുടെ ലംഘനം പോലെ തോന്നിയതിനാൽ അവർ ഇടറി പോയി.
യേശു പരീശന്മാരോട് പറഞ്ഞു, "ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. " (വാക്യം 8). പാരമ്പര്യങ്ങൾ ഒരിക്കലും തിരുവെഴുത്തുകളുടെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം അരുളി. ദൈവത്തെ അനുഗമിക്കാനുള്ള യഥാർത്ഥ ആഗ്രഹം, ബാഹ്യപ്രവർത്തികളേക്കാൾ നമ്മുടെ ഹൃദയത്തിന്റെ മനോഭാവത്തിൽ കാണപ്പെടും (വാ. 6-7).
നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും മതപരമായി പിന്തുടരുന്നതും ആയ പാരമ്പര്യങ്ങളെ പലപ്പോഴും പുന:പരിശോധിക്കുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ പ്രാധാന്യമെന്ന് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും മറികടക്കണം.
പുതിയ ദർശനം
ഞാൻ എന്റെ പുതിയ കണ്ണടയും ധരിച്ചു ഒരു ഇരിക്കുമ്പോൾ, ഇടനാഴിക്ക് കുറുകെ പള്ളിയുടെ മറുവശത്തു ഇരിക്കുന്ന എന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. ഞാൻ അവളെ കൈകാണിച്ചപ്പോൾ അവൾ വളരെ അടുത്തും വ്യക്തമായും കാണപ്പെട്ടു. കുറെ ദൂരം അകലെയാണെങ്കിലും അവളെ കൈനീട്ടി തൊടാൻ കഴിയുമെന്ന് എനിക്ക് തോന്നി. പിന്നീട്, ശുശ്രൂഷയ്ക്ക് ശേഷം ഞങ്ങൾ സംസാരിച്ചപ്പോൾ, അവൾ എപ്പോഴും ഇരിക്കുന്ന അതേ സ്ഥാനത്തു തന്നെയാണ് ഇപ്പോഴും ഇരിക്കുന്നതെന്നും എനിക്ക് മനസ്സിലായി. എന്റെ കണ്ണട പുതുക്കിയത് കാരണം എനിക്ക് അവളെ വളരെ വ്യക്തമായും അടുത്തും കാണാൻ സാധിക്കുന്നു.
ബാബിലോണിയൻ അടിമത്തത്തിൽ അകപ്പെട്ട ഇസ്രായേല്യർക്ക് ഒരു പുതിയ നിർദ്ദേശം-ഒരു പുതിയ വീക്ഷണം ആവശ്യമാണെന്ന് യെശയ്യാ പ്രവാചകനിലൂടെ സംസാരിക്കുന്ന ദൈവത്തിന് അറിയാമായിരുന്നു. അവൻ അവരോട് പറഞ്ഞു. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. ........ ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19). അവൻ അവരെ "സൃഷ്ടിച്ചു", "വീണ്ടെടുത്തു", അവരോടൊപ്പം ഉണ്ടായിരിക്കും എന്ന ഓർമ്മപ്പെടുത്തലുകൾ അവന്റെ പ്രത്യാശയുടെ സന്ദേശത്തിൽ ഉൾപ്പെടുന്നു. "നിങ്ങൾ എന്റേതാണ്," അവൻ അവരെ പ്രോത്സാഹിപ്പിച്ചു (വാക്യം 1).
ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്ന ഏതു കാര്യത്തിലും, പഴയതിനെ മറന്ന് പുതിയത് അന്വേഷിക്കാൻ മികച്ച ദർശനം നൽകാൻ പരിശുദ്ധാത്മാവിന് കഴിയും. ദൈവസ്നേഹത്താൽ (വാക്യം 4), അത് നിങ്ങൾക്ക് ചുറ്റും പൊങ്ങിവരുന്നു. നിങ്ങളുടെ വേദനയ്ക്കും ബന്ധനത്തിനുമിടയിൽ അവൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമോ? നമ്മുടെ മരുഭൂമി നിമിഷങ്ങളിൽ പോലും ദൈവം ചെയ്യുന്ന പുതിയത് കാണാൻ നമുക്ക് നമ്മുടെ പുതിയ ആത്മീയ കണ്ണട ധരിക്കാം.
നല്ലതിനോടു പറ്റിക്കൊൾക
പാസ്റ്റർ തിമോത്തി യാത്രയ്ക്കിടെ തന്റെ പ്രീച്ചർ കോളർ (ക്രൈസ്തവ വൈദികർ ധരിക്കുന്ന വെളുത്ത കോളർ) ധരിക്കുമ്പോൾ, പലപ്പോഴും അപരിചിതർ അദ്ദേഹത്തെ തടഞ്ഞുനിർത്തുമായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ഇരുണ്ട സ്യൂട്ടിന് മുകളിൽ ക്ലറിക്കൽ ബാൻഡ് കാണുമ്പോൾ, “ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ” എന്നു എയർപോർട്ടിൽവച്ചു വ്യക്തികൾ പറയും. അടുത്തിടെ ഒരു വിമാനയാത്രയിൽ, ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനരികിൽ മുട്ടുകുത്തി അപേക്ഷിച്ചു: “താങ്കൾ ഒരു പാസ്റ്ററാണോ? എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ?” പാസ്റ്റർ തിമോത്തി അവർക്കുവേണ്ടി പ്രാർത്ഥിച്ചു.
പ്രാർത്ഥന കേട്ടു ദൈവം ഉത്തരം നൽകുന്നതായി നാം മനസ്സിലാക്കുന്നത് എന്തുകൊണ്ടാണെന്നു യിരെമ്യാവിലെ ഒരു ഭാഗം വെളിപ്പെടുത്തുന്നു: ദൈവം കരുതുന്നു! തന്റെ പ്രിയപ്പെട്ടവരും എന്നാൽ പാപികളും ഓടിപ്പോയവരുമായ ജനത്തിനു അവൻ ഉറപ്പുനൽകി, “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു” (29:11). അവർ തന്നിലേക്കു മടങ്ങുന്ന ഒരു സമയം ദൈവം പ്രതീക്ഷിച്ചിരുന്നു. “നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും” (വാ. 12-13).
ഇതും ഇതിലധികവും പ്രാർത്ഥനയെക്കുറിച്ചു പ്രവാചകൻ പഠിച്ചത് തടവിൽ കഴിയവേയാണ്. “എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും” (33:3) എന്നു ദൈവം അവനു ഉറപ്പുനൽകി.
യേശുവും പ്രാർത്ഥിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ” (മത്തായി 6:8) എന്നു അവൻ പറഞ്ഞു. അതിനാൽ പ്രാർത്ഥനയിൽ “യാചിപ്പിൻ”, “അന്വേഷിപ്പിൻ”, “മുട്ടുവിൻ” (7:7). നാം ഉയർത്തുന്ന ഓരോ യാചനയും ഉത്തരം നൽകുന്നവനിലേക്കു നമ്മെ അടുപ്പിക്കുന്നു. പ്രാർത്ഥനയിൽ നാം ദൈവത്തിനു അപരിചിതരാകേണ്ടതില്ല. അവൻ നമ്മെ അറിയുകയും നമ്മിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ ആകുലതകൾ ഇപ്പോൾ തന്നെ അവനിലേക്കു നമുക്ക് എത്തിക്കാവുന്നതാണ്.
ഒരു ചൂടുള്ള ഭക്ഷണം
കോടതിയിൽ ഒരാൾ ദൈവത്തിനെതിരെ നിയന്ത്രണാജ്ഞ ലഭിക്കാനായി ഫയൽ ചെയ്തു. ദൈവം തന്നോട് “പ്രത്യേകിച്ച് ദയയില്ലാത്തവനായി പ്രവർത്തിക്കുന്നു” എന്നും “ഗുരുതരമായ നിഷേധാത്മക മനോഭാവം” പ്രകടമാക്കിയെന്നും അയാൾ അവകാശപ്പെട്ടു. ആ വ്യക്തിക്ക് കോടതിയിൽ നിന്നുള്ള തീർപ്പല്ല മാനസികാരോഗ്യത്തിനുള്ള ചികിത്സയാണ് ആവശ്യമെന്നു പറഞ്ഞുകൊണ്ട് ജഡ്ജി കേസ് തള്ളിക്കളഞ്ഞു. ഒരു യഥാർത്ഥ കഥ: നർമ്മം തുളുമ്പുന്നതെങ്കിലും ദുഃഖകരം.
എന്നാൽ നാം ഇതിൽ നിന്നു വ്യത്യസ്തരാണോ? “നിർത്തേണമേ, ദൈവമേ, എനിക്ക് മതിയായി!” എന്നു പറയാൻ ചിലപ്പോഴൊക്കെ നാം ആഗ്രഹിച്ചിട്ടില്ലേ? ഇയ്യോബ് അപ്രകാരം ചെയ്തു. അവൻ ദൈവത്തെ വിചാരണ ചെയ്തു. പറഞ്ഞറിയിക്കാനാവാത്ത വിധം വ്യക്തിപരമായ ദുരന്തങ്ങൾക്കു സാക്ഷ്യം വഹിച്ച ശേഷം ഇയ്യോബ് പറയുന്നു, “ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു” (ഇയ്യോബ് 13:3). “ദൈവത്തെ കോടതിയിലേക്ക്” (9:3) കൊണ്ടുപോകുന്നത് അവൻ സങ്കൽപ്പിച്ചു നോക്കുന്നു. അവൻ ഒരു നിയന്ത്രണാജ്ഞ പോലും പുറപ്പെടുവിക്കുന്നു: “നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ” (13:21). ഇയ്യോബിന്റെ അന്യായഭാഗ വാദം അവന്റെ സ്വന്തം നിരപരാധിത്വമല്ല, മറിച്ച് ദൈവത്തിന്റെ യുക്തിരഹിതമായ കാർക്കശ്യമായി അവൻ വീക്ഷിച്ച കാര്യമായിരുന്നു: “പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?” (10:3).
ദൈവം അനീതി കാണിക്കുകയാണെന്നു ചിലപ്പോൾ നമുക്കു തോന്നാം. സത്യത്തിൽ, ഇയ്യോബിന്റെ കഥ സങ്കീർണ്ണമാണ്. എളുപ്പമുള്ള ഉത്തരങ്ങൾ അതു നൽകുന്നില്ല. ഒടുവിൽ ദൈവം ഇയ്യോബിന്റെ ഭൗതീക സമ്പത്തുകൾ പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതി എല്ലായ്പ്പോഴും അതായിരിക്കില്ല. ഒരുപക്ഷേ ഇയ്യോബിന്റെ അന്തിമ ഏറ്റുപറയലിൽ നിന്നു നമുക്ക് ഒരു വിധി പോലെ ഒന്നു കണ്ടെത്താം: “അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” (42:3). നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കാരണങ്ങൾ ദൈവത്തിനുണ്ട്. അതിൽ അതിശയകരമായ പ്രത്യാശയുണ്ട് എന്നതാണ് കാര്യം.
ദൈവം നിങ്ങളെ കാണുന്നു
“താഴെ ഇറങ്ങിക്കേ!” പ്രസംഗപീഠത്തിൽ കയറി കൈകൾ വീശിക്കാണിക്കുന്ന തന്റെ മകനോട് എന്റെ സുഹൃത്ത് ഉച്ചത്തിൽ പറഞ്ഞു. “പാസ്റ്റർ എന്നെ കാണണം,” അവൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു. “ഞാൻ ഇവിടെ കയറി നിന്നില്ലെങ്കിൽ പാസ്റ്റർ എന്നെ കാണില്ല.”
മിക്ക സഭകളിലും പീഠങ്ങളിൽ കയറി നിൽക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും എന്റെ സുഹൃത്തിന്റെ മകൻ പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു. അവിടെ കയറി നിന്നുകൊണ്ടു കൈകൾ വീശികാണിക്കുന്നത് തീർച്ചയായും പാസ്റ്ററുടെ ശ്രദ്ധ ആകർഷിക്കാനുമുള്ള ഒരു നല്ല മാർഗമായിരുന്നു.
നാം ദൈവത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ, അവൻ നമ്മെ കാണുമോ എന്നതിനെക്കുറിച്ച് നാം വിഷമിക്കേണ്ടതില്ല. ദൈവം നമ്മെ ഓരോരുത്തരെയും എല്ലായ്പ്പോഴും കാണുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന, ഏകാന്തമായ, ഏറ്റവും നിരാശാജനകമായ സമയത്തായിരുന്നപ്പോൾ ഹാഗാറിനു തന്നെത്തന്നെ വെളിപ്പെടുത്തിയതും അവൻ തന്നെയാണ്. അവളെ ഒരു ഉപഭോഗ വസ്തുവായി ഉപയോഗിച്ചുകൊണ്ട്, അബ്രാമിന് ഒരു മകനെ ജനിപ്പിക്കാനായി ഭാര്യ സാറായി നൽകി (ഉല്പത്തി 16:3). അവൾ ഗർഭിണിയായപ്പോൾ, ഹാഗാറിനോടു മോശമായി പെരുമാറാൻ അബ്രാം തന്റെ ഭാര്യയെ അനുവദിച്ചു: “സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി” (വാക്യം 6).
ഓടിപ്പോയ ആ അടിമ ഗർഭിണിയും ഏകാകിനിയും നിരാശിതയുമായിരുന്നു. എന്നിട്ടും മരുഭൂമിയിലെ അവളുടെ നിരാശയുടെ നടുവിൽ, കാരുണ്യത്തോടെ ദൈവം അവളോട് സംസാരിക്കാനായി ഒരു ദൂതനെ അയച്ചു. ദൂതൻ അവളോട് പറഞ്ഞു, ദൈവം “നിന്റെ സങ്കടം” കേട്ടു (വാക്യം 11). “ദൈവമേ, നീ എന്നെ കാണുന്നു” (വാക്യം 13) എന്നു അവൾ മറുപടി പറഞ്ഞു.
എന്തൊരു തിരിച്ചറിവ്-പ്രത്യേകിച്ച് മരുഭൂമിയുടെ നടുവിൽ. ദൈവം ഹാഗാറിനെ കണ്ടു മനസ്സലിഞ്ഞു. എത്ര കഠിന്യമേറിയ അവസ്ഥയാണെങ്കിലും അവൻ നിങ്ങളെ കാണുന്നു.
എപ്പോഴും പ്രാർത്ഥിക്കുക
പരീക്ഷയിൽ എനിക്കു 84 കിട്ടി!
ഫോണിൽ അവളുടെ സന്ദേശം വായിച്ചപ്പോൾ എന്റെ മകളുടെ ആവേശം എനിക്കും അനുഭവപ്പെട്ടു. അവൾ ഒരു ഹൈസ്കൂളിൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു. അവിടെ ഉച്ചഭക്ഷണ സമയത്താണ് അവളുടെ ഫോണിൽ നിന്നു എനിക്കു സന്ദേശം ലഭിച്ചത്. എന്റെ മാതൃഹൃദയം കുതിച്ചുചാടി. വെല്ലുവിളി നിറഞ്ഞ ഒരു പരീക്ഷയിൽ എന്റെ മകൾ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടല്ല, മറിച്ച് അത് എന്നോട് ആശയവിനിമയം നടത്താൻ അവൾ തയ്യാറായതുകൊണ്ടാണ്. അവളുടെ സന്തോഷവാർത്ത എന്നോടു പങ്കിടാൻ അവൾ ആഗ്രഹിച്ചു!
അവളുടെ ടെക്സ്റ്റ് മെസേജ് അന്നത്തെ എന്റെ ദിവസം ആനന്ദകരമാക്കി മാറ്റി എന്നു മനസ്സിലാക്കിയ ഞാൻ പിന്നീടു ചിന്തിച്ചു, ഞാൻ ദൈവത്തെ തേടിചെല്ലുമ്പോൾ ദൈവത്തിന് എന്തായിരിക്കും അനുഭവപ്പെടുക. ഞാൻ അവനോടു സംസാരിക്കുമ്പോൾ അവന് പ്രസാദം തോന്നുമോ? ദൈവവുമായി നമുക്ക് ആശയവിനിമയം നടത്താനുള്ള ഉപാധിയാണു പ്രാർത്ഥന. അതു “ഇടവിടാതെ” (1 തെസ്സലൊനീക്യർ 5:17) ചെയ്യാൻ നമ്മോടു പറഞ്ഞിരിക്കുന്നു. നല്ലതും തീയതുമായ കാര്യങ്ങളിൽ അവൻ നമ്മോടൊപ്പമുണ്ടെന്നു അവനോടു സംസാരിക്കുന്നതു നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വാർത്തകൾ ദൈവവുമായി പങ്കുവെക്കുന്നത്, അവൻ നമ്മെക്കുറിച്ച് എല്ലാം അറിയുന്നുവെങ്കിലും, അതു നമ്മുടെ ശ്രദ്ധ മാറ്റുകയും അവനെക്കുറിച്ചു ചിന്തിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നതിനാൽ സഹായകരമാണ്. യെശയ്യാവ് 26:3 പറയുന്നു, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.” നമ്മുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കുമ്പോൾ സമാധാനം നമ്മെ കാത്തിരിക്കുന്നു.
നാം അഭിമുഖീകരിക്കുന്നത് എന്തുതന്നെയായാലും, ദൈവവുമായി നമുക്കു നിരന്തരം സംസാരിക്കാം, നമ്മുടെ സ്രഷ്ടാവും രക്ഷകനും ആയവനുമായി ബന്ധം നിലനിർത്താം. സ്വകാര്യമായി ഒന്നു പ്രാർത്ഥിക്കുക. സന്തോഷിക്കാനും “സ്തോത്രം ചെയ്യുവാനും” ഓർക്കുക. എല്ലാത്തിനുമുപരി, ഇതാണു നമ്മെക്കുറിച്ചുള്ള “ദൈവേഷ്ടം” (1 തെസ്സലൊനീക്യർ 5:18) എന്നു പൗലൊസ് പറയുന്നു.
ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ
രസകരവും മത്സരസ്വഭാവവുമുള്ള പാമ്പും കോണിയും കളിയിൽ വിജയിച്ച എന്റെ അഞ്ചുവയസ്സുകാരിയുടെ വിജയഘോഷ ചിത്രം കാണിച്ചുതന്നുകൊണ്ട് ഒരു ഫേസ്ബുക്ക് മെമ്മറി എനിക്കുവന്നു. കുട്ടിക്കാലത്തു ഞാനും എന്റെ സഹോദരീസഹോദരന്മാരും പാമ്പും കോണിയും പലപ്പോഴും കളിച്ചിരുന്നതിനാൽ, ഞാൻ അവരേയും ഈ പോസ്റ്റിൽ ടാഗു ചെയ്തു. വളരെയധികം രസകരമായ ഈ കളി, നിരവധി നൂറ്റാണ്ടുകളായി ആളുകൾ കളിക്കുന്ന ഒന്നാണ്. ഇതു കളിക്കാരെ എണ്ണൽ പഠിക്കാൻ സഹായിക്കുകയും കോണി കയറിക്കയറി ഏറ്റവും വേഗത്തിൽ 100-ൽ എത്തി കളി ജയിക്കുന്നതിലുള്ള ആവേശം നൽകുകയും ചെയ്യുന്നു. എന്നാൽ സൂക്ഷിക്കുക! നിങ്ങൾ 98-ാം ഇടത്തിൽ വന്നുചേരുകയാണെങ്കിൽ, അവിടെയുള്ള ഒരു പാമ്പു കാരണം നിങ്ങൾ വളരെ താഴേക്കു പോകാൻ ഇടയാകും. അതു നിങ്ങളുടെ വിജയത്തെ വൈകിപ്പിക്കുകയോ വിജയിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യും.
ജീവിതം പോലെ തന്നെയല്ലേ അതും? നമ്മുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്കായി യേശു നമ്മെ ഒരുക്കിയിരിക്കുന്നു. നാം “കഷ്ടം” അനുഭവിക്കേണ്ടിവരുമെന്ന് അവൻ പറഞ്ഞു (യോഹന്നാൻ 16:33). എന്നാൽ അവൻ സമാധാനത്തിന്റെ സന്ദേശവും പങ്കിട്ടു. നാം നേരിടുന്ന പരീക്ഷകളിൽ നാം കുലുങ്ങിപ്പോകേണ്ടതില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ക്രിസ്തു ലോകത്തെ ജയിച്ചിരിക്കുന്നു! അവന്റെ ശക്തിയെക്കാൾ വലുതായി ഒന്നുമില്ല എന്നതിനാൽ നമുക്കു നേരെ വരുന്നതെന്തിനേയും അവൻ നമുക്കു ലഭ്യമാക്കിയിരിക്കുന്ന “ബലത്തിൻ വല്ലഭത്വത്താൽ” നേരിടാൻ കഴിയും (എഫെസ്യർ 1:19).
പാമ്പും കോണിയിലും ഉള്ളതുപോലെ, ചിലപ്പോഴൊക്കെ നമ്മെ സന്തോഷത്തോടെ കയറിപ്പോകാൻ അനുവദിക്കുന്ന ഒരു കോണി ജീവിതം സമ്മാനിക്കുന്നു. എന്നാൽ മറ്റുചിലപ്പോൾ ഒരു വഴുക്കലുള്ള പാമ്പിനാൽ നാം താഴേക്കു വീണുപോകാൻ ഇടയായിത്തീരുന്നു. പക്ഷേ, ജീവിതത്തിന്റെ ഈ കളി പ്രത്യാശയില്ലാതെ നാം കളിക്കേണ്ടതില്ല. അതിനെയെല്ലാം തരണം ചെയ്യാൻ നമ്മെ സഹായിക്കാൻ യേശുവിന്റെ ശക്തി നമുക്കുണ്ട്.
പരസ്പരം സഹായിക്കുക
അത്ര മുൻനിരയിലല്ലാത്ത സ്കൂളിൽ നിന്നുള്ള ക്രിക്കറ്റ് ടീം ക്രിക്കറ്റ് സോണൽ ടൂർണമെന്റിനായി കളത്തിലിറങ്ങിയപ്പോൾ, കാഴ്ചക്കാരായ ആരാധകർ വിജയസാധ്യതയില്ലാത്ത ആ ടീമിനായി ആർപ്പുവിളിച്ചു. ആദ്യ ഊഴത്തിൽ തന്നെ ഈ ടീം പുറത്താകുമെന്നു ഏവരും പ്രക്ഷിച്ചെങ്കിലും അവരതു തരണം ചെയ്തു. തങ്ങളോടൊപ്പം ഒരു വാദ്യസംഘം ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ അവർക്കു പ്രോത്സാഹനം നൽകിക്കൊണ്ട് അവരുടെ വിദ്യാലയത്തിന്റെ ഗാനം കാഴ്ചക്കാരുടെ ഇടയിൽ നിന്നും മുഴങ്ങികേട്ടു. വിജയിക്കുമെന്നു പ്രതീക്ഷിരുന്ന എതിർ സംഘത്തിന്റെ വാദ്യസംഘം മത്സരത്തിനു മിനിറ്റുകൾക്കു മുമ്പ് എതിരാളിയുടെ സ്കൂൾ ഗാനം പഠിച്ചെടുത്തു. ആ ബാൻഡിന് അവർക്കറിയാവുന്ന ഗാനങ്ങൾ ചെയ്താൽ മതിയായിരുന്നുവെങ്കിൽ പോലും മറ്റൊരു സ്കൂളിനെയും മറ്റൊരു ടീമിനെയും സഹായിക്കാനായി അവർ ഗാനം പഠിക്കാൻ തീരുമാനിച്ചു.
ഈ ബാൻഡിന്റെ പ്രവർത്തനങ്ങൾ ഫിലിപ്പ്യ ലേഖത്തിൽ വിവരിച്ചിരിക്കുന്ന ഐകമത്യത്തെ പ്രതീകപ്പെടുത്തുന്നതായി കാണാം. ഫിലിപ്പിയിലെ ആദിമ സഭയോട്—ഇന്നു നമ്മളോടും—ഐകമത്യത്തിൽ അഥവാ “ഏകമനസ്സുള്ളവരായി” (ഫിലിപ്പിയർ 2:2) ജീവിക്കാൻ — പ്രത്യേകിച്ചും അവർ ക്രിസ്തുവിൽ ഏകീകൃതരായതിനാൽ — പൗലൊസ് പറഞ്ഞു. ഇതു ചെയ്യുന്നതിനായി, സ്വാർത്ഥ അഭിലാഷങ്ങൾ ഉപേക്ഷിച്ചു സ്വന്തം താൽപ്പര്യങ്ങളേക്കാൾ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കു മുൻഗണന നൽകാൻ അപ്പൊസ്തലൻ അവരെ പ്രോത്സാഹിപ്പിച്ചു.
നമ്മേക്കാൾ മറ്റുള്ളവരെ വിലമതിക്കുന്നതു സ്വാഭാവികമായി സംഭവിക്കണമെന്നില്ല. എന്നാൽ, അപ്രകാരമാണ് നമുക്കു ക്രിസ്തുവിനെ അനുകരിക്കാൻ സാധിക്കുക. “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” (വാ. 3) എന്നു പൗലൊസ് എഴുതി. നമ്മിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, താഴ്മയോടെ “മറ്റുള്ളവന്റെ ഗുണം” (വാ. 4) നോക്കുന്നതാണു ശ്രേഷ്ഠം.
നമുക്ക് എങ്ങനെ മറ്റുള്ളവരെ പിന്തുണയ്ക്കാൻ കഴിയും? അവരുടെ പോരാട്ട ഗാനങ്ങൾ പഠിക്കുകയോ അവർക്ക് ആവശ്യമുള്ളതു നൽകുകയോ എന്തുമായിക്കൊള്ളട്ടെ, അവ ചെയ്തുകൊണ്ടു അവരുടെ താൽപ്പര്യങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നതിലൂടെ നമുക്കതു ചെയ്യാൻ സാധിക്കും.