നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

ആരാധനയുടെ ഉത്സവങ്ങൾ

ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം മാറ്റിയേക്കാം. യുകെയിലെയും യുഎസിലെയും മൾട്ടി-ഡേ ഒത്തുചേരലുകളിൽ 1,200-ലധികം ആളുകളുമായി സംവദിച്ചതിന് ശേഷം, വലിയ ഉത്സവങ്ങൾ നമ്മുടെ ധാർമ്മിക ദിശയെ ബാധിക്കുമെന്നും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനുള്ള നമ്മുടെ സന്നദ്ധതയെ പോലും ബാധിക്കുമെന്നും ഗവേഷകനായ ഡാനിയൽ യുഡ്കിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർക്കും ഒരു “രൂപാന്തരീകരണ'' അനുഭവം ഉണ്ടായെന്നും അതവരെ മാനുഷികതയുമായി കൂടുതൽ ബന്ധിപ്പിച്ചെന്നും സുഹൃത്തുക്കളോടും കുടുംബത്തോടും തികച്ചും അപരിചിതരോടുപോലും കൂടുതൽ ഉദാരമനസ്‌കത കാണിക്കാനും ഇടവരുത്തിയതായും അവരുടെ ഗവേഷണം കണ്ടെത്തി. 
എന്നിരുന്നാലും, ദൈവത്തെ ആരാധിക്കാൻ മറ്റുള്ളവരുമായി നാം ഒത്തുകൂടുമ്പോൾ, ഒരു മതേതര ഉത്സവത്തിന്റെ സാമൂഹിക “പരിവർത്തനം” എന്നതിലുപരിയായ ഒന്ന് നമുക്ക് അനുഭവിക്കാൻ കഴിയും; നാം ദൈവവുമായി തന്നെ ആശയവിനിമയം നടത്തുന്നു. പുരാതന കാലത്ത് യിസ്രായേൽ ജനം വർഷത്തിലുടനീളം യെരൂശലേമിൽ തങ്ങളുടെ വിശുദ്ധ ഉത്സവങ്ങൾക്കായി ഒത്തുകൂടുമ്പോൾ ദൈവവുമായുള്ള ആ ബന്ധം നിസ്സംശയം അവർക്ക് അനുഭവപ്പെട്ടു. “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനും വാരോത്സവത്തിനും കൂടാരപ്പെരുന്നാളിനും'' ആധുനിക സൗകര്യങ്ങളില്ലാതെ തന്നെ അവർ യെരൂശലേമിലേക്കു യാത്ര ചെയ്തു (ആവർത്തനം 16:16). ഈ ഒത്തുചേരലുകൾ കുടുംബത്തോടും ദാസന്മാരോടും പരദേശികളോടും മറ്റുള്ളവരോടും ഒപ്പം “യഹോവയുടെ സന്നിധിയിൽ'' ഗംഭീരമായ സ്മരണയുടെയും ആരാധനയുടെയും സന്തോഷത്തിന്റെയും സമയങ്ങളായിരുന്നു (വാ. 11). 
അവനെ തുടർന്നും ആസ്വദിക്കാനും അവന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും പരസ്പരം സഹായിക്കുന്നതിനായി നമുക്ക് മറ്റുള്ളവരുമായി ആരാധനയ്ക്കായി ഒത്തുകൂടാം. 

ചോക്കലേറ്റ് മഞ്ഞുപരലുകൾ

സ്വിറ്റ്‌സർലൻഡിലെ ഓൾട്ടൻ നിവാസികൾ, നഗരം മുഴുവൻ ചോക്ലേറ്റ് മഞ്ഞു വർഷിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. സമീപത്തെ ഒരു ചോക്ലേറ്റ് ഫാക്ടറിയിലെ വെന്റിലേഷൻ സംവിധാനം തകരാറിലായതിനാൽ കൊക്കോ വായുവിലേക്ക് ഉയരുകയും മിഠായി പ്രദേശത്തെ മുഴുവൻ മൂടുകയും ചെയ്തു. ചോക്ലേറ്റ് കൊതിയന്മാരുടെ സ്വപ്‌ന സാക്ഷാത്കാരം പോലെ ഇതു തോന്നി! 
ചോക്കലേറ്റ് ഒരാളുടെ പോഷക ആവശ്യങ്ങൾക്ക് മതിയായത് നൽകാതിരിക്കുമ്പോൾ, ദൈവം യിസ്രായേല്യർക്ക് പോഷക സമൃദ്ധമായ ഒരു സ്വർഗ്ഗീയ മഴ നൽകി. അവർ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, മിസ്രയീമിൽ ഉപേക്ഷിച്ചുപോന്ന പലതരം ഭക്ഷണങ്ങളെക്കുറിച്ച് അവർ പിറുപിറുത്തു. മറുപടിയായി, ദൈവം അവരെ നിലനിറുത്താൻ “ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും” എന്നു പറഞ്ഞു (പുറപ്പാട് 16:4). ഓരോ ദിവസവും പ്രഭാതത്തിലെ മഞ്ഞ് ഉരുകുമ്പോൾ, ഭക്ഷണത്തിന്റെ ഒരു നേർത്ത പരലുകൾ അവശേഷിച്ചു. ഏകദേശം 20 ലക്ഷം യിസ്രായേല്യർക്ക് ആ ദിവസം ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദ്ദേശം നൽകി. നാൽപ്പതു വർഷത്തെ മരുഭൂമി യാത്രയിൽ അവർ മന്നയിലൂടെയുള്ള ദൈവത്തിന്റെ അമാനുഷികമായ കരുതലുകളാൽ പോഷിപ്പിക്കപ്പെട്ടു. 
മന്നയെക്കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമേ അറിയൂ, അത് “മല്ലിയുടെ” ആകൃതിയുള്ളതും വെളുത്തതും “തേൻ കൊണ്ട് ഉണ്ടാക്കിയ ദോശ പോലെ’’ രുചിയുള്ളതുമാണ് (വാ. 31). മന്ന ചോക്ലേറ്റ് പോലെ ആകർഷകമല്ലെങ്കിലും, തന്റെ ജനത്തിനായുള്ള ദൈവിക കരുതലിന്റെ മാധുര്യം വ്യക്തമാണ്. നമ്മെ അനുദിനം പുലർത്തുകയും നിത്യജീവന്റെ ഉറപ്പ് നൽകുകയും ചെയ്യുന്ന “ജീവന്റെ അപ്പം” (യോഹന്നാൻ 6:48) എന്ന് സ്വയം വിശേഷിപ്പിച്ച യേശുവിലേക്ക് മന്ന നമ്മെ ചൂണ്ടിക്കാണിക്കുന്നു (വാ. 51). 

ദൈവത്തിന്റെ കരങ്ങളിൽ

പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം - സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ - പകർന്നുനൽകേണ്ടതുണ്ട്. 

എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്‌നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ - വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ - പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു. 

അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6). 

നിത്യമായ ജീവിതം

''മരണത്തെ ഭയപ്പെടരുത്, വിന്നി,'' ആംഗസ് ടക്ക് പറഞ്ഞു, ''ജീവിക്കാത്ത ജീവിതത്തെ ഭയപ്പെടുക.'' പിന്നീട് സിനിമയാക്കിയ ടക്ക് എവർലാസ്റ്റിംഗ് എന്ന പുസ്തകത്തിലെ ആ ഉദ്ധരണി, മരിക്കാൻ കഴിയാത്ത ഒരു കഥാപാത്രത്തിൽ നിന്നാണ് വരുന്നതെന്ന വസ്തുത കൂടുതൽ രസകരമാക്കുന്നു. കഥയിൽ, ടക്ക് കുടുംബം അനശ്വരമായി. വിന്നിയുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരനായ ജെയിംസ് ടക്ക് അവളോടും അമർത്യത തേടാൻ അപേക്ഷിക്കുന്നു, അങ്ങനെ അവർക്ക് എന്നേക്കും ഒരുമിച്ചായിരിക്കാൻ കഴിയും. എന്നാൽ, കേവലം എന്നേക്കും ജീവിക്കുന്നത് പൂർത്തീകരണം നൽകുന്നില്ല എന്ന് ജ്ഞാനിയായ ആംഗസ് മനസ്സിലാക്കുന്നു. 
ആരോഗ്യമുള്ളവരും ചെറുപ്പക്കാരും ഊർജ്ജസ്വലരുമായി എന്നേക്കും ജീവിക്കാൻ കഴിയുമെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ സന്തോഷമുള്ളവരായിരിക്കുമെന്ന് നമ്മുടെ സംസ്‌കാരം പറയുന്നു. എന്നാൽ അവിടെയല്ല നമ്മുടെ സാക്ഷാത്ക്കാരം. ക്രൂശിലേക്ക് പോകുന്നതിനുമുമ്പ്, യേശു തന്റെ ശിഷ്യന്മാർക്കും ഭാവി വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിച്ചു. അവൻ പറഞ്ഞു, 'ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു' (യോഹന്നാൻ 17:3). യേശുവിലുള്ള വിശ്വാസത്തിലൂടെ ലഭ്യമാകുന്ന ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ ജീവിത സാക്ഷാത്ക്കാരം ഉണ്ടാകുന്നത്. അവൻ നമ്മുടെ ഭാവിയിലേക്കുള്ള പ്രതീക്ഷയും ഈ വർത്തമാനകാലത്തെ സന്തോഷവുമാണ്. 
തന്റെ ശിഷ്യന്മാർ പുതിയ ജീവിതത്തിന്റെ മാതൃകകൾ സ്വീകരിക്കണമെന്ന് യേശു പ്രാർത്ഥിച്ചു: അവർ ദൈവത്തെ അനുസരിക്കും (വാ. 6), യേശുവിനെ പിതാവായ ദൈവം അയച്ചതാണെന്ന് വിശ്വസിക്കും (വാ. 8), ഒന്നായി ഐക്യപ്പെടും (വാ. 11). ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അവനോടൊപ്പമുള്ള ഒരു ഭാവി നിത്യജീവിതത്തിനായി നാം കാത്തിരിക്കുന്നു. എന്നാൽ നാം ഭൂമിയിൽ ജീവിക്കുന്ന ഈ ദിവസങ്ങളിൽ, അവൻ വാഗ്ദാനം ചെയ്ത ''സമ്പന്നവും സംതൃപ്തിദായകവുമായ ജീവിതം'' (10:10 NLT) നമുക്ക് ജീവിക്കാൻ കഴിയും - ഇവിടെ, ഇപ്പോൾത്തന്നെ. 

സൃഷ്ടിയെ കണ്ടെത്തൽ

യൂറോപ്യൻ രാജ്യമായ ജോർജിയയിലെ ക്രുബേര-വൊറോഞ്ച, ഭൂമിയിൽ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ഗുഹകളിൽ ഒന്നാണ്. പര്യവേക്ഷകരുടെ ഒരു സംഘം അതിന്റെ ഭൂരിഭാഗവും ലംബമായ ഗുഹകളുടെ ഇരുണ്ടതും ഭയാനകവുമായ ആഴം 2,197 മീറ്റർ വരെ പരിശോധിച്ചു - അതായത് ഭൂമിയിലേക്ക് 7,208 അടി! സമാനമായ നാനൂറോളം ഗുഹകൾ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലോകമെമ്പാടും നിലവിലുണ്ട്. കൂടുതൽ ഗുഹകൾ എല്ലായ്‌പ്പോഴും കണ്ടെത്തുകയും ആഴങ്ങളുടെ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.

സൃഷ്ടിയുടെ നിഗൂഢതകൾ വികസിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകയും, പരിപാലിക്കാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്ന ഭൂമിയിലെ ദൈവത്തിന്റെ കരകൗശലത്തിന്റെ സമാനതകളില്ലാത്ത സർഗ്ഗാത്മകൾ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു (ഉല്പത്തി 1:26-28) . ദൈവത്തിന്റെ മഹത്വം നിമിത്തം "സന്തോഷത്താൽ പാടാനും" "ഘോഷിക്കാനും" സങ്കീർത്തനക്കാരൻ നമ്മെയെല്ലാം ക്ഷണിക്കുന്നു (വാ. 1). നാളെ ഭൗമദിനം ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ അവിശ്വസനീയമായ സൃഷ്ടിയെക്കുറിച്ചു നമുക്ക് ചിന്തിക്കാം. അതിൽ അടങ്ങിയിരിക്കുന്നതെല്ലാം - നാം അവയെ കണ്ടെത്തിയാലും ഇല്ലെങ്കിലും-അവനെ ആരാധനയിൽ വണങ്ങാനുള്ള കാരണമാണ് (വാ. 6).

അവന്റെ സൃഷ്ടിയുടെ വിശാലവും ഭൗതികവുമായ സ്ഥലങ്ങൾ മാത്രമല്ല അവനറിയാവുന്നത്; നമ്മുടെ ഹൃദയത്തിന്റെ ആഴവും അവൻ അറിയുന്നു. ജോർജിയയിലെ ഗുഹകളിൽ നിന്ന് വ്യത്യസ്തമായി, ജീവിതത്തിൽ ഇരുണ്ടതും ഒരുപക്ഷേ ഭയാനകവുമായ സീസണുകളിലൂടെ നാം കടന്നുപോകും. എന്നിരുന്നാലും, ദൈവം ആ സമയങ്ങളെപ്പോലും തന്റെ ശക്തവും എന്നാൽ ആർദ്രവുമായ പരിചരണത്തിൽ സൂക്ഷിക്കുന്നുവെന്ന് നമുക്കറിയാം. സങ്കീർത്തനക്കാരന്റെ വാക്കുകളിൽ, നാം അവന്റെ ജനമാണ്, 'അവന്റെ കൈക്കലെ ആടുകളും' (വാ. 7).

ആഴത്തിലുള്ള സൗഖ്യം

2020 ഈസ്റ്റർ ഞായറാഴ്ച, ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ, ഒരു വൈദ്യന്റെ വസ്ത്രം ധരിച്ചു നിൽക്കുന്ന യേശുവിനെ ചിത്രീകരിക്കുന്ന നിലയിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ക്രിസ്തുവിനെ ഒരു ഡോക്ടറായി ചിത്രീകരിച്ചത്. നമ്മുടെ മഹാവൈദ്യൻ (മർക്കൊസ് 2:17) എന്ന യേശുവിന്റെ പൊതുവായ വിവരണത്തിന് ഈ ചിത്രം ജീവൻ നൽകുന്നു.

യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ അനേകം ആളുകളെ അവരുടെ ശാരീരിക ക്ലേശങ്ങളിൽ നിന്ന് സുഖപ്പെടുത്തി: അന്ധനായ ബർത്തിമായി (10:46-52), ഒരു കുഷ്ഠരോഗി (ലൂക്കൊസ് 5:12-16), ഒരു പക്ഷവാതരോഗി (മത്തായി 9:1-8) എന്നിങ്ങനെ. തന്നെ അനുഗമിക്കുന്നവരുടെ ആരോഗ്യത്തോടുള്ള അവന്റെ കരുതൽ, ജനത്തിനു ഭക്ഷണം നൽകുന്നതിനായി ഒരു ലഘുഭക്ഷണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ വിശപ്പിന് പ്രദാനം ചെയ്യുന്നതിൽ പ്രകടമായിരുന്നു (യോഹന്നാൻ 6:1-13). ഈ അത്ഭുതങ്ങൾ ഓരോന്നും യേശുവിന്റെ മഹത്തായ ശക്തിയും ആളുകളോടുള്ള അവന്റെ യഥാർത്ഥ സ്‌നേഹവും വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ ഏറ്റവും വലിയ രോഗശാന്തി പ്രവൃത്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സംഭവിച്ചു. നമ്മുടെ ഏറ്റവും മോശമായ കഷ്ടതകൾക്ക് - നമ്മുടെ പാപങ്ങളുടെ ഫലമായി ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപാടിന് – "അവന്റെ അടിപ്പിണരുകളാൽ ... സൌഖ്യം വന്നുമിരിക്കുന്നു'' (യെശയ്യാവ് 53:5). നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം യേശു പരിഹരിക്കുന്നില്ലെങ്കിലും, നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ചികിത്സ അവൻ നടത്തുമെന്നു നമുക്ക് വിശ്വസിക്കാം: അതായത് ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന രോഗസൗഖ്യം.

സംഗീതമെന്ന മരുന്ന്

അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിൽ കാൻസർ ബാധിച്ച അഞ്ച് വയസ്സുകാരി ബെല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ചികിത്സയുടെ ഭാഗമായി അവൾക്ക് മ്യൂസിക് തെറാപ്പി ലഭിച്ചു. എന്തുകൊണ്ടെന്ന് കൃത്യമായി അറിയില്ലങ്കിലും പല മാനസികാവസ്ഥയിൽ ഉള്ളവർക്കും സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഗുണപ്രദമായി തീർന്നിട്ടുണ്ട് എന്ന് ക്ലിനിക്കൽ ഗവേഷകർ അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബെല്ലയെ പോലുള്ള കാൻസർ രോഗികൾക്കും പാർക്കിൻസൺസ് രോഗം, ഡിമെൻഷ്യ, ആഘാതം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സംഗീതം ഇപ്പോൾ നിർദ്ദേശിക്കപ്പെടുന്നത് സാധാരണമാണ്.

ശൗൽ രാജാവ് തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഒരു സംഗീത തെറാപ്പിക്കായി തിരഞ്ഞു. അവന്റെ പരിചാരകർ അവന്റെ സമാധാനമില്ലായ്മ കണ്ടു, അവനുവേണ്ടി കിന്നരം വായിക്കാൻ ആരെയെങ്കിലും കണ്ടെത്താമെന്ന് നിർദ്ദേശിച്ചു (1 ശമൂ. 16:16). അത് അവനെ "സുഖമാക്കും" എന്ന് പ്രതീക്ഷയിൽ അവർ യിശ്ശായിയുടെ മകനായ ദാവീദിനെ വിളിപ്പിച്ചു. ശൗൽ അവനിൽ സന്തുഷ്ടനാകുകയും "തന്റെ ശുശ്രൂഷയിൽ തുടരുവാൻ" അവനോട് ആവശ്യപ്പെടുകയും ചെയ്തു (വാ.22). ദാവീദ് ശൗലിന്റെ അശാന്തിയുടെ നിമിഷങ്ങളിൽ അവനുവേണ്ടി കിന്നരം വായിച്ചു, തന്റെ അസ്വസ്ഥതയിൽ അവന് ആശ്വാസം അരുളി.

സംഗീതം നമ്മെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ദൈവത്തിന് അറിയാമായിരുന്ന കാര്യങ്ങൾ ശാസ്ത്രീയമായി നാം കണ്ടെത്തുക മാത്രമായിരിക്കാം ചെയ്തിരിക്കുക. നമ്മുടെ ശരീരത്തിന്റെയും സംഗീതത്തിന്റെയും രചയിതാവും സ്രഷ്ടാവും എന്ന നിലയിൽ, നമ്മുടെ ആരോഗ്യത്തിനായി എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യമായ ഒരു കുറിപ്പടി അവിടുന്നു നൽകി. ആരും കേൾക്കുന്നിലെങ്കിലും, നമ്മുടെ സന്തോഷങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിൽ സ്വന്തമായി സംഗീതം സൃഷ്ടിച്ചുകൊണ്ട് നമുക്ക് ദൈവത്തെ വാഴ്ത്തി പാടാം. (സങ്കീ. 59:16; അപ്പൊ. പ്രവൃത്തി. 16:25).

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക

ഹംഗേറിയൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ, എബ്രഹാം വാൾഡ് 1938-ൽ അമേരിക്കയിലെത്തിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി തന്റെ കഴിവുകൾ ചിലവഴിച്ചു. ശത്രുക്കളുടെ വെടിവയ്പിൽ നിന്ന് തങ്ങളുടെ വിമാനത്തെ സംരക്ഷിക്കാനുള്ള വഴികൾ സൈന്യം തേടുകയായിരുന്നു. അതിനാൽ, ശത്രുക്കളുടെ വെടിവയ്പിനെ പ്രതിരോധിക്കാൻ സൈനിക വിമാനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ വാൾഡിനോടും സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. തിരികെ വരുന്ന വിമാനങ്ങൾക്കു എവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് പരിശോധിക്കാൻ അവർ തുടങ്ങി. എന്നാൽ തിരികെ വരുന്ന വിമാനത്തിലെ കേടുപാടുകൾ, ഒരു വിമാനത്തിലെ ഏത് ഭാഗത്ത് ഇടിച്ചാൽ അത് അതിനെ അതിജീവിക്കും എന്നുമാത്രമാണ് കാണിക്കുന്നത് എന്ന സൂക്ഷ്മമായ ഉൾക്കാഴ്ചയാണ് വാൾഡിന് ലഭിച്ചത്. കൂടുതൽ കവചങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ തകർന്ന വിമാനങ്ങളിൽ കണ്ടെത്താമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏറ്റവും ദുർബല ഭാഗത്ത് - എഞ്ചിൻ ഉള്ളിടത്ത് - ഇടിച്ച വിമാനങ്ങൾ, താഴെ വീണിരുന്നതിനാൽ, അവ പരിശോധിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

നമ്മുടെ ഏറ്റവും ദുർബല ഭാഗത്തെ - നമ്മുടെ ഹൃദയത്തെ - സംരക്ഷിക്കുന്നതിനെക്കുറിച്ച് സോളമൻ നമ്മെ പഠിപ്പിക്കുന്നു. "[അവന്റെ] ഹൃദയം കാത്തുസൂക്ഷിക്കാൻ" അവൻ തന്റെ മകനോട് നിർദ്ദേശിക്കുന്നു, കാരണം ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശവാക്യങ്ങൾ 4:23). ദൈവത്തിന്റെ നിർദേശങ്ങൾ ജീവിതത്തിൽ നമ്മെ നയിക്കുകയും മോശമായ തീരുമാനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും നമ്മുടെ ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുകയാണെങ്കിൽ, നാം "[നമ്മുടെ കാൽ] തിന്മയിൽ നിന്ന് വിട്ടകലുകയും" ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ ഉറച്ചുനിൽക്കുകയും ചെയ്യും (വാക്യം 27). നാം എല്ലാ ദിവസവും ശത്രുരാജ്യത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാൽ, ദൈവത്തിന്റെ മഹത്വത്തിനായി നന്നായി ജീവിക്കാനുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമുക്ക് കഴിയും.

കൂടുകൂട്ടാൻ ഒരിടം

 

മീവൽപ്പക്ഷി —സ്വാളോ വിഭാഗത്തിൽപെട്ട ചെറിയ പക്ഷികൾ—അവരുടെ കൂടുകൾ നദീതീരങ്ങളിലാണ് കൂട്ടുന്നത് .സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂവികസനം അവരുടെ വാസസ്ഥലം കുറച്ചു, ഓരോ വർഷവും ശീതകാല ദേശാടനത്തിൽ നിന്ന് മടങ്ങിവരുമ്പോൾ പക്ഷികൾക്ക് കൂടുകെട്ടാനുള്ള സ്ഥലങ്ങൾ കുറവായിരുന്നു. പ്രാദേശിക സംരക്ഷകർ അതിനായി പ്രവർത്തനമാരംഭിക്കുകയും അവയെ പാർപ്പിക്കാൻ ഒരു വലിയ കൃത്രിമ മണൽത്തീരം നിർമ്മിക്കുകയും ചെയ്തു. ഒരു മണൽ ശിൽപനിർമ്മാണ സ്ഥാപനത്തിന്റെ സഹായത്തോടെ അവർ മണൽ വാർത്തുണ്ടാക്കി, പക്ഷികൾക്ക് വരും വർഷങ്ങളിൽ താമസിക്കാൻ ഇടം ഉണ്ടാക്കി.

 

അനുകമ്പയുടെ ഈ കൃപയുള്ള പ്രവൃത്തി തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കാൻ യേശു ഉപയോഗിച്ച വാക്കുകൾ വ്യക്തമായി ചിത്രീകരിക്കുന്നു. അവൻ പോകുമെന്നും കുറച്ചു കഴിയുന്നതുവരെ അവർക്ക് അവനോടൊപ്പം പോകാൻ കഴിയില്ലെന്നും പറഞ്ഞ ശേഷം (യോഹന്നാൻ 13:36), സ്വർഗ്ഗത്തിൽ "[അവർക്ക്] ഒരു സ്ഥലം ഒരുക്കുമെന്ന്" അവൻ അവർക്ക് ഉറപ്പ് നൽകി(14:2). താൻ ഉടൻ തന്നെ തങ്ങളെ വിട്ടുപോകുമെന്നും അവർക്ക് തന്നെ അനുഗമിക്കാൻ കഴിയില്ലെന്നും യേശു പറഞ്ഞതിൽ അവർ ദുഃഖിതരാണെങ്കിലും, അവരെയും നമ്മളെയും സ്വീകരിക്കാനുള്ള അവന്റെ ഒരുക്കത്തിന്റെ ഭാഗമായി ഈ വിശുദ്ധ ദൗത്യം നോക്കി കാണാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു.

 

കുരിശിലെ യേശുവിന്റെ ത്യാഗപരമായ പ്രവൃത്തി കൂടാതെ, പിതാവിന്റെ ഭവനത്തിലെ "അനേകം മുറികൾക്ക്" നമ്മെ സ്വീകരിക്കാൻ കഴിയുകയില്ല (വാക്യം 2). തയ്യാറെടുപ്പിനായി നമുക്കു മുമ്പേ പോയശേഷം, താൻ മടങ്ങിവരുമെന്നും തന്റെ ത്യാഗത്തിൽ വിശ്വസിക്കുന്നവരെ തന്നോടൊപ്പം കൊണ്ടുപോകുമെന്നും ക്രിസ്തു നമുക്ക് ഉറപ്പുനൽകുന്നു. അവിടെ നാം അവനോടൊപ്പം സന്തോഷകരമായ നിത്യതയിൽ താമസിക്കും.

ക്രിസ്തുവിന്റെ വെളിച്ചം

ഞങ്ങളുടെ സഭയിലെ ക്രിസ്തുമസിന്റെ തലേന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ഞാനും എന്റെ ഭർത്താവും എപ്പോഴും ആസ്വദിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ, ശുശ്രൂഷയ്ക്കു ശേഷം, ചൂടു വസ്ത്രങ്ങളും ധരിച്ച്‌ അടുത്തുള്ള ഒരു കുന്നിൻ മുകളിലേക്കു കാൽനടയായി പോകുന്ന ഒരു പ്രത്യേക ചടങ്ങു ഞങ്ങൾക്കുണ്ടായിരുന്നു. ആ കുന്നിൻ മുകളിലുള്ള ഉയർന്ന ഒരു വിളക്കുകാലിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ 350 തിളങ്ങുന്ന വിളക്കുകൾ തൂക്കിയിരുന്നു. അവിടെ—പലപ്പോഴും മഞ്ഞുവീഴ്ചയിൽ—ഞങ്ങൾ നഗരത്തിലേക്കു നോക്കിക്കൊണ്ടു യേശുവിന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകൾ പരസ്പരം മന്ത്രിക്കുമായിരുന്നു. ആ സമയം നഗരത്തിലെ പലരും താഴ്‌വരയിൽ നിന്നു തിളങ്ങുന്ന, തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രത്തിലേക്കു നോക്കുന്നുണ്ടായിരിക്കും.

ആ നക്ഷത്രം നമ്മുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. “യെഹൂദന്മാരുടെ രാജാവായി പിറന്നവനെ” തേടി യെരൂശലേമിൽ എത്തിയ “കിഴക്കുനിന്നുള്ള” വിദ്വാന്മാരെക്കുറിച്ച് വേദപുസ്തകം പറയുന്നു (മത്തായി 2:1-2). അവർ ആകാശം നിരീക്ഷിക്കുകയും നക്ഷത്രം കാണുകയും ചെയ്തു (വാ. 2). അവരുടെ യാത്ര അവരെ യെരൂശലേമിൽ നിന്നു ബേത്ത്ലേഹെമിലേക്കു കൊണ്ടുവന്നു. “നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു” (വാ. 9). അവനെ കണ്ടപ്പോൾ അവർ “വീണു അവനെ നമസ്കരിച്ചു” (വാ. 11).

ആലങ്കാരികമായും (നമ്മെ നയിക്കുന്നവനായി) ആകാശത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചവനായി അക്ഷരാർത്ഥത്തിലും നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ ഉറവിടമാണ് ക്രിസ്തു (കൊലൊസ്സ്യർ 1:15-16). അവന്റെ നക്ഷത്രം കണ്ട് “അത്യന്തം സന്തോഷിച്ച” (മത്തായി 2:10) വിദ്വാന്മാരെപ്പോലെ, നമ്മുടെ ഇടയിൽ വസിക്കാനായി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന രക്ഷകനായി അവനെ അറിയുന്നതിലാണു നമ്മുടെ മഹാസന്തോഷം. “ഞങ്ങൾ അവന്റെ തേജസ്സ്… കണ്ടു” (യോഹന്നാൻ 1:14)!