ദൈവത്തിൽ ശക്തി സംഭരിക്കുക
പക്ഷികളെക്കുറിച്ചു പഠിക്കുകയും അവയുടെ ശിൽപം നിർമ്മിക്കുകയും, അവയുടെ സൗന്ദര്യവും ദുർബലതയും ശക്തിയും ഗ്രഹിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് ഗ്രേഞ്ചർ മക്കോയ്. റിക്കവറി എന്നാണ് അദ്ദേഹത്തിന്റെ ഒരു ശില്പത്തിന്റെ പേര്. ഇത് ഒരു പിൻടെയിൽ താറാവിന്റെ ഒറ്റ വലത് ചിറക് കാണിക്കുന്നു, അതു ലംബമായി മുകളിലേക്ക് ഉയർത്തിയിരിക്കുന്നു. താഴെ, ഒരു ഫലകത്തിൽ പക്ഷിയുടെ വീണ്ടെടുക്കൽ പറക്കലിനെ വിവരിക്കുന്നത് “പറക്കലിൽ പക്ഷിയുടെ ഏറ്റവും വലിയ ദൗർബല്യത്തിന്റെ നിമിഷം, എങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തി ശേഖരിക്കുന്ന നിമിഷം’’ എന്നാണ്. ഗ്രേഞ്ചർ “എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു’’ എന്ന വാക്യത്തെയാണ് ഇതിൽ ഉൾക്കൊള്ളുന്നത് (2 കൊരിന്ത്യർ 12:9).
അപ്പൊസ്തലനായ പൗലൊസ് ഈ വാക്കുകൾ കൊരിന്തിലെ സഭയ്ക്ക് എഴുതി. വ്യക്തിപരമായ പോരാട്ടത്തിൽ ഞെരുങ്ങിയ ഒരു കാലഘട്ടത്തിൽ, “എന്റെ ജഡത്തിലെ ശൂലം’’ (വാ. 7) എന്ന് താൻ വിശേഷിപ്പിച്ചത് നീക്കം ചെയ്യാൻ പൗലൊസ് ദൈവത്തോട് അപേക്ഷിച്ചു. അവന്റെ കഷ്ടത ഒരു ശാരീരിക രോഗമോ ആത്മീയ എതിർപ്പോ ആയിരുന്നിരിക്കാം. യേശുവിനെ ക്രൂശിലേറ്റുന്നതിന്റെ തലേദിവസം രാത്രി തോട്ടത്തിലിരുന്ന് അവൻ പ്രാർത്ഥിച്ചതുപോലെ (ലൂക്കൊസ് 22:39-44), തന്റെ കഷ്ടതകൾ നീക്കാൻ പൗലൊസ് ദൈവത്തോട് ആവർത്തിച്ച് അപേക്ഷിച്ചു. ആവശ്യമായ ശക്തി താൻ നൽകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പരിശുദ്ധാത്മാവ് പ്രതികരിച്ചു. “ഞാൻ ബലഹീനനായിരിക്കുമ്പോൾ, ഞാൻ ശക്തനാണ്’’ (2 കൊരിന്ത്യർ 12:10) എന്നു പൗലൊസ് പഠിച്ചു.
ഓ, ഈ ജീവിതത്തിൽ നാം അനുഭവിക്കുന്ന മുള്ളുകൾ! മുന്നോട്ടുള്ള യാത്രയ്ക്കായി ഒരു പക്ഷി ശക്തി സംഭരിക്കുന്നതുപോലെ, നാം അഭിമുഖീകരിക്കുന്ന കാര്യങ്ങൾക്കായി നമുക്ക് ദൈവത്തിന്റെ ശക്തി സംഭരിക്കാനാകും. അവന്റെ ശക്തിയിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു.
ദൈവത്തിനു കീഴടങ്ങുക
സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നില്ല; തന്നിൽ ആശ്രയിക്കുകയും ചാരുകയും ചെയ്യുന്നവരെ അവൻ സഹായിക്കുന്നു. സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ ചോസൻ എന്ന വിജയകരമായ ടിവി സീരീസിൽ യേശുവിന്റെ വേഷം ചെയ്യുന്ന നടൻ ജോനാഥാൻ റൂമി ഇക്കാര്യം 2018 മെയ് മാസത്തിൽ തിരിച്ചറിഞ്ഞു. എട്ടു വർഷമായി ലോസ് ആഞ്ചലസിൽ താമസിക്കുന്ന റൂമി, ഏതാണ്ട് തകർന്ന അവസ്ഥയിലായി, അടുത്ത ദീവസത്തേക്കുള്ള ഭക്ഷണം പോലും ഇല്ലാതായി. ഒരു ജോലിയും ലഭിച്ചില്ല. എന്തു ചെയ്യണമെന്ന് അറിയാതെ, നടൻ തന്റെ ഹൃദയം ദൈവസന്നിധിയിൽ പകരുകയും തന്റെ കരിയർ ദൈവത്തിന് സമർപ്പിക്കുകയും ചെയ്തു. “ഞാൻ കീഴടങ്ങുന്നു” എന്ന വാക്കുകൾ ഞാൻ അക്ഷരാർത്ഥത്തിൽ [പ്രാർത്ഥിച്ചു]. ഞാൻ കീഴടങ്ങുന്നു' അദ്ദേഹം പറഞ്ഞു. അന്നുതന്നേ, തപാലിൽ നാല് ചെക്കുകൾ ലഭിച്ചു. മൂന്ന് മാസത്തിന് ശേഷം, ദ ചോസണിലെ യേശുവിന്റെ വേഷത്തിനായി അദ്ദേഹത്തെ കാസ്റ്റ് ചെയ്തു. തന്നിൽ ആശ്രയിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് റൂമി കണ്ടെത്തി.
“ദുഷ്പ്രവൃത്തിക്കാരോടു മുഷിയുകയും നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയും” (സങ്കീർത്തനം 37:1) ചെയ്യാതെ എല്ലാം ദൈവത്തിന് സമർപ്പിക്കാൻ സങ്കീർത്തനക്കാരൻ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ ജീവിതം അവനിൽ കേന്ദ്രീകരിക്കുമ്പോൾ, “[അവനിൽ] ആശ്രയിച്ചു നന്മചെയ്യാനും ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കാനും യഹോവയിൽ തന്നേ രസിച്ചുകൊള്ളാനും” (വാ. 3-4) നമുക്കു കഴിയും. നമ്മുടെ എല്ലാ ആഗ്രഹങ്ങളും പ്രശ്‌നങ്ങളും ഉത്കണ്ഠകളും ദൈനംദിന കാര്യങ്ങളും അവനു സമർപ്പിക്കുക. നമ്മുടെ ജീവിതത്തിലെ സംഭവങ്ങൡലൂടെ ദൈവം നമ്മുടെ ജീവിതത്തെ നയിക്കുകയും നമുക്ക് സമാധാനം നൽകുകയും ചെയ്യും (വാ. 5-6). യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതം എന്തായിരിക്കണമെന്ന് നിർണ്ണയിക്കാൻ അവനെ അനുവദിക്കേണ്ടത് പ്രധാനമാണ്.
നമുക്ക് കീഴടങ്ങാം, ദൈവത്തിൽ വിശ്വസിക്കാം. നമ്മൾ ചെയ്യുന്നതുപോലെ, അവൻ നടപടിയെടുക്കുകയും ആവശ്യമായതും മികച്ചതും ചെയ്യുകയും ചെയ്യും.
വിശ്വസ്തൻ, എങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല
അവന്റെ വളർച്ചയുടെ ഘട്ടത്തിലൊന്നും, ഒരു കുടുംബം ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് സീനിന് കാര്യമായൊന്നും അറിയില്ലായിരുന്നു. അവന്റെ അമ്മ മരിച്ചു, പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവന് പലപ്പോഴും ഏകാന്തത അനുഭവപ്പെടുകയും ഉപേക്ഷിക്കപ്പെട്ടതായി തോന്നുകയും ചെയ്തു. എന്നാൽ സമീപത്ത് താമസിച്ചിരുന്ന ഒരു ദമ്പതികൾ അവനെ സമീപിച്ചു. അവർ അവനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവരുടെ മക്കളെ അവനു “വലിയ സഹോദരനും വലിയ സഹോദരിയും” ആക്കി, അത് അവൻ സ്‌നേഹിക്കപ്പെടുന്നു എന്ന ഉറപ്പ് അവനു നൽകി. അവർ അവനെ പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ, ഇപ്പോൾ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനായ സീൻ ഇന്ന് ഒരു യുവനേതാവാണ്.
ഈ ദമ്പതികൾ ഒരു യുവജീവിതം വഴിതിരിച്ചുവിടുന്നതിൽ അത്രയും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അവർ സീനിനുവേണ്ടി ചെയ്തതെന്തെന്ന് അവരുടെ സഭാ കുടുംബത്തിലെ മിക്ക ആളുകൾക്കും അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിനറിയാം, ബൈബിളിലെ വിശ്വാസവീരന്മാരുടെ “ഹാൾ ഓഫ് ഫെയ്ത്ത്” പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ അവരുടെ വിശ്വസ്തതയ്ക്ക് എന്നെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എബ്രായർ 11 ആരംഭിക്കുന്നത് തിരുവെഴുത്തുകളുടെ വലിയ പേരുകളോടെയാണ്, എങ്കിലും നമുക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണമറ്റ മറ്റുള്ളവരെക്കുറിച്ചും സംസാരിക്കുന്നു, “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചവർ” (വാ. 39) ആയിരുന്നിട്ടും “ലോകം അവർക്ക് യോഗ്യമായിരുന്നില്ല” (വാ. 38) എന്ന് എഴുത്തുകാരൻ പറയുന്നു.
നമ്മുടെ ദയാപ്രവൃത്തികൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുമ്പോഴും ദൈവം കാണുകയും അറിയുകയും ചെയ്യുന്നു. നമ്മൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം - ഒരു ദയയുള്ള പ്രവൃത്തി അല്ലെങ്കിൽ പ്രോത്സാഹജനകമായ ഒരു വാക്ക് - എന്നാൽ ദൈവത്തിന് അത് അവന്റെ നാമത്തിനും അവന്റെ സമയത്തിനും അവന്റെ വഴിക്കും മഹത്വം കൊണ്ടുവരാൻ കഴിയും. മറ്റുള്ളവർക്കറിയില്ലെങ്കിലും അവനറിയാം.
അജ്ഞാത സഞ്ചാരപാത
ഒരുപക്ഷെ, ബ്രയനോടൊപ്പം ഒരു ഓട്ടമത്സരത്തിൽ ചേരാൻ ഞാൻ സമ്മതിക്കരുതായിരുന്നു. ഞാൻ ഒരു വിദേശ രാജ്യത്തായിരുന്നു, എവിടേക്കെന്നോ എത്ര ദൂരം ഓടണമെന്നോ, ഭൂപ്രദേശം എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. കൂടാതെ, അവൻ ഒരു അതിവേഗ ഓട്ടക്കാരനായിരുന്നു. അവനോടൊപ്പം എത്താൻ ശ്രമിച്ച്് ഞാൻ കാലിടറി വീഴുമോ? ബ്രയന് വഴി അറിയാമായിരുന്നതിനാൽ അവനെ വിശ്വസിക്കുകയല്ലാതെ എനിക്ക് മറ്റെന്തു ചെയ്യാൻ കഴിയും? ഞങ്ങൾ ഓടിത്തുടങ്ങിയപ്പോൾ, ഞാൻ കൂടുതൽ ആശങ്കാകുലനായി. പാത പരുക്കനും വളഞ്ഞുപുളഞ്ഞതും കൊടും വനത്തിലൂടെയുള്ളതുമായിരുന്നു. ഭാഗ്യവശാൽ, ഞാൻ പിന്തുടരുന്നുണ്ടോയെന്നു പരിശോധിക്കാനും വരാനിരിക്കുന്ന കഠിന സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ബ്രയൻ തിരിഞ്ഞുകൊണ്ടിരുന്നു.
അപരിചിതമായ പ്രദേശത്തേക്ക് പ്രവേശിക്കുമ്പോൾ, ബൈബിൾ കാലഘട്ടത്തിലെ ചില ആളുകൾക്ക് - കനാനിലെ അബ്രഹാം, മരുഭൂമിയിലെ യിസ്രായേല്യർ, സുവാർത്ത പങ്കുവെക്കാനുള്ള തങ്ങളുടെ ദൗത്യമേറ്റെടുത്ത യേശുവിന്റെ ശിഷ്യന്മാർ ആദിയായവർ - ഇങ്ങനെയായിരുന്നു തോന്നിയത്. യാത്ര ദുഷ്‌കരമായിരിക്കും എന്നതൊഴിച്ചാൽ എങ്ങനെയായിരിക്കുമെന്ന് അവർക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എന്നാൽ മുന്നോട്ടുള്ള വഴി അറിയുന്ന ഒരാൾ അവരെ നയിച്ചു. ദൈവം തങ്ങൾക്ക് നേരിടാനുള്ള ശക്തി നൽകുമെന്നും അവൻ അവരെ പരിപാലിക്കുമെന്നും അവർ വിശ്വസിക്കണമായിരുന്നു. എന്താണ് വരാനിരിക്കുന്നതെന്ന് അവന് കൃത്യമായി അറിയാമായിരുന്നതുകൊണ്ട് അവർക്ക് അവനെ അനുഗമിക്കാൻ കഴിയുമായിരുന്നു.
ശൗലിന്റെ മുമ്പിൽ നിന്ന് ഓടിപ്പോയപ്പോൾ ഈ ഉറപ്പ് ദാവീദിനെ ആശ്വസിപ്പിച്ചു. വലിയ അനിശ്ചിതത്വത്തിനിടയിലും അവൻ ദൈവത്തോട് പറഞ്ഞു: 'എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു' (സങ്കീർത്തനം 142:3). വരാനിരിക്കുന്നതിനെ ഭയാനക സമയങ്ങൾ ജീവിതത്തിൽ ഉണ്ടാകും. എന്നാൽ നമുക്കത് അറിയാം കാരണം, നമ്മോടുകൂടെ നടക്കുന്ന നമ്മുടെ ദൈവത്തിന് വഴി അറിയാം.
ദുഃഖത്തിൽ പ്രത്യാശ
താൻ കണ്ടുമുട്ടിയ എല്ലാവരിലും പുഞ്ചിരി സമ്മാനിക്കുന്ന ഊർജ്ജസ്വലയും തമശക്കാരിയുമായ പെൺകുട്ടിയായിരുന്നു ലൂയിസ്. അഞ്ചാമത്തെ വയസ്സിൽ, അവൾ ഒരു അപൂർവ രോഗത്തിന് ദാരുണമായി കീഴടങ്ങി. അവളുടെ പെട്ടെന്നുള്ള വേർപാട് അവളുടെ മാതാപിതാക്കളായ ഡേ ഡേയ്ക്കും പീറ്ററിനും ഒപ്പം അവരോടൊപ്പം ജോലി ചെയ്തിരുന്ന ഞങ്ങൾക്കെല്ലാം ഒരു ഞെട്ടലായിരുന്നു. അവരോടൊപ്പം ഞങ്ങളും സങ്കടപ്പെട്ടു.
എന്നിരുന്നാലും, ഡേ ഡേയും പീറ്ററും മുന്നോട്ടു പോകാനുള്ള ശക്തി കണ്ടെത്തി. അവർ എങ്ങനെയാണ് നേരിടുന്നതെന്ന് ഞാൻ ഡേ ഡേയോട് ചോദിച്ചപ്പോൾ, ലൂയിസ് ആയിരിക്കുന്ന ഇടത്തിൽ - യേശുവിന്റെ സ്‌നേഹനിർഭരമായ കരങ്ങളിൽ - ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നാണ് അവർ ശക്തി നേടിയതെന്ന് അവൾ പറഞ്ഞു. ''നിത്യജീവിതത്തിലേക്ക് കടക്കാനുള്ള സമയമായ ഞങ്ങളുടെ മകളെ ഓർത്ത് ഞങ്ങൾ സന്തോഷിക്കുന്നു,'' അവൾ പറഞ്ഞു. “ദൈവത്തിന്റെ കൃപയാൽ, ശക്തിയാൽ, നമുക്ക് ദുഃഖത്തിലൂടെ സഞ്ചരിക്കാനും അവൻ നമ്മെ ഏൽപ്പിച്ച കാര്യങ്ങൾ തുടർന്നും ചെയ്യാനും കഴിയും.”
യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവത്തിന്റെ ഹൃദയത്തിലുള്ള അവളുടെ ആത്മവിശ്വാസത്തിലാണ് ഡേ ഡേ ആശ്വാസം കണ്ടെത്തുന്നത്. ബൈബിൾ പ്രത്യാശ കേവലം ശുഭാപ്തിവിശ്വാസത്തേക്കാൾ വളരെ കൂടുതലായ ഒന്നാണ്; അത് ദൈവത്തിന്റെ വാഗ്ദത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തികഞ്ഞ ഉറപ്പാണ്, അത് അവൻ ഒരിക്കലും ലംഘിക്കുകയില്ല. വേർപിരിഞ്ഞ സുഹൃത്തുക്കളെ ഓർത്ത് ദുഃഖിക്കുന്നവരെ പൗലൊസ്‌ധൈര്യപ്പെടുത്തിയതുപോലെ, നമ്മുടെ ദുഃഖത്തിൽ, നമുക്ക് ഈ ശക്തമായ സത്യത്തെ മുറുകെ പിടിക്കാം: “യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും” (1 തെസ്സലൊനീക്യർ 4:14). ഈ പ്രത്യാശ ഇന്ന് നമ്മുടെ ദുഃഖത്തിലും നമുക്ക് ശക്തിയും ആശ്വാസവും നൽകട്ടെ.
ഒരു വർഷംകൊണ്ടു ബൈബിൾ വായിക്കുക
രാവിലെ തീവണ്ടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ, തിങ്കളാഴ്ച നിരാശ കടന്നുപിടിച്ചതായി എനിക്ക് തോന്നി. തിരക്കേറിയ ക്യാബിനിലുള്ളവരുടെ ഉറക്കം തൂങ്ങിയ മുഖങ്ങളിൽ നിന്ന്, ആരും ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുമായിരുന്നു. ചിലർ സ്ഥലത്തിനായി തിരക്കുകൂട്ടടുകയും കൂടുതൽ പേർ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടു മുഖം ചുളിച്ചു. ഇതാ ഞങ്ങൾ വീണ്ടും പോകുന്നു, ഓഫീസിലെ മറ്റൊരു മുഷിപ്പൻ ദിനം.
അപ്പോൾ, ഒരു വർഷം മുമ്പ് ട്രെയിനുകൾ ശൂന്യമാമായിരുന്നു എന്നു ഞാൻ ചിന്തിച്ചു. കാരണം കോവഡ് -19 ലോക്ക്ഡൗൺ ഞങ്ങളുടെ ദൈനംദിന ദിനചര്യകളെ താറുമാറാക്കിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോലും പോകാൻ കഴിഞ്ഞില്ല, ചിലർക്ക് ഓഫീസിൽ പോകുന്നത് മുടങ്ങി. എന്നാൽ ഇപ്പോൾ ഞങ്ങൾ ഏതാണ്ട് സാധാരണ നിലയിലായി, പലരും ജോലിയിലേക്ക് മടങ്ങുകയായിരുന്നു-പതിവുപോലെ. 'പതിവ്,' നല്ല വാർത്തയാണെന്നു ഞാൻ മനസ്സിലാക്കി, 'ബോറടിക്കുന്നത്' ഒരു അനുഗ്രഹമായിരുന്നു!
ദൈനംദിന അധ്വാനത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് ചിന്തിച്ചതിനു ശേഷം ശലോമോൻ രാജാവ് സമാനമായ ഒരു നിഗമനത്തിലെത്തി (സഭാപ്രസംഗി 2:17-23). ചില സമയങ്ങളിൽ, അത് അനന്തവും 'അർഥരഹിതവും', പ്രതിഫലം നൽകാത്തതും ആയി കാണപ്പെട്ടു (വാ. 21). എന്നാൽ ഓരോ ദിവസവും ഭക്ഷണം കഴിക്കാനും കുടിക്കാനും ജോലി ചെയ്യാനും കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്ന് അവൻ മനസ്സിലാക്കി (വാ. 24).
നമുക്ക് ദിനചര്യകൾ ഇല്ലാതാകുമ്പോഴാണ്, ഈ ലളിതമായ പ്രവർത്തനങ്ങൾ ഒരു ആഡംബരമാണെന്ന് നമുക്ക് കാണാൻ കഴിയുന്നത്. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും നമ്മുടെ എല്ലാ പ്രയത്‌നങ്ങളിലും സംതൃപ്തി കണ്ടെത്താനും കഴിയുന്നതിന് ദൈവത്തിന് നന്ദി പറയാം, കാരണം ഇത് അവന്റെ ദാനമാണ് (3:13).
യേശുവിൽ മുന്നോട്ടായുന്നു
കാട്ടിലൂടെയുള്ള ഒരു ഓട്ടത്തിനിടയിൽ, ഞാൻ ഒരു കുറുക്കുവഴി കണ്ടെത്താൻ ശ്രമിച്ച്, അപരിചിതമായ വഴിയിലൂടെ പോയി. എനിക്കു വഴിതെറ്റിയോ എന്ന് സംശയിച്ച്, ഞാൻ ശരിയായ പാതയിലാണോ എന്ന് എതിരെ വന്ന ഒരു ഓട്ടക്കാരനോട് ചോദിച്ചു.
'അതേ,' അവൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു. എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ട് അയാൾ പെട്ടെന്ന് കൂട്ടിച്ചേർത്തു: ''വിഷമിക്കേണ്ട, ഞാൻ എല്ലാ തെറ്റായ വഴികളും പരീക്ഷിച്ചു! പക്ഷേ കുഴപ്പമില്ല, ഇതെല്ലാം ഓട്ടത്തിന്റെ ഭാഗമാണ്.''
എന്റെ ആത്മീയ യാത്രയുടെ എത്ര ഉചിതമായ വിവരണം! എത്ര പ്രാവശ്യം ഞാൻ ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ട്, പ്രലോഭനങ്ങളിൽ അകപ്പെട്ടിട്ടുണ്ട്, ജീവിതത്തിലെ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു? എന്നിട്ടും ദൈവം ഓരോ തവണയും എന്നോട് ക്ഷമിക്കുകയും മുന്നോട്ട് പോകാൻ എന്നെ സഹായിക്കുകയും ചെയ്തു-ഞാൻ തീർച്ചയായും വീണ്ടും ഇടറിപ്പോകുമെന്ന് അറിയുന്നു. തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള നമ്മുടെ പ്രവണത ദൈവത്തിനറിയാം. എന്നാൽ നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും അവന്റെ ആത്മാവിനെ നമ്മെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയും ചെയ്താൽ, വീണ്ടും വീണ്ടും ക്ഷമിക്കാൻ അവൻ എപ്പോഴും തയ്യാറാണ്.
ഇതെല്ലാം വിശ്വാസയാത്രയുടെ ഭാഗമാണെന്ന് പൗലൊസിനും അറിയാമായിരുന്നു. തന്റെ പാപപൂർണ്ണമായ ഭൂതകാലത്തെയും നിലവിലെ ബലഹീനതകളെയും കുറിച്ച് പൂർണ്ണമായി ബോധവാനായ അദ്ദേഹം, താൻ ആഗ്രഹിച്ച ക്രിസ്തുവിനെപ്പോലെ പൂർണ്ണത കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവനറിയാമായിരുന്നു (ഫിലിപ്പിയർ 3:12). "ഒന്നു ഞാൻ ചെയ്യുന്നു," അവൻ കൂട്ടിച്ചേർത്തു, "പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു" (വാ. 13-14). ഇടർച്ച ദൈവവുമായുള്ള നമ്മുടെ നടത്തത്തിന്റെ ഭാഗമാണ്: നമ്മുടെ തെറ്റുകളിലൂടെയാണ് അവൻ നമ്മെ ശുദ്ധീകരിക്കുന്നത്. ക്ഷമിക്കപ്പെട്ട മക്കളായി മുന്നേറാൻ അവന്റെ കൃപ നമ്മെ പ്രാപ്തരാക്കുന്നു.
ഒരിക്കലും അകലെയല്ല
രാജ് തന്റെ യൗവ്വനത്തിൽ യേശുവിനെ രക്ഷകനായി വിശ്വസിച്ചിരുന്നു, എന്നാൽ താമസിയാതെ, അദ്ദേഹം വിശ്വാസത്തിൽ നിന്ന് അകന്നുപോകുകയും ദൈവത്തിൽ നിന്ന് വേറിട്ട ഒരു ജീവിതം നയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം, യേശുവുമായുള്ള ബന്ധം പുതുക്കി സഭയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു - ഇത്രയും വർഷങ്ങൾ വരാതിരുന്നതിന് തന്നെ നിന്ദിച്ച ഒരു സ്ത്രീയുടെ ശകാരം കേൾക്കുവാൻ വേണ്ടി മാത്രം. ആ ശകാരം, തന്നിൽ വർഷങ്ങളോളം അലഞ്ഞു തിരിഞ്ഞു നടന്നതിന്റെ ലജ്ജയും കുറ്റബോധവും വർധിപ്പിച്ചു. ഇനി എനിക്ക് ഒരു പ്രതീക്ഷയ്ക്കം വകയില്ലേ? അദ്ദേഹം അദ്ഭുതപ്പെട്ടു. യേശുവിനെ തള്ളിപ്പറഞ്ഞിട്ടും (ലൂക്കൊ. 22:34, 60-61) ശിമോൻ പത്രൊസിനെ കർത്താവ് എങ്ങനെയാണ് പുനഃസ്ഥാപിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു (യോഹ. 21:15-17).
പത്രൊസ് എന്തെല്ലാം ശകാരം പ്രതീക്ഷിച്ചിരിക്കാമെങ്കിലും, അവന് ലഭിച്ചത് പാപമോചനവും പുനഃസ്ഥാപനവും മാത്രമാണ്. പത്രൊസ് തന്നെ തള്ളിപ്പറഞ്ഞതിനെ യേശു വീണ്ടും പരാമർശിച്ചതേയില്ല, പകരം തന്നോടുള്ള സ്നേഹം വീണ്ടും ഉറപ്പിക്കാനും തന്നെ അനുഗമിക്കുന്നവരെ പരിപാലിക്കാനും അവിടുന്ന് അവനോടു നിർദ്ദേശിച്ചു (യോഹ. 21:15-17). പത്രൊസ് തന്നെ കൈവിടുന്നതിനു മുമ്പുള്ള യേശുവിന്റെ വാക്കുകൾ നിവൃത്തിയാകുകയായിരുന്നു: "നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചു കൊൾക" (ലൂക്കൊ. 22:32).
അതേ പാപമോചനത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി രാജ് ദൈവത്തോട് അപേക്ഷിച്ചു, ഇന്നദ്ദേഹം യേശുവിനോട് ചേർന്ന് നടക്കുക മാത്രമല്ല സഭയിൽ സേവിക്കുകയും മറ്റു വിശ്വാസികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നാം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയാലും, നമ്മോട് ക്ഷമിക്കാനും നമ്മെ തിരികെ സ്വാഗതം ചെയ്യാനും മാത്രമല്ല, നമ്മെ പുനഃസ്ഥാപിക്കാനും അവിടുന്നു എപ്പോഴും തയ്യാറാണ്. അങ്ങനെ നമുക്ക് അവിടുത്തെ സ്നേഹിക്കാനും സേവിക്കാനും മഹത്വപ്പെടുത്താനും കഴിയും. നാം ഒരിക്കലും ദൈവത്തിൽ നിന്ന് വളരെ അകലെയല്ല: അവിടുത്തെ സ്നേഹനിർഭരമായ കരങ്ങൾ വിശാലമായി തുറന്നിരിക്കുന്നു.
ഇത് ഒരു അടയാളമാണോ?
ഓഫർ നല്ലതായി കാണപ്പെട്ടു, പീറ്ററിന് അത് ആവശ്യമായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം, ഒരു യുവകുടുംബത്തിന്റെ ഏക ആശ്രയമായ ഈ വ്യക്തി ഒരു ജോലിക്കായി തീവ്രമായി പ്രാർത്ഥിച്ചിരുന്നു. “തീർച്ചയായും ഇത് നിങ്ങളുടെ പ്രാർത്ഥനയ്‌ക്കുള്ള ദൈവത്തിന്റെ ഉത്തരമാണ്,” അവന്റെ സുഹൃത്തുക്കൾ നിർദ്ദേശിച്ചു.
എന്നിരുന്നാലും, ഭാവി തൊഴിലുടമയെക്കുറിച്ച് വായിച്ചപ്പോൾ, പീറ്ററിന് അസ്വസ്ഥത തോന്നി. കമ്പനി സംശയാസ്പദമായ ബിസിനസുകളിൽ നിക്ഷേപിക്കുകയും അഴിമതിയുടെ പേരിൽ ഫ്ലാഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അവസാനം, പീറ്റർ ഈ ഓഫർ നിരസിച്ചു, അങ്ങനെ ചെയ്യുന്നത് വേദനാജനകമായിരുന്നു. "ഞാൻ ശരിയായ കാര്യം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം എന്നോട് പങ്കുവെച്ചു. "അവൻ എനിക്കായ് കരുത്തുമെന്നു ഞാൻ വിശ്വസിച്ചാൽ മാത്രം മതി."
പീറ്ററിന്റെ പ്രതികരണം, ദാവീദ് ശൗലിനെ ഒരു ഗുഹയിൽ വച്ച് കണ്ടുമുട്ടിയതിനെ ഓർമ്മിപ്പിച്ചു. തന്നെ വേട്ടയാടുന്ന ആളെ കൊല്ലാനുള്ള മികച്ച അവസരം അയാൾക്ക് ലഭിച്ചതായി തോന്നി, പക്ഷേ ദാവീദ് എതിർത്തു. “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു” (1 സാമുവൽ 24:6). സംഭവങ്ങളുടെ സ്വന്തം വ്യാഖ്യാനവും അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനുള്ള ദൈവത്തിന്റെ കൽപ്പനയും തമ്മിൽ വേർതിരിച്ചറിയാൻ ദാവീദ് ശ്രദ്ധാലുവായിരുന്നു.
ചില സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും "അടയാളങ്ങൾ" തിരയുന്നതിന് പകരം, നമ്മുടെ മുമ്പിലുള്ളത് എന്താണെന്ന് വിവേചിച്ചറിയാനുള്ള ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി നമുക്ക് ദൈവത്തിലേക്കും അവന്റെ സത്യത്തിലേക്കും നോക്കാം. അവന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ അവൻ നമ്മെ സഹായിക്കും.
ദൈവത്തിന്റെ സമയം
കലേകൂട്ടി പദ്ധതിയിട്ട, മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കായി മാഗ് കാത്തിരിക്കുകയായിരുന്നു. പക്ഷേ, അവളുടെ പതിവു രീതിപോലെ, അവൾ ആദ്യം അതിനെക്കുറിച്ച് പ്രാർത്ഥിച്ചു. “ഇത് വെറുമൊരു ഉല്ലാസയാത്രയാണ്,” ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു. “അതിനെന്തിനാണ് ദൈവത്തോട് ചോദിക്കുന്നത്?” എന്നിരുന്നാലും, എല്ലാം അവനിൽ ഏൽപ്പിക്കുന്നതിൽ മാഗ് വിശ്വസിച്ചു. ഈ സമയം, യാത്ര റദ്ദാക്കാൻ അവൻ തന്നെ പ്രേരിപ്പിക്കുന്നതായി അവൾക്ക് തോന്നി. അതിനാൽ അവൾ യാത്ര ഉപേക്ഷിച്ചു. പിന്നീട് - അവൾ അവിടെ ഉണ്ടായിരിക്കുമായിരുന്ന സമയത്ത് - രാജ്യത്ത് ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു. “ദൈവം എന്നെ സംരക്ഷിച്ചതായി എനിക്ക് തോന്നുന്നു,” അവൾ പറഞ്ഞു.
പ്രളയം മാറി ഏകദേശം രണ്ട് മാസത്തോളം കുടുംബത്തോടൊപ്പം പെട്ടകത്തിൽ കാത്തിരുന്നുകൊണ്ടു നോഹ ദൈവത്തിന്റെ സംരക്ഷണത്തിൽ ആശ്രയിച്ചു. പത്തുമാസത്തിലേറെ പെട്ടകത്തിൽ അടച്ചിടപ്പെട്ട അവസ്ഥയിൽ ജീവിച്ചതിനാൽ, പുറത്തിറങ്ങാൻ അവൻ ഉത്സാഹിച്ചിരിക്കണം. എല്ലാത്തിനുമുപരി, “ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു.” മാത്രമല്ല, “ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു” (ഉല്പത്തി 8:13). എന്നാൽ നോഹ താൻ കണ്ടതിനെ മാത്രം ആശ്രയിച്ചില്ല; പകരം, ദൈവം അവനോട് പറഞ്ഞപ്പോൾ മാത്രമാണ് അവൻ പെട്ടകം വിട്ടു പുറത്തിറങ്ങിയത് (വാക്യം 15-19). നീണ്ട കാത്തിരിപ്പിന് ദൈവത്തിന് മതിയായ കാരണമുണ്ടെന്ന് അവൻ വിശ്വസിച്ചു. ഒരുപക്ഷേ നിലം ഇനിയും പൂർണ്ണമായും സുരക്ഷിതല്ലായിരിക്കാം.
ദൈവദത്തമായ നമ്മുടെ കഴിവുകൾ ഉപയോഗിച്ചുകൊണ്ടു നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് പ്രാർത്ഥിച്ചതിനുശേഷം, അവന്റെ നേതൃത്വത്തിനായി കാത്തിരിക്കുമ്പോൾ, നമ്മുടെ ജ്ഞാനിയായ സ്രഷ്ടാവിനു നമ്മെ സംബന്ധിച്ച് ഏറ്റവും മികച്ചത് എന്താണെന്ന് അറിയാമെന്ന് മനസ്സിലാക്കിക്കൊണ്ട് നമുക്ക് അവന്റെ സമയത്തിൽ ആശ്രയിക്കാം. സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചതുപോലെ, “യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു… എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു” (സങ്കീർത്തനങ്ങൾ 31:14-15)