നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലിസാ എം. സമ്രാ

ഒരു കാർഡും പ്രാർത്ഥനയും

അടുത്തിടെ വിധവയായ സ്ത്രീ ആശങ്കാകുലയായി. ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്ന് പണം ലഭിക്കാൻ, ഭർത്താവിന്റെ ജീവൻ അപഹരിച്ച അപകടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അവൾക്ക് ആവശ്യമായിരുന്നു. ഒരു പോലീസ് ഓഫീസറുമായി അവൾ സംസാരിക്കുകയും അവളെ സഹായിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് കാർഡ് അവളുടെ കൈയിൽനിന്നു നഷ്ടപ്പെട്ടു. അതുകൊണ്ട് അവൾ പ്രാർത്ഥിച്ചു, സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചു. കുറെ സമയത്തിനു ശേഷം, അവൾ അവളുടെ പള്ളിയിലെത്തുകയും ഒരു ജനാലയ്ക്കരികിലൂടെ നടന്നപ്പോൾ ഒരു ജനാലപ്പടിയിൽ ഒരു കാർഡ് ഇരിക്കുന്നതു കാണുകയും ചെയ്തു - അത് ആ പോലീസുകാരന്റെ കാർഡ് ആയിരുന്നു. അത് എങ്ങനെ അവിടെയെത്തിയെന്ന് അവൾക്ക് അറിയില്ലായിരുന്നു, പക്ഷേ എന്തുകൊണ്ട് എന്നവൾക്കറിയാമായിരുന്നു.  
അവൾ പ്രാർത്ഥനയെ ഗൗരവമായി എടുത്തു. എന്തുകൊണ്ട് പാടില്ല? ദൈവം നമ്മുടെ അപേക്ഷകൾ ക്രേൾക്കുന്നു എന്ന് തിരുവെഴുത്ത് പറയുന്നു. ''കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു'' പത്രൊസ് എഴുതി (1 പത്രൊസ് 3:12). 
ദൈവം പ്രാർത്ഥനയോട് പ്രതികരിച്ചതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. ഒരാൾ യെഹൂദാ രാജാവായ ഹിസ്‌കീയാവാണ്, അവൻ രോഗിയായി. താൻ മരിക്കാൻ പോകുകയാണെന്ന് യെശയ്യാവ് എന്ന പ്രവാചകനിൽ നിന്ന് അവന് സന്ദേശം ലഭിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് രാജാവിന് അറിയാമായിരുന്നു: അവൻ “യഹോവയോടു പ്രാർത്ഥിച്ചു’’ (2 രാജാക്കന്മാർ 20:2). ഉടനെ, ദൈവം യെശയ്യാവിനോട് രാജാവിന് തന്നിൽ നിന്നുള്ള ഈ സന്ദേശം നൽകാൻ പറഞ്ഞു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു’’ (വാ. 5). ഹിസ്‌കീയാവിനു പതിനഞ്ചു വർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടി. 
ദൈവം എല്ലായ്‌പ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് ഒരു ജാലകപ്പടിയിലെ കാർഡ് പോലെയല്ല. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നമ്മൾ ഒറ്റയ്ക്ക് അവയെ അഭിമുഖീകരിക്കേണ്ടതില്ലെന്ന് അവൻ ഉറപ്പുനൽകുന്നു. ദൈവം നമ്മെ കാണുന്നു, അവൻ നമ്മോടൊപ്പമുണ്ട് - നമ്മുടെ പ്രാർത്ഥനകളിൽ ശ്രദ്ധാലുവാണ്. 

വിശ്വാസത്തിന് കീഴടങ്ങുന്നു

ഒരു ശരത്കാല പ്രഭാതത്തിൽ ജനാലകൾ തുറന്നപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഞാൻ കണ്ടത്. മൂടൽമഞ്ഞിന്റെ ഒരു മതിൽ. ''മരവിപ്പിക്കുന്ന മൂടൽമഞ്ഞ്,'' കാലാവസ്ഥാ നിരീക്ഷകർ അതിനെ വിളിച്ചു. ഞങ്ങളുടെ ലൊക്കേഷനിൽ അപൂർവമായ, ഈ മൂടൽമഞ്ഞ് അതിലും വലിയ ആശ്ചര്യത്തോടെയാണ് വന്നത്: ഒരു മണിക്കൂറിനുള്ളിൽ നീലാകാശവും സൂര്യപ്രകാശവും എന്നുള്ള കാലാവസ്ഥാ പ്രവചനം. ''ഒരു മണിക്കൂറിനുള്ളിൽ'' ''അസാധ്യം,'' ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു. “നമുക്ക് കഷ്ടിച്ച് ഒരു കാൽ മുന്നിൽ കാണാൻ കഴിയും.” പക്ഷേ, ഒരു മണിക്കൂറിനുള്ളിൽ, മൂടൽമഞ്ഞ് മാഞ്ഞുപോയി, ആകാശം ഒരു വെയിൽ തെളിഞ്ഞ നീലയിലേക്ക് മാറി. 
ഒരു ജനാലയ്ക്കരികിൽ നിന്നുകൊണ്ട്, ജീവിതത്തിൽ മൂടൽമഞ്ഞ് മാത്രം കാണുമ്പോൾ എന്റെ വിശ്വാസത്തിന്റെ നിലവാരത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, “എനിക്ക് കാണാൻ കഴിയുന്നതിൽ മാത്രമേ ഞാൻ ദൈവത്തെ വിശ്വസിക്കൂ എന്നാണോ?” 
ഉസ്സീയാ രാജാവ് മരിക്കുകയും ചില അഴിമതിക്കാരായ ഭരണാധികാരികൾ യെഹൂദയിൽ അധികാരത്തിൽ വരികയും ചെയ്തപ്പോൾ, യെശയ്യാവ് സമാനമായ ഒരു ചോദ്യം ചോദിച്ചു. നമുക്ക് ആരെ വിശ്വസിക്കാം? യെശയ്യാവിനു വളരെ ശ്രദ്ധേയമായ ഒരു ദർശനം നൽകിക്കൊണ്ട് ദൈവം പ്രതികരിച്ചു. വരാനിരിക്കുന്ന മെച്ചപ്പെട്ട നാളുകൾക്കായി വർത്തമാനകാലത്ത് അവനെ വിശ്വസിക്കാൻ കഴിയുമെന്ന് അത് പ്രവാചകനെ ബോധ്യപ്പെടുത്തി. യെശയ്യാവ് പ്രകീർത്തിച്ചതുപോലെ, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3). പ്രവാചകൻ കൂട്ടിച്ചേർത്തു, “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ”  (വാക്യം 4). 
നമ്മുടെ മനസ്സ് ദൈവത്തിൽ ഉറപ്പിക്കുമ്പോൾ, മൂടൽമഞ്ഞ് നിറഞ്ഞ സമയത്തും ആശയക്കുഴപ്പമുള്ള സമയത്തും നമുക്ക് അവനിൽ ആശ്രയിക്കാൻ കഴിയും. നമുക്ക് ഇപ്പോൾ അത് വ്യക്തമായി കാണാനാകില്ല, പക്ഷേ നാം ദൈവത്തെ വിശ്വസിക്കുകയാണെങ്കിൽ, അവന്റെ സഹായം വ്‌നുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് ഉറപ്പിക്കാം. 

ദൈവത്തെ അറിയാൻ

അയർലൻഡ് സന്ദർശനവേളയിൽ, അലങ്കാരച്ചെടിയായ ഷാംറോക്കിന്റെ സമൃദ്ധിയിൽ ഞാൻ അത്ഭുതപ്പെട്ടു. ചെറിയ പച്ചനിറത്തിലുള്ള, മൂന്ന് ഇതൾ ഇലകളുള്ള ചെടി എല്ലാ സ്റ്റോറുകളിലും എല്ലാ സാധനങ്ങളിലും -വസ്ത്രങ്ങൾ, തൊപ്പികൾ, ആഭരണങ്ങൾ - കാണപ്പെടുന്നു! 
അയർലണ്ടിലുടനീളം വളരുന്ന സമൃദ്ധമായ ഒരു ചെടി എന്നതിലുപരി, ത്രിത്വത്തെ വിശദീകരിക്കാനുള്ള ഒരു ലളിതമായ മാർഗമായി ഷാംറോക്ക് തലമുറകളായി സ്വീകരിക്കപ്പെട്ടു. ദൈവം മൂന്ന് വ്യത്യസ്ത ആളത്വങ്ങളിൽ - പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം - ശാശ്വതമായി നിലനിൽക്കുന്ന ഏക സത്തയാണെന്ന ചരിത്രപരമായ ക്രിസ്തീയ വിശ്വാസമാണ് ത്രിത്വ വിശ്വാസം. ത്രിത്വത്തെക്കുറിച്ചുള്ള എല്ലാ മാനുഷിക വിശദീകരണങ്ങളും അപര്യാപ്തമാണെങ്കിലും, ഷാംറോക്ക് ഒരു സഹായകരമായ പ്രതീകമാണ്, കാരണം ഇത് ഒരേ പദാർത്ഥത്തിൽ നിർമ്മിക്കപ്പെട്ട മൂന്ന് വ്യത്യസ്ത ഇലകളുള്ള ഒരു ചെടിയാണ്. 
ത്രിത്വം എന്ന വാക്ക് തിരുവെഴുത്തുകളിൽ കാണുന്നില്ല, എന്നാൽ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളിൽ നാം വ്യക്തമായി കാണുന്ന ദൈവശാസ്ത്ര സത്യത്തെ ഇത് സംഗ്രഹിക്കുന്നു. പുത്രനായ ദൈവമായ യേശു സ്‌നാനം സ്വീകരിക്കുമ്പോൾ, പരിശുദ്ധാത്മാവായ ദൈവം “പ്രാവുരൂപത്തിൽ’’ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്നതായി കാണുന്നു. “നീ എന്റെ പ്രിയപുത്രൻ’’ (മർക്കൊസ് 1:11) എന്ന് പിതാവായ ദൈവത്തിന്റെ ശബ്ദം സ്വർഗ്ഗത്തിൽ നിന്നുകേൾക്കുന്നു. 
ദൈവത്തെ അറിയുന്നതിന് ആളുകളെ സഹായിക്കാൻ ആഗ്രഹിച്ച ഐറിഷ് വിശ്വാസികൾ ഷാംറോക്ക് ഉപയോഗിച്ച് അതു വിശദീകരിച്ചു. ത്രിത്വത്തിന്റെ സൗന്ദര്യം നാം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കുമ്പോൾ, അത് ദൈവത്തെ അറിയാനും അവനെ “ആത്മാവിലും സത്യത്തിലും’’ ആരാധിക്കാനുള്ള നമ്മുടെ കഴിവിനെ ആഴത്തിലാക്കാനും സഹായിക്കുന്നു (യോഹന്നാൻ 4:24). 

ഏകനെങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല

അവരുടെ കഥകൾ കേൾക്കുമ്പോൾ, ഒരു തടവുകാരനായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഒറ്റപ്പെടലും ഏകാന്തതയുമാണെന്ന് വ്യക്തമാകും. വാസ്തവത്തിൽ, തടവറയുടെ ദൈർഘ്യം എന്തായിരുന്നാലും മിക്ക തടവുകാർക്കും സുഹൃത്തുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ രണ്ട് സന്ദർശനങ്ങൾ മാത്രമേ ലഭിക്കൂ എന്ന് ഒരു പഠനം വെളിപ്പെടുത്തി. ഏകാന്തത ഒരു നിരന്തരമായ യാഥാർത്ഥ്യമാണ്. 
ജയിലിൽ കിടക്കുമ്പോൾ യോസേഫിന് തോന്നിയത് അന്യായമായി കുറ്റാരോപിതനായതിന്റെ വേദനയാണ് എന്നു ഞാൻ ചിന്തിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ ഒരു തിളക്കം ഉണ്ടായിരുന്നു. ഫറവോന്റെ വിശ്വസ്ത സേവകനായിരുന്ന സഹതടവുകാരന്റെ സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കാൻ ദൈവം യോസേഫിനെ സഹായിച്ചു. യോസേഫ് ആ മനുഷ്യനോട് അവൻ തന്റെ സ്ഥാനത്തേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറയുകയും തന്നെ തടവിൽനിന്നു മോചിപ്പിക്കാൻ ഫറവോനോട് അപേക്ഷിക്കാൻ ആ മനുഷ്യനോട് ആവശ്യപ്പെടുകയും ചെയ്തു (ഉല്പത്തി 40:14). എന്നാൽ ആ മനുഷ്യൻ ''യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു'' (വാ. 23). രണ്ടവർഷംകൂടി യോസേഫ് കാത്തിരുന്നു. ആ കാത്തിരിപ്പിനൊടുവിൽ, തന്റെ സാഹചര്യങ്ങൾ മാറുമെന്ന സൂചനയൊന്നും കൂടാതെ തന്നേ, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ യോസേഫ് ഒരിക്കലും പൂർണ്ണമായും തനിച്ചായിരുന്നില്ല. ഒടുവിൽ, ഫറവോന്റെ ദാസൻ അവന്റെ വാഗ്ദാനം ഓർത്തു, മറ്റൊരു സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കുന്നതിനായി യോസേഫിനെ മോചിപ്പിച്ചു (41:9-14). 
നാം മറന്നുപോയി എന്ന തോന്നലുണ്ടാക്കുന്ന സാഹചര്യങ്ങളും ഏകാന്തതയുടെ നാളുകൾ ഇഴഞ്ഞുനീങ്ങുന്നതും പരിഗണിക്കാതെ തന്നെ, ''ഞാൻ നിന്നെ മറക്കയില്ല!'' എന്ന തന്റെ മക്കളോടുള്ള ദൈവത്തിന്റെ ഉറപ്പുനൽകുന്ന വാഗ്ദാനത്തിൽ നമുക്ക് മുറുകെ പിടിക്കാം (യെശയ്യാവ് 49:15). 

പ്രാർത്ഥനയിൽ ഓർക്കുക

ബ്രിട്ടീഷ് പൗരന്മാർക്കു നൽകുന്ന വാർഷിക സർവീസ് അവാർഡ് ആയ മോണ്ടി മണി ഹോണറീയുടെ 2021 ലെ ജേതാവായി മാൽക്കം ക്ലൗട്ടിനെ തിരഞ്ഞെടുത്തു. എലിസബേത്ത് രാജ്ഞിയാണ് അവാർഡ് നൽകിയത്. അംഗീകാരം ലഭിക്കുമ്പോൾ നൂറു വയസ്സുള്ള ക്ലൗട്ട്, തന്റെ ജീവിതകാലത്ത് ആയിരം ബൈബിളുകൾ വിതരണം ചെയ്തതിനാണ് ആദരിക്കപ്പെട്ടത്. ബൈബിൾ ലഭിച്ച എല്ലാവരുടെയും റെക്കോർഡ് ക്ലൗട്ട് സൂക്ഷിച്ചിട്ടുണ്ട്, അവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. 
പുതിയ നിയമത്തിലെ പൗലൊസിന്റെ രചനകളിൽ ഉടനീളം നാം കാണുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ശക്തമായ ഉദാഹരണമാണ് ക്ലൗട്ടിന്റെ പ്രാർത്ഥനയിലുള്ള വിശ്വസ്തത. തന്റെ കത്തുകളുടെ സ്വീകർത്താക്കൾക്ക് വേണ്ടി താൻ പതിവായി പ്രാർത്ഥിക്കുന്നുണ്ടെന്ന് പൗലൊസ് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. തന്റെ സുഹൃത്തായ ഫിലേമോന് അദ്ദേഹം എഴുതി, “എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു” (ഫിലേമോൻ 1:4). തിമൊഥെയൊസിന് എഴുതിയ കത്തിൽ പൗലൊസ് എഴുതി, 'എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിക്കുന്നു' (2 തിമൊഥെയൊസ് 1:3). റോമിലെ സഭയോട്, “ഇടവിടാതെ” “എപ്പോഴും” പ്രാർത്ഥനയിൽ താൻ അവരെ ഓർക്കുന്നുവെന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു (റോമർ 1:9-10). 
മാൽക്കമിനെപ്പോലെ പ്രാർത്ഥിക്കാൻ ആയിരം ആളുകളില്ലെങ്കിലും, നമുക്കറിയാവുന്നവർക്കുവേണ്ടിയുള്ള മനഃപൂർവമായ പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം ദൈവം നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കുന്നു. ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവന്റെ ആത്മാവിനാൽ പ്രേരിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ, ഒരു ലളിതമായ പ്രാർത്ഥനാ കലണ്ടർ ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ഞാൻ കണ്ടെത്തി. പ്രതിദിന അല്ലെങ്കിൽ പ്രതിവാര കലണ്ടറായി പേരുകൾ വിഭജിക്കുന്നത് പ്രാർത്ഥനയിൽ വിശ്വസ്തയായിരിക്കാൻ എന്നെ സഹായിക്കുന്നു. പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുന്നത് സ്‌നേഹത്തിന്റെ എത്ര മനോഹരമായ പ്രകടനമാണ്. 

പ്രതിദിനം ശക്തീകരിക്കപ്പെടുക

ഭക്ഷണം തയ്യാറാക്കൽ അല്ലെങ്കിൽ അലക്കൽ തുടങ്ങിയ സാധാരണ ജോലികൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള പ്രാർത്ഥനകളുടെ മനോഹരമായ സമാഹാരമാണ് എവരി മൊമന്റ് ഹോളി. ആവർത്തന വിരസതയോ മുഷിപ്പനോ ആയി തോന്നുന്നതും എന്നാൽ ആവശ്യവുമായ ജോലികൾ. “ഭക്ഷണത്തിന് മുമ്പ് നിങ്ങൾ പ്രാർത്ഥിക്കുന്നു, ശരി തന്നേ. എന്നാൽ വരയ്ക്കുന്നതിനും പെയിന്റു ചെയ്യുന്നതിനും നീന്തുന്നതിനും വേലികെട്ടുന്നതിനും ബോക്‌സിംഗിനും നടക്കുന്നതിനും കളിക്കുന്നതിനും നൃത്തം ചെയ്യുന്നതിനും പേനയിൽ മഷി നിറയ്ക്കുന്നതിനും മുമ്പെ ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് എഴുതിയ ഗ്രന്ഥകാരൻ ജി. കെ. ചെസ്റ്റർട്ടന്റെ വാക്കുകൾ ഈ പുസ്തകം എന്നെ ഓർമ്മിപ്പിച്ചു.   
അത്തരം പ്രോത്സാഹനം എന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ പുനഃക്രമീകരിക്കുന്നു. ചില സമയങ്ങളിൽ എന്റെ പ്രവർത്തനങ്ങളെ - ഭക്ഷണത്തിനു മുമ്പുള്ള ദൈവവചനം ധ്യാനം പോലെയുള്ളവ - ആത്മീയ മൂല്യമുള്ളവയെന്നും, ആത്മീയ മൂല്യം ഇല്ലാത്തവയെന്നും - ഭക്ഷണത്തി 
നു ശേഷമുള്ള പാത്രം കഴുകൽ തുടങ്ങിയവ - വിഭജിക്കാനുള്ള പ്രേരണ എനിക്കുണ്ടാകാറുണ്ട്. യേശുവിനു വേണ്ടി ജീവിക്കുന്നതു തിരഞ്ഞെടുത്ത കൊലൊസ്യയിലെ ജനങ്ങൾക്കുള്ള ഒരു കത്തിൽ പൗലൊസ് ആ വിഭജനം ഇല്ലാതാക്കി. അവൻ അവരെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ” (3:17). യേശുവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്യുക എന്നതിനർത്ഥം നാം ചെയ്യുന്നതിലൂടെ അവനെ ബഹുമാനിക്കുകയും അവ നിറവേറ്റാൻ അവന്റെ ആത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഉറപ്പ് ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്. 
“എന്തു ചെയ്താലും.” നമ്മുടെ ജീവിതത്തിലെ എല്ലാ സാധാരണ പ്രവർത്തനങ്ങളും, ഓരോ നിമിഷവും, ദൈവാത്മാവിന്റെ ശക്തിയിലും യേശുവിനെ മഹത്വപ്പെടുത്തുന്ന വിധത്തിലും ചെയ്യാൻ കഴിയും. 

ഊർജ്ജ സ്രോതസ്സുമായി ബന്ധപ്പെട്ടിരിക്കുക

ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ഞങ്ങളുടെ വീട്ടിൽ വൈദ്യുതി പോയി. (ഞങ്ങളുടെ നാട്ടിൽ ഇതു പതിവാണ്). മുറിയിൽ കയറിയപ്പോൾ ഞാൻ സാധാരണ ചെയ്യുന്നതുപോലെ സ്വിച്ചിട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാൻ അപ്പോഴും ഇരുട്ടിൽ തന്നെയായിരുന്നു. 
ആ അനുഭവം-വൈദ്യുത സ്രോതസ്സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞിട്ടും വെളിച്ചം പ്രതീക്ഷിച്ചത് - ഒരു ആത്മീയ സത്യത്തെ സ്പഷ്ടമായി ഓർമ്മിപ്പിച്ചു. ആത്മാവിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പോലും നാം പലപ്പോഴും ശക്തി പ്രതീക്ഷിക്കുന്നു. 
1 തെസ്സലൊനിക്യർ-ൽ, “സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ” (1:5) അവരിലെത്താൻ ദൈവം ഇടയാക്കിയ വിധത്തെക്കുറിച്ച് പൗലൊസ് എഴുതി. നാം ദൈവത്തിന്റെ പാപക്ഷമ സ്വീകരിക്കുമ്പോൾ, വിശ്വാസികൾക്ക് തങ്ങളുടെ ജീവിതത്തിലുള്ള അവന്റെ ആത്മാവിന്റെ ശക്തിയിലേക്ക് ഉടനടി പ്രവേശനം ലഭിക്കും. ആ ശക്തി നമ്മിൽ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ തുടങ്ങിയ സ്വഭാവസവിശേഷതകൾ നട്ടുവളർത്തുന്നു (ഗലാത്യർ 5:22-23), പഠിപ്പിക്കൽ, സഹായിക്കൽ, മാർഗ്ഗദർശനം എന്നിവയുൾപ്പെടെ സഭയെ സേവിക്കുന്നതിനുള്ള വരങ്ങൾ നൽകിക്കൊണ്ട് അവൻ നമ്മെ ശക്തിപ്പെടുത്തുന്നു (1 കൊരിന്ത്യർ 12:28). 
“ആത്മാവിനെ കെടുക്കാൻ” കഴിയുമെന്ന് പൗലൊസ് തന്റെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകി (1 തെസ്സലൊനീക്യർ 5:19). ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ അവൻ വരുത്തുന്ന ബോധ്യങ്ങളെ നിരസിക്കുകയോ ചെയ്തുകൊണ്ട് നമുക്ക് ആത്മാവിന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയും (യോഹന്നാൻ 16:8). എന്നാൽ അവനുമായി ബന്ധം വേർപെടുത്തി നാം ജീവിക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ ശക്തി അവന്റെ മക്കൾക്ക് എപ്പോഴും ലഭ്യമാണ്. 

ദൈവത്തിന്റെ സർവ്വ ശക്തി

വടക്കേ അമേരിക്കയിലെ ശക്തമായ മിസ്സിസിപ്പി നദിയുടെ ഒഴുക്കിനെ ചുഴലിക്കാറ്റ് ഗതിമാറ്റിയപ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യം സംഭവിച്ചു. 2021 ഓഗസ്റ്റിൽ, ഐഡ ചുഴലിക്കാറ്റ് ലൂസിയാന തീരത്ത് എത്തി, അതിശയിപ്പിക്കുന്ന ഫലം 'നെഗറ്റീവ് ഫ്‌ളോ' ആയിരുന്നു, അതായത് വെള്ളം യഥാർത്ഥത്തിൽ മണിക്കൂറുകളോളം മുകളിലേക്ക് ഒഴുകി. 
ഒരു ചുഴലിക്കാറ്റിന് അതിന്റെ ജീവിതചക്രത്തിൽ പതിനായിരം ന്യൂക്ലിയർബോംബുകൾക്ക് തുല്യമായ ഊർജ്ജം ചെലവഴിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണക്കാക്കുന്നു! ഒഴുകുന്ന വെള്ളത്തിന്റെ ഗതി മാറ്റുന്നതിനുള്ള അത്തരം അവിശ്വസനീയമായ ശക്തി, പുറപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള “നെഗറ്റീവ് ഫ്‌ളോ” യോടുള്ള യിസ്രായേല്യരുടെ പ്രതികരണം മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.

നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കിയ ഈജിപ്തുകാരിൽ നിന്ന് പലായനം ചെയ്യുമ്പോൾ, യിസ്രായേല്യർ ചെങ്കടലിന്റെ അരികിലെത്തി. അവരുടെ മുന്നിൽ വിശാലമായ ജലാശയവും പിന്നിൽ ആയുധധാരികളായ ഈജിപ്ഷ്യൻ സൈന്യവും ഉണ്ടായിരുന്നു. അസാധ്യമെന്നു തോന്നുന്ന ആ സാഹചര്യത്തിൽ, 'യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; ...യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി'' (പുറപ്പാട് 14:21-22). അവിശ്വസനീയമായ ശക്തിപ്രകടനത്തിലൂടെ രക്ഷനേടിയ, “ജനം ഹോവയെ ഭയപ്പെട്ടു” (വാ. 31). 

ദൈവത്തിന്റെ ശക്തിയുടെ അപാരത അനുഭവിച്ചറിയുമ്പോൾ ഭയത്തോടെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ അത് അവിടെ അവസാനിച്ചില്ല; യിസ്രായേല്യർ അവനിൽ “വിശ്വസിച്ചു” (വാ. 31). 

സൃഷ്ടിയിൽ ദൈവത്തിന്റെ ശക്തി അനുഭവിക്കുമ്പോൾ, നമുക്കും അവന്റെ ശക്തിയുടെ മുമ്പിൽ ഭയഭക്തിയോടെ നിൽക്കാനും അവനിൽ ആശ്രയിക്കാനും കഴിയും. 

സ്വാതന്ത്ര്യത്തിൽ ജീവിക്കുക

ഞാൻ ജനിച്ചുവളർന്ന, അമേരിക്കയിലെ ടെക്‌സാസിൽ എല്ലാ ജൂൺ 19 നും കറുത്തവർഗ്ഗക്കാരുടെ ഉത്സവ പരേഡുകളും പിക്‌നിക്കുകളും ഉണ്ടായിരുന്നു. കൗമാരപ്രായത്തിലെത്തിയ ശേഷമാണ് ഞാൻ ജൂൺറ്റീന്തിന്റെ ('ജൂൺ,''നൈന്റ്‌റീന്ത്്' എന്നീ വാക്കുകളുടെ സംയുക്തം) ഹൃദയഭേദകമായ പ്രാധാന്യം മനസ്സിലാക്കിയത്. അമേരിക്കയിലെ അടിമകളായ ആളുകൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രണ്ടര വർഷം മുമ്പ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി1865 ൽ ടെക്‌സാസിലെ ആളുകൾ അറിഞ്ഞ ദിവസമാണത്. ആ രണ്ടര വർഷവും ടെക്‌സാസിലെ അടിമകളായ ആളുകൾ അടിമത്തത്തിൽ ജീവിച്ചു, കാരണം അവർ മോചിപ്പിക്കപ്പെട്ടുവെന്ന് അവർക്കറിയില്ലായിരുന്നു.

സ്വതന്ത്രരാകാനും അടിമകളായി ജീവിക്കാനും സാധിക്കും. ഗലാത്യലേഖനത്തിൽ, പൗലൊസ് മറ്റൊരു തരത്തിലുള്ള അടിമത്തത്തെക്കുറിച്ച് എഴുതി: മതനിയമങ്ങളുടെ കർക്കശമായ ആവശ്യങ്ങൾക്ക് കീഴിലുള്ള ജീവിതം. ഈ സുപ്രധാന വാക്യത്തിൽ, പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചു, “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു” (ഗലാത്യർ 5:1). എന്തു ഭക്ഷിക്കണം, ആരുമായി സൗഹൃദം പുലർത്തണം എന്നതുൾപ്പെടെയുള്ള ബാഹ്യ നിയന്ത്രണങ്ങളിൽ നിന്ന് യേശുവിലുള്ള വിശ്വാസികൾ സ്വതന്ത്രരായിരുന്നു. എന്നിരുന്നാലും, പലരും ഇപ്പോഴും അടിമകളെപ്പോലെ ജീവിച്ചു.

നിർഭാഗ്യവശാൽ, ഇന്ന് നമുക്ക് അതേ കാര്യം ചെയ്യാൻ കഴിയും. എന്നാൽ നാം അവനിൽ ആശ്രയിച്ച നിമിഷം തന്നെ മനുഷ്യനിർമ്മിത മതപരമായ മാനദണ്ഡങ്ങളെ ഭയന്ന് ജീവിക്കുന്നതിൽ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കി എന്നതാണ് യാഥാർത്ഥ്യം. യേശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവന്റെ ശക്തിയിൽ നമുക്ക് ജീവിക്കാം. 

കഷണങ്ങളെ ചേർത്തുവയ്ക്കുക

ആഗോള മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബം ക്വാറന്റൈനിൽ കഴിയുമ്പോൾ, ഞങ്ങൾ ഒരു അഭിലാഷ പദ്ധതി ഏറ്റെടുത്തു-പതിനെണ്ണായിരം കഷണങ്ങളുള്ള ഒരു വിഷമപ്രശ്‌നം! മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ അതിൽ പ്രവർത്തിച്ചെങ്കിലും, ഞങ്ങൾ കാര്യമായ പുരോഗതി കൈവരിക്കുന്നില്ലെന്ന് പലപ്പോഴും ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ആരംഭിച്ച് അഞ്ച് മാസത്തിനു ശേഷം, ഞങ്ങളുടെ ഡൈനിംഗ് റൂമിന്റെ തറയിൽ ഒമ്പത് x ആറ് അടി വലിപ്പമുള്ള ചിത്രത്തിന്റെ അവസാന ഭാഗം ചേർത്തത് ഞങ്ങൾ ആഘോഷിച്ചു.

 ചിലപ്പോൾ എന്റെ ജീവിതം ഒരു ഭീമാകാരമായ പ്രഹേളിക പോലെ തോന്നും-പല കഷണങ്ങൾ സ്ഥലത്തുണ്ട്, പക്ഷേ കുറേയധികം കാര്യങ്ങൾ ഇപ്പോഴും തറയിൽ കുന്നുകൂടി കിടക്കുന്നു. എന്നെ കൂടുതൽ കൂടുതൽ യേശുവിനെപ്പോലെ ആക്കി മാറ്റാൻ ദൈവം പ്രവർത്തിക്കുകയാണെന്ന് എനിക്കറിയാം, ചിലപ്പോൾ പുരോഗതി കാണുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കും. 
ഫിലിപ്പിയർ ചെയ്യുന്ന നല്ല പ്രവൃത്തികൾ നിമിത്തം സന്തോഷത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പൗലൊസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പറഞ്ഞപ്പോൾ അവൻ നൽകിയ പ്രോത്സാഹനത്തിൽ ഞാൻ വളരെയധികം ആശ്വസം പ്രാപിച്ചു (1:3-4). എന്നാൽ അവന്റെ വിശ്വാസം അവരുടെ കഴിവുകളിലല്ല, മറിച്ച് ദൈവത്തിലാണ്: അവരിൽ ''നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ . . . അതിനെ തികെക്കും” (വാ. 6).

നമ്മിൽ തന്റെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഒരു പ്രഹേളിക പോലെ, ഇപ്പോഴും നമ്മുടെ ശ്രദ്ധ ആവശ്യമുള്ള കഷണങ്ങൾ ഉണ്ടായേക്കാം, കൂടാതെ നമ്മൾ വളരെയധികം പുരോഗതി കൈവരിക്കാത്ത സമയങ്ങളുമുണ്ട്. എന്നാൽ നമ്മുടെ വിശ്വസ്തനായ ദൈവം ഇപ്പോഴും കഷണങ്ങൾ ഒന്നിച്ചു ചേർക്കുന്നുവെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാൻ കഴിയും.