ഉന്മേഷദായകമായ വാക്കുകൾ
അടുക്കളയിൽ നിന്നുകൊണ്ട് എന്റെ മകൾ വിളിച്ചുപറഞ്ഞു, "അമ്മേ, തേനിൽ ഒരു ഈച്ചയുണ്ട്!" ഞാൻ അവളെ കളിയാക്കികൊണ്ട് ഈ പഴഞ്ചൊല്ല് പറഞ്ഞു, "തേനാണ്, വിനാഗിരിയെക്കാൾ കൂടുതൽ ഈച്ചകളെ ആകർഷിക്കുന്നത്." ഇതാദ്യമായാണ് ഞാൻ (ആകസ്മികമായി) തേനിൽ ഈച്ച കിടക്കുന്നത് കാണുന്നത്. എങ്കിലും, ഈ പഴഞ്ചൊല്ലിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം കാരണം ഞാൻ അത് ഉദ്ധരിച്ചു. പരുഷമായ മനോഭാവത്തേക്കാൾ സൗമ്യമായ വാക്കുകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ സാധ്യതയുണ്ട്.
ദൈവാത്മാവിനാൽ പ്രചോദിതമായ ജ്ഞാനപൂർവകമായ പഴഞ്ചൊല്ലുകളുടെയും സുഭാഷിതങ്ങളുടെയും ഒരു ശേഖരമാണ് സദൃശവാക്യങ്ങൾ. ദൈവത്തെ ബഹുമാനിക്കുന്ന വിധത്തിൽ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള പ്രധാന സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ഈ ദൈവനിവേശിതമായ വചനങ്ങൾ സഹായിക്കുന്നു. പല സദൃശവാക്യങ്ങളും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നമ്മുടെ വാക്കുകൾ മറ്റുള്ളവരിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനം ഉൾപ്പെടെ.
ശലോമോൻ രാജാവിന്റെ പേരിലുള്ള സാദൃശ്യവാക്യങ്ങളിൽ, അയൽക്കാരനെതിരെ കള്ളം പറയുന്നതിലൂടെ ഉണ്ടാകുന്ന ദോഷത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി (സദൃശവാക്യങ്ങൾ 25:18). "ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു" എന്ന് അദ്ദേഹം ഉപദേശിച്ചു (വാക്യം 23). പരാതിയുള്ള വാക്കുകൾ നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉത്സാഹക്കുറവിനെതിരെ ശലോമോൻ മുന്നറിയിപ്പ് നൽകി (വാക്യം 24). നമ്മുടെ വാക്കുകൾ സന്തോഷവാർത്ത നൽകുമ്പോൾ അനുഗ്രഹം വരുമെന്ന് രാജാവ് വായനക്കാരെ പ്രബോധിപ്പിച്ചു (വാക്യം 25).
ഈ സത്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ "ശരിയായ ഉത്തരം" നൽകാൻ ദൈവത്തിന്റെ ആത്മാവ് നമ്മെ സഹായിക്കും (16:1). അവനാൽ ശക്തി പ്രാപിച്ചാൽ, നമ്മുടെ വാക്കുകൾ മധുരമുള്ളതും ഉന്മേഷദായകവുമാകും.
ഒരു താങ്ക്‌സ്ഗിവിംഗ് അനുഗ്രഹം
2016-ൽ, വാൻഡ ഡെഞ്ച് തന്റെ ചെറുമകനെ താങ്ക്‌സ്ഗിവിംഗ് ഡിന്നറിന് ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചു, അവൻ അടുത്തിടെ തന്റെ ഫോൺ നമ്പർ മാറ്റിയതായി അവൾ അറിഞ്ഞിരുന്നില്ല. പകരം സന്ദേശം അപരിചിതനായ ജമാലിലേക്കാണ് പോയത്. ജമാലിന് പരിപാടിയൊന്നുമില്ലായിരുന്നു, അതിനാൽ, താൻ ആരാണെന്ന് വ്യക്തമാക്കിയ ശേഷം, എനിക്കും ഡിന്നറിനു വരാമോ എന്ന് ചോദിച്ചു. വാൻഡ പറഞ്ഞു, “തീർച്ചയായും നിങ്ങൾക്ക് വരാം.’’ ജമാൽ കുടുംബ അത്താഴത്തിൽ ചേർന്നു, അത് മുതൽ അത് അവന്റെ വാർഷിക പാരമ്പര്യമായി മാറി. തെറ്റായ ഒരു ക്ഷണം വാർഷിക അനുഗ്രഹമായി മാറി.
അപരിചിതനായ ഒരാളെ അത്താഴത്തിന് ക്ഷണിച്ച വാൻഡയുടെ ദയ എന്നെ ലൂക്കൊസിന്റെ സുവിശേഷത്തിലെ യേശുവിന്റെ പ്രോത്സാഹനത്തെ ഓർമ്മിപ്പിക്കുന്നു. ഒരു “പ്രമാണിയായ’’ ഒരു പരീശന്റെ വീട്ടിൽ (ലൂക്കൊസ് 14:1) ഒരു അത്താഴവിരുന്നിനിടെ, ആരെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അതിഥികൾ മികച്ച ഇരിപ്പിടങ്ങൾക്കായി പിടിവലി കൂട്ടുന്നതും യേശു ശ്രദ്ധിച്ചു (വാ. 7). തനിക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി ആളുകളെ ക്ഷണിക്കുന്നത് (വാക്യം 12) അനുഗ്രഹം പരിമിതമാക്കും എന്ന് യേശു തന്റെ ആതിഥേയനോട് പറഞ്ഞു. പകരം, തനിക്ക് പ്രതിഫലം നൽകാനുള്ള കഴിവില്ലാത്ത ആളുകൾക്ക് ആതിഥ്യമരുളുന്നത് ഇതിലും വലിയ അനുഗ്രഹം നൽകുമെന്ന് യേശു പറഞ്ഞു (വാ. 14).
വാൻഡയെ സംബന്ധിച്ചിടത്തോളം, താങ്ക്‌സ് ഗിവിംഗ് ഡിന്നറിന് തന്റെ കുടുംബത്തോടൊപ്പം ചേരാൻ ജമാലിനെ ക്ഷണിച്ചത്, അവളുടെ ഭർത്താവിന്റെ മരണശേഷം അവൾക്ക് ഒരു വലിയ പ്രോത്സാഹനമായി, ശാശ്വത സൗഹൃദത്തിന്റെ അപ്രതീക്ഷിത അനുഗ്രഹത്തിന് കാരണമായി. നമ്മൾ മറ്റുള്ളവരിലേക്ക് എത്തുമ്പോൾ, നമുക്ക് എന്ത് ലഭിക്കുമെന്നത് കൊണ്ടല്ല, മറിച്ച് നമ്മിലൂടെ ഒഴുകുന്ന ദൈവത്തിന്റെ സ്‌നേഹം നിമിത്തം, നമുക്ക് കൂടുതൽ വലിയ അനുഗ്രഹവും പ്രോത്സാഹനവും ലഭിക്കും.
സ്വർണ്ണത്തേക്കാൾ വിലയേറിയത്
നിങ്ങൾ എപ്പോഴെങ്കിലും ഒരു ആദായ വിൽപ്പനശാലയിൽ കുറഞ്ഞ വിലയുള്ള സാധനങ്ങൾ പരിശോധിച്ച് അതീവ മൂല്യമുള്ള എന്തെങ്കിലും കണ്ടെത്തുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ഒരു ആദായ വിൽപ്പനയിൽ വെറും 35 ഡോളറിന് (ഏകദേശം 2800 രൂപ) വാങ്ങിയ ഒരു പുരാതന ചൈനീസ് പാത്രം 2021 ലെ ലേലത്തിൽ 700,000 ഡോളറിന് (ഏതാണ്ട് 6 കോടി ഇന്ത്യൻ രൂപ) വിറ്റപ്പോൾ കണക്റ്റിക്കട്ടിൽ ഇത് സംഭവിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ അപൂർവവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ ഒരു പുരാവസ്തുവായി ഈ പാത്രം മാറി. ചില ആളുകൾ കുറച്ച് മൂല്യമുള്ളതായി കണക്കാക്കുന്ന കാര്യത്തിന് യഥാർത്ഥത്തിൽ വലിയ മൂല്യമുണ്ടാകുമെന്നത് അതിശയിപ്പിക്കുന്ന ഒരു ഓർമ്മപ്പെടുത്തലാണ്.
അന്ന് അറിയപ്പെട്ടിരുന്ന ലോകമെമ്പാടും ചിതറിക്കിടക്കുന്ന വിശ്വാസികൾക്ക് എഴുതുമ്പോൾ, യേശുവിലുള്ള അവരുടെ വിശ്വാസം വിശാലമായ സംസ്‌കാരത്താൽ നിരസിക്കപ്പെട്ടവനിലുള്ള വിശ്വാസമാണെന്ന് പത്രൊസ് വിശദീകരിച്ചു. മിക്ക യെഹൂദ മതനേതാക്കളാലും നിന്ദിക്കപ്പെട്ട്, റോമൻ ഗവൺമെന്റിനാൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാത്തതിനാൽ അനേകർ വിലകെട്ടവനായി കണക്കാക്കി. എന്നാൽ മറ്റുള്ളവർ യേശുവിന്റെ മൂല്യം തള്ളിക്കളഞ്ഞെങ്കിലും, അവൻ “ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലയേറിയവനുമാണ്” (1 പത്രൊസ് 2:4). അവന്റെ മൂല്യം വെള്ളിയെക്കാളും സ്വർണ്ണത്തെക്കാളും എത്രയോ അനന്തമാണ് (1:18-19). യേശുവിനെ വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നവർ ഒരിക്കലും അവരുടെ തിരഞ്ഞെടുപ്പിൽ ലജ്ജിക്കില്ലെന്ന് നമുക്ക് ഉറപ്പുണ്ട് (2:6).
മറ്റുള്ളവർ യേശുവിനെ വിലകെട്ടവനായി തള്ളിക്കളയുമ്പോൾ നമുക്ക് ഒന്നുകൂടി നോക്കാം. ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകാനുള്ള അമൂല്യമായ ക്ഷണം എല്ലാ മനുഷ്യർക്കും നൽകുന്ന ക്രിസ്തുവിന്റെ അമൂല്യമായ ദാനം കാണാൻ ദൈവത്തിന്റെ ആത്മാവിന് നമ്മെ സഹായിക്കാനാകും (വാ. 10).
മുറിവേറ്റവർക്കുള്ള പ്രത്യാശ
“മിക്ക ആളുകളും മറ്റുള്ളവർക്ക് കാണാനോ മനസ്സിലാക്കാനോ കഴിയാത്ത മുറിപ്പാടുകൾ വഹിക്കുന്നു.” മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം 2020 റെഗുലർ സീസണിന്റെ അവസാനം ഒഴിവാക്കപ്പെട്ട മേജർ ലീഗ് ബേസ്‌ബോൾ താരം ആന്ദ്രെൽട്ടൺ സിമ്മൺസാണ് ആഴത്തിലുള്ള സത്യസന്ധമായ ഈ വാക്കുകൾ പ്രസ്താവിച്ചത്. തന്റെ തീരുമാനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരോട് അനുകമ്പ കാണിക്കാൻ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നതിനും തന്റെ കഥ പങ്കുവെക്കേണ്ടതുണ്ടെന്ന് സിമ്മൺസിന് തോന്നി.
അദൃശ്യമായ മുറിപ്പാടുകൾ ആഴത്തിലുള്ള മുറിവുകളും പരിക്കുകളുമാണ്, അവ കാണാൻ കഴിയില്ല, പക്ഷേ ഇപ്പോഴും യഥാർത്ഥ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നു. 6-ാം സങ്കീർത്തനത്തിൽ, ദാവീദ് തന്റെ ആഴത്തിലുള്ള പോരാട്ടത്തെക്കുറിച്ച്, വേദനാജനകമായ അസംസ്‌കൃതവും സത്യസന്ധവുമായ വാക്കുകൾ എഴുതി. അവൻ “വേദനയിൽ” (വാ. 2) “അഗാധമായ വേദനയിൽ” (വാ. 3) ആയിരുന്നു. അവൻ ഞരക്കത്താൽ “തളർന്നു,” അവന്റെ കിടക്ക കണ്ണുനീർ കൊണ്ട് നനഞ്ഞു (വാ. 6). തന്റെ കഷ്ടപ്പാടിന്റെ കാരണം ദാവീദ് പങ്കുവെക്കുന്നില്ലെങ്കിലും, നമ്മിൽ പലർക്കും അവന്റെ വേദനയുമായി താദാത്മ്യപ്പെടാൻ കഴിയും.
ദാവീദ് തന്റെ വേദനയോട് പ്രതികരിച്ച വിധവും നമുക്ക് പ്രോത്സാഹനം നൽകാം. അതികഠിനമായ യാതനകൾക്കിടയിലും ദാവീദ് ദൈവത്തോട് നിലവിളിച്ചു. സത്യസന്ധമായി തന്റെ ഹൃദയം പകർന്നുകൊണ്ട് അവൻ സൗഖ്യം (വാ. 2), രക്ഷ (വാ. 4), കരുണ (വാ. 9) എന്നിവയ്ക്കായി പ്രാർത്ഥിച്ചു. ഈ സാഹചര്യത്തിനു മുകളിൽ “എത്രത്തോളം?” എന്ന ചോദ്യം തങ്ങിനില്ക്കുമ്പോൾ പോലും (വാ. 3) ദൈവം “കരുണയ്ക്കായുള്ള [അവന്റെ] നിലവിളി കേട്ടു'' (വാ. 9) എന്നും തന്റെ സമയത്തു പ്രവർത്തിക്കുമെന്നും ദാവീദ് ഉറച്ചുവിശ്വസിച്ചു (വാ. 10).
നമ്മുടെ ദൈവം ആരായിരിക്കുന്നു എന്നതിനാൽ, എപ്പോഴും പ്രത്യാശയുണ്ട്.
ദൈവത്തെ അറിയാൻ
അയർലൻഡ് സന്ദർശനവേളയിൽ, അലങ്കാരച്ചെടിയായ ഷാംറോക്കിന്റെ സമൃദ്ധിയിൽ ഞാൻ അത്ഭുതപ്പെട്ടു. ചെറിയ പച്ചനിറത്തിലുള്ള, മൂന്ന് ഇതൾ ഇലകളുള്ള ചെടി എല്ലാ സ്റ്റോറുകളിലും എല്ലാ സാധനങ്ങളിലും -വസ്ത്രങ്ങൾ, തൊപ്പികൾ, ആഭരണങ്ങൾ - കാണപ്പെടുന്നു!
അയർലണ്ടിലുടനീളം വളരുന്ന സമൃദ്ധമായ ഒരു ചെടി എന്നതിലുപരി, ത്രിത്വത്തെ വിശദീകരിക്കാനുള്ള ഒരു ലളിതമായ മാർഗമായി ഷാംറോക്ക് തലമുറകളായി സ്വീകരിക്കപ്പെട്ടു. ദൈവം മൂന്ന് വ്യത്യസ്ത ആളത്വങ്ങളിൽ - പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം - ശാശ്വതമായി നിലനിൽക്കുന്ന ഏക സത്തയാണെന്ന ചരിത്രപരമായ ക്രിസ്തീയ വിശ്വാസമാണ് ത്രിത്വ വിശ്വാസം. ത്രിത്വത്തെക്കുറിച്ചുള്ള എല്ലാ മാനുഷിക വിശദീകരണങ്ങളും അപര്യാപ്തമാണെങ്കിലും, ഷാംറോക്ക് ഒരു സഹായകരമായ പ്രതീകമാണ്, കാരണം ഇത് ഒരേ പദാർത്ഥത്തിൽ നിർമ്മിക്കപ്പെട്ട മൂന്ന് വ്യത്യസ്ത ഇലകളുള്ള ഒരു ചെടിയാണ്.
ത്രിത്വം എന്ന വാക്ക് തിരുവെഴുത്തുകളിൽ കാണുന്നില്ല, എന്നാൽ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളിൽ നാം വ്യക്തമായി കാണുന്ന ദൈവശാസ്ത്ര സത്യത്തെ ഇത് സംഗ്രഹിക്കുന്നു. പുത്രനായ ദൈവമായ യേശു സ്‌നാനം സ്വീകരിക്കുമ്പോൾ, പരിശുദ്ധാത്മാവായ ദൈവം “പ്രാവുരൂപത്തിൽ’’ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്നതായി കാണുന്നു. “നീ എന്റെ പ്രിയപുത്രൻ’’ (മർക്കൊസ് 1:11) എന്ന് പിതാവായ ദൈവത്തിന്റെ ശബ്ദം സ്വർഗ്ഗത്തിൽ നിന്നുകേൾക്കുന്നു.
ദൈവത്തെ അറിയുന്നതിന് ആളുകളെ സഹായിക്കാൻ ആഗ്രഹിച്ച ഐറിഷ് വിശ്വാസികൾ ഷാംറോക്ക് ഉപയോഗിച്ച് അതു വിശദീകരിച്ചു. ത്രിത്വത്തിന്റെ സൗന്ദര്യം നാം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കുമ്പോൾ, അത് ദൈവത്തെ അറിയാനും അവനെ “ആത്മാവിലും സത്യത്തിലും’’ ആരാധിക്കാനുള്ള നമ്മുടെ കഴിവിനെ ആഴത്തിലാക്കാനും സഹായിക്കുന്നു (യോഹന്നാൻ 4:24).
പ്രാർത്ഥനയിൽ ഓർക്കുക
ബ്രിട്ടീഷ് പൗരന്മാർക്കു നൽകുന്ന വാർഷിക സർവീസ് അവാർഡ് ആയ മോണ്ടി മണി ഹോണറീയുടെ 2021 ലെ ജേതാവായി മാൽക്കം ക്ലൗട്ടിനെ തിരഞ്ഞെടുത്തു. എലിസബേത്ത് രാജ്ഞിയാണ് അവാർഡ് നൽകിയത്. അംഗീകാരം ലഭിക്കുമ്പോൾ നൂറു വയസ്സുള്ള ക്ലൗട്ട്, തന്റെ ജീവിതകാലത്ത് ആയിരം ബൈബിളുകൾ വിതരണം ചെയ്തതിനാണ് ആദരിക്കപ്പെട്ടത്. ബൈബിൾ ലഭിച്ച എല്ലാവരുടെയും റെക്കോർഡ് ക്ലൗട്ട് സൂക്ഷിച്ചിട്ടുണ്ട്, അവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പുതിയ നിയമത്തിലെ പൗലൊസിന്റെ രചനകളിൽ ഉടനീളം നാം കാണുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ശക്തമായ ഉദാഹരണമാണ് ക്ലൗട്ടിന്റെ പ്രാർത്ഥനയിലുള്ള വിശ്വസ്തത. തന്റെ കത്തുകളുടെ സ്വീകർത്താക്കൾക്ക് വേണ്ടി താൻ പതിവായി പ്രാർത്ഥിക്കുന്നുണ്ടെന്ന് പൗലൊസ് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. തന്റെ സുഹൃത്തായ ഫിലേമോന് അദ്ദേഹം എഴുതി, “എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു” (ഫിലേമോൻ 1:4). തിമൊഥെയൊസിന് എഴുതിയ കത്തിൽ പൗലൊസ് എഴുതി, 'എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിക്കുന്നു' (2 തിമൊഥെയൊസ് 1:3). റോമിലെ സഭയോട്, “ഇടവിടാതെ” “എപ്പോഴും” പ്രാർത്ഥനയിൽ താൻ അവരെ ഓർക്കുന്നുവെന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു (റോമർ 1:9-10).
മാൽക്കമിനെപ്പോലെ പ്രാർത്ഥിക്കാൻ ആയിരം ആളുകളില്ലെങ്കിലും, നമുക്കറിയാവുന്നവർക്കുവേണ്ടിയുള്ള മനഃപൂർവമായ പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം ദൈവം നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കുന്നു. ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവന്റെ ആത്മാവിനാൽ പ്രേരിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ, ഒരു ലളിതമായ പ്രാർത്ഥനാ കലണ്ടർ ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ഞാൻ കണ്ടെത്തി. പ്രതിദിന അല്ലെങ്കിൽ പ്രതിവാര കലണ്ടറായി പേരുകൾ വിഭജിക്കുന്നത് പ്രാർത്ഥനയിൽ വിശ്വസ്തയായിരിക്കാൻ എന്നെ സഹായിക്കുന്നു. പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുന്നത് സ്‌നേഹത്തിന്റെ എത്ര മനോഹരമായ പ്രകടനമാണ്.
പ്രതിദിനം ശക്തീകരിക്കപ്പെടുക
ഭക്ഷണം തയ്യാറാക്കൽ അല്ലെങ്കിൽ അലക്കൽ തുടങ്ങിയ സാധാരണ ജോലികൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള പ്രാർത്ഥനകളുടെ മനോഹരമായ സമാഹാരമാണ് എവരി മൊമന്റ് ഹോളി. ആവർത്തന വിരസതയോ മുഷിപ്പനോ ആയി തോന്നുന്നതും എന്നാൽ ആവശ്യവുമായ ജോലികൾ. “ഭക്ഷണത്തിന് മുമ്പ് നിങ്ങൾ പ്രാർത്ഥിക്കുന്നു, ശരി തന്നേ. എന്നാൽ വരയ്ക്കുന്നതിനും പെയിന്റു ചെയ്യുന്നതിനും നീന്തുന്നതിനും വേലികെട്ടുന്നതിനും ബോക്‌സിംഗിനും നടക്കുന്നതിനും കളിക്കുന്നതിനും നൃത്തം ചെയ്യുന്നതിനും പേനയിൽ മഷി നിറയ്ക്കുന്നതിനും മുമ്പെ ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് എഴുതിയ ഗ്രന്ഥകാരൻ ജി. കെ. ചെസ്റ്റർട്ടന്റെ വാക്കുകൾ ഈ പുസ്തകം എന്നെ ഓർമ്മിപ്പിച്ചു.
അത്തരം പ്രോത്സാഹനം എന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ പുനഃക്രമീകരിക്കുന്നു. ചില സമയങ്ങളിൽ എന്റെ പ്രവർത്തനങ്ങളെ - ഭക്ഷണത്തിനു മുമ്പുള്ള ദൈവവചനം ധ്യാനം പോലെയുള്ളവ - ആത്മീയ മൂല്യമുള്ളവയെന്നും, ആത്മീയ മൂല്യം ഇല്ലാത്തവയെന്നും - ഭക്ഷണത്തി
നു ശേഷമുള്ള പാത്രം കഴുകൽ തുടങ്ങിയവ - വിഭജിക്കാനുള്ള പ്രേരണ എനിക്കുണ്ടാകാറുണ്ട്. യേശുവിനു വേണ്ടി ജീവിക്കുന്നതു തിരഞ്ഞെടുത്ത കൊലൊസ്യയിലെ ജനങ്ങൾക്കുള്ള ഒരു കത്തിൽ പൗലൊസ് ആ വിഭജനം ഇല്ലാതാക്കി. അവൻ അവരെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ” (3:17). യേശുവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്യുക എന്നതിനർത്ഥം നാം ചെയ്യുന്നതിലൂടെ അവനെ ബഹുമാനിക്കുകയും അവ നിറവേറ്റാൻ അവന്റെ ആത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഉറപ്പ് ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്.
“എന്തു ചെയ്താലും.” നമ്മുടെ ജീവിതത്തിലെ എല്ലാ സാധാരണ പ്രവർത്തനങ്ങളും, ഓരോ നിമിഷവും, ദൈവാത്മാവിന്റെ ശക്തിയിലും യേശുവിനെ മഹത്വപ്പെടുത്തുന്ന വിധത്തിലും ചെയ്യാൻ കഴിയും.
ഊർജ്ജ സ്രോതസ്സുമായി ബന്ധപ്പെട്ടിരിക്കുക
ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ഞങ്ങളുടെ വീട്ടിൽ വൈദ്യുതി പോയി. (ഞങ്ങളുടെ നാട്ടിൽ ഇതു പതിവാണ്). മുറിയിൽ കയറിയപ്പോൾ ഞാൻ സാധാരണ ചെയ്യുന്നതുപോലെ സ്വിച്ചിട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാൻ അപ്പോഴും ഇരുട്ടിൽ തന്നെയായിരുന്നു.
ആ അനുഭവം-വൈദ്യുത സ്രോതസ്സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞിട്ടും വെളിച്ചം പ്രതീക്ഷിച്ചത് - ഒരു ആത്മീയ സത്യത്തെ സ്പഷ്ടമായി ഓർമ്മിപ്പിച്ചു. ആത്മാവിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പോലും നാം പലപ്പോഴും ശക്തി പ്രതീക്ഷിക്കുന്നു.
1 തെസ്സലൊനിക്യർ-ൽ, “സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ” (1:5) അവരിലെത്താൻ ദൈവം ഇടയാക്കിയ വിധത്തെക്കുറിച്ച് പൗലൊസ് എഴുതി. നാം ദൈവത്തിന്റെ പാപക്ഷമ സ്വീകരിക്കുമ്പോൾ, വിശ്വാസികൾക്ക് തങ്ങളുടെ ജീവിതത്തിലുള്ള അവന്റെ ആത്മാവിന്റെ ശക്തിയിലേക്ക് ഉടനടി പ്രവേശനം ലഭിക്കും. ആ ശക്തി നമ്മിൽ സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ തുടങ്ങിയ സ്വഭാവസവിശേഷതകൾ നട്ടുവളർത്തുന്നു (ഗലാത്യർ 5:22-23), പഠിപ്പിക്കൽ, സഹായിക്കൽ, മാർഗ്ഗദർശനം എന്നിവയുൾപ്പെടെ സഭയെ സേവിക്കുന്നതിനുള്ള വരങ്ങൾ നൽകിക്കൊണ്ട് അവൻ നമ്മെ ശക്തിപ്പെടുത്തുന്നു (1 കൊരിന്ത്യർ 12:28).
“ആത്മാവിനെ കെടുക്കാൻ” കഴിയുമെന്ന് പൗലൊസ് തന്റെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകി (1 തെസ്സലൊനീക്യർ 5:19). ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ അവൻ വരുത്തുന്ന ബോധ്യങ്ങളെ നിരസിക്കുകയോ ചെയ്തുകൊണ്ട് നമുക്ക് ആത്മാവിന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയും (യോഹന്നാൻ 16:8). എന്നാൽ അവനുമായി ബന്ധം വേർപെടുത്തി നാം ജീവിക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ ശക്തി അവന്റെ മക്കൾക്ക് എപ്പോഴും ലഭ്യമാണ്.
ദൈവത്തിന്റെ സർവ്വ ശക്തി
വടക്കേ അമേരിക്കയിലെ ശക്തമായ മിസ്സിസിപ്പി നദിയുടെ ഒഴുക്കിനെ ചുഴലിക്കാറ്റ് ഗതിമാറ്റിയപ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യം സംഭവിച്ചു. 2021 ഓഗസ്റ്റിൽ, ഐഡ ചുഴലിക്കാറ്റ് ലൂസിയാന തീരത്ത് എത്തി, അതിശയിപ്പിക്കുന്ന ഫലം 'നെഗറ്റീവ് ഫ്‌ളോ' ആയിരുന്നു, അതായത് വെള്ളം യഥാർത്ഥത്തിൽ മണിക്കൂറുകളോളം മുകളിലേക്ക് ഒഴുകി.
ഒരു ചുഴലിക്കാറ്റിന് അതിന്റെ ജീവിതചക്രത്തിൽ പതിനായിരം ന്യൂക്ലിയർബോംബുകൾക്ക് തുല്യമായ ഊർജ്ജം ചെലവഴിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണക്കാക്കുന്നു! ഒഴുകുന്ന വെള്ളത്തിന്റെ ഗതി മാറ്റുന്നതിനുള്ള അത്തരം അവിശ്വസനീയമായ ശക്തി, പുറപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള “നെഗറ്റീവ് ഫ്‌ളോ” യോടുള്ള യിസ്രായേല്യരുടെ പ്രതികരണം മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.
നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കിയ ഈജിപ്തുകാരിൽ നിന്ന് പലായനം ചെയ്യുമ്പോൾ, യിസ്രായേല്യർ ചെങ്കടലിന്റെ അരികിലെത്തി. അവരുടെ മുന്നിൽ വിശാലമായ ജലാശയവും പിന്നിൽ ആയുധധാരികളായ ഈജിപ്ഷ്യൻ സൈന്യവും ഉണ്ടായിരുന്നു. അസാധ്യമെന്നു തോന്നുന്ന ആ സാഹചര്യത്തിൽ, 'യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; ...യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി'' (പുറപ്പാട് 14:21-22). അവിശ്വസനീയമായ ശക്തിപ്രകടനത്തിലൂടെ രക്ഷനേടിയ, “ജനം ഹോവയെ ഭയപ്പെട്ടു” (വാ. 31).
ദൈവത്തിന്റെ ശക്തിയുടെ അപാരത അനുഭവിച്ചറിയുമ്പോൾ ഭയത്തോടെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ അത് അവിടെ അവസാനിച്ചില്ല; യിസ്രായേല്യർ അവനിൽ “വിശ്വസിച്ചു” (വാ. 31).
സൃഷ്ടിയിൽ ദൈവത്തിന്റെ ശക്തി അനുഭവിക്കുമ്പോൾ, നമുക്കും അവന്റെ ശക്തിയുടെ മുമ്പിൽ ഭയഭക്തിയോടെ നിൽക്കാനും അവനിൽ ആശ്രയിക്കാനും കഴിയും.
സ്വാതന്ത്ര്യത്തിൽ ജീവിക്കുക
ഞാൻ ജനിച്ചുവളർന്ന, അമേരിക്കയിലെ ടെക്‌സാസിൽ എല്ലാ ജൂൺ 19 നും കറുത്തവർഗ്ഗക്കാരുടെ ഉത്സവ പരേഡുകളും പിക്‌നിക്കുകളും ഉണ്ടായിരുന്നു. കൗമാരപ്രായത്തിലെത്തിയ ശേഷമാണ് ഞാൻ ജൂൺറ്റീന്തിന്റെ ('ജൂൺ,''നൈന്റ്‌റീന്ത്്' എന്നീ വാക്കുകളുടെ സംയുക്തം) ഹൃദയഭേദകമായ പ്രാധാന്യം മനസ്സിലാക്കിയത്. അമേരിക്കയിലെ അടിമകളായ ആളുകൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രണ്ടര വർഷം മുമ്പ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി1865 ൽ ടെക്‌സാസിലെ ആളുകൾ അറിഞ്ഞ ദിവസമാണത്. ആ രണ്ടര വർഷവും ടെക്‌സാസിലെ അടിമകളായ ആളുകൾ അടിമത്തത്തിൽ ജീവിച്ചു, കാരണം അവർ മോചിപ്പിക്കപ്പെട്ടുവെന്ന് അവർക്കറിയില്ലായിരുന്നു.
സ്വതന്ത്രരാകാനും അടിമകളായി ജീവിക്കാനും സാധിക്കും. ഗലാത്യലേഖനത്തിൽ, പൗലൊസ് മറ്റൊരു തരത്തിലുള്ള അടിമത്തത്തെക്കുറിച്ച് എഴുതി: മതനിയമങ്ങളുടെ കർക്കശമായ ആവശ്യങ്ങൾക്ക് കീഴിലുള്ള ജീവിതം. ഈ സുപ്രധാന വാക്യത്തിൽ, പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചു, “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു” (ഗലാത്യർ 5:1). എന്തു ഭക്ഷിക്കണം, ആരുമായി സൗഹൃദം പുലർത്തണം എന്നതുൾപ്പെടെയുള്ള ബാഹ്യ നിയന്ത്രണങ്ങളിൽ നിന്ന് യേശുവിലുള്ള വിശ്വാസികൾ സ്വതന്ത്രരായിരുന്നു. എന്നിരുന്നാലും, പലരും ഇപ്പോഴും അടിമകളെപ്പോലെ ജീവിച്ചു.
നിർഭാഗ്യവശാൽ, ഇന്ന് നമുക്ക് അതേ കാര്യം ചെയ്യാൻ കഴിയും. എന്നാൽ നാം അവനിൽ ആശ്രയിച്ച നിമിഷം തന്നെ മനുഷ്യനിർമ്മിത മതപരമായ മാനദണ്ഡങ്ങളെ ഭയന്ന് ജീവിക്കുന്നതിൽ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കി എന്നതാണ് യാഥാർത്ഥ്യം. യേശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവന്റെ ശക്തിയിൽ നമുക്ക് ജീവിക്കാം.