ഞാൻ ആരാണ്?
ക്യാമ്പ് ഫയർ വീക്ഷിച്ചുകൊണ്ട് തന്റെ ജീവിതത്തിലെ വലിയ ചോദ്യങ്ങളെക്കുറിച്ച് കിസോംബോ ചിന്തിച്ചു. ഞാൻ എന്താണ് നേടിയത്? അവൻ ചിന്തിച്ചു. വളരെ പെട്ടന്ന് മറുപടി വന്നു: യഥാർത്ഥത്തിൽ അധികം ഇല്ല. മഴക്കാടിനുള്ളിൽ തന്റെ പിതാവ് ആരംഭിച്ച സ്‌കൂളിൽ സേവനമനുഷ്ഠിക്കാനായി അവൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരുന്നു. രണ്ട് ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ച പിതാവിന്റെ ശക്തമായ കഥ എഴുതാനും അദ്ദേഹം ശ്രമിച്ചു. ഇതെല്ലാം ചെയ്യാൻ ശ്രമിക്കാൻ ഞാൻ ആരാണ്?
കിസോംബോയുടെ സംശയങ്ങൾ മോശയുടേതു പോലെ തോന്നുന്നു. ദൈവം മോശയ്ക്ക് ഒരു ദൗത്യം നൽകിയിരുന്നു: “നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും” (പുറപ്പാട് 3:10). മോശെ മറുപടി പറഞ്ഞു: “ഞാൻ എന്തു മാത്രമുള്ളു?” (വാ. 11).
മോശ പറഞ്ഞയിൽ നിന്നുള്ള ചില ദുർബലമായ ഒഴികഴിവുകൾക്ക് ശേഷം, ദൈവം അവനോട് ചോദിച്ചു, നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?' അതൊരു വടിയായിരുന്നു (4:2). ദൈവത്തിന്റെ നിർദേശപ്രകാരം മോശ അത് നിലത്ത് ഇട്ടപ്പോൾ അതൊരു ജീവനുള്ള സർപ്പമായി മാറി. അവന്റെ സഹജാവബോധത്തിന് എതിരായി, മോശ അത് എടുത്തു. വീണ്ടും, അത് വീണ്ടും ഒരു വടിയായി മാറി (വാ. 4). ദൈവത്തിന്റെ ശക്തിയിൽ മോശയ്ക്ക് ഫറവോനെ നേരിടാൻ കഴിഞ്ഞു. അവന്റെ കയ്യിൽ അക്ഷരാർത്ഥത്തിൽ ഈജിപ്തിലെ ഒരു “ദൈവം” - ഒരു സർപ്പം - ഉണ്ടായിരുന്നു. ഈജിപ്തിലെ ദൈവങ്ങൾ ഏക സത്യദൈവത്തിന് ഭീഷണിയായിരുന്നില്ല.
കിസോംബോ മോശയെക്കുറിച്ച് ചിന്തിച്ചു, ദൈവത്തിന്റെ ഉത്തരം അവൻ മനസ്സിലാക്കി: “നിനക്ക് ഞാനും എന്റെ വചനവും ഉണ്ട്.” തന്റെ ജീവിതത്തിൽ ദൈവശക്തിയെക്കുറിച്ച് മറ്റുള്ളവർ പഠിക്കുന്നതിനായി പിതാവിന്റെ കഥ എഴുതാൻ തന്നെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അദ്ദേഹം തനിച്ചായിരുന്നില്ല.
സ്വന്തം നിലയിൽ, നമ്മുടെ മികച്ച പരിശ്രമങ്ങൾ അപര്യാപ്തമാണ്. എന്നാൽ “ഞാൻ നിന്നോടുകൂടെ ഇരിക്കും” (3:12) എന്ന് പറയുന്ന ദൈവത്തെ നാം സേവിക്കുന്നു.
ഇതിലും നല്ലത് എന്താണുള്ളത്?
എറിക് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് കേട്ടു. അവൻ പള്ളിയിൽ പോകാൻ തുടങ്ങി, അവിടെ ക്രിസ്തുവിനെ നന്നായി അറിയാൻ അവനെ സഹായിച്ച ഒരാളെ കണ്ടുമുട്ടി. അധികം താമസിയാതെ, പള്ളിയിൽ ഒരു ചെറിയ കൂട്ടം ആൺകുട്ടികളെ പഠിപ്പിക്കാൻ എറിക്കിന്റെ ഉപദേഷ്ടാവ് അവനെ നിയോഗിച്ചു. വർഷത്തിലുടനീളം, തന്റെ നഗരത്തിലെ അപകടസാധ്യതയുള്ള യുവാക്കളെ സഹായിക്കാനും പ്രായമായവരെ സന്ദർശിക്കാനും തന്റെ അയൽക്കാരോട് ആതിഥ്യമര്യാദ കാണിക്കാനും ദൈവം എറിക്കിന്റെ ഹൃദയത്തെ ആകർഷിച്ചു-എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി. ഇപ്പോൾ തന്റെ അൻപതുകളുടെ അവസാനത്തിൽ, സേവിക്കാൻ നേരത്തെ തന്നെ പഠിപ്പിച്ചതിൽ താൻ എത്ര നന്ദിയുള്ളവനാണെന്ന് എറിക് വിശദീകരിക്കുന്നു: ''യേശുവിൽ ഞാൻ കണ്ടെത്തിയ പ്രത്യാശ പങ്കിടാൻ എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു. അവനെ സേവിക്കുന്നതിലും ശ്രേഷ്ഠമായ മറ്റെന്താണുള്ളത്?”
അവന്റെ വിശ്വാസത്തിൽ അമ്മയും മുത്തശ്ശിയും അവനെ സ്വാധീനിച്ചപ്പോൾ തിമൊഥെയൊസ് ഒരു കുട്ടിയായിരുന്നു (2 തിമൊഥെയൊസ് 1:5). അപ്പൊസ്തലനായ പൗലൊസ് അവനെ കണ്ടുമുട്ടിയപ്പോൾ അവൻ ഒരു യൗവനക്കാരനായിരുന്നിരിക്കാം. ദൈവത്തിനുവേണ്ടിയുള്ള തിമൊഥെയൊസിന്റെ സേവനത്തിൽ സാധ്യത കാണുകയും അവനെ ഒരു മിഷനറി യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്തു (പ്രവൃത്തികൾ 16:1-3). ശുശ്രൂഷയിലും ജീവിതത്തിലും പൗലൊസ് തിമൊഥെയൊസിന്റെ ഉപദേശകനായി. പഠിക്കാനും തെറ്റായ പഠിപ്പിക്കലുകൾ നേരിടുമ്പോൾ ധൈര്യമുള്ളവനായിരിക്കാനും തന്റെ കഴിവുകൾ ദൈവസേവനത്തിൽ ഉപയോഗിക്കാനും പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 4:6-16).
ദൈവത്തെ സേവിക്കുന്നതിൽ തിമൊഥെയൊസ് വിശ്വസ്തനായിരിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചത് എന്തുകൊണ്ട്? അവൻ എഴുതി, “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു” (വാ. 10). യേശു നമ്മുടെ പ്രത്യാശയും ലോകരക്ഷകനുമാണ്. അവനെ സേവിക്കുന്നതിനേക്കാൾ മെച്ചമായത് മറ്റെന്താണുള്ളത്?
ഒരു വേറിട്ട നിലവിളി
ഒരു കുഞ്ഞ് കരയുമ്പോൾ, അവൾ ക്ഷീണിതനാണെന്നോ അല്ലെങ്കിൽ അവൾക്കു വിശക്കുന്നു എന്നോ ഉള്ളതിന്റെ സൂചനയാണ്, അല്ലേ? ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നവജാത ശിശുവിന്റെ കരച്ചിലിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ മറ്റ് പ്രശ്‌നങ്ങൾക്കുള്ള സുപ്രധാന സൂചനകളും നൽകും. കുഞ്ഞിന്റെ കേന്ദ്ര നാഡീവ്യൂഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നിർണ്ണയിക്കാൻ, കരച്ചിൽ ഘടകങ്ങൾ, ശബ്ദം, കരച്ചിൽ ശബ്ദം എത്ര വ്യക്തമാണ് എന്നിവ അളക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദൈവം തന്റെ ജനത്തിന്റെ വ്യത്യസ്ത നിലവിളി കേൾക്കുമെന്നും അവരുടെ ഹൃദയത്തിന്റെ അവസ്ഥ നിർണ്ണയിക്കുമെന്നും കൃപയോടെ പ്രതികരിക്കുമെന്നും യെശയ്യാവ് പ്രവചിച്ചു. യെഹൂദാ, ദൈവത്തോട് ആലോചിക്കുന്നതിനുപകരം, അവന്റെ പ്രവാചകനെ അവഗണിക്കുകയും ഈജിപ്തുമായുള്ള സഖ്യത്തിൽ സഹായം തേടുകയും ചെയ്തു (യെശയ്യാവ് 30:1-7). അവർ തങ്ങളുടെ മത്സരത്തിൽ തുടരാൻ തീരുമാനിച്ചാൽ, അവൻ അവർക്ക് പരാജയവും അപമാനവും വരുത്തുമെന്ന് ദൈവം അവരോട് പറഞ്ഞു. എന്നിരുന്നാലും, “[അവരോട്] കൃപ കാണിക്കാനും . . . കരുണ കാണിക്കാനും” അവൻ ആഗ്രഹിച്ചു (വാ. 18). അവൻ അവരെ രക്ഷിക്കും. പക്ഷേ അവരുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും നിലവിളിയിലൂടെ മാത്രമാണതു സംഭവിക്കുക. ദൈവജനം അവനോട് നിലവിളിച്ചാൽ, അവൻ അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവർക്ക് ആത്മീയ ശക്തിയും ചൈതന്യവും പുതുക്കിനൽകുകയും ചെയ്യും (വാ. 8-26).
യേശുവിൽ വിശ്വസിക്കുന്ന ഇന്നത്തെ വിശ്വാസികൾക്കും ഇത് ബാധകമാണ്. നമ്മുടെമാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും വ്യതിരിക്തമായ നിലവിളികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ചെവികളിൽ എത്തുമ്പോൾ, അവൻ അത് കേൾക്കുകയും നമ്മോട് ക്ഷമിക്കുകയും അവനിലുള്ള നമ്മുടെ സന്തോഷവും പ്രത്യാശയും പുതുക്കുകയും ചെയ്യുന്നു.
ദൈവത്തിനുവേണ്ടിയുള്ള നല്ല പ്രശ്‌നം
ഒരു ദിവസം, ആറാം ക്ലാസ് വിദ്യാർത്ഥി ഒരു സഹപാഠി ചെറിയ കത്തി ഉപയോഗിച്ച് തന്റെ കൈ മുറിക്കുന്നത് ശ്രദ്ധിച്ചു. ശരിയായതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് അവൾ അവനിൽ നിന്ന് കത്തി വാങ്ങി എറിഞ്ഞു. അതിശയകരമെന്നു പറയട്ടെ, അഭിനന്ദനത്തിനുപകരം, അവൾക്ക് പത്തു ദിവസത്തെ സസ്‌പെൻഷൻ ലഭിച്ചു. എന്തുകൊണ്ട്? അവളുടെ കൈവശം കത്തി ഉണ്ടായിരുന്നു-സ്‌കൂളിൽ അനുവദനീയമല്ലാത്ത ഒന്ന്. ഇനി അങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് അവളുടെ മറുപടി: ''എനിക്ക് പ്രശ്‌നമുണ്ടായാൽ പോലും . . . ഞാൻ അത് വീണ്ടും ചെയ്യും'' എന്നായിരുന്നു. നന്മ ചെയ്യാൻ ശ്രമിക്കുന്ന ഈ പെൺകുട്ടിയുടെ പ്രവൃത്തി അവളെ കുഴപ്പത്തിലാക്കിയതുപോലെ (അവളുടെ സസ്‌പെൻഷൻ പിന്നീട് പിൻവലിച്ചു), യേശുവിന്റെ ദൈവരാജ്യ ഇടപെടൽ അവനെ മതനേതാക്കളുമായി പ്രശ്‌നത്തിലേക്കു നയിച്ചു.
കൈ വരണ്ട ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയത് തങ്ങളുടെ നിയമങ്ങളുടെ ലംഘനമായി പരീശന്മാർ വ്യാഖ്യാനിച്ചു. ശബ്ബത്തിൽ മൃഗങ്ങളെ പരിചരിക്കാൻ ദൈവജനത്തിന് അനുവാദമുണ്ടെങ്കിൽ,''മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ!'' (മത്തായി 12:12) എന്നു ക്രിസ്തു അവരോട് പറഞ്ഞു. അവൻ ശബ്ബത്തിന്റെ കർത്താവായതിനാൽ, അതിൽ അനുവദനീയമായതും അനുവദനീയമല്ലാത്തതും നിയന്ത്രിക്കാൻ യേശുവിന് കഴിയും (വാ. 6-8). അത് മതനേതാക്കളെ വ്രണപ്പെടുത്തുമെന്ന് അറിയാമായിരുന്നതിനാൽ, അവൻ ആ മനുഷ്യന്റെ കൈ സൗഖ്യമാക്കി (വാ. 13-14).
ചില സമയങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസികൾ 'നല്ല കുഴപ്പത്തിൽ' അകപ്പെട്ടേക്കാം. അവനെ ബഹുമാനിക്കുന്നതും എന്നാൽ ചില ആളുകളെ സന്തോഷിപ്പിക്കാത്തതും ചെയ്യുന്നത്- അവർക്കു പ്രശ്‌നം സൃഷ്ടിക്കും. ദൈവം നമ്മെ നയിക്കുന്നതുപോലെ ആവശ്യത്തിലിരിക്കുന്നവരെ നാം സഹായിക്കുമ്പോൾ, നാം യേശുവിനെ അനുകരിക്കുകയും നിയമങ്ങളേക്കാളും ആചാരങ്ങളേക്കാളും ആളുകൾ പ്രധാനമാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.
ദൈവത്തോടൊപ്പം ട്രാക്കിൽ തുടരുക
വർഷങ്ങൾക്ക് മുമ്പ്, വടക്കുപടിഞ്ഞാറൻ സ്‌പെയിനിൽ 218 പേരുമായി യാത്രചെ്ത ഒരു ട്രെയിൻ പാളം തെറ്റി, 79 പേർ കൊല്ലപ്പെടുകയും 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡ്രൈവർക്ക് അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ ദൃശ്യങ്ങൾക്ക് കഴിഞ്ഞു. അപകടകരമായ ഒരു വളവിലൂടെ ട്രെയിൻ അതിവേഗം സഞ്ചരിക്കുകയായിരുന്നു. ഇത്തരം വളവുകളിൽ അനുവദനീയമായ വേഗപരിധി ട്രെയിൻ ലംഘിച്ചു. സ്‌പെയിനിലെ ദേശീയ റെയിൽ കമ്പനിയിൽ മുപ്പതു വർഷമായി ട്രോയിൻ ഓടിച്ചു പരിചയമുണ്ടായിട്ടും ഏതോ കാരണത്താൽ ഡ്രൈവർ വേഗപരിധി അവഗണിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ആവർത്തനപുസ്തകം 5-ൽ മോശ തന്റെ ജനത്തിനായുള്ള ദൈവത്തിന്റെ യഥാർത്ഥ ഉടമ്പടിയുടെ അതിരുകൾ അവലോകനം ചെയ്തു. ദൈവത്തിന്റെ പ്രബോധനം അവനുമായുള്ള സ്വന്തം ഉടമ്പടിയായി കണക്കാക്കാൻ മോശെ ഒരു പുതിയ തലമുറയെ പ്രോത്സാഹിപ്പിച്ചു (വാ. 3), തുടർന്ന് അവൻ പത്തു കൽപ്പനകൾ (വാ. 7-21) ആവർത്തിച്ചു. മുൻ തലമുറയുടെ അനുസരണക്കേടിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഭക്തിയുള്ളവരും വിനയാന്വിതരും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ഓർമ്മയുള്ളവരുമായിരിക്കാൻ മോശെ യിസ്രായേല്യരെ ആഹ്വാനം ചെയ്തു. യിസ്രായേൽ അവരുടെ ജീവിതമോ മറ്റുള്ളവരുടെ ജീവിതമോ നശിപ്പിക്കാതിരിക്കാൻ ദൈവം തന്റെ ജനത്തിന് ഒരു വഴി ഉണ്ടാക്കി. അവർ അവന്റെ ജ്ഞാനം അവഗണിച്ചാൽ, അത് അവരുടെ സ്വന്തം നാശത്തിനിടയാക്കും.
ഇന്ന്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് എല്ലാ തിരുവെഴുത്തുകളും നമ്മുടെ ആനന്ദവും ഉപദേഷ്ടാവും നമ്മുടെ ജീവിതത്തിന് സംരക്ഷണവും ആക്കാം. ആത്മാവ് നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനപൂർവമായ സംരക്ഷണത്തിന്റെ പാത സൂക്ഷിക്കാനും നമ്മുടെ ജീവിതം അവനുവേണ്ടി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാനും കഴിയും.
ഒരു വർഷംകൊണ്ടു ബൈബിൾ വായിക്കുക
അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക. യെശയ്യാവ് 58:6
ഡേവിഡ് വില്ലിസ് വാട്ടര്‍സ്റ്റോൺസ് ബുക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയിലായിരുന്നു. അദ്ദേഹംം പെട്ടെന്ന് താഴേക്ക് വന്നപ്പോൾ ലൈറ്റുകൾ അണച്ചിരിക്കുന്നതും വാതിലുകൾ പൂട്ടിയിരിക്കുന്നതും കണ്ടു. അദ്ദേഹം കടയ്ക്കുള്ളിൽ കുടുങ്ങി! എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അദ്ദേഹം ട്വിറ്ററിലേക്ക് തിരിഞ്ഞ് ട്വീറ്റ് ചെയ്തു: ''ഹായ് @വാട്ടർസ്റ്റോൺസ്. ഞാൻ ഇപ്പോൾ നിങ്ങളുടെ ട്രാഫൽഗർ സ്‌ക്വയർ ബുക്ക്‌സ്റ്റോറിനുള്ളിൽ 2 മണിക്കൂറായി പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ദയവായി എന്നെ പുറത്തു വിടൂ.'' ട്വീറ്റ് ചെയ്ത് അധികം താമസിയാതെ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി.
നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം ലഭിക്കാൻ ഒരു വഴി ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം സ്വയം ഉണ്ടാക്കിയ പ്രശ്‌നത്തിൽ കുടുങ്ങിപ്പോകുമ്പോൾ നമ്മുടെ നിലവിളികൾക്ക് ഉത്തരം തരുന്ന ഒരാളുണ്ടെന്ന് യെശയ്യാവ് പറഞ്ഞു. നിരുത്തരവാദപരമായി അവരുടെ മതപരമായ ഭക്തി അനുഷ്ഠിക്കുന്നതിന്റെ പേരിൽ ദൈവം തന്റെ ജനത്തെ കുറ്റം ചുമത്തിയതായി പ്രവാചകൻ എഴുതി. അവർ മതത്തിന്റെ ചലനങ്ങൾക്കൊപ്പം നീങ്ങുകയായിരുന്നു, എന്നാൽ ശൂന്യവും സ്വയം സേവിക്കുന്നതുമായ ആചാരങ്ങൾ ഉപയോഗിച്ച് ദരിദ്രരെ അടിച്ചമർത്തുന്നതിനെ അവർ മറയ്ക്കുകയായിരുന്നു (യെശയ്യാവ് 58:1-7). ഇത് ദൈവിക പ്രസാദം നേുന്നതായിരുന്നില്ല. ദൈവം തന്റെ ദൃഷ്ടി അവരിൽ നിന്ന് മറച്ചു, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയില്ല (1:15). അവൻ അവരോട് അനുതപിക്കാനും മറ്റുള്ളവരെ കരുതുന്ന തരത്തിലുള്ള ബാഹ്യപ്രവൃത്തികൾ അനുഷ്ഠിക്കാനും പറഞ്ഞു (58:6-7). അവർ അങ്ങനെ ചെയ്താൽ “അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും (ചെയ്താൽ)” (വാ. 9) അവൻ അവരോടു പറഞ്ഞു.
നമുക്ക് ദരിദ്രരോട് അടുക്കാം: “ഞാൻ ഇവിടെയുണ്ട്” എന്ന് അവരോടു പറയാം. അങ്ങനെ ചെയ്താൽൽ, സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം കേൾക്കുകയും, “ഞാൻ ഇവിടെയുണ്ട്” എന്ന് നമ്മോട് പറയുകയും ചെയ്യുന്നു.
സ്‌നേഹപൂർവമായ ഒരു മുന്നറിയിപ്പ്
2010 ൽ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ ഉണ്ടായ സുനാമിയിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുനാമി മുന്നറിയിപ്പ് സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ മരണങ്ങൾ തടയാനോ കുറയ്ക്കാനോ കഴിയുമായിരുന്നു. സുനാമി കണ്ടെത്തൽ ശൃംഖലകൾ (ബോയ്കൾ) വേർപെർട്ട് അകന്നുപോയിരുന്നു.
അനുതപിക്കാത്ത പാപം ഉൾപ്പെടെ, ആത്മീയമായി ഹാനികരമാകുന്ന കാര്യങ്ങളെക്കുറിച്ച് സഹ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകാനുള്ള ഉത്തരവാദിത്തം തന്റെ ശിഷ്യന്മാർക്കുണ്ടെന്ന് യേശു പറഞ്ഞു. മറ്റൊരാൾ ചെയ്ത കുറ്റത്തിനിരയായഒരു വിശ്വാസിക്ക് വിനയത്തോടെ, സ്വകാര്യമായി, പ്രാർത്ഥനാപൂർവ്വം കുറ്റം ചെയ്യുന്ന വിശ്വാസിയെ പാപം “ചൂണ്ടിക്കാണിക്കാൻ” കഴിയുന്ന ഒരു പ്രക്രിയ അവൻ വിശദീകരിച്ചു (മത്തായി 18:15). വ്യക്തി പശ്ചാത്തപിച്ചാൽ, സംഘർഷം പരിഹരിക്കാനും ബന്ധം പുനഃസ്ഥാപിക്കാനും കഴിയും. വിശ്വാസി മാനസാന്തരപ്പെടാൻ വിസമ്മതിച്ചാൽ, “ഒന്നോ രണ്ടോ പേർ” ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണം (വാ. 16). പാപം ചെയ്യുന്ന വ്യക്തി എന്നിട്ടും അനുതപിക്കുന്നില്ലെങ്കിൽ, വിഷയം “സഭ”യുടെ മുമ്പാകെ കൊണ്ടുവരണം (വാ. 17). കുറ്റവാളി അപ്പോഴും പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയെ കൂട്ടായ്മയിൽ നിന്ന് നീക്കം ചെയ്യണം, എന്നാൽ അവനുവേണ്ടി അല്ലെങ്കിൽ അവൾക്കുവേണ്ടി തീർച്ചയായും പ്രാർത്ഥിക്കാനും ക്രിസ്തുവിന്റെ സ്‌നേഹം പ്രകടിപ്പിക്കാനും കഴിയണം.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അനുതപിക്കാത്ത പാപത്തിന്റെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സ്വർഗീയ പിതാവിനോടും മറ്റ് വിശ്വാസികളോടും ഉള്ള പുനഃസ്ഥാപനത്തിന്റെ സന്തോഷത്തെക്കുറിച്ചും സ്‌നേഹപൂർവം പരസ്പരം മുന്നറിയിപ്പ് നൽകുന്നതിന് ആവശ്യമായ ജ്ഞാനത്തിനും ധൈര്യത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ യേശു ''അവരുടെ നടുവിൽ ഉണ്ട് “ (വാ. 20).
സ്‌നേഹത്തെ പ്രതി
ഒരു മാരത്തൺ ഓടുന്നത് ശാരീരികമായും മാനസികമായും നിങ്ങളെ സ്വം മുന്നോട്ടു തള്ളിവിടാൻ പ്രേരിപ്പിക്കുന്നതാണ്. എന്നിരുന്നാലും, ഒരു ഹൈസ്‌കൂൾ ഓട്ടക്കാരനെ സംബന്ധിച്ചിടത്തോളം, ഒരു ക്രോസ്-കൺട്രി ഓട്ടത്തിൽ മത്സരിക്കുന്നത് മറ്റാരെയെങ്കിലും തള്ളിവിടുക എന്നതാണ്. എല്ലാ പരിശീലനത്തിലും മത്സരത്തിലും, പതിനാലുകാരിയായ സൂസൻ ബെർഗെമാൻ തന്റെ ജ്യേഷ്ഠൻ ജെഫ്രിയെ വീൽചെയറിൽ മുന്നോട്ടുതള്ളുന്നു. ജെഫ്രിക്ക് ഇരുപത്തിരണ്ട് മാസം പ്രായമുള്ളപ്പോൾ, അദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടായി - തൽഫലമായി ഗുരുതരമായ മസ്തിഷ്‌ക ക്ഷതവും സെറിബ്രൽ പാൾസിയും സംഭവിച്ചു. ഇന്ന്, സൂസൻ വ്യക്തിഗത ഓട്ട് ലക്ഷ്യങ്ങൾ ത്യജിച്ചിട്ട് ജെഫ്രിയെ മത്സരിപ്പിക്കുന്നു. എന്തൊരു സ്‌നേഹവും ത്യാഗവും!
''സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായി'' ഉള്ളവരായിരിക്കാൻ (റോമർ 12:10) തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചപ്പോൾ അപ്പോസ്തലനായ പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് സ്‌നേഹവും ത്യാഗവും ആയിരുന്നു. റോമിലെ വിശ്വാസികൾ അസൂയ, കോപം, കഠിനമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയാൽ മല്ലിടുന്നത് അവനറിയാമായിരുന്നു (വാ. 18). അതുകൊണ്ട്, ദൈവിക സ്‌നേഹം അവരുടെ ഹൃദയത്തെ ഭരിക്കാൻ അനുവദിക്കണമെന്ന് അവൻ അവരെ പ്രോത്സാഹിപ്പിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിൽ വേരൂന്നിയ ഇത്തരത്തിലുള്ള സ്‌നേഹം മറ്റുള്ളവരുടെ സാധ്യമായ ഏറ്റവും ഉയർന്ന നന്മയ്ക്കായി പോരാടും. അത് ആത്മാർത്ഥമായിരിക്കും, അത് ഉദാരമായ പങ്കുവെക്കലിലേക്ക് നയിക്കും (വാ. 13). ഈ രീതി ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരെ തങ്ങളേക്കാൾ ബഹുമാനത്തിന് യോഗ്യരായി കണക്കാക്കാൻ ഉത്സുകരാണ് (വാ. 16).
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, ഓട്ടം പൂർത്തിയാക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം സ്‌നേഹത്തിന്റെ ഓട്ടം ഓടുകയാണ്. അത് പ്രയാസകരമാണെങ്കിലും, അത് യേശുവിന് മഹത്വം കൈവരുത്തുന്നു. അതിനാൽ, മറ്റുള്ളവരെ സ്‌നേഹിക്കാനും സേവിക്കാനും നമ്മെ ശക്തിപ്പെടുത്താൻ അവനിൽ ആശ്രയിക്കാം.
ഒരു ചെറിയ ഭാഗത്തേക്കാൾ അധികം
ഒരു പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ നാമെല്ലാവരും നമ്മുടെ ഒരല്പഭാഗം പിന്നിലുപേക്ഷിച്ചാണു പോകുന്നത്. എന്നാൽ അന്റാർട്ടിക്കയിലെ തണുപ്പേറിയതും വിജനവുമായ വില്ലാസ് ലാസ് എസ്‌ട്രെലിയാസിലെ ദീർഘകാല താമസക്കാരനാകാൻ നിങ്ങളുടെ ഒരു കഷണം പിന്നിൽ ഉപേക്ഷിക്കുക എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഏറ്റവുമടുത്ത ആശുപത്രി 625 മൈൽ അകലെയായതിനാൽ, ഒരു വ്യക്തിക്ക് തന്റെ അപ്പെൻഡിക്‌സ് പൊട്ടിയാൽ ഗുരുതരമായ പ്രശ്‌നമുണ്ടാകും. അതിനാൽ ഓരോ പൗരനും അവിടെ പോകുന്നതിന് മുമ്പ് ആദ്യം അപ്പെൻഡിക്‌സ് നീക്കം ചെയ്യണം.
കഠിനമായി തോന്നുന്നു അല്ലേ? എന്നാൽ അത് ദൈവരാജ്യത്തിലെ താമസക്കാരനാകുന്നതിന്റെയത്രയും കടുപ്പമല്ല. കാരണം, അവന്റെ വ്യവസ്ഥകളനുസരിച്ചല്ല, അവരുടെ സ്വന്തം വ്യവസ്ഥകളനുസരിച്ചാണ് ആളുകൾ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നത് (മത്തായി 16:25-27). അതിനാൽ ഒരു ശിഷ്യൻ എന്നതിന്റെ അർത്ഥമെന്താണെന്ന് അവൻ പുനർനിർവചിക്കുന്നു. അവൻ പറഞ്ഞു, "ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ'' (വാക്യം 24). അവനോടും അവന്റെ രാജ്യത്തോടും മത്സരിക്കുന്ന എന്തും ഉപേക്ഷിക്കാൻ തയ്യാറാകുന്നത് ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ ക്രൂശ് എടുക്കുമ്പോൾ, ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം സാമൂഹികവും രാഷ്ട്രീയവുമായ അടിച്ചമർത്തലുകളും മരണത്തെ പോലും അനുഭവിക്കാനുള്ള സന്നദ്ധത നാം പ്രഖ്യാപിക്കുകയാണ്. ഉപേക്ഷിക്കുന്നതിനും എടുക്കുന്നതിനുമൊപ്പം, അവനെ യഥാർത്ഥമായി അനുഗമിക്കാനുള്ള സന്നദ്ധതയും നാം ഏറ്റെടുക്കേണ്ടതുണ്ട്. സേവനത്തിലേക്കും ത്യാഗത്തിലേക്കും അവൻ നമ്മെ നയിക്കുമ്പോൾ അവന്റെ നേതൃത്വം പിന്തുടരുന്നതിന്റെ അനുനിമിഷമുള്ള ഒരു ഭാവമാണിത്.
യേശുവിനെ അനുഗമിക്കുക എന്നതിനർത്ഥം, നമ്മുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം ഉപേക്ഷിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. അവൻ നമ്മെ സഹായിക്കുന്നതനുസരി്ച്ച്, നമ്മുടെ മുഴുവൻ ജീവിതവും-നമ്മുടെ ശരീരമുൾപ്പെടെ-അവന് മാത്രം കീഴ്‌പ്പെടുത്തുകയും സമർപ്പിക്കുകയുംമത്തായി 16:24മത്തായി 16:24 ചെയ്യുക എന്നതാണത്.
പറയാനുള്ള മുറി
വടക്കൻ സ്പെയിൻ കൂട്ടായ്മയും സൗഹൃദവും പ്രകടിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു മാർഗം ഉണ്ട്.
നാട്ടിൻപുറങ്ങൾ നിറയെ കൈകൊണ്ട് നിർമിച്ച ഗുഹകളുള്ളതിനാൽ, ഓരോ വിളവെടുപ്പിനു ശേഷവും ചില കർഷകർ ഗുഹയുടെ മുകളിലെ ഒരു മുറിയിൽ ഇരുന്ന് അവരുടെ വിവിധ വിഭവങ്ങളുടെ പട്ടിക എടുക്കും. കാലം കഴിഞ്ഞപ്പോൾ ആ മുറി "പറയാനുള്ള മുറി" എന്നറിയപ്പെട്ടു - സുഹൃത്തുക്കളും കുടുംബങ്ങളും അവരുടെ കഥകളും രഹസ്യങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാൻ ഒത്തുകൂടുന്ന കൂട്ടായ്മയുടെ ഒരിടം. നിങ്ങൾക്ക് സുരക്ഷിത സുഹൃത്തുക്കളുടെ അടുത്ത സഹവാസം ആവശ്യമാണെങ്കിൽ, നിങ്ങൾ "പറയാനുള്ള മുറിയിലേക്ക്" പോകും.
അവർ വടക്കൻ സ്പെയിനിലാണ് ജീവിച്ചിരുന്നതെങ്കിൽ, യോനാഥാനും ദാവീദും പങ്കിട്ട ആഴത്തിലുള്ള സൗഹൃദം അവരെ ഒരു പറയാനുള്ള മുറി സൃഷ്ടിക്കുവാൻ പ്രേരിപ്പിക്കുമായിരിക്കാം. അസൂയ കൂടി ശൗൽ രാജാവ് ദാവീദിനെ കൊല്ലാൻ തുനിഞ്ഞപ്പോൾ, ശൗലിന്റെ മൂത്ത മകനായ യോനാഥാൻ അവനെ സംരക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇരുവരുടെയും മനസ്സ് ''പറ്റിച്ചേർന്നു'' (1 ശമൂ. 18:1). "യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്ക കൊണ്ട്" (വാ.1,3) - താൻ സിംഹാസനത്തിന്റെ അവകാശിയായിരുന്നെങ്കിലും, രാജാവാകാനുള്ള ദാവീദിന്റെ ദൈവീക തിരഞ്ഞെടുപ്പിനെ തിരിച്ചറിഞ്ഞു. അവൻ "തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു" (വാ.4). ഒരു സുഹൃത്തെന്ന നിലയിൽ തന്നോടുള്ള യോനാഥാന്റെ അഗാധമായ സ്നേഹം വിസ്മയമേറിയതെന്ന് പിന്നീട് ദാവീദ് പ്രഖ്യാപിച്ചു (2 ശമൂ. 1:26).
യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, ക്രിസ്തുതുല്യമായ സ്നേഹവും കരുതലും പ്രതിഫലിപ്പിക്കുന്ന നമ്മുടെ സ്വന്തം "പറയാനുള്ള മുറികൾ" - സൗഹൃദങ്ങൾ - കെട്ടിപ്പടുക്കുവാൻ അവൻ നമ്മെ സഹായിക്കട്ടെ. സുഹൃത്തുക്കളോടൊപ്പം താമസിക്കാനും ഹൃദയം തുറക്കാനും യേശുവിൽ പരസ്പരം യഥാർത്ഥ കൂട്ടായ്മയിൽ ജീവിക്കാനും നമുക്ക് സമയമെടുക്കാം.