നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മൈക്ക് വിറ്റ്മെർ

ഞാൻ ഉൾപ്പെട്ടിരിക്കുന്നുവോ?

നാമെല്ലാവരും ആശിക്കുന്നത് നടി സാലി ഫീൽഡിന് ഒടുവിൽ അനുഭവിച്ചറിയാൻ സാധിച്ചു. 1985-ൽ അവർ രണ്ടാമത്തെ ഓസ്കാർ നേടിയപ്പോൾ, അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ അവർ ഇങ്ങനെ പറഞ്ഞു: “എല്ലാറ്റിനേക്കാളും നിങ്ങളുടെ ബഹുമാനം ഞാൻ ആഗ്രഹിച്ചു. ആദ്യത്തെ തവണ എനിക്ക് അത് അനുഭവിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ എനിക്ക് അതു അനുഭവപ്പെടുന്നു. നിങ്ങൾക്ക് എന്നെ ഇഷ്ടമാണെന്ന വസ്തുത എനിക്ക് നിഷേധിക്കാനാവില്ല, ഇപ്പോൾ നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നു.’’

ഒരു എത്യോപ്യൻ ഷണ്ഡനും തനിക്കു ലഭിച്ച സ്വീകാര്യതയിൽ ആശ്ചര്യഭരിതനായി. ഒരു ജാതീയനെന്ന നിലയിലും ഷണ്ഡനെന്ന നിലയിലും അവനു ദൈവാലയത്തിന്റെ അകത്തെ പ്രാകാരങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു (എഫെസ്യർ 2:11-12; ആവർത്തനം 23:1 നോക്കുക). എങ്കിലും ഉൾപ്പെടാൻ അവൻ ആശിച്ചു. യെരൂശലേമിലേക്കുള്ള തൃപ്തികരമല്ലാത്ത മറ്റൊരു തീർത്ഥാടനത്തിൽ നിന്ന് മടങ്ങുന്ന വേളയിലാണ് ഫിലിപ്പൊസ് അവനെ കണ്ടുമുട്ടിയത് (പ്രവൃത്തികൾ 8:27).

“എന്റെ നിയമം പ്രമാണിക്കുന്ന” ഷണ്ഡന്മാർക്ക് “എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും . . . ജ്ഞാപകവും . . . ഒരു ശാശ്വതനാമം തന്നേ . . . (യെശയ്യാവ് 56:4) കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത യെശയ്യാവിന്റെ പുസ്തകം വായിക്കുകയായിരുന്നു എത്യോപ്യനായ ആ മനുഷ്യൻ. ഇത് എങ്ങനെ സാധിക്കും? അപ്പോൾ ഫിലിപ്പൊസ് “യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.” “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം” (പ്രവൃത്തികൾ 8:35) എന്നു ആ മനുഷ്യൻ മറുപടി പറഞ്ഞു.

തനിക്കു ശരിക്കും അതിനുള്ള അനുമതിയുണ്ടോ എന്നു ചോദിക്കുകയായിരുന്നു അവൻ? എനിക്ക് ഉൾപ്പെടാൻ സാധിക്കുമോ? യേശു എല്ലാ തടസ്സങ്ങളും തകർത്തെറിഞ്ഞു എന്നതിന്റെ അടയാളമായി ഫിലിപ്പൊസ് അവനെ സ്നാനപ്പെടുത്തി (എഫെസ്യർ 2:14). പാപത്തിൽ നിന്ന് തിരിഞ്ഞ് തന്നിൽ ആശ്രയിക്കുന്ന ഏവരെയും യേശു സ്വീകരിക്കുകയും തന്നോട് ഏകീഭവിപ്പിക്കുകയും ചെയ്യുന്നു. ആ മനുഷ്യൻ “സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി” (പ്രവൃത്തികൾ 8:39). ഒടുവിൽ അവൻ പൂർണമായി ഉൾപ്പെട്ടു. 

 

ഗൃഹവിഗ്രഹങ്ങൾ

ബൈബിൾ പഠന സംഘത്തിലെ പുരുഷന്മാർക്ക് ഏകദേശം എൺപത് വയസ്സായിരുന്നു, എന്നിട്ടും അവർ ലൈംഗികമോഹങ്ങളുടെ സംഘർഷമനുഭവിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അവരുടെ ചെറുപ്പത്തിൽ ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുന്നു. ഓരോ ദിവസവും അവർ ഈ കാര്യത്തിൽ യേശുവിനെ അനുഗമിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും പരാജയപ്പെട്ട നിമിഷങ്ങൾക്ക് ക്ഷമ ചോദിക്കുകയും ചെയ്തു.

ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ദൈവഭക്തരായ മനുഷ്യർ ഹീനമായ പ്രലോഭനങ്ങൾക്കെതിരെ പോരാടുന്നു എന്നത് നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം, പക്ഷേ ആശ്ചര്യപ്പെടേണ്ട കാര്യമില്ല. നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്ന് നാം ഭയപ്പെടുന്ന എന്തും വിഗ്രഹമാണ്. അവ വിട്ടുപോയെന്ന് കരുതി വളരെക്കാലം കഴിഞ്ഞാലും അത്തരം കാര്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാം.

ബൈബിളിൽ, യാക്കോബ് തന്റെ അമ്മാവനായ ലാബാനിൽ നിന്നും സഹോദരൻ ഏശാവിൽ നിന്നും രക്ഷപ്പെട്ടു. ദൈവത്തെ ആരാധിക്കുന്നതിനും അവന്റെ അനുഗ്രഹങ്ങൾ ആഘോഷിക്കുന്നതിനുമായി അവൻ ബെഥേലിലേക്ക് മടങ്ങുകയായിരുന്നു, എന്നിട്ടും അവന്റെ കുടുംബം അന്യദൈവങ്ങളെ കൂടെ കൊണ്ടുവന്നു. പിന്നീട് യാക്കോബിന് അത് കുഴിച്ചിടേണ്ടതായി വന്നു (ഉല്പത്തി 35:2-4). യോശുവയുടെ പുസ്തകത്തിന്റെ അവസാനത്തിൽ, യിസ്രായേൽ തങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തി കനാനിൽ താമസമാക്കിയതിന് ശേഷവും, “നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ എറിഞ്ഞുകളയാനും നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിന് സമർപ്പിക്കാനും” യോശുവയ്ക്ക് അവരെ പ്രബോധിപ്പിക്കേണ്ടിവന്നു (യോശുവ 24:23). ). ദാവീദ് രാജാവിന്റെ ഭാര്യ മീഖൾ വിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്നതായി കരുതാം; കാരണം ദാവീദിനെ കൊല്ലാൻ വന്ന പടയാളികളെ കബളിപ്പിക്കാൻ അവൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി (1 ശമൂവേൽ 19:11-16). വിഗ്രഹങ്ങൾ നമ്മൾ ചിന്തിക്കുന്നതിനേക്കാളും സർവ്വസാധാരണമാണ്, അതേസമയം ദൈവം നാം അർഹിക്കുന്നതിലും കൂടുതൽ ക്ഷമയുള്ളവനാണ്. വിഗ്രഹങ്ങളിലേക്ക് തിരിയാനുള്ള പ്രലോഭനങ്ങൾ വരും, എന്നാൽ ദൈവത്തിന്റെ ക്ഷമ വളരെ വലുതാണ്. പാപങ്ങളിൽ നിന്ന് തിരിഞ്ഞ്, യേശുവിൽ പാപമോചനം കണ്ടെത്തിക്കൊണ്ട്, നമുക്ക് യേശുവിനുവേണ്ടി വേറിട്ടുനിൽക്കാം.

 

നമ്മുടെ ആത്മീയ തീക്ഷ്ണത സൂക്ഷിക്കൽ

യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു. [ 2 ദിനവൃത്താന്തം 16:9 ]

നമ്മുടെ ആത്മീയ തീക്ഷ്ണത സൂക്ഷിക്കൽ

ഹെവിവെയ്റ്റ് ചാമ്പ്യനാകാൻ അസംഭവ്യമായ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്ന ഒരു ബോക്സറുടെ കഥയാണ് റോക്കി സിനിമകൾ പറയുന്നത്. റോക്കി III-ൽ, വിജയിയായ റോക്കിക്ക് സ്വന്തം നേട്ടങ്ങളിൽ മതിപ്പുതോന്നുന്നു. ടെലിവിഷൻ പരസ്യങ്ങൾ ജിമ്മിലെ അവന്റെ സമയത്തെ തടസ്സപ്പെടുത്തുന്നു. ചാമ്പ്യൻ മയപ്പെടുകയും, ഒരു എതിരാളി അവനെ തോല്പിക്കുകയും ചെയ്തു. തന്റെ പോരാട്ട വീര്യം വീണ്ടെടുക്കാനുള്ള റോക്കിയുടെ ശ്രമമാണ് സിനിമയുടെ ബാക്കി ഭാഗം.

ഒരു ആത്മീയ അർത്ഥത്തിൽ, യെഹൂദാ രാജാവായ ആസയ്ക്ക് തന്റെ പോരാട്ടവീര്യം നഷ്ടപ്പെട്ടു. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ, ഭയാനകമായ പ്രതിബന്ധങ്ങൾക്കിടയിലും അവൻ ദൈവത്തിൽ ആശ്രയിച്ചു. ശക്തരായ കൂശ്യർ ആക്രമിക്കാൻ വന്നപ്പോൾ, ആസാ പ്രാർത്ഥിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു’’ (2 ദിനവൃത്താന്തം 14:11). ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി, യെഹൂദാ അവരുടെ ശത്രുക്കളെ തോല്പിച്ചു ചിതറിച്ചുകളഞ്ഞു (വാ. 12-15).

വർഷങ്ങൾക്കുശേഷം, യെഹൂദാ വീണ്ടും ഭീഷണിയിലായി. ഇത്തവണ സ്വയം പര്യാപ്തനായ ആസാ ദൈവത്തെ അവഗണിക്കുകയും പകരം അരാം രാജാവിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തു (16:2-3). അതു വിജയിച്ചതായി തോന്നി. പക്ഷേ ദൈവം തൃപ്തനായില്ല. അവൻ ദൈവത്തിൽ ആശ്രയിക്കുന്നത് നിർത്തിയതായി ഹനാനി പ്രവാചകൻ ആസയോട് പറഞ്ഞു (വാ. 7-8). എന്തുകൊണ്ടാണ് അവൻ അന്നത്തെപ്പോലെ ഇപ്പോൾ ദൈവത്തിൽ ആശ്രയിക്കാതിരുന്നത്? നമ്മുടെ ദൈവം എക്കാലവും വിശ്വസ്തനാണ്. അവന്റെ കണ്ണുകൾ “തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു’’ (വാ. 9). നാം നമ്മുടെ ആത്മീയ തീക്ഷ്ണത നിലനിർത്തുമ്പോൾ—പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുമ്പോൾ—നാം അവന്റെ ശക്തി അനുഭവിക്കും. മൈക്ക് വിറ്റ്മെർ

നിങ്ങൾക്കു പ്രായമാകുമ്പോൾ, നിങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ 
വിശ്വസിക്കുന്നത് കൂടുതൽ എളുപ്പമാകുമോ അതോ ബുദ്ധിമുട്ടാകുമോ?
എന്തുകൊണ്ടാണ് അത് എന്നാണ് നിങ്ങൾ കരുതുന്നത്?
ദൈവം നിങ്ങളുടെ വിശ്വാസത്തെ എങ്ങനെ ശക്തിപ്പെടുത്തും?

പ്രിയ യേശുവേ, ഓരോ ദിവസവും ഞാൻ അങ്ങയിൽ കൂടുതൽ വിശ്രമിക്കട്ടെ.

ഫലം പുറപ്പെടുവിക്കുന്ന ക്രിസ്തു വിശ്വാസികൾ

ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിച്ച ആ കമ്പനിയിൽ പുതിയ ജോലി കിട്ടിയതിൽ സിൻഡിക്ക് അത്യാവേശം ആയിരുന്നു. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനുള്ള ഒരു അപൂർവ്വ അവസരം കൈവന്നതായി അവൾക്കു തോന്നി. എന്നാൽ സഹപ്രവർത്തകർക്ക് ഒന്നും അത്ര ആവേശമില്ല എന്നവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവർ കമ്പനിയുടെ ലക്ഷ്യത്തെ വിമർശിച്ചു; ജോലിയിൽ ഉത്സാഹം കാണിച്ചില്ല; മറ്റ് ആകർഷകമായ ജോലിക്കായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഈ ജോലിക്ക് ചേരേണ്ടായിരുന്നു എന്ന് സിൻഡിക്ക് അപ്പോൾ തോന്നി. അകലെ നിന്നപ്പോൾ നന്നായി തോന്നിയത് അടുത്ത് വന്നപ്പോൾ നിരാശപ്പെടുത്തി.

ഇതായിരുന്നു ഇന്നത്തെ വായനയിൽ, അത്തിവൃക്ഷവുമായി ബന്ധപ്പെട്ട യേശുവിന്റെ അനുഭവവും (മർക്കൊസ് 11:13). അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു എങ്കിലും നേരത്തെ കായ്ച്ചു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അതിലെ ഇലകളൊക്കെ. പക്ഷെ, ഇലയല്ലാതെ ഫലം ഒന്നും ഇല്ലായിരുന്നു. നിരാശനായി യേശു അത്തിയെ ശപിച്ചു, “ഇനി നിന്നിൽ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ”(വാ. 14). പിറ്റെ ദിവസം രാവിലെ മരം മുഴുവൻ ഉണങ്ങി നില്ക്കുന്നത് കണ്ടു (വാ. 20).

യേശു ഒരിക്കൽ 40 ദിവസം ഉപവസിച്ചിട്ടുള്ളതാണ്; വിശപ്പ് സഹിക്കാൻ അവന് അറിയാമായിരുന്നു. അതുകൊണ്ട് വിശപ്പുകൊണ്ടല്ല അത്തിയെ ശപിച്ചത്. അത് ഒരു പാഠം മനസ്സിലാക്കിത്തരാൻ ആയിരുന്നു. അത്തി യിസ്രായേലിനെ പ്രതിനിധീകരിക്കുന്നു. അതിന് ഒരു യഥാർത്ഥ മതത്തിന്റെ മോടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉദ്ദേശ്യത്തിൽ നിന്ന് തികച്ചും വ്യതിചലിച്ചിരുന്നു. അവർ അവരുടെ മശിഹായെ കൊല്ലാൻ വരെ തയ്യാറെടുക്കുകയായിരുന്നു. ഇതിൽപ്പരം ഫലശൂന്യമാകാൻ എങ്ങനെ കഴിയും?

നമ്മളും ദൂരെ നിന്ന് നോക്കുമ്പോൾ നല്ലവരായി കാണപ്പെടാം. എന്നാൽ യേശു അടുത്തു വന്ന്, പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിക്കുന്ന ഫലം തെരയും. നമ്മുടെ ഫലം ചിലപ്പോൾ പുറമെ ആകർഷകമായിരിക്കില്ല. എന്നാൽ അത് അസാധാരണമായിരിക്കും; സ്നേഹം, സന്തോഷം, പ്രതികൂലങ്ങളിൽ സമാധാനം എന്നിവയൊക്കെ ആയിരിക്കും അത് (ഗലാത്യർ 5:22). പരിശുദ്ധാത്മാവിൽ ആശ്രയിച്ച് നമുക്ക് യേശുവിന് ഫലം കായ്ക്കുന്നവരാകാം.

 

അതിരുകവിഞ്ഞ സ്നേഹം

നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം... [ 1 പത്രൊസ് 2:12 ]

ഫ്ലൈറ്റിൽ എന്റെ അടുത്തിരുന്ന സ്ത്രീ തന്നെ പരിചയപ്പെടുത്തിയത് അവർ ഒരു മത വിശ്വാസിയല്ല എന്നാണ്. ധാരാളം ക്രിസ്ത്യാനികൾ താമസിക്കുന്ന ഒരു ടൗണിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. അവിടെയുള്ള മിക്കവരും പള്ളിയിൽ പോകുന്നവരാണ് എന്നും പറഞ്ഞു. അയൽക്കാരുമായുള്ള ബന്ധത്തിന്റെ അനുഭവം ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ മഹാമനസ്കത പകരം നല്കാൻ കഴിയാത്തവിധം വലുതാണ് എന്നാണ്. അവളുടെ അവശനായ പിതാവിനെ ഈ സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ അയൽക്കാർ അവളുടെ വീടിന് ഒരു റാമ്പ് നിർമ്മിച്ച് നല്കുകയും ആശുപത്രിയിൽ ഒരു ബെഡും മറ്റ് സൗകര്യങ്ങളും സൗജന്യമായി ഏർപ്പാടാക്കുകയും ചെയ്തു. അവൾ വീണ്ടും പറഞ്ഞു:“ക്രിസ്ത്യാനിയാകുന്നത് ഒരാളെ ഇങ്ങനെ കരുണയുള്ളവനാക്കുമെങ്കിൽ എല്ലാവരും ക്രിസ്ത്യാനികളാകേണ്ടതാണ്.”

അവൾ പറഞ്ഞത് തന്നെയാണ് യേശു പ്രതീക്ഷിക്കുന്നത്! അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16). പത്രൊസ് ക്രിസ്തുവിന്റെ ഈ കല്പന കേട്ട് മറ്റുള്ളവർക്ക് കൈമാറി: “ജാതികൾ ... നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം” (1പത്രൊസ് 2:12).

യേശുവിൽ വിശ്വസിക്കാത്ത നമ്മുടെ അയൽക്കാർക്ക് നമ്മുടെ വിശ്വാസം എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാകണമെന്നില്ല. അത് മാത്രമല്ല, അവർക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യം കൂടിയുണ്ട് — നമ്മുടെ പരിമിതിയില്ലാത്ത സ്നേഹം. എന്റെ സഹയാത്രിക അതിശയത്തോടെ പറഞ്ഞ കാര്യം ‘അവരിൽ ഒരാൾ’ അല്ലാതിരുന്നിട്ടും ക്രിസ്ത്യാനികളായ അയൽക്കാർ അവളെ കരുതുന്നു എന്നതാണ്. യേശുവിനെ പ്രതിയാണ് അവളെ അവർ സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കി അവൾ ദൈവത്തിന് നന്ദി പറയുന്നു. അവൾ ഒരു വിശ്വാസി ആയെന്ന് വരില്ല, എന്നാൽ അവർ ചെയ്യുന്ന കാര്യത്തെ അവൾ കൃതജ്ഞതയോടെ ഓർക്കുന്നു. മൈക്ക് വിറ്റ്മെർ

 

അപരിചിതനെ സ്വാഗതം ചെയ്യുക

തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം പീഡനത്തിൽ നിന്ന് അഭയാർത്ഥി ക്യാമ്പിലൂടെ അമേരിക്കയിലെ സുരക്ഷിതത്വത്തിലേക്കുള്ള തന്റെ ഭയാനകമായ യാത്ര, എവെരിതിങ് സാഡ് ഈസ് അൺട്രൂ എന്ന പുസ്തകത്തിൽ ഡാനിയൽ നയേരി വിവരിക്കുന്നു. ഒരു വൃദ്ധ ദമ്പതികൾ അവരെ സ്പോൺസർ ചെയ്യാൻ സമ്മതിച്ചു, അവർക്ക് അവരെ അറിയില്ലെങ്കിലും. വർഷങ്ങൾ കഴിഞ്ഞിട്ടും ഡാനിയേലിന് അത് മറക്കാൻ കഴിഞ്ഞില്ല. അദ്ദേഹം എഴുതുന്നു, “നിങ്ങൾക്ക് അത് വിശ്വസിക്കാനാകുമോ? പൂർണ്ണമായും അന്ധരായ അവർ അത് ചെയ്തു. അവർ ഒരിക്കലും ഞങ്ങളെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങൾ വില്ലന്മാരാണെന്ന് തെളിഞ്ഞാൽ അവർ അതിന് പിഴ നൽകേണ്ടി വരും. അത് എനിക്ക് ചിന്തിക്കാൻ കഴിയാത്തത്ര ധീരവും ദയയുള്ളതും സാഹസികവുമാണ്.“

എങ്കിലും മറ്റുള്ളവരോട് ആ തലത്തിലുള്ള കരുതൽ നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അന്യരോടു ദയ കാണിക്കണമെന്ന് അവൻ യിസ്രായേലിനോട് പറഞ്ഞു. “അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” (ലേവ്യപുസ്തകം 19:34). “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും ... വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു” എന്ന് വിജാതീയരായ വിശ്വാസികളെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു (എഫെസ്യർ 2:12). അതിനാൽ, യെഹൂദരും വിജാതീയരും ആയ, മുമ്പ് പരദേശികളായിരുന്ന, നമ്മോടെല്ലാം “അപരിചിതരോട് ആതിഥ്യം കാണിക്കാൻ” അവൻ കൽപ്പിക്കുന്നു (എബ്രായർ 13:2).

സ്വന്ത കുടുംബത്തോടൊപ്പം വളർന്ന ഡാനിയൽ ഇപ്പോൾ ജിമ്മിനെയും, ജീൻ ഡോസണെയും പ്രശംസിക്കുന്നു, “അത്രയും നല്ല ക്രിസ്ത്യാനികളായിരുന്ന അവർ ഒരു അഭയാർത്ഥി കുടുംബത്തെ അവർക്ക് ഒരു വീട് കണ്ടെത്തുന്നതുവരെ തങ്ങളോടൊപ്പം താമസിക്കാൻ അനുവദിച്ചു.”

ദൈവം അന്യനെ സ്വാഗതം ചെയ്യുകയും, നമ്മളും അവരെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

മുറിപ്പാടുകളിൽ നിന്ന് പഠിക്കുക

ഫെയ് അവളുടെ വയറിലെ മുറിപ്പാടുകളിൽ തൊട്ടു. അന്നനാള-ആമാശയ ക്യാൻസർ നീക്കം ചെയ്യാനുള്ള മറ്റൊരു ശസ്ത്രക്രിയയിലൂടെ അവൾ കടന്നുപോയി. ഈ സമയം ഡോക്ടർമാർ അവളുടെ വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയും അവരുടെ ജോലിയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒരു വലിയ മുറിപ്പാട് അവശേഷിപ്പിക്കുകയും ചെയ്തു. അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു, ''മുറിപ്പാടുകൾ ക്യാൻസറിന്റെ വേദനയെ അല്ലെങ്കിൽ രോഗശാന്തിയുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. രോഗശാന്തിയുടെ പ്രതീകമായി ഞാൻ എന്റെ പാടുകളെ തിരഞ്ഞെടുക്കുന്നു.’’ 
ദൈവവുമായി രാത്രി മുഴുവൻ മല്പിടുത്തം നടത്തിയതിനുശേഷം യാക്കോബ് സമാനമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. സ്വർഗ്ഗീയ എതിരാളി യാക്കോബിന്റെ തുടയുടെ തടത്തിൽ ഇടിക്കുകയും, അതിൽ തളർന്നുപോയ യാക്കോബ് തോൽവി സമ്മതിക്കുകയും ചെയ്തു, പക്ഷേ ഒരു മുടന്ത് അവശേഷിച്ചു. മാസങ്ങൾക്ക് ശേഷം, യാക്കോബ് തന്റെ ഇടുപ്പിൽ തലോടിയപ്പോൾ അവൻ എന്തായിരിക്കും ചിന്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. 
ഈ നിർഭാഗ്യകരമായ പോരാട്ടത്തിന് നിർബന്ധിതമായ തന്റെ വഞ്ചനയുടെ വർഷങ്ങളെക്കുറിച്ച് യാക്കോബ് ഖേദിച്ചിരുന്നുവോ? ആരാണെന്ന് സമ്മതിക്കുന്നതുവരെ അവനെ അനുഗ്രഹിക്കാൻ വിസമ്മതിച്ചുകൊണ്ട് ദൈവദൂതൻ അവനിൽ നിന്ന് സത്യം പുറത്തുകൊണ്ടുവരാൻ പോരാടി. “കുതികാൽ പിടിച്ചവൻ’’ താൻ ആണെന്ന് യാക്കോബ് സമ്മതിച്ചു (ഉല്പത്തി 25:26 കാണുക). അവൻ തന്റെ സഹോദരൻ ഏശാവിന്റെയും അമ്മായിയപ്പൻ ലാബാന്റെയും നേരെ തന്ത്രങ്ങൾ പ്രയോഗിച്ചു, അവരിൽനിന്നു നേട്ടം കൊയ്യാൻ ശ്രമിച്ചു. സ്വർഗ്ഗീയ മല്പിടുത്തക്കാരൻ പറഞ്ഞു, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും'' (വാ. 28). 
യാക്കോബിന്റെ മുടന്ത് അവന്റെ പഴയ വഞ്ചനാ ജീവിതത്തിന്റെ മരണത്തെയും ദൈവത്തോടൊപ്പമുള്ള അവന്റെ പുതിയ ജീവിതത്തിന്റെ തുടക്കത്തെയും പ്രതിനിധീകരിക്കുന്നു. യാക്കോബിന്റെ അവസാനവും യിസ്രായേലിന്റെ തുടക്കവും ആയിരുന്നു അത്. അവന്റെ തളർച്ച അവനെ ദൈവത്തിൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു, അവൻ ഇപ്പോൾ ദൈവത്തിലും ദൈവത്തിലൂടെയും ശക്തമായി മുന്നേറി. 

ദൈവം എന്റെ ആവശ്യങ്ങളെക്കാൾ മതിയായവനാണ്

എലൻ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു, അതിനാൽ ഒരു ക്രിസ്മസ് ബോണസ് ലഭിച്ചപ്പോൾ അവൾ സന്തോഷിച്ചു. അത് അവളുടെ ആവശ്യത്തിനു മതിയായിരുന്നു. പക്ഷേ പണം നിക്ഷേപിച്ചപ്പോൾ അവൾക്ക് മറ്റൊരു അത്ഭുതം ലഭിച്ചു. ക്രിസ്മസ് സമ്മാനമായി ബാങ്ക് ജനുവരിയിലെ ലോൺ പേയ്‌മെന്റ് അവളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കാഷ്യർ പറഞ്ഞു. ഇപ്പോൾ അവൾക്കും ട്രെയ്ക്കും മറ്റ് ബില്ലുകൾ അടയ്ക്കാനും ക്രിസ്മസ് സർപ്രൈസ് നൽകി മറ്റൊരാളെ അനുഗ്രഹിക്കാനും കഴിയും! 
നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായി നമ്മെ അനുഗ്രഹിക്കുന്നതിനുള്ള ഒരു മാർഗം ദൈവത്തിനുണ്ട്. നൊവൊമി തന്റെ ഭർത്താവിന്റെയും മക്കളുടെയും മരണത്താൽ കയ്‌പേറിയവളും തകർന്നവളുമായിരുന്നു (രൂത്ത് 1:20-21). അവളുടെ നിരാശാജനകമായ സാഹചര്യത്തിൽനിന്നും ബോവസ് അവളെ രക്ഷിച്ചു, അവളുടെ മരുമകളെ വിവാഹം കഴിച്ചു, അവൾക്കും നവോമിക്കും ഒരു ഭവനം നൽകി (4:10). 
നൊവൊമിക്ക് പ്രതീക്ഷിക്കാവുന്നത് അതായിരുന്നു. എന്നാൽ പിന്നീട് ദൈവം രൂത്തിനെയും ബോവസിനെയും ഒരു മകനെ നൽകി അനുഗ്രഹിച്ചു. ഇപ്പോൾ നൊവൊമിക്ക് “ആശ്വാസപ്രദനും [അവളുടെ] വാർദ്ധക്യത്തിങ്കൽ പോഷകനും’’ ആയ ഒു മകനുണ്ടായിരിക്കുന്നു (വാ. 15). അവൾക്കത് മതിയായിരുന്നു. ബെത്‌ലഹേമിലെ സ്ത്രീകൾ പറഞ്ഞതുപോലെ, ''നൊവൊമിക്കു ഒരു മകൻ ജനിച്ചു!'' (വാ. 17). അങ്ങനെ “ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവായി’’ (വാ. 17) ചെറിയ ഓബേദ് വളർന്നു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജവംശമായ യിസ്രായേലിന്റെ രാജവംശത്തിൽപ്പെട്ടവരായിരുന്നു നൊവൊമിയുടെ കുടുംബം! അത് മതിയാകുമായിരുന്നു. എന്നിരുന്നാലും, ദാവീദ് യേശുവിന്റെ പൂർവ്വികനായി. 
നാം ക്രിസ്തുവിൽ വിശ്വസിക്കുന്നുവെങ്കിൽ, നാമും നൊവൊമിക്ക് സമാനമായ സ്ഥാനത്താണ്. അവൻ നമ്മെ വീണ്ടെടുക്കുന്നതുവരെ നമുക്കൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ അനുഗ്രഹിക്കാൻ നമ്മെ അനുഗ്രഹിക്കുന്ന നമ്മുടെ പിതാവിനാൽ ഇപ്പോൾ നാം പൂർണ്ണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് നമ്മുടെ ആവശ്യത്തേക്കാൾ വളരെ കൂടുതലാണ്. 

ഒരു താങ്ക്‌സ്ഗിവിംഗ് അനുഗ്രഹം

2016-ൽ, വാൻഡ ഡെഞ്ച് തന്റെ ചെറുമകനെ താങ്ക്‌സ്ഗിവിംഗ് ഡിന്നറിന് ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചു, അവൻ അടുത്തിടെ തന്റെ ഫോൺ നമ്പർ മാറ്റിയതായി അവൾ അറിഞ്ഞിരുന്നില്ല. പകരം സന്ദേശം അപരിചിതനായ ജമാലിലേക്കാണ് പോയത്. ജമാലിന് പരിപാടിയൊന്നുമില്ലായിരുന്നു, അതിനാൽ, താൻ ആരാണെന്ന് വ്യക്തമാക്കിയ ശേഷം, എനിക്കും ഡിന്നറിനു വരാമോ എന്ന് ചോദിച്ചു. വാൻഡ പറഞ്ഞു, “തീർച്ചയായും നിങ്ങൾക്ക് വരാം.’’ ജമാൽ കുടുംബ അത്താഴത്തിൽ ചേർന്നു, അത് മുതൽ അത് അവന്റെ വാർഷിക പാരമ്പര്യമായി മാറി. തെറ്റായ ഒരു ക്ഷണം വാർഷിക അനുഗ്രഹമായി മാറി. 
അപരിചിതനായ ഒരാളെ അത്താഴത്തിന് ക്ഷണിച്ച വാൻഡയുടെ ദയ എന്നെ ലൂക്കൊസിന്റെ സുവിശേഷത്തിലെ യേശുവിന്റെ പ്രോത്സാഹനത്തെ ഓർമ്മിപ്പിക്കുന്നു. ഒരു “പ്രമാണിയായ’’ ഒരു പരീശന്റെ വീട്ടിൽ (ലൂക്കൊസ് 14:1) ഒരു അത്താഴവിരുന്നിനിടെ, ആരെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അതിഥികൾ മികച്ച ഇരിപ്പിടങ്ങൾക്കായി പിടിവലി കൂട്ടുന്നതും യേശു ശ്രദ്ധിച്ചു (വാ. 7). തനിക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി ആളുകളെ ക്ഷണിക്കുന്നത് (വാക്യം 12) അനുഗ്രഹം പരിമിതമാക്കും എന്ന് യേശു തന്റെ ആതിഥേയനോട് പറഞ്ഞു. പകരം, തനിക്ക് പ്രതിഫലം നൽകാനുള്ള കഴിവില്ലാത്ത ആളുകൾക്ക് ആതിഥ്യമരുളുന്നത് ഇതിലും വലിയ അനുഗ്രഹം നൽകുമെന്ന് യേശു പറഞ്ഞു (വാ. 14). 
വാൻഡയെ സംബന്ധിച്ചിടത്തോളം, താങ്ക്‌സ് ഗിവിംഗ് ഡിന്നറിന് തന്റെ കുടുംബത്തോടൊപ്പം ചേരാൻ ജമാലിനെ ക്ഷണിച്ചത്, അവളുടെ ഭർത്താവിന്റെ മരണശേഷം അവൾക്ക് ഒരു വലിയ പ്രോത്സാഹനമായി, ശാശ്വത സൗഹൃദത്തിന്റെ അപ്രതീക്ഷിത അനുഗ്രഹത്തിന് കാരണമായി. നമ്മൾ മറ്റുള്ളവരിലേക്ക് എത്തുമ്പോൾ, നമുക്ക് എന്ത് ലഭിക്കുമെന്നത് കൊണ്ടല്ല, മറിച്ച് നമ്മിലൂടെ ഒഴുകുന്ന ദൈവത്തിന്റെ സ്‌നേഹം നിമിത്തം, നമുക്ക് കൂടുതൽ വലിയ അനുഗ്രഹവും പ്രോത്സാഹനവും ലഭിക്കും. 

ദൈവം നിങ്ങളുടെ പേര് വിളിക്കുന്നു

വിദ്യാഭ്യാസം നേടാൻ സഹായിക്കാമെന്ന വാഗ്ദാനം സ്വീകരിച്ച് നതാലിയ മറ്റൊരു രാജ്യത്തേക്ക് പോയി. എന്നാൽ താമസിയാതെ അവളുടെ പുതിയ വീട്ടിലെ പിതാവ് അവളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കാൻ തുടങ്ങി. ശമ്പളമില്ലാതെ തന്റെ വീടിനെയും കുട്ടികളെയും പരിപാലിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. പുറത്തുപോകാനോ ഫോൺ ഉപയോഗിക്കാനോ അവളെ അയാൾ സമ്മതിച്ചില്ല. അവൾ അയാളുടെ അടിമയായി മാറിയിരുന്നു. 
അബ്രാമിന്റെയും സാറായിയുടെയും മിസ്രയീമ്യ അടിമയായിരുന്നു ഹാഗാർ. ആരും അവളുടെ പേര് ഉപയോഗിച്ചില്ല. അവർ അവളെ “എന്റെ അടിമ” അല്ലെങ്കിൽ “നിങ്ങളുടെ അടിമ” എന്ന് വിളിച്ചു (ഉൽപത്തി 16:2, 5-6). അവർക്ക് ഒരു അനന്തരാവകാശി ലഭിക്കാൻ അവളെ ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 
ദൈവം എത്ര വ്യത്യസ്തനാണ്! മരുഭൂമിയിൽ, ഗർഭിണിയായ ഹാഗാറിനോട് സംസാരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ തിരുവെഴുത്തുകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ദൂതൻ ഒന്നുകിൽ ദൈവത്തിന്റെ ദൂതൻ അല്ലെങ്കിൽ ദൈവം തന്നെയാണ്. അവൻ ദൈവമാണെന്ന് ഹാഗാർ വിശ്വസിച്ചു, കാരണം അവൾ പറയുന്നു, “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടു” (വാ. 13). ദൂതൻ ദൈവമാണെങ്കിൽ, അവൻ ഒരുപക്ഷേ പുത്രനാം ദൈവത്തിന്റെ - നമുക്ക് ദൈവത്തെ വെളിപ്പെടുത്തുന്നവൻ-അവതാരപൂർവ്വപ്രത്യക്ഷതയായിരിക്കും. അവൻ അവളുടെ പേര് വിളിച്ചു: “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു'' എന്നു ചോദിച്ചു (വാ. 8). 
ദൈവം നതാലിയയെ കണ്ടു, അവളെ രക്ഷിക്കുന്നതിനായി കരുതലുള്ള ആളുകളെ അവളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അവൾ ഇപ്പോൾ നേഴ്‌സാകാൻ പഠിക്കുകയാണ്. ദൈവം ഹാഗാറിനെ കണ്ടു അവളെ പേര് ചൊല്ലി വിളിച്ചു. ദൈവം നിങ്ങളെയും കാണുന്നു. നിങ്ങൾ അവഗണിക്കപ്പെടുകയോ അതിലും മോശമായി, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാം. യേശു നിങ്ങളെ പേര് ചൊല്ലി വിളിക്കുന്നു. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുക.