ദൈവത്തിന് വിലപ്പെട്ടത്
ഒരു കുട്ടിയായിരുന്നപ്പോൾ, ജീവൻ തന്റെ പിതാവിനെ പരുഷസ്വഭാവമുള്ളവനും അകന്നവനുമായി കണ്ടു. ജീവന് അസുഖം ബാധിച്ച് ശിശുരോഗ വിദഗ്ദ്ധനെ കാണേണ്ടി വന്നപ്പോഴും പിതാവ് പിറുപിറുത്തു. ഒരിക്കൽ, പിതാവും മാതാവുമായുണ്ടായ ഒരു വഴക്കിനിടയൽ, തന്നെ ഗർഭച്ഛിദ്രം ചെയ്യണമെന്ന് പിതാവ് ആഗ്രഹിച്ചിരുുന്നുവെന്ന് പിതാവ് പറയുന്നത് അവൻ കേട്ടു. ആവശ്യമില്ലാത്ത കുട്ടിയാണെന്ന തോന്നൽ പ്രായപൂർത്തിയായപ്പോഴും അവനെ പിന്തുടർന്നു. ജീവൻ യേശുവിൽ വിശ്വസിച്ചപ്പോൾ, ദൈവത്തെ തന്റെ ജീവിതത്തിന്റെ കർത്താവായി അറിയാമായിരുന്നിട്ടും, പിതാവെന്ന നിലയിൽ ദൈവവുമായി ബന്ധപ്പെടാൻ അയാൾക്ക് ബുദ്ധിമുട്ടുണ്ടായി.
ജീവനെപ്പോലെ, നമ്മുടെ ഭൗമിക പിതാക്കന്മാർ നമ്മെ സ്‌നേഹിക്കുന്നതായി തോന്നിയിട്ടില്ലെങ്കിൽ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സമാനമായ സംശയങ്ങൾ നമുക്കും നേരിടേണ്ടി വന്നേക്കാം. ഞാൻ അവന് ഒരു ഭാരമാണോ എന്ന് നാം ചിന്തിച്ചേക്കാം. അവൻ എന്നെ കരുതുന്നുണ്ടോ? എന്നാൽ നമ്മുടെ ഭൗമിക പിതാക്കന്മാർ നിശ്ശബ്ദരും അകന്നവരുമായിരിക്കുമ്പോൾ, നമ്മുടെ സ്വർഗ്ഗീയ പിതാവായ ദൈവം അടുത്തുവന്ന് പറയുന്നു, “ഞാൻ നിന്നെ സ്‌നേഹിക്കുന്നു’’ (യെശയ്യാവ് 43:4).
യെശയ്യാവ് 43-ൽ ദൈവം നമ്മുടെ സ്രഷ്ടാവായും പിതാവായും സംസാരിക്കുന്നു. നിങ്ങൾ അവന്റെ കുടുംബത്തിന്റെ ഭാഗമായി അവന്റെ സംരക്ഷണയിൽ ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നെങ്കിൽ, അവൻ തന്റെ ജനത്തോട് പറഞ്ഞത് ശ്രദ്ധിക്കുക: “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിക്കും’’ (വാ. 6, 7). നിങ്ങൾ അവന് എത്രമാത്രം വിലയുള്ളവരാണെന്ന് ആശ്ചര്യപ്പെടുന്നെങ്കിൽ, അവന്റെ സ്ഥിരീകരണം കേൾക്കുക: “നീ എനിക്കു വില ഏറിയവനും മാന്യനും ആകുന്നു’’ (വാ. 4).
ദൈവം നമ്മെ വളരെയധികം സ്‌നേഹിക്കുന്നതിനാൽ നമ്മുടെ പാപത്തിന്റെ ശിക്ഷ നൽകാൻ യേശുവിനെ അയച്ചു, അങ്ങനെ അവനിൽ വിശ്വസിക്കുന്ന നമുക്ക് അവനോടൊപ്പം എന്നേക്കും ആയിരിക്കാൻ കഴിയും (യോഹന്നാൻ 3:16). അവൻ പറയുന്നതും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും കാരണം, അവൻ നമ്മെ ആഗ്രഹിക്കുന്നുവെന്നും നമ്മെ സ്‌നേഹിക്കുന്നുവെന്നും ഉള്ള നമുക്ക് പൂർണ്ണ ആത്മവിശ്വാസം നമുക്കുണ്ടായിരിക്കാൻ കഴിയും.
എന്റെ ഹൃദയക്കണ്ണുകൾ തുറക്കുക
2001-ൽ, മാസം തികയാതെ ജനിച്ച ക്രിസ്റ്റഫർ ഡഫ്‌ലി എന്ന കുഞ്ഞ് രക്ഷപ്പെട്ട് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി. അഞ്ച് മാസം പ്രായമുള്ളപ്പോൾ, അമ്മായിയുടെ കുടുംബം അവനെ ദത്തെടുക്കുന്നതുവരെ അവൻ ഫോസ്റ്റർ കെയർ സിസ്റ്റത്തിൽ കഴിഞ്ഞു. അന്ധനും ഓട്ടിസം ബാധിച്ചവനുമായിരുന്നിട്ടും, നാല് വയസ്സുള്ള ക്രിസ്റ്റഫറിന് തികഞ്ഞ ശബ്ദം ഉണ്ടെന്ന് ഒരു അധ്യാപകൻ മനസ്സിലാക്കി. ആറ് വർഷത്തിനു ശേഷം പള്ളിയിൽ വെച്ച് ക്രിസ്റ്റഫർ സ്റ്റേജിൽ നിന്നുകൊണ്ട് “എന്റെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കുക” എന്ന് പാടി. ആ വീഡിയോ ഓൺലൈനിൽ ദശലക്ഷക്കണക്കിനാളുകൾ വീക്ഷിച്ചു. 2020-ൽ, ഒരു വികലാംഗ അഭിഭാഷകനായി സേവനമനുഷ്ഠിക്കാനുള്ള തന്റെ ലക്ഷ്യം ക്രിസ്റ്റഫർ പങ്കുവെച്ചു. ദൈവത്തിന്റെ പദ്ധതിയിലേക്ക് തുറക്കപ്പെട്ട ഹൃദയക്കണ്ണുകൾ ഉള്ളവനുള്ള സാധ്യതകൾ പരിധിയില്ലാത്തതാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
എഫെസൊസിലെ സഭയുടെ ധീരമായ വിശ്വാസത്തിന് അപ്പൊസ്തലനായ പൗലൊസ് അവരെ അഭിനന്ദിച്ചു (1:15-16). അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവ്” നൽകണമെന്ന് അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, അങ്ങനെ അവർ “അവനെ നന്നായി അറിയും” (വാ. 17). അവരുടെ കണ്ണുകൾ “പ്രകാശിക്കണം” അല്ലെങ്കിൽ തുറക്കപ്പെടണമെന്ന് അവൻ പ്രാർത്ഥിച്ചു, അങ്ങനെ ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്ത പ്രത്യാശയും അവകാശവും അവർ മനസ്സിലാക്കും (വാ. 18).
നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്താൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, നമുക്ക് അവനെ കൂടുതൽ അറിയാനും അവന്റെ നാമം, ശക്തി, അധികാരം എന്നിവ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാനും കഴിയും (വാ. 19-23). യേശുവിലുള്ള വിശ്വാസത്തോടും എല്ലാ ദൈവജനങ്ങളോടുമുള്ള സ്‌നേഹത്തോടും കൂടി, നമ്മുടെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ അവന്റെ അനന്തമായ സാധ്യതകളെ തെളിയിക്കുന്ന വഴികളിൽ നമുക്ക് ജീവിക്കാൻ കഴിയും.