നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Nancy Gavilanes

ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെട്ടത്

നദിക്കരയിൽ ഒരു പള്ളി പണിയാൻ സഹായിക്കുന്നതിനായി ഒറീസ്സയിലെ കാട്ടിലേക്ക് ആയിരുന്നു എന്റെ ആദ്യത്തെ ഹ്രസ്വകാല മിഷൻ യാത്ര. ഒരു ദിവസം ഉച്ചതിരിഞ്ഞ്, ആ പ്രദേശത്തെ, വാട്ടർ ഫിൽറ്റർ ഉള്ള ചുരുക്കം ചില വീടുകളിൽ ഒന്ന് ഞങ്ങൾ സന്ദർശിച്ചു. ഞങ്ങളുടെ ആതിഥേയൻ കലങ്ങിയ കിണർ വെള്ളം വാട്ടർ ഫിൽറ്ററിന്റെ മുകളിലേക്ക് ഒഴിച്ചപ്പോൾ, മിനിറ്റുകൾക്കുള്ളിൽ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുകയും തെളിഞ്ഞ ശുദ്ധജലം പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്രിസ്തുവിനാൽ ശുദ്ധീകരിക്കപ്പെടുക എന്നതിന്റെ ഒരു ദൃഷ്ടാന്തം ആ വ്യക്തിയുടെ സ്വീകരണമുറിയിൽ എനിക്ക് കാണാൻ കഴിഞ്ഞു.

നാം ആദ്യം കുറ്റബോധത്തോടും അപമാനത്തോടും കൂടി യേശുവിന്റെ അടുക്കൽ വന്ന് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയും അവനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും നമ്മെ പുതുതാക്കുകയും ചെയ്യുന്നു. ചെളിവെള്ളം ശുദ്ധമായ കുടിവെള്ളമായി മാറിയതുപോലെ നാം ശുദ്ധീകരിക്കപ്പെടുന്നു. യേശുവിന്റെ യാഗം നിമിത്തം നാം ദൈവത്തോട് നിരപ്പ് പ്രാപിച്ചു എന്ന് അറിയുന്നതും (2 കൊരിന്ത്യർ 5:21), ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ (സങ്കീർത്തനം 103:12) ദൈവം നമ്മുടെ പാപങ്ങളെ നീക്കം ചെയ്യുന്നു എന്നറിയുന്നതും എത്ര സന്തോഷകരമാണ്!

എന്നാൽ നമ്മൾ ഇനി ഒരിക്കലും പാപം ചെയ്യില്ല എന്നല്ല ഇതിനർത്ഥം എന്ന് അപ്പൊസ്തലനായ യോഹന്നാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ആ ഫിൽറ്ററിന്റെ ഉദാഹരണം പഠിപ്പിക്കുന്നതു പോലെ, നാമും പാപം ചെയ്യുമ്പോൾ, “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9) എന്നറിയുന്നതിലൂടെ നമുക്ക് ഉറപ്പും ആശ്വാസവും ലഭിക്കും. നാം ക്രിസ്തുവിനാൽ നിരന്തരം ശുദ്ധീകരിക്കപ്പെടുന്നു എന്നറിഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്കു ജീവിക്കാം.

 

ഏതു സാഹചര്യത്തിലും സ്തുതിക്കുക

എത്യോപ്യയിലേക്കുള്ള ഒരു ഹ്രസ്വകാല മിഷനറി യാത്രയ്ക്കിടെ, ഞങ്ങളുടെ ടീം ഒരു പ്രാദേശിക മിനിസ്ട്രിയിൽ നിന്നുള്ള മറ്റൊരു ടീമിനൊപ്പം ചേർന്നു പ്രവർത്തിക്കുകയുണ്ടായി. കഠിനമായ സാഹചര്യങ്ങളിൽകൂടി കടന്നുപോകുന്നവരും അക്ഷരാർത്ഥത്തിൽ ആക്രിക്കൂമ്പാരത്തിനടുത്തു താമസിക്കുന്നവരുമായ ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്കാണ് ഞങ്ങൾ പോയത്. അവരെ കണ്ടുമുട്ടിയത് വളരെ സന്തോഷകരമായിരുന്നു! ഞങ്ങൾ ഒരുമിച്ച് സാക്ഷ്യങ്ങളും പ്രോത്സാഹജനകമായ വാക്കുകളും പ്രാർത്ഥനകളും പങ്കുവെച്ചു. അന്നത്തെ സായാഹ്നത്തിൽ ഞാനനുഭവിച്ച പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്ന്, ഒരു പ്രാദേശിക ടീമംഗം ഗിറ്റാർ വായിക്കുകയും ഞങ്ങളുടെ പുതിയ സുഹൃത്തുക്കളോടൊപ്പം പ്രകാശമാനമായ ചന്ദ്രനു കീഴിൽ ആരാധന നടത്തുകയും ചെയ്ത സമയങ്ങളായിരുന്നു. എന്തൊരു പവിത്ര നിമിഷങ്ങളായിരുന്നു അത്! അവരുടെ നിരാശാജനകമായ സാഹചര്യത്തിനു നടുവിലും ഈ മനുഷ്യർക്ക് യേശുവിൽ മാത്രം കണ്ടെത്താൻ കഴിയുന്ന പ്രത്യാശയും സന്തോഷവും അനുഭവവേദ്യമായിരുന്നു.

അപ്പൊസ്തല പ്രവൃത്തികൾ 16-ൽ, മറ്റൊരു അപ്രതീക്ഷിത ആരാധനാ സമയത്തെക്കുറിച്ച് നാം വായിക്കുന്നു. ഫിലിപ്പി പട്ടണത്തിലെ ഒരു ജയിലിലാണ് ഇത് സംഭവിച്ചത്. പൗലൊസും ശീലാസും യേശുവിനെ സേവിക്കുന്നതിനിടയിൽ അറസ്റ്റുചെയ്യപ്പെട്ടു. അധികാരികൾ അവരെ അടിക്കുകയും മർദ്ദിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ നിരാശയ്ക്കു വഴങ്ങുന്നതിനു പകരം അവർ തങ്ങളുടെ ജയിൽ മുറിയിൽ ‘പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.’ “പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു’’ (വാ. 25-26).

ജയിലർ ആദ്യം ചിന്തിച്ചത് തന്റെ ജീവിതം അവസാനിപ്പിക്കാനായിരുന്നു. എന്നാൽ തടവുകാർ രക്ഷപ്പെട്ടില്ലെന്ന് മനസ്സിലാക്കിയപ്പോൾ, അവൻ ദൈവത്തെ ഭയപ്പെട്ടു, അവന്റെ കുടുംബത്തിന് രക്ഷ കൈവന്നു (വാ. 27-34).

നാം അവനെ സ്തുതിക്കുന്നത് കേൾക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചയിലും നമുക്ക് അവനെ ആരാധിക്കാം.

ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കുക

യേശുവിനെ രക്ഷകനായി സ്വീകരിക്കാനുള്ള അമ്മയുടെ തീരുമാനം കൗമാരപ്രായത്തിലുള്ള എനിക്കും എന്റെ സഹോദരിക്കും മനസ്സിലായില്ല, പക്ഷേ ഞങ്ങൾ അമ്മയിൽ കണ്ട മാറ്റങ്ങൾ നിഷേധിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല. അമ്മയ്ക്ക് കൂടുതൽ സമാധാനവും സന്തോഷവും ലഭിച്ചു, സഭയിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാൻ അമ്മ തുടങ്ങി. അമ്മയ്ക്ക് ബൈബിൾ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു, അമ്മ സെമിനാരിയിൽ ചേരുകയും ബിരുദം നേടുകയും ചെയ്തു. എന്റെ അമ്മയുടെ തീരുമാനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം, എന്റെ സഹോദരി ക്രിസ്തുവിനെ സ്വീകരിച്ച് അവനെ സേവിക്കാൻ തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാനും യേശുവിൽ ആശ്രയിക്കുകയും അവനെ സേവിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം, ഡാഡിയും യേശുവിൽ വിശ്വസിച്ച് ഞങ്ങളോടൊപ്പം ചേർന്നു. ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ അമ്മയുടെ തീരുമാനം ഞങ്ങളുടെ കുടുംബത്തിലും ബന്ധുജനങ്ങളിലും വലിയ സ്വാധീനം ചെലുത്തി.

അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് തന്റെ അവസാന ലേഖനം എഴുതുകയും യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ, തിമൊഥെയൊസിന്റെ ആത്മീയ പൈതൃകം അവൻ രേഖപ്പെടുത്തി. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു’’ (2 തിമൊഥെയൊസ് 1:5).

അമ്മമാരേ, വല്യമ്മമാരേ, നിങ്ങളുടെ തീരുമാനങ്ങൾ തലമുറകളെ ബാധിക്കും.തിമൊഥെയൊസിന്റെ അമ്മയും വല്യമ്മയും, അവൻ എങ്ങനെയാകണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അങ്ങനെയുള്ള ദൈവമനുഷ്യനാകാൻ തക്കവിധം അവന്റെ വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചത് എത്ര മനോഹരമാണ്.

ഈ മാതൃദിനത്തിലും അതിനുശേഷവും, യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ച അമ്മമാരെ നമുക്ക് ബഹുമാനിക്കാം. നമ്മുടെ പ്രിയപ്പെട്ടവർക്കായി നമുക്ക് ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കാം. 

 

ദൈവത്തിന് വിലപ്പെട്ടത്

ഒരു കുട്ടിയായിരുന്നപ്പോൾ, ജീവൻ തന്റെ പിതാവിനെ പരുഷസ്വഭാവമുള്ളവനും അകന്നവനുമായി കണ്ടു. ജീവന് അസുഖം ബാധിച്ച് ശിശുരോഗ വിദഗ്ദ്ധനെ കാണേണ്ടി വന്നപ്പോഴും പിതാവ് പിറുപിറുത്തു. ഒരിക്കൽ, പിതാവും മാതാവുമായുണ്ടായ ഒരു വഴക്കിനിടയൽ, തന്നെ ഗർഭച്ഛിദ്രം ചെയ്യണമെന്ന് പിതാവ് ആഗ്രഹിച്ചിരുുന്നുവെന്ന് പിതാവ് പറയുന്നത് അവൻ കേട്ടു. ആവശ്യമില്ലാത്ത കുട്ടിയാണെന്ന തോന്നൽ പ്രായപൂർത്തിയായപ്പോഴും അവനെ പിന്തുടർന്നു. ജീവൻ യേശുവിൽ വിശ്വസിച്ചപ്പോൾ, ദൈവത്തെ തന്റെ ജീവിതത്തിന്റെ കർത്താവായി അറിയാമായിരുന്നിട്ടും, പിതാവെന്ന നിലയിൽ ദൈവവുമായി ബന്ധപ്പെടാൻ അയാൾക്ക് ബുദ്ധിമുട്ടുണ്ടായി. 
ജീവനെപ്പോലെ, നമ്മുടെ ഭൗമിക പിതാക്കന്മാർ നമ്മെ സ്‌നേഹിക്കുന്നതായി തോന്നിയിട്ടില്ലെങ്കിൽ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സമാനമായ സംശയങ്ങൾ നമുക്കും നേരിടേണ്ടി വന്നേക്കാം. ഞാൻ അവന് ഒരു ഭാരമാണോ എന്ന് നാം ചിന്തിച്ചേക്കാം. അവൻ എന്നെ കരുതുന്നുണ്ടോ? എന്നാൽ നമ്മുടെ ഭൗമിക പിതാക്കന്മാർ നിശ്ശബ്ദരും അകന്നവരുമായിരിക്കുമ്പോൾ, നമ്മുടെ സ്വർഗ്ഗീയ പിതാവായ ദൈവം അടുത്തുവന്ന് പറയുന്നു, “ഞാൻ നിന്നെ സ്‌നേഹിക്കുന്നു’’ (യെശയ്യാവ് 43:4). 
യെശയ്യാവ് 43-ൽ ദൈവം നമ്മുടെ സ്രഷ്ടാവായും പിതാവായും സംസാരിക്കുന്നു. നിങ്ങൾ അവന്റെ കുടുംബത്തിന്റെ ഭാഗമായി അവന്റെ സംരക്ഷണയിൽ ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നെങ്കിൽ, അവൻ തന്റെ ജനത്തോട് പറഞ്ഞത് ശ്രദ്ധിക്കുക: “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിക്കും’’ (വാ. 6, 7). നിങ്ങൾ അവന് എത്രമാത്രം വിലയുള്ളവരാണെന്ന് ആശ്ചര്യപ്പെടുന്നെങ്കിൽ, അവന്റെ സ്ഥിരീകരണം കേൾക്കുക: “നീ എനിക്കു വില ഏറിയവനും മാന്യനും ആകുന്നു’’ (വാ. 4). 
ദൈവം നമ്മെ വളരെയധികം സ്‌നേഹിക്കുന്നതിനാൽ നമ്മുടെ പാപത്തിന്റെ ശിക്ഷ നൽകാൻ യേശുവിനെ അയച്ചു, അങ്ങനെ അവനിൽ വിശ്വസിക്കുന്ന നമുക്ക് അവനോടൊപ്പം എന്നേക്കും ആയിരിക്കാൻ കഴിയും (യോഹന്നാൻ 3:16). അവൻ പറയുന്നതും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും കാരണം, അവൻ നമ്മെ ആഗ്രഹിക്കുന്നുവെന്നും നമ്മെ സ്‌നേഹിക്കുന്നുവെന്നും ഉള്ള നമുക്ക് പൂർണ്ണ ആത്മവിശ്വാസം നമുക്കുണ്ടായിരിക്കാൻ കഴിയും. 
 

എന്റെ ഹൃദയക്കണ്ണുകൾ തുറക്കുക

2001-ൽ, മാസം തികയാതെ ജനിച്ച ക്രിസ്റ്റഫർ ഡഫ്‌ലി എന്ന കുഞ്ഞ് രക്ഷപ്പെട്ട് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി. അഞ്ച് മാസം പ്രായമുള്ളപ്പോൾ, അമ്മായിയുടെ കുടുംബം അവനെ ദത്തെടുക്കുന്നതുവരെ അവൻ ഫോസ്റ്റർ കെയർ സിസ്റ്റത്തിൽ കഴിഞ്ഞു. അന്ധനും ഓട്ടിസം ബാധിച്ചവനുമായിരുന്നിട്ടും, നാല് വയസ്സുള്ള ക്രിസ്റ്റഫറിന് തികഞ്ഞ ശബ്ദം ഉണ്ടെന്ന് ഒരു അധ്യാപകൻ മനസ്സിലാക്കി. ആറ് വർഷത്തിനു ശേഷം പള്ളിയിൽ വെച്ച് ക്രിസ്റ്റഫർ സ്റ്റേജിൽ നിന്നുകൊണ്ട് “എന്റെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കുക” എന്ന് പാടി. ആ വീഡിയോ ഓൺലൈനിൽ ദശലക്ഷക്കണക്കിനാളുകൾ വീക്ഷിച്ചു. 2020-ൽ, ഒരു വികലാംഗ അഭിഭാഷകനായി സേവനമനുഷ്ഠിക്കാനുള്ള തന്റെ ലക്ഷ്യം ക്രിസ്റ്റഫർ പങ്കുവെച്ചു. ദൈവത്തിന്റെ പദ്ധതിയിലേക്ക് തുറക്കപ്പെട്ട ഹൃദയക്കണ്ണുകൾ ഉള്ളവനുള്ള സാധ്യതകൾ പരിധിയില്ലാത്തതാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. 
എഫെസൊസിലെ സഭയുടെ ധീരമായ വിശ്വാസത്തിന് അപ്പൊസ്തലനായ പൗലൊസ് അവരെ അഭിനന്ദിച്ചു (1:15-16). അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവ്” നൽകണമെന്ന് അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, അങ്ങനെ അവർ “അവനെ നന്നായി അറിയും” (വാ. 17). അവരുടെ കണ്ണുകൾ “പ്രകാശിക്കണം” അല്ലെങ്കിൽ തുറക്കപ്പെടണമെന്ന് അവൻ പ്രാർത്ഥിച്ചു, അങ്ങനെ ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്ത പ്രത്യാശയും അവകാശവും അവർ മനസ്സിലാക്കും (വാ. 18). 
നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്താൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, നമുക്ക് അവനെ കൂടുതൽ അറിയാനും അവന്റെ നാമം, ശക്തി, അധികാരം എന്നിവ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാനും കഴിയും (വാ. 19-23). യേശുവിലുള്ള വിശ്വാസത്തോടും എല്ലാ ദൈവജനങ്ങളോടുമുള്ള സ്‌നേഹത്തോടും കൂടി, നമ്മുടെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ അവന്റെ അനന്തമായ സാധ്യതകളെ തെളിയിക്കുന്ന വഴികളിൽ നമുക്ക് ജീവിക്കാൻ കഴിയും.