നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

യേശു ഉള്ളത്തിൽ വസിക്കുന്നു

പടിഞ്ഞാറൻ അമേരിക്കയിലുള്ള ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ഹിമവാതം ദുരിതം വിതച്ചപ്പോൾ ഒറ്റക്ക് താമസിച്ചിരുന്ന എന്റെ മാതാവ് കൊടുങ്കാറ്റ് മാറുന്നതുവരെ എന്റെ കൂടെ ജീവിക്കാൻ വന്നു. എന്നാൽ കാറ്റ് ശമിച്ചിട്ടും അമ്മ പിന്നെ തിരികെപ്പോയില്ല. തുടർന്നുള്ള ജീവിത കാലം മുഴുവൻ അമ്മ ഞങ്ങളുടെ കൂടെ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം പല വിധത്തിൽ മെച്ചപ്പെടുത്തി. പല കാര്യങ്ങളിലും നല്ല മാർഗ്ഗനിർദ്ദേശം നല്കി, കുടുംബാംഗങ്ങളെ ഉപദേശിച്ചു, പഴയ കാല ചരിത്രം പറഞ്ഞുതന്നു. എന്റെ ഭർത്താവും അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. നർമ്മത്തിന്റെ കാര്യത്തിലും സ്പോർട്സിലും അവർക്ക് ഒരേ താല്പര്യങ്ങളായിരുന്നു. ഒരു സന്ദർശക എന്ന സ്ഥിതിയിൽ നിന്നും വീട്ടിലെ ഒരു സജീവ അംഗമായി അവർ മാറി — ദൈവം അവരെ വിളിച്ചതിന് ശേഷവും ഞങ്ങളുടെ ഹൃദയങ്ങളിൽ സ്വാധീനമായി നിലനിന്നു.

ഈ അനുഭവം യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞ കാര്യത്തെ ഓർമ്മിപ്പിക്കുന്നു - അവൻ നമ്മുടെയിടയിൽ പാർത്തു എന്നത് (യോഹ.1:14). ഇതൊരു ശ്രദ്ധേയമായ പ്രസ്താവനയാണ്. പാർത്തു എന്നതിന് ‘കൂടാരമടിച്ചു’ എന്നാണ് ഗ്രീക്കിലെ മൂലാർത്ഥം. മറ്റൊരു തർജമയിൽ ‘അവൻ നമ്മുടെയിടയിൽ വീട് വെച്ചു’ എന്നാണ്.

വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ ഹൃദയത്തിൽ വസിക്കാനായി സ്വീകരിക്കുന്നു. പൗലൊസ് ഇങ്ങനെ എഴുതി: “അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി ....” (എഫെ. 3:16, 17).

യേശു ഇനി ഒരു സന്ദർശകനല്ല; അവനെ അനുഗമിക്കുന്നവരുടെ ഉള്ളത്തിൽ അവൻ സ്ഥിരമായി വസിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്ന് ഈ യേശുവിനെ സ്വീകരിക്കാം. 

ദൈവത്തിന്റെ തുറന്ന വാതിലുകൾ

ഒരു വലിയ നഗരത്തിനടുത്തുള്ള എന്റെ പുതിയ സ്കൂളിൽ, ഗൈഡൻസ് കൗൺസിലർ എന്നെ ഒന്ന് നോക്കിയിട്ട്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ ക്ലാസിൽ എന്നെ ഉൾപ്പെടുത്തി. ഞാൻ എന്റെ പഴയ സ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളും എന്റെ രചനകൾക്ക് പ്രിൻസിപ്പൽ അവാർഡും നേടിയിരുന്നു. എന്നിരുന്നാലും, എനിക്ക് യോഗ്യതയില്ലെന്ന് കൗൺസിലർ തീരുമാനിച്ചപ്പോൾ എന്റെ പുതിയ സ്കൂളിലെ “മികച്ച” എഴുത്ത് ക്ലാസിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

പുരാതന ഫിലദെൽഫ്യയിലെ സഭയ്ക്ക് അത്തരം ഏകപക്ഷീയമായ തിരിച്ചടികൾ മനസ്സിലാകുമായിരുന്നു. ആ ചെറിയ എളിയ സഭ സ്ഥിതിചെയ്യുന്ന നഗരം സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങൾ മൂലം വലിയ നാശനഷ്ടങ്ങൾ നേരിട്ടിരുന്നു. കൂടാതെ, അവർ പൈശാചിക പോരാട്ടങ്ങൾ അഭിമുഖീകരിച്ചു (വെളിപ്പാട് 3:9). ഉയിർത്തെഴുന്നേറ്റ യേശു സൂചിപ്പിച്ചതുപോലെ, അത്തരം അവഗണിക്കപ്പെട്ട സഭയ്ക്ക് “അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല” (വാ. 8). അതുകൊണ്ട്, ദൈവം അവരുടെ മുമ്പിൽ “ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു വാതിൽ” തുറന്നുവെച്ചു (വാ. 8). തീർച്ചയായും അവൻ, “ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും” ചെയ്യുന്നവനാണ് (വാ. 7).

നമ്മുടെ ശുശ്രൂഷകളിലും അത് സത്യമാണ്. ചില വാതിലുകൾ തുറക്കുന്നില്ല. എന്നിരുന്നാലും, ഒരു കൗൺസിലറുടെ സങ്കുചിത മനോഭാവം പരിഗണിക്കാതെ, ദൈവത്തിനായുള്ള എന്റെ രചനകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ദൈവം വാതിലുകൾ തുറന്നിരിക്കുന്നു. അടഞ്ഞ വാതിലുകൾ നിങ്ങളെയും തടയുകയില്ല. “ഞാൻ വാതിൽ ആകുന്നു” എന്ന് യേശു പറഞ്ഞു (യോഹന്നാൻ 10:9). അവൻ തുറക്കുന്ന വാതിലുകളിൽ പ്രവേശിച്ച് അവനെ അനുഗമിക്കാം. 

പരിചരണത്തിലൂടെ പങ്കിടൽ

താൻ ആർക്കെങ്കിലും ഒരു അനുഗ്രഹമായിത്തീരണമെന്ന് ഒരു യുവ പാസ്റ്റർ ദിവസവും രാവിലെ പ്രാർത്ഥിക്കുമായിരുന്നു. പലപ്പോഴും, തന്നെ വിസ്മയിപ്പിച്ചുകൊണ്ട് അങ്ങനെയുള്ള അവസരങ്ങൾ തനിക്ക് ലഭിക്കുമായിരുന്നു. ഒരു ദിവസം, ഒരു സഹപ്രവർത്തകനോടൊപ്പം വെയിലത്ത് ഇരിക്കുമ്പോൾ, അയാൾ പാസ്റ്ററോട് യേശുവിനെക്കുറിച്ച് ചോദിച്ചു. തർക്കിക്കുകയോ, ശബ്ദമുയർത്തുകയോ ചെയ്യാതെ, മറ്റെയാളുടെ ചോദ്യങ്ങൾക്ക് പാസ്റ്റർ ലളിതമായി ഉത്തരം നൽകി. അത് ഒരു സാധാരണ സംസാരമായിരുന്നെങ്കിലും, പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് മൂലം അത് സ്നേഹമസൃണവും ഫലപ്രദവും ആയിത്തീർന്നു എന്ന് പാസ്റ്റർ അഭിപ്രായപ്പെട്ടു. ദൈവത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുള്ള ഒരു പുതിയ സുഹൃത്തിനെയും അതുമൂലം ലഭിച്ചു.

പരിശുദ്ധാത്മാവ് നമ്മെ നയിക്കാൻ അനുവദിച്ചാൽ, യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് ഏറ്റവും നന്നായിട്ട് പറയാൻ സാധിക്കും. യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ... എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു” (പ്രവൃ. 1:8).

“ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” (ഗലാത്യർ 5:22-23). ആത്മാവിന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിച്ചുകൊണ്ട്, ആ യുവ പാസ്റ്റർ പത്രൊസിന്റെ നിർദ്ദേശം പ്രാവർത്തികമാക്കി: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ” (1 പത്രൊസ് 3:15).

ക്രിസ്തുവിൽ വിശ്വസിച്ചതുമൂലം നാം കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും, അവന്റെ ആത്മാവ് നമ്മെ നയിക്കുന്നുണ്ടെന്ന് നമുക്ക് ലോകത്തെ കാണിക്കാൻ കഴിയും. അപ്പോൾ നമ്മുടെ ജീവിതം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും. 

- പട്രീഷ്യ റെയ്ബൺ

ദൈവത്തിന്റെ സംരക്ഷിതസ്നേഹം

ഒരു വേനൽക്കാല രാത്രിയിൽ, ഞങ്ങളുടെ വീടിനടുത്തുള്ള പക്ഷികൾ പെട്ടെന്ന് കലപില ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി. വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കരച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലായി. അതിന്റെ കാരണം ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി. സൂര്യൻ അസ്തമിച്ചപ്പോൾ, ഒരു വലിയ പ്രാപ്പിടിയൻ ഒരു മരത്തിൽ നിന്ന് പറന്നുവന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രമത്തോടെ കലപിലശബ്ദം ഉണ്ടാക്കിക്കൊണ്ട് പക്ഷികൾ പറന്നകന്നു.

നമ്മുടെ ജീവിതത്തിൽ, തിരുവെഴുത്തുകളിലുടനീളം ആത്മീയ മുന്നറിയിപ്പുകൾ കേൾക്കാൻ കഴിയും— ഉദാഹരണത്തിന് തെറ്റായ പഠിപ്പിക്കലുകൾക്കെതിരായ മുന്നറിയിപ്പ്. നമ്മോടുള്ള അവന്റെ സ്നേഹം നിമിത്തം, നമ്മുടെ സ്വർഗീയ പിതാവ് അത്തരം ആത്മീയ അപകടങ്ങളെക്കുറിച്ച് നമുക്ക് തിരുവെഴുത്തുകളിലൂടെ വ്യക്തമാക്കിത്തരുന്നു.

യേശു പഠിപ്പിച്ചു, “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു.” (മത്തായി 7:15). അവൻ തുടർന്നു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായിക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായിക്കുന്നു.” അവൻ നമുക്ക് മുന്നറിയിപ്പ് നൽകി, “അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും” (വാ. 16-17; 20).

“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” സദൃശവാക്യങ്ങൾ 22:3 നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരം മുന്നറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ സംരക്ഷണ വും സ്നേഹവുമാണ്.

പക്ഷികൾ തങ്ങളുടെ ജീവൻ അപകടത്തിലായതിനെക്കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകിയതുപോലെ, ആത്മീയ അപകടത്തിൽ നിന്ന് ദൈവത്തിന്റെ അഭയസ്ഥാനത്തിലേക്ക് പറക്കാനുള്ള ബൈബിളിന്റെ മുന്നറിയിപ്പുകൾ നമുക്ക് ആവശ്യമാണ്. 

- പട്രീഷ്യ റെയ്ബൺ

ക്രിസ്തുവിനെപ്പോലെ കൊടുക്കുക

അമേരിക്കൻ എഴുത്തുകാരനായ ഒ. ഹെൻറി 1905-ലെ തന്റെ പ്രിയപ്പെട്ട  ക്രിസ്തുമസ് കഥ ദ ഗിഫ്റ്റ് ഓഫ് ദി മാഗി എഴുതിയപ്പോൾ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ അദ്ദേഹം പാടുപെടുകയായിരുന്നു. എന്നിട്ടും, അദ്ദേഹം ഒരു പ്രചോദനാത്മക കഥ രചിച്ചു, അത് മനോഹരമായ, ക്രിസ്തുതുല്യമായ ത്യാഗം എന്ന സ്വഭാവ സവിശേഷതയെ എടുത്തുകാണിക്കുന്നു. കഥയിൽ, ദരിദ്രയായ ഒരു ഭാര്യ ക്രിസ്മസ് തലേന്ന് തന്റെ ഭർത്താവിന് സ്വർണ്ണ പോക്കറ്റ് വാച്ച് ചെയിൻ വാങ്ങുന്നതിനായി തന്റെ മനോഹരമായ നീളമുള്ള മുടി വിൽക്കുന്നു. അതറിയാതെ, അവളുടെ സുന്ദരമായ മുടിക്കുവേണ്ടി ഒരു സെറ്റ് ചീപ്പുകൾ വാങ്ങാൻ അവളുടെ ഭർത്താവ് തന്റെ പോക്കറ്റ് വാച്ച് വിറ്റു. 
അവർ പരസ്പരം നൽകിയ ഏറ്റവും വലിയ സമ്മാനം? ത്യാഗം. ഓരോരുത്തരുടെയും പ്രവൃത്തി ഏറ്റവും വലിയ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു.  
ആ രീതിയിൽ, ക്രിസ്തുവിന്റെ ജനനത്തിനു ശേഷം വിദ്വാന്മാർ (ജ്ഞാനികൾ) ശിശുവിനു നൽകിയ സ്‌നേഹദാനങ്ങളെ ഈ കഥ പ്രതിനിധീകരിക്കുന്നു (മത്തായി 2:1,11 കാണുക). എന്നിരുന്നാലും, ആ സമ്മാനങ്ങളേക്കാളുപരിയായി, ശിശുവായ യേശു വളർന്ന്, ഒരു ദിവസം ലോകത്തിനു മുഴുവൻ തന്റെ ജീവൻ നൽകും. 
നമ്മുടെ ദൈനംദിന ജീവിതത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് നമ്മുടെ സമയം, സമ്പത്ത്, സ്‌നേഹത്തിന്റെ പ്രദർശനമായ മറ്റെല്ലാം മറ്റുള്ളവർക്ക് നൽകിക്കൊണ്ട് അവന്റെ മഹത്തായ സമ്മാനം എടുത്തുകാണിക്കാൻ കഴിയും. അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ, “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ’’ (റോമർ 12:1). യേശുവിന്റെ സ്‌നേഹത്തിലൂടെ മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യുന്നതിനേക്കാൾ മികച്ച ദാനം മറ്റൊന്നില്ല. 

എല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയം

തങ്ങളുടെ സഹപാഠിയുടെ ജന്മദിന പാർട്ടിയിൽ തന്റെ ഉറ്റ സുഹൃത്ത് നിലേഷിനൊപ്പം ഒമ്പത് വയസ്സുകാരനായ മഹേഷ് എത്തി. എന്നാൽ, പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയുടെ അമ്മ മഹേഷിനു പ്രവേശനം നിഷേധിച്ചു. ''ആവശ്യത്തിന് കസേരകളില്ല,'' അവൾ ശഠിച്ചു. തന്റെ കൊച്ചു സുഹൃത്തിന് കസേര കൊടുത്തിട്ട് നിലത്തിരിക്കാൻ നിലേഷ് തയ്യാറായെങ്കിലും അമ്മ  സമ്മതിച്ചില്ല. നിരാശനായ നിലേഷ് സമ്മാനങ്ങൾ അവിടെവെച്ചിട്ട് മഹേഷിനൊപ്പം വീട്ടിലേക്ക് മടങ്ങി, ഈ തിരസ്‌കരണം അവന്റെ ഹൃദയത്തെ വേദനിപ്പിച്ചു. 
ഇപ്പോൾ, പതിറ്റാണ്ടുകൾക്ക് ശേഷം, ഒരു അദ്ധ്യാപകനായ നിലേഷ് തന്റെ ക്ലാസ് മുറിയിൽ ഒരു ഒഴിഞ്ഞ കസേര സൂക്ഷിക്കുന്നു. എന്തുകൊണ്ടാണെന്ന് വിദ്യാർത്ഥികൾ ചോദിക്കുമ്പോൾ, “എപ്പോഴും ആർക്കും ക്ലാസ് മുറിയിൽ ഇടം ഉണ്ടായിരിക്കണം’’ എന്ന ഓർമ്മപ്പെടുത്തലാണതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. 
എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ഒരു ഹൃദയം യേശുവിന്റെ സ്വാഗതാർഹമായ ജീവിതത്തിൽ കാണാം: ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'' (മത്തായി 11:28). ഈ ക്ഷണം യേശുവിന്റെ ശുശ്രൂഷയുടെ “ആദ്യം യെഹൂദൻ'' (റോമർ 1:16) എന്ന പ്രസ്താവനയ്ക്കു വിരുദ്ധമായി തോന്നിയേക്കാം. എന്നാൽ രക്ഷയുടെ ദാനം യേശുവിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. “വിശ്വസിക്കുന്ന എല്ലാവർക്കും ഇത് ... വെളിപ്പെട്ടുവന്നിരിക്കുന്നു,’’ ''ഒരു വ്യത്യാസവുമില്ല്,'' പൗലോസ് എഴുതി (3:22, 23 ). 
“ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും’’ (മത്തായി 11:29) എന്ന ക്രിസ്തുവിന്റെ ആഹ്വാനത്തിൽ നാം സന്തോഷിക്കുന്നു. അവന്റെ വിശ്രമം തേടുന്ന എല്ലാവർക്കുമായി അവന്റെ തുറന്ന ഹൃദയം കാത്തിരിക്കുന്നു. 

വിശ്വാസത്താൽ കാണുക

എന്റെ പ്രഭാത നടത്തത്തിനിടയിൽ, അതിശയകരമായ ഒരു കാഴ്ച സൃഷ്ടിച്ചുകൊണ്ട് സൂര്യൻ തടാകത്തിലെ വെള്ളത്തിന്റെ ഒരു കോണിൽ തെളിഞ്ഞു. ഒരു ചിത്രമെടുക്കാൻ ക്യാമറ ഫോക്കസ് ചെയ്തുകൊണ്ട് ഞാൻ എന്റെ സുഹൃത്തിനോട് നിൽക്കാൻ ആവശ്യപ്പെട്ടു. സൂര്യന്റെ സ്ഥാനം കാരണം, ഷോട്ട് എടുക്കുന്നതിന് മുമ്പ് എനിക്ക് എന്റെ ഫോണിന്റെ സ്‌ക്രീനിൽ ചിത്രം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇത് മുമ്പ് ചെയ്തിട്ടുള്ളതിനാൽ, ഇതൊരു മികച്ച ചിത്രമാണെന്ന് എനിക്ക് തോന്നി. ഞാൻ സുഹൃത്തിനോട് പറഞ്ഞു, ''നമുക്ക് ഇത് ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ ഇതുപോലുള്ള ചിത്രങ്ങൾ എല്ലായ്‌പ്പോഴും നന്നായി വരാറുണ്ട്.'' 
ഈ ജീവിതത്തിലൂടെ വിശ്വാസത്താൽ നടക്കുന്നത് പലപ്പോഴും ഒരു ചിത്രം എടുക്കുന്നതുപോലെയാണ്. നിങ്ങൾക്ക് എല്ലായ്‌പ്പോഴും സ്‌ക്രീനിൽ വിശദാംശങ്ങൾ കാണാൻ കഴിയില്ല, എന്നാൽ അതിശയകരമായ ചിത്രം അവിടെ ഇല്ലെന്ന് അതിനർത്ഥമില്ല. ദൈവം എപ്പോഴും പ്രവർത്തിക്കുന്നത് നിങ്ങൾ കാണുന്നില്ല, എന്നാൽ അവൻ അവിടെ ഉണ്ടെന്ന് നിങ്ങൾക്കു വിശ്വസിക്കാം. എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ എഴുതിയതുപോലെ, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'' (11:1). വിശ്വാസത്താൽ നാം നമ്മുടെ ആശ്രയവും ഉറപ്പും ദൈവത്തിൽ അർപ്പിക്കുന്നു-പ്രത്യേകിച്ചും അവൻ ചെയ്യുന്നത് കാണാനോ മനസ്സിലാക്കാനോ കഴിയാത്തപ്പോൾ. 
വിശ്വാസത്തോടെ, കാണാത്തത് ''ഷോട്ട് എടുക്കുന്നതിൽ'' നിന്ന് നമ്മെ തടയില്ല. അത് നമ്മെ കൂടുതൽ പ്രാർത്ഥിക്കാനും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം തേടാനും പ്രേരിപ്പിച്ചേക്കാം. മറ്റുള്ളവർ വിശ്വാസത്താൽ നടന്നപ്പോൾ എന്തു സംഭവിച്ചു എന്നും (വാ. 4-12) നമ്മുടെ സ്വന്തം അനുഭവത്തിൽ എന്തു സംഭവിച്ചു എന്നും അറിയുന്നതിനാൽ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം. ദൈവം മുമ്പ് ചെയ്തത്, അവനു വീണ്ടും ചെയ്യാൻ കഴിയും. 

എല്ലാവർക്കും ഒരു വാതിൽ

എന്റെ ബാല്യകാലത്ത് ഞങ്ങളുടെ അയൽപക്കത്തുള്ള റസ്റ്റോറന്റിലെ പ്രോട്ടോക്കോളുകൾ 1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും നിലവിലിരുന്ന സാമൂഹികവും വംശീയവുമായ രീതികളുമായി പൊരുത്തപ്പെടുന്നവയായിരുന്നു. അടുക്കള സഹായികൾ-മേരി, പാചകക്കാരി, എന്നെപ്പോലെ പാത്രം കഴുകുന്നവർ-കറുത്തവരായിരുന്നു; എന്നിരുന്നാലും, റെസ്റ്റോറന്റിലെ മുതലാളിമാർ വെള്ളക്കാരായിരുന്നു. കറുത്തവർഗ്ഗക്കാരായ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാമായിരുന്നു, പക്ഷേ അവർ അത് പിൻവാതിലിൽ വന്ന് വാങ്ങേണ്ടിവന്നു. അത്തരം നയങ്ങൾ ആ കാലഘട്ടത്തിൽ കറുത്തവർഗ്ഗക്കാരോടുള്ള അസമത്വത്തെ ശക്തിപ്പെടുത്തി. അതിനുശേഷം നാം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ആളുകൾ എന്ന നിലയിൽ നമ്മൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വളർച്ചയ്ക്ക് ഇനിയും ഇടമുണ്ട്. 
റോമർ 10:8-13 പോലുള്ള തിരുവെഴുത്തുകൾ ദൈവകുടുംബത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഉണ്ടെന്ന് കാണാൻ നമ്മെ സഹായിക്കുന്നു; അവിടെ പിൻവാതിൽ ഇല്ല. എല്ലാവരും ഒരേ വഴിയിൽ - ശുദ്ധീകരണത്തിനും പാപമോചനത്തിനും വേണ്ടിയുള്ള യേശുവിന്റെ മരണത്തിലുള്ള വിശ്വാസത്തിലൂടെ - പ്രവേശിക്കുന്നു. ഈ പരിവർത്തനാനുഭവത്തിന്റെ ബൈബിൾ പദം രക്ഷിക്കപ്പെട്ടവർ എന്നാണ് (വാ. 9, 13). നിങ്ങളുടെയോ മറ്റുള്ളവരുടെയോ സാമൂഹിക സാഹചര്യമോ വംശീയ നിലയോ സമവാക്യത്തിൽ പെടുന്നില്ല. തിരുവെഴുത്തുകൾ പറയുന്നതുപോലെ, “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല.'' അതിനാൽ യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു'' (വാ. 11-12). യേശുവിനെക്കുറിച്ചുള്ള ബൈബിൾ സന്ദേശം നിങ്ങളുടെ ഹൃദയത്തിൽ വിശ്വസിക്കുന്നുണ്ടോ? കുടുംബത്തിലേക്ക് സ്വാഗതം! 

മനസ്സലിവ് പ്രവൃത്തിയിൽ

ബെഞ്ചുകൾ നിർമ്മിക്കുന്നത് ജെയിംസ് വാറന്റെ ജോലിയല്ല. എന്നിരുന്നാലും, ഡെൻവറിലെ ഒരു സ്ത്രീ ബസ് കാത്തുനിൽക്കുമ്പോൾ തറയിൽ ഇരിക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം അവ നിർമ്മിക്കാൻ തുടങ്ങി. അത് ''മാന്യതയില്ലാത്തതാണ്,'' ആ കാഴ്ച വാറനെ വിഷമിപ്പിച്ചു. അങ്ങനെ, ഇരുപത്തിയെട്ടുകാരനായ വർക്ക്‌ഫോഴ്‌സ് കൺസൾട്ടന്റ് കുറച്ച് തടി കണ്ടെത്തി, ഒരു ബെഞ്ച് നിർമ്മിച്ച് ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചു. അത് പെട്ടെന്ന് ഉപയോഗിക്കപ്പെട്ടു. തന്റെ നഗരത്തിലെ ഒമ്പതിനായിരം ബസ് സ്റ്റോപ്പുകളിൽ പലതിനും ഇരിപ്പിടമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു ബെഞ്ച് ഉണ്ടാക്കി, പിന്നെ അനേകം, ഓരോന്നിലും “മനസ്സലിവുള്ളവരാകുക” എന്ന് ആലേഖനം ചെയ്തു. അദ്ദേഹത്തിന്റെ ലക്ഷ്യം? ''എനിക്ക് കഴിയുന്ന വിധത്തിൽ, ആളുകളുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക'' വാറൻ പറഞ്ഞു. 
അത്തരം പ്രവർത്തനങ്ങളെ വിവരിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് മനസ്സലിവ്. യേശു പ്രയോഗിച്ചതുപോലെ, മനസ്സലിവ് എന്നത് വളരെ ശക്തമായ ഒരു വികാരമാണ്, അത് മറ്റൊരാളുടെ ആവശ്യം നിറവേറ്റാനുള്ള നടപടിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിരാശരായ ജനക്കൂട്ടം യേശുവിനെ പിന്തുടർന്നപ്പോൾ, “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു” (മർക്കൊസ് 6:34). അവരുടെ രോഗികളെ സുഖപ്പെടുത്തി (മത്തായി 14:14) ആ മന്‌സലിവിനെ അവൻ പ്രവൃത്തിപദത്തിലെത്തിച്ചു. 
നാമും “മനസ്സലിവ് ധരിക്കണം” എന്ന് പൗലൊസ് ഉദ്‌ബോധിപ്പിച്ചു (കൊലൊസ്യർ 3:12). നേട്ടങ്ങൾ? വാറൻ പറയുന്നതുപോലെ, “ഇത് എന്നെ നിറയ്ക്കുന്നു. എന്റെ ടയറുകളിൽ വായു ഉണ്ട്.” 
നമുക്ക് ചുറ്റുപാടും ആവശ്യത്തിലിരിക്കുന്നവർ ധാരാളമുണ്ട്, ദൈവം അവരെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരും. നമ്മുടെ മനസ്സലിവിനെ പ്രവർത്തനക്ഷമമാക്കാൻ ആ ആവശ്യങ്ങൾ നമ്മെ പ്രേരിപ്പിക്കും, ക്രിസ്തുവിന്റെ സ്‌നേഹം നാം കാണിക്കുമ്പോൾ ആ പ്രവർത്തനങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. 

ദൈവത്തിന്റെ നിത്യസഭ

'ആരാധന കഴിഞ്ഞോ?' ഞായറാഴ്ച ശുശ്രൂഷ അവസാനിക്കുന്ന സമയത്ത് രണ്ട് കുട്ടികളുമായി ഞങ്ങളുടെ സഭയിൽ എത്തിയ ഒരു യുവമാതാവ് ചോദിച്ചു. എന്നാൽ സമീപത്തെ ഒരു സബയിൽ രണ്ട് ഞായറാഴ്ച ശുശ്രൂഷകൾ ഉണ്ടെന്നും രണ്ടാമത്തേത് ഉടൻ ആരംഭിക്കുമെന്നും അവളെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരാൾ പറഞ്ഞു. 'അവിടെ കൊണ്ടാക്കണോ?'' യുവ മാതാവ് നന്ദിപുരസ്സരം ഉവ്വ് എന്നു പറഞ്ഞു. പിന്നീട് ചിന്തിച്ചിട്ട്, അഭിവാദ്യം ചെയ്തയാൾ ഈ നിഗമനത്തിലെത്തി: ''സഭ കഴിഞ്ഞോ? ഒരിക്കലുമില്ല. ദൈവത്തിന്റെ സഭ എന്നേക്കും തുടരുന്നു.'' 
സഭ ഒരു ദുർബലമായ 'കെട്ടിടം' അല്ല. പൗലൊസ് എഴുതി, ''വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ,'' പൗലൊസ് എഴുതി, ''ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു'' (എഫെസ്യർ 2:19-22). 
യേശു തന്നെ നിത്യതയോളം നിലനില്ക്കുന്ന തന്റെ സഭ സ്ഥാപിച്ചു. തന്റെ സഭയെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും, 'പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല' (മത്തായി 16:18) എന്ന് അവൻ പ്രഖ്യാപിച്ചു. 
ഈ ശാക്തീകരണ കണ്ണാടിയിലൂടെ, നമ്മുടെ പ്രാദേശിക സഭകളെ -നമ്മെയെല്ലാവരെയും-'ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും' (എഫെസ്യർ 3:21) പണിയപ്പെടുന്ന ദൈവത്തിന്റെ സാർവത്രിക സഭയുടെ ഭാഗമായി നമുക്കു നോക്കിക്കാണാൻ കഴിയും.