ഒന്നിച്ചാൽ നേടാം
അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. [ പ്രവൃത്തികൾ 2:42 ]
ഒന്നിച്ചാൽ നേടാം
എന്റെ അമേരിക്കൻ സുഹൃത്തായ കരോൾ 2016-ൽ ആദ്യമായി ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അവളുടെ സന്ദർശനത്തിനു മുമ്പ്, ഇവിടുത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ, പാചകരീതികൾ, ഭാഷകൾ എന്നിവയെക്കുറിച്ചെല്ലാം അവൾ കേട്ടിരുന്നു. എന്നിരുന്നാലും, ബെംഗളൂരുവിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുത്തപ്പോൾ, വൈവിധ്യമാർന്ന സംസ്കാരങ്ങളോടും പശ്ചാത്തലങ്ങളോടും കൂടിയ, ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള മനുഷ്യർ സ്നേഹമുള്ള ഒരു സമൂഹം രൂപീകരിക്കുന്നതു കണ്ട് അവൾ ആശ്ചര്യപ്പെട്ടു. ദൈവം മനുഷ്യരെ എങ്ങനെ ഒന്നിപ്പിക്കുന്നുവെന്നു കരോൾ കണ്ടു.
ഒരു സമൂഹമെന്ന നിലയിൽ ഐക്യത്തോടെ ജീവിക്കുന്നതിന്റെ നേട്ടമെന്താണെന്ന് ആദ്യകാല വിശ്വാസികൾ തിരിച്ചറിഞ്ഞു. “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു” (വാ. 42) എന്നു ലൂക്കൊസ് എഴുതുന്നു. അവർ വിവിധ പട്ടണങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും വന്നവരായിട്ടും, അവർ ഒരുമിച്ചു വസിച്ചു. അവരുടെ സമൂഹത്തെ മനോഹരമാക്കിയ ചില കാര്യങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളായിരുന്നു. അപ്പൊസ്തലന്മാരിൽനിന്നു പഠിക്കാനും പരസ്പരം സമയം ചെലവഴിക്കാനും കർത്താവിന്റെ തിരുവത്താഴം ആഘോഷിക്കാനും ഒരുമിച്ചു പ്രാർത്ഥിക്കാനും അവർ പ്രതിജ്ഞാബദ്ധരായിരുന്നു (വാ. 42). ദൈവത്തെ സ്തുതിച്ചുകൊണ്ട് അവർ തങ്ങളുടെ വിഭവങ്ങൾ പങ്കുവെക്കുകയും “ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും” ചെയ്തു (വാ. 44-46). തൽഫലമായി, ദിനന്തോറും പുതിയ വ്യക്തികളെ ദൈവം അവരുടെ സമൂഹത്തിലേക്കു ചേർത്തുകൊണ്ടിരുന്നു (വാ. 47).
യേശുവിന്റെ ആദ്യകാല അനുയായികൾ നമുക്കു സമൂഹത്തിന്റെ ഒരു മാതൃക നൽകുന്നു. ദാരിദ്ര്യത്തിനും പീഡനത്തിനും മരണത്തിനും നടുവിൽ പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ ഒരു സമൂഹമായിരിക്കുക എന്നത് എന്താണെന്ന് അവർ കാണിച്ചുതന്നു. സഭാ ശുശ്രൂഷകളിലോ കൂട്ടായ്മാ സമ്മേളനങ്ങളിലോ മാത്രമല്ല, നമ്മുടെ വീക്ഷണങ്ങൾ യോജിക്കുമ്പോൾ മാത്രമല്ല, ക്രിസ്തുവിലൂടെ എല്ലായ്പ്പോഴും ഐക്യപ്പെടാൻ നമ്മെയും വിളിച്ചിരിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ നമ്മുടെ ഐക്യം നാം സാക്ഷ്യപ്പെടുത്തുമ്പോൾ, നമ്മുടെ സ്നേഹസമൂഹത്തിലേക്കു ദൈവം പുതിയ വ്യക്തികളെ കൊണ്ടുവരും. രവി എസ്. രാത്രെ
ആദ്യകാല വിശ്വാസീസമൂഹം എങ്ങനെയാണു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്? ക്രിസ്തുവിലുള്ള നിങ്ങളുടെ സമൂഹത്തെ സമ്പന്നമാക്കാൻ
കഴിയുന്ന ചില വഴികൾ ഏതൊക്കെയാണ്?
ദൈവമേ, യേശുക്രിസ്തുവിലൂടെ ഞങ്ങളെ അങ്ങയുടെ ജനമാക്കി
മാറ്റിയതിനു നന്ദി. അങ്ങയുടെ മഹത്വത്തിനായി ഒരു ഐകമത്യപ്പെട്ട
സമൂഹമാകാൻ ഞങ്ങളെ സഹായിക്കേണമേ.
വിശ്വസ്ത ഗൃഹവിചാരകൻ
ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. [ 1 പത്രൊസ് 4:10 ]
വിശ്വസ്ത ഗൃഹവിചാരകൻ
കുറെ നാളത്തെ സന്ദർശനോദ്ദേശ്യത്തോടെ 2023-ൽ ഞാൻ ബെംഗളൂരുവിലെത്തി. പക്ഷേ, അപ്രതീക്ഷിതമായി എന്റെ താമസം നീണ്ടുപോകാനിടയായി. എനിക്ക് ആഹാരം തന്നിരുന്ന കുടുംബത്തിന് എന്നെ സഹായിക്കാൻ കഴിയാതെ വന്നപ്പോൾ, ഭക്ഷണം ഞാൻ പുറത്തുനിന്നാക്കി. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു. ഭാഗ്യവശാൽ, ഹ്രസ്വമായി മാത്രം എനിക്കു പരിചയമുള്ള ഒരു കുടുംബം എനിക്കു ഭക്ഷണം നൽകി എന്നെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു മുന്നോട്ടു വന്നു. “മറ്റുള്ളവരെ ശുശ്രൂഷിക്കാനും സഹായിക്കാനുമുള്ള ശേഷി ദൈവം ഞങ്ങൾക്കു നൽകിയിട്ടുണ്ട്. ഞങ്ങൾ നല്ല ഗൃഹവിചാരകന്മാരായിരിക്കേണ്ടതുണ്ട്” എന്ന് അവർ പറഞ്ഞു.
ദൈവവചനം വിവിധ സന്ദർഭങ്ങളിൽ ഗൃഹവിചാരകനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. കൂടാതെ നമ്മൾ “വിശ്വസ്ത ഗൃഹവിചാരകർ” ആയിരിക്കണമെന്നും ആവശ്യപ്പെടുന്നു (ലൂക്കൊസ് 12:42-48). ദൈവം നമുക്കു ധാരാളം വരങ്ങൾ നൽകിയിട്ടുണ്ട്. അവ വിശ്വസ്തതയോടെ ഉപയോഗിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു (1 പത്രൊസ് 4:10). ഈ വരങ്ങൾ ഉപയോഗിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള ഔത്സുക്യത്തോടെ സ്നേഹം നിറഞ്ഞവരും ഉദാരമതികളും ആയിരിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു (വാ. 8-10). നമുക്കുള്ളവ നമുക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ പ്രയോജനത്തിനും കൂടി വേണ്ടിയാണെന്നു വിശ്വസ്തനായ ഒരു ഗൃഹവിചാരകൻ മനസ്സിലാക്കുന്നു. ബെംഗളൂരുവിലെ കുടുംബം എനിക്കായി ചെയ്തത് ഇതാണ്. അവർ തങ്ങളുടെ ശേഷി തിരിച്ചറിഞ്ഞ്, അതനുസരിച്ചു വിശ്വസ്ത ഗൃഹവിചാരകന്മാരായി പ്രവർത്തിച്ചു.
നമുക്കുള്ള കഴിവുകളൊക്കെയും ദൈവത്തിൽ നിന്നുള്ളതാണെന്നു നമുക്ക് ഓർമ്മിക്കാം (വാ. 10). മറ്റുള്ളവരോടുള്ള ബന്ധത്തിൽ നാം വിശ്വസ്ത ഗൃഹവിചാരകർ ആയിരിക്കേണ്ടതിനായി നമുക്കുള്ള വരങ്ങളും വിഭവങ്ങളും അവൻ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു. അതിനാൽ, നാം മനസ്സോടെ പരസ്പരം സഹായം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടു നമുക്കു അപ്രകാരം പ്രവർത്തിക്കാം. നമുക്കു ലഭിച്ച വരങ്ങളും സമാനതകളില്ലാത്ത വ്യക്തികളായി നമ്മെ സൃഷ്ടിച്ചതും നമുക്കു മാത്രമല്ല, ആവശ്യമുള്ള മറ്റെല്ലാവർക്കും പ്രയോജനപ്പെടാൻ വേണ്ടിയാണെന്ന് ഓർക്കുക. ദൈവദത്തമായ കൃപകൾക്കും വരങ്ങൾക്കും അനുസൃതമായി നാം മറ്റുള്ളവർക്കു നന്മ ചെയ്യുമ്പോൾ, നാം അവരുടെ വിശ്വസ്ത ഗൃഹവിചാരകന്മാരായിത്തീരുന്നു. രവി എസ്. രാത്രെ
നിങ്ങൾക്കുള്ള ചില കഴിവുകൾ എന്തെല്ലാമാണ്? ആരെയെങ്കിലും
ഇന്നു സഹായിക്കാനായി നിങ്ങളുടെ വരങ്ങളോ താലന്തുകളോ
കഴിവുകളോ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും?
ദൈവമേ, പരസ്പരം ശുശ്രൂഷിക്കുന്നതിനായി ഞങ്ങൾക്കു വിവിധങ്ങളായ വരങ്ങൾ നൽകിയതിനു നന്ദി. എന്നെ ഭരമേൽപ്പിച്ച വരങ്ങളുടെയും വിഭവങ്ങളുടെയും താലന്തുകളുടെയും വിശ്വസ്ത ഗൃഹവിചാരകനായിരിക്കാൻ എന്നെ സഹായിക്കേണമേ.