വജ്രനിർമ്മിത പേപ്പർ വെയ്റ്റ്
ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമായി “ജേക്കബ് ഡയമണ്ട്” കണക്കാക്കപ്പെടുന്നു. ഹൈദരാബാദിലെ അവസാന നിസാം തന്റെ പരേതനായ പിതാവിന്റെ ചെരുപ്പിൽ കണ്ടെത്തുന്നതുവരെ നിറമില്ലാത്ത ഈ വജ്രം വർഷങ്ങളോളം ഓർമ്മകളിൽ നിന്നു മറഞ്ഞുകിടന്നതായി പറയപ്പെടുന്നു. വിചിത്രമെന്നു പറയട്ടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 108 കോടി രൂപയ്ക്ക് ആ അപൂർവ നിധി സ്വന്തമാക്കുന്നതുവരെ നിസാം വർഷങ്ങളോളം അതൊരു പേപ്പർ വെയ്റ്റായി ഉപയോഗിച്ചുകൊണ്ടിരുന്നു. നിസാമിന്റെ പിതാവു തന്റെ ചെരുപ്പിൽ ഉപേക്ഷിച്ച വജ്രത്തിലൂടെ നിസാമിന്റെ ജീവിതം കൂടുതൽ സമ്പന്നമായിത്തീർത്തു.
അപ്പൊസ്തലനായ പൗലൊസ് യേശുവിലേക്ക്—നമ്മുടെ പിതാവായ ദൈവം അവർക്കു നൽകിയ ഏറ്റവും വിലപ്പെട്ട നിധിയിലേക്ക് (വാ. 4) — കൊരിന്ത്യ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നു. യേശുവിന്റെ ആത്മാവിലൂടെ അവനോട് അവർക്കുണ്ടായിരുന്ന കൂട്ടായ്മ നിമിത്തം കൊരിന്ത്യർ “സമ്പന്നരായിത്തീർന്നു” എന്നു പൗലൊസ് എഴുതുന്നു (വാ. 5-9). ക്രിസ്തുവെന്ന ഈ അമൂല്യ ദാനത്തെ വിലമതിക്കാൻ അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു. അവനുള്ളപ്പോൾ അവർക്കു യാതൊന്നിനും കുറവുണ്ടായിരിക്കുകയില്ല എന്നും അവൻ അവരെ ഓർമ്മിപ്പിക്കുന്നു. ഇതുകൂടാതെ, ദൈവം അവർക്കു നൽകിയ നിരവധിയായ “ആത്മികവരങ്ങളെ” കണക്കിലെടുക്കാനും പൗലൊസ് സഭയെ പ്രേരിപ്പിക്കുന്നു (വാ. 5-7). ക്രിസ്തുവെന്ന ഈ നിധി കാത്തുസൂക്ഷിക്കുമ്പോൾ, അവൻ മടങ്ങിവരുന്ന നാൾവരെ അനിന്ദ്യരായി തുടരാൻ അത് സഭയെ സഹായിക്കുമെന്ന് പൗലൊസ് വിശ്വസിച്ചു.
ജീവിതത്തോടു നമുക്ക് അതൃപ്തി തോന്നുമ്പോൾ, പ്രത്യേകിച്ചും നമുക്കു കുറവുള്ള കാര്യങ്ങളെക്കുറിച്ചു പിറുപിറുക്കുമ്പോൾ, യേശു നമുക്കുള്ളതിനാൽ നാം ആന്തരികമായി സമ്പന്നരാണെന്ന് ഓർക്കുക. നഷ്ടം, സാമ്പത്തിക പ്രതിസന്ധി, ഗാർഹിക ക്ലേശം അല്ലെങ്കിൽ മറ്റേതെങ്കിലും തരം പ്രക്ഷുബ്ധതയുടെ കാലഘട്ടങ്ങളിൽ, നമ്മുടെ പിതാവിനാൽ നാമും എല്ലാ വിധത്തിലും യഥാർത്ഥത്തിൽ “സമ്പന്നരായിരിക്കുന്നു” എന്ന് ഓർക്കാം. പരിശുദ്ധാത്മാവിന്റെ നിത്യസാന്നിധ്യത്താൽ അവൻ ക്രിസ്തുവെന്ന നിധി നമ്മിൽ നിക്ഷേപിച്ചിരിക്കുന്നു (2 കൊരിന്ത്യർ 1:22).
അധിനിവേശ യൂക്കാലിപ്റ്റസ്
നീലഗിരി മലനിരകളിൽ കയറുമ്പോൾ യൂക്കാലിപ്റ്റസിന്റെ സുഖദായകമായ ഗന്ധം നിങ്ങളുടെ ഇന്ദ്രിയങ്ങളിൽ നിറയും. എന്നാൽ യൂക്കാലിപ്റ്റസ് ഈ കുന്നുകളിലെ തനതു സസ്യമല്ലെന്നു നിങ്ങൾക്കറിയാമോ? ഇംഗ്ലീഷ് വ്യാപാരികൾക്കു വേനൽക്കാല മാസങ്ങൾ സഹിക്കാനാവുന്നതാക്കി മാറ്റാൻ കൊളോണിയൽ കാലത്തു നട്ടുപിടിപ്പിച്ച ഒരു അധിനിവേശ സസ്യമാണിത്. ഇതിന്റെ വിഷമുള്ള ഇലകൾ മൃഗങ്ങൾക്കു കഴിക്കാൻ കഴിയാത്തതിനാൽ, നിർദോഷമെന്നു തോന്നാവുന്ന ആ പ്രവൃത്തി ഇപ്പോൾ പരിസ്ഥിതിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. തീറ്റ തേടിയലഞ്ഞ്, ഈ മൃഗങ്ങൾ വയലുകളെയും വിളകളെയും ആക്രമിക്കുന്നു. അതിൽ പ്രകോപിതരാകുന്ന കർഷകർ മൃഗങ്ങളെ തിരിച്ച് ആക്രമിക്കുന്നു. തദ്ദേശീയ ഇനം സസ്യങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും, പഴയ കാല തെറ്റുകൾ ഇപ്പോഴും വിനാശകരമായ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കുന്നു.
ജഡത്തിന്റെ മോഹം നിവർത്തിക്കുന്നതിനു എതിരെ ഗലാത്യ ലേഖനത്തിന്റെ എഴുത്തുകാരൻ മുന്നറിയിപ്പു നൽകുന്നു (വാ. 16). ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് (വാ. 19-21) എന്നിവയെ ജഡത്തിന്റെ മോഹങ്ങളായി അവൻ നിർവചിക്കുന്നു. ഒരു ജൈവാധിനിവേശത്തെപ്പോലെ, നിരുപദ്രവകരമെന്നു തോന്നാവുന്ന ഈ പാപങ്ങൾ നമ്മിൽ വേരുറപ്പിച്ച്, ഒടുവിൽ വളരെയധികം ദോഷം നമുക്കു ചെയ്യുന്നു. എങ്കിലും, “ആത്മാവിനെ അനുസരിച്ചു” (വാ. 16) നടന്നാൽ നമുക്കതിനെ മറികടക്കാൻ കഴിയുമെന്ന് അവൻ ഉറപ്പുനൽകുന്നു. അങ്ങനെ നാം സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത എന്നിവയുടെ ഫലങ്ങൾ കായ്ക്കും (വാ. 22-23). പാപത്തിന്റെ അധിനിവേശോത്സുകമായ പ്രത്യാഘാതങ്ങളെ നിങ്ങൾ നേരിടുമ്പോൾ, നമുക്കു പ്രത്യാശയുണ്ടെന്നത് ഓർക്കുക. നേരായ പാതയിൽ നടക്കാൻ നമ്മെ സഹായിക്കാൻ യേശു നമുക്കായി അയച്ചതന്ന ആത്മാവിനു കഴിയും (2 കൊരിന്ത്യർ 5:5). ജഡവും ആത്മാവും എപ്പോഴും വിരോധമായിരിക്കുന്നു എന്നതിനാൽ ആദ്യം അതു ബുദ്ധിമുട്ടായിരിക്കാം (വാ. 17). എന്നാൽ യേശുവിൽ നമുക്കു പാപത്തിന്റെ അധിനിവേശത്തെ മറികടക്കാൻ സാധിക്കും.
ഡൊണാവൂരിലെ സ്നേഹം
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. [ 1 യോഹന്നാൻ 4:8 ]
ഡൊണാവൂരിലെ സ്നേഹം
എമി കാർമൈക്കിളിന്റെ കല്ലറയുടെ സ്ഥാനത്തു സ്ഥാപിച്ചിട്ടുള്ള ബേർഡ്ബാത്തിൽ കൊത്തിവച്ചിരിക്കുന്നതു “അമ്മ” എന്ന തമിഴ് വാക്കു മാത്രമാണ്. ദേവദാസി വൃത്തിയിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിനു പെൺകുട്ടികളുടെ അഭയസ്ഥാനമായി മാറിയ ഇടമായിരുന്നു തമിഴ്നാട്ടിലെ ഡൊണാവൂരിലുള്ള അവരുടെ മിഷൻ സ്കൂൾ. അവരുടെ ആദ്യകാലങ്ങളിൽ പല രാത്രികളിലും, കൊച്ചു പെൺകുട്ടികളെ രക്ഷിക്കാനായി അവർ സാരി ധരിച്ചു സൈക്കിൾ ചവിട്ടുമായിരുന്നുവെന്നു പറയപ്പെടുന്നു. 1931-ലെ ദാരുണമായ ഒരു വീഴ്ചയെത്തുടർന്ന് അവർ കിടക്കയിലേക്കു ഒതുങ്ങിപ്പോയതിനുശേഷവും അവർ ഈ കുട്ടികളെ മറ്റുള്ളവരിലൂടെ രക്ഷിക്കുന്നതു തുടർന്നു. ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊണ്ടു തന്റെ പ്രയത്നത്തെ അവർ നിലനിർത്തുകയും സ്കൂളിനു ധനസഹായം ലഭ്യമാക്കുകയും ചെയ്തു. എന്താണ് അവരെ എമിയിലേക്ക് ആകർഷിച്ചതെന്നു കുട്ടികളോടു ചോദിച്ചപ്പോൾ, “സ്നേഹമാണു കാരണം. അമ്മ ഞങ്ങളെ സ്നേഹിച്ചു” എന്ന് അവർ പറഞ്ഞു.
എല്ലാ സദ്ഗുണങ്ങളുടെയും മാതാവ് സ്നേഹമാണെന്നു ചിലപ്പോഴൊക്കെ നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സ്നേഹം ക്രിസ്തുവിൽ അനുഭവിക്കാൻ കഴിയും, കാരണം അവൻ സ്നേഹത്തിന്റെ മൂർത്തീകരണമാണ് (വാ. 8). ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമുക്കു യഥാർഥ സ്നേഹത്തിന്റെ ഒരു നേർക്കാഴ്ച ലഭിച്ചിട്ടുണ്ട്. യേശുവിന്റെ സ്നേഹം ഉപാധികളില്ലാത്തതായിരുന്നു. അർഹതയില്ലാത്തവരെപ്പോലും അവൻ സ്നേഹിച്ചു (വാ. 11). ദൈവം നമ്മെ സ്നേഹിച്ച വിധത്തിൽ നാം സ്നേഹത്തെ വീക്ഷിക്കുമ്പോൾ, അത് എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ അതു മാറ്റുന്നു. യേശു സ്നേഹിച്ചതുപോലെ നാം സ്നേഹിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തെ യഥാർഥത്തിൽ അറിയാൻ കഴിയില്ല എന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു (വാ. 7-8).
ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27). നാം കണ്ടുമുട്ടുന്ന ഏവർക്കും സ്നേഹം ആവശ്യമാണ്. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവർക്കു പരമാർത്ഥവും കളങ്കമില്ലാത്തതുമായ സ്നേഹത്തിന്റെ അർത്ഥം കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല അവസരം ദൈവമക്കൾ എന്ന നിലയിൽ നമുക്കുണ്ട്. ഡൊണാവൂരിലെ അടിമകളായ പെൺകുട്ടികളോടുള്ള സ്നേഹത്തിന്റെ മൂർത്തിരൂപമായി മാറിയ എമിയെപ്പോലെ, നമ്മുടെ ഓരോ പ്രവൃത്തിയിലും വാക്കിലും ഇടപാടിലും യേശുവിന്റെ യഥാർത്ഥ സ്നേഹം അവതരിക്കട്ടെ. റെബേക്ക വിജയൻ
ക്രിസ്തുവിന്റെ സ്നേഹം നിങ്ങളുടെ ജീവിതത്തിൽ എപ്രകാരമാണു മാറ്റം വരുത്തിയത്? ആരെന്നതു പരിഗണിക്കാതെ ഏവർക്കും ക്രിസ്തുവിന്റെ സ്നേഹം
കാട്ടിക്കൊടുക്കാൻ നിങ്ങളെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും?
പ്രിയ യേശുവേ, പകരം യാതൊന്നും പ്രതീക്ഷിക്കാതെയും ലോകം അതിനെ
എങ്ങനെ നോക്കിക്കാണുന്നു എന്നതിനു പ്രാധാന്യം നൽകാതെയും
അങ്ങു സ്നേഹിക്കുന്ന വിധം സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ.
ശരിയായി പ്രതികരിക്കുക
ഗൗരവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “എന്തുകൊണ്ടാണ് വെള്ള വസ്ത്രം ധരിച്ച ഈ പാവം അമ്മാവനെ അവർ അടിക്കുന്നത്?” പട്ടാളക്കാരുടെ വേഷം ധരിച്ചവരുടെ ചാട്ടവാറടി ഏറ്റുകൊണ്ടു, കൃത്രിമ രക്തം ഇറ്റിറ്റു വീഴുന്ന ശരീരത്തോടെ യേശുവിന്റെ വേഷം ധരിച്ച ഒരാളെ തെരുവിലൂടെ നടത്തുന്നതു കണ്ടപ്പോൾ അവൻ ചിന്തിച്ചു. പള്ളിയുടെ ദുഃഖവെള്ളി ഘോഷയാത്രയായിരുന്നു അത്. എന്നാൽ ഗൗരവിന് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു ഈ രംഗം. ഡൗൺ സിൻഡ്രോമുള്ള കുട്ടിയായിരുന്നു ഗൗരവ്. അവന്റെ ഈ അവസ്ഥ അവനെ മറ്റുള്ളവരെക്കാൾ ഉത്കണ്ഠയും അനുകമ്പയും ഉള്ളവനാക്കിത്തീർത്തു. അമ്മയുടെ സാരിയിൽ മുഖം പൂഴ്ത്തിയ അവന്റെ ഹൃദയം അനുകമ്പയാൽ നിറഞ്ഞിരുന്നു. “മമ്മീ, ദയവായി അവരോടു നിർത്താൻ പറ!” എന്ന് അവൻ വിലപിച്ചു.
ഗൗരവിനെപ്പോലെ മനസ്സലിവുള്ളവരായിരിക്കാനാണു നമ്മെ വിളിച്ചിരിക്കുന്നത്. ചിലർക്ക് മനസ്സലിവ് അനായാസേന വരുമെങ്കിലും, ബാക്കിയുള്ളവർ അതിനായി പരിശ്രമിക്കേണ്ടതായി വരുന്നു. അവരുടെ പഴയ ജീവിതരീതി “വിട്ടുകളവിൻ” എന്നു കൊലൊസ്സ്യ സഭയ്ക്കു ശക്തമായ പ്രേരണ ലഭിച്ചു. മലിനമായതും വൃത്തികെട്ടതുമായ ഒരു വസ്ത്രം വലിച്ചെറിയുന്നതുപോലെ, കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം (വാ. 8) എന്നിവ ഉൾപ്പെടെയുള്ള അവരുടെ ഭൗമിക സ്വഭാവം ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടു. പകരം, “കൃപയും കരുണയും” നിറഞ്ഞ അവരുടെ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്ന (സങ്കീർത്തനം 145:8) മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവയുടെ ഗുണങ്ങൾ ധരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു (വാ. 12).
മനസ്സലിവ്, ദയ, താഴ്മ, സൗമ്യത എന്നിവ ഇന്നത്തെ ലോകത്തു പലപ്പോഴും ബലഹീനതകളായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റുള്ളവർ നമ്മിൽ കാണേണ്ടതും അനുഭവിക്കേണ്ടതും ഇതാണ് (വാ.12). സഹപ്രവർത്തകർ, അയൽക്കാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായുള്ള നമ്മുടെ ദൈനംദിന ഇടപെടലുകളിൽ, ഈ ഗുണങ്ങളോടുകൂടി പ്രതികരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശരിയായി പ്രതികരിക്കാൻ നാം മനപ്പൂർവ്വമായി തീരുമാനമെടുക്കണം. കാരണം, ഈ വിധത്തിലാണ് നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയുന്നത്.
ഞങ്ങളെ രക്ഷിക്കണമേ
തമിഴ് സംസ്കാരത്തിൽ ഇലകളും സസ്യങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു, പ്രത്യേകിച്ച് ആഘോഷങ്ങളിൽ. അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി വിവാഹ വേദികളുടെ പ്രവേശന കവാടത്തിൽ മിന്നുന്ന വിളക്കുകൾകൊണ്ട് അലങ്കരിച്ച വാഴകൾ സ്ഥാപിക്കാറുണ്ട്. വാതിലുകളെ അലങ്കരിക്കാൻ മാലപോലെ കോർത്ത മാവിലകൾ ഉപയോഗിക്കുന്നു. വർണ്ണാഭമായ, ബഹുവിധ വിഭവങ്ങളടങ്ങിയ ഊണു വിളമ്പാൻ വാഴയില ഒരു പ്ലേറ്റായി ഉപയോഗിക്കുന്നു. തെങ്ങോലകൾ അലങ്കാരമായി ഉപയോഗിക്കുന്നു.
യെഹൂദ്യയിലെ ആഘോഷങ്ങളിലും ഇലകൾ ഒരു സുപ്രധാന പങ്കു വഹിച്ചിരുന്നതായി കാണപ്പെടുന്നു. യേശു കഴുതപ്പുറത്തേറി യെരൂശലേമിൽ പ്രവേശിച്ചപ്പോൾ പെസഹാ പെരുന്നാൾ പുരോഗമിക്കുകയായിരുന്നു. ഈജിപ്തിൽ നിന്നു തങ്ങൾ നേടിയ മോചനം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള യെഹൂദന്മാർ ഒത്തുകൂടുന്ന ഒരു സമയമായിരുന്നു അത്. ആഘോഷത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി ഈന്തപ്പനയുടെ കുരുത്തോലകൾ ഉപയോഗിക്കുന്നത് ഒരു പാരമ്പര്യമായിരുന്നു. റോമിന്റെ ഉരുക്കുമുഷ്ടിക്കു കീഴിൽ, വളരെക്കാലം മുമ്പു മോശെ ചെയ്തതുപോലെ ഒരിക്കൽ കൂടി തങ്ങളെ രക്ഷിക്കുവാനായി വരുന്ന ഒരു മശിഹായ്ക്കായി യെഹൂദന്മാർ കാത്തിരുന്നു. അങ്ങനെ, നസറെത്തിൽ നിന്നുള്ള, അത്ഭുതപ്രവൃത്തികൾ ചെയ്യുന്ന, യേശു കഴുതപ്പുറത്തേറി വന്നപ്പോൾ അതവരിലെ പ്രത്യാശയെ ജ്വലിപ്പിച്ചു (വാ. 37). അവർ കുരുത്തോലകളുമായി വന്ന്, “ഞങ്ങളെ രക്ഷിക്കേണമേ” എന്നർത്ഥം വരുന്ന “ഹോശന്നാ” എന്നു ആർത്തുകൊണ്ടു കുരുത്തോലകൾ വീശി (മത്തായി 21:8-9). ആത്മാക്കളുടെ വീണ്ടെടുപ്പുകാരനായ തന്റെ പുത്രനിലൂടെ “തങ്ങളുടെ ആത്മാക്കളെ രക്ഷിക്കാനുള്ള” അവരുടെ ആഗ്രഹം ദൈവം അക്ഷരാർത്ഥത്തിൽ അനുവദിച്ചുകൊടുത്തു.
എന്തിൽ നിന്നാണു നമുക്കു രക്ഷ നേടേണ്ടത് എന്നതിനെ സംബന്ധിച്ചു പലപ്പോഴും നമുക്കറിയില്ല. നമ്മുടെ സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ നാം രക്ഷിക്കപ്പെടുമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ നമുക്ക് ആവശ്യമായ യഥാർത്ഥ രക്ഷ നമ്മുടെ ആത്മാക്കളെ സംബന്ധിച്ചുള്ളതാണ്. വിണ്ടെടുപ്പിനുള്ള തന്റെ അധികാരത്തെയും സ്നേഹത്തെയും കാണിക്കാനാണ് യേശു മനുഷ്യരൂപത്തിൽ വന്നത് (ലൂക്കൊസ് 19:10). ഒരു രക്ഷകനെ ആവശ്യമുള്ള മറ്റുള്ളവരുടെ ആത്മാക്കളെയും നമ്മിലൂടെ രക്ഷിക്കാനായി ക്രൂശിലെ തന്റെ യാഗത്തിലൂടെ അവൻ നമ്മുടെ ആത്മാവിനെ വീണ്ടെടുത്തു.
ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫീസ്
നിങ്ങൾ എപ്പോഴെങ്കിലും ഒഴുകിനടക്കുന്ന ഒരു പോസ്റ്റ് ഓഫീസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്കു പോകുക. ഡാൽ തടാകത്തിൽ, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ, ഒരു അതുല്യമായ “ഒഴുകിനടക്കുന്ന” പോസ്റ്റ് ഓഫീസ് ഉണ്ട്. ഇത്തരത്തിലൊരു കാഴ്ച ലോകത്തെവിടെയുമില്ല. തടാകത്തിൽ ഒറ്റയ്ക്കാണത് ഒഴുകി നടക്കുന്നതെങ്കിലും അതു യഥാർത്ഥത്തിൽ ഒറ്റയ്ക്കല്ല. രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം ഓഫീസുകളുള്ളതും ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുമായ ഇന്ത്യൻ തപാൽ സേവനത്തിന്റെ വിശാലശൃംഖലയുടെ ഭാഗമാണത്.
കൊരിന്ത്യ സഭയ്ക്ക് എഴുതുമ്പോൾ, സഭാംഗങ്ങളോടു തങ്ങളെ വ്യക്തികളായിട്ടല്ല, മറിച്ചു ഒരു വിശ്വാസസമൂഹത്തിലെ അംഗങ്ങളായി ചിന്തിക്കാൻ അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. അവരുടെ ആത്മീയ വരങ്ങളിലെ വൈവിധ്യത്തെ വിലമതിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുകയും ഈ വ്യത്യാസങ്ങളുടെ സൗന്ദര്യം ആശ്ലേഷിക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു (വാ. 4-5). ഓരോരുത്തരെയും തനിക്ക് യോഗ്യമായി തോന്നും വിധം ഉപയോഗിക്കുന്ന പരിശുദ്ധാത്മാവിന്റെ ഏകീകരിക്കുന്ന ശക്തിമൂലം (വാ. 7) ഈ വ്യത്യാസങ്ങൾ ഗുണസമ്പന്നമാണെന്നു മനസ്സിലാക്കാൻ പൗലൊസ് സഭയെ സഹായിക്കുന്നു. അവസാനമായി, തങ്ങൾ ഒറ്റയ്ക്കല്ല, മറിച്ചു വിശാലമായ ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന് അവൻ അവരെ പറഞ്ഞു മനസ്സിലാക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതിനു പകരം ഓരോരുത്തരും തനിക്കു ലഭിച്ച വരം മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കണം.
മറ്റുള്ളവരെക്കാൾ മുന്നിൽ നിൽക്കാൻ ശ്രമിക്കുന്നതു സാധാരണമെന്നു ചിന്തിക്കുന്ന ഒരു ലോകത്ത്, ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലേക്കു നാം വിളിക്കപ്പെട്ടിരിക്കുന്നു. വ്യത്യാസങ്ങൾ നിലനിൽക്കേതന്നെ നാം വിശാലമായ ഒരു ശരീരത്തിന്റെ—ദൈവസഭയുടെ—ഭാഗമാണെന്നു മനസ്സിലാക്കി ഒരുമിച്ചു പ്രവർത്തിക്കാനായി നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫീസുപോലെ, നമ്മുടെ വരങ്ങളും താലന്തുകളും കഴിവുകളും അനുപമമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയിൻ കീഴിൽ അവ ഉപയോഗിക്കുമ്പോൾ, ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളായി അവ മാറിയേക്കാം.
ദി ഇൻഡ്യാമാൻ
ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. [ 1 രാജാക്കന്മാർ 19:4 ]
ദി ഇൻഡ്യാമാൻ
50-കളിലും 60-കളിലും, ഓവർലാൻഡ് ബസ് റൂട്ടായ “ദി ഹിപ്പി ട്രെയിൽ” യൂറോപ്പിനെ ഏഷ്യയിലെ ആകർഷകമായ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചു. “പാഡി” എന്നു വിളിപ്പേരുള്ള വിരമിച്ച ഒരു ഇംഗ്ലീഷ് സൈനികൻ ഈ റൂട്ടിൽ ഒരു ബസ് ഓടിച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള തന്റെ പതിവു സന്ദർശനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. “ദി ഇൻഡ്യാമാൻ” എന്നു വിളിക്കപ്പെട്ട ബസ് ലണ്ടനിൽ നിന്നു കൽക്കട്ടയിലേക്കും തിരിച്ചു ലണ്ടനിലേക്കും സഞ്ചരിച്ചു. യാത്രയുടെ തുടക്കത്തിൽ ആവേശത്തോടെ ബസിൽ കയറിയ യാത്രക്കാർ, 60 ദിവസത്തെ യാത്രക്കൊടുവിൽ കഠിനമായ കഴുത്തു വേദനയോടും മുട്ടു വേദനയോടും കൂടിയായിരിക്കും ബസിൽ നിന്ന് ഇറങ്ങുക. പൂർണ്ണമായും ക്ഷീണിതരായി തീരുന്ന അവർ സാധാരണയായി അടുത്ത ബസിൽ തന്നെ നാട്ടിലേക്കു മടങ്ങാൻ തയ്യാറായിരുന്നു.
ഉത്സാഹിയായ ഒരു പ്രവാചകനായിരുന്നു ഏലീയാവ്. തന്റെ പ്രവചന പ്രയാണത്തിന്റെ തുടക്കത്തിൽ അവൻ വളരെ പ്രചോദിതനായിരുന്നു. എന്തുവിലകൊടുത്തും അവൻ ദൈവത്തെ അനുസരിച്ചു. ദുഷ്ട രാജാവായ ആഹാബിനെയോ അവന്റെ രാജ്ഞിയായ ഈസേബെലിനെയോ എതിർക്കാൻ അവൻ മടി കാണിച്ചില്ല. എന്നാൽ കുറച്ചു കാലത്തിനു ശേഷം ഏലീയാവിന് അപ്രകാരം തുടരാൻ കഴിയാതെ വന്നു. ഈസേബെലിന്റെ പ്രവാചകന്മാരെ കൊന്നതിന് അവൾ ഏലീയാവിന്റെ ജീവനു ഭീഷണി മുഴക്കിയതോടെ അവനു ഗത്യന്തരമില്ലാതെയായി (വാ. 2). ശാരീരികമായും വൈകാരികമായും തളർന്ന അവൻ ഇപ്രകാരം പ്രാർത്ഥിച്ചു, “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ” (വാ. 4). ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ തളർന്ന് ഉറങ്ങുമ്പോൾ, അവനെ ആർദ്രയോടെ ധൈര്യപ്പെടുത്താനും ഭക്ഷണം നൽകാനുമായി ദൈവം ഒരു ദൂതനെ അയച്ചു (വാ. 5-7). ഒരിക്കൽ കൂടി ശക്തി പ്രാപിച്ച ഏലീയാവ് ഹോരേബിലേക്കു ദിവസങ്ങളോളം നടന്നു (വാ. 8).
ഏലീയാവിനും “ദി ഇൻഡ്യാമാൻ” യാത്രികർക്കും അനുഭവപ്പെട്ട ക്ഷീണം നിങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടാകാം. നിരാശ, പരാജയം, നഷ്ടം, വിഷാദം എന്നിവയുടെ കഠിന പാതകളിലൂടെ സഞ്ചരിക്കുമ്പോൾ നാമും ക്ഷീണിതരും ആശയറ്റവരുമായി തീരുന്നു. എന്നാൽ നമ്മുടെ നിരാശയുടെ ആഴമേറിയ നിമിഷങ്ങളിൽ, നാം ദൈവത്തിന്റെ കാഴ്ചയ്ക്കു മറഞ്ഞിരിക്കുന്നില്ലെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവൻ നമ്മുടെ ആവശ്യങ്ങളെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ സഹായം വിദൂരമല്ല. റെബേക്ക വിജയൻ
ജീവിതയാത്രയിൽ നിങ്ങൾ ഇത്തരം ക്ഷീണം അനുഭവിച്ചിട്ടുണ്ടോ?
നിങ്ങൾ ക്ഷീണിതനായിരിക്കുമ്പോൾ ദൈവം നിങ്ങളെ
ഉയർത്തിയ ചില വഴികൾ എന്തൊക്കെയാണ്?
പ്രിയ യേശുവേ, എന്റെ പ്രയാണത്തിൽ ഞാൻ ശക്തി കണ്ടെത്തുന്നത് അങ്ങയിൽ മാത്രമാണെന്നതിനാൽ എന്റെ തളർച്ചയ്ക്കിടയിലും അങ്ങയുടെ അചഞ്ചല സാന്നിധ്യത്തെക്കുറിച്ചു ബോധവാനായിരിക്കാൻ എന്നെ സഹായിക്കേണമേ.
അതു വിലയേറിയതാണ്!
വില്യം കാരി സ്നാനപ്പെടുത്തിയ ആദ്യത്തെ വിശ്വാസിയായ കൃഷ്ണപാലിന്റെ സ്നാനത്തിന്റെ സുപ്രധാന സന്ദർഭത്തെക്കുറിച്ചു വില്യം കാരി: ഷൂമേക്കർ ആൻഡ് മിഷനറി എന്ന തന്റെ പുസ്തകത്തിൽ, ജോർജ്ജ് സ്മിത്ത് എഴുതുന്നുണ്ട്. ഗംഗയിലെ ചെളി നിറഞ്ഞ ജലത്തിൽ നിന്നു കൃഷ്ണപാൽ ഉയർന്നുവന്നപ്പോൾ, ഇന്ത്യൻ ദൗത്യങ്ങൾക്ക് ഒരു നാഴികക്കല്ലാകേണ്ടിയിരുന്ന ആ സംഭവം കാരിയുടെ പരിതഃസ്ഥിതികളാൽ വികലമാക്കപ്പെട്ടു. ശ്രീമതി കാരിയും അദ്ദേഹത്തിന്റെ മിഷൻ പങ്കാളിയായ ജോൺ തോമസും മാനസികമായി അസ്വസ്ഥരായിരുന്നു. എന്നിട്ടും അവരുടെ നിലവിളികൾക്കും ബഹളങ്ങൾക്കും ഇടയിൽ, നഷ്ടപ്പെട്ട ഒരു ആത്മാവു തിരികെ വന്നതിൽ സന്തോഷിച്ചുകൊണ്ട്, ആഘോഷത്തിന്റെ ഒരു ബംഗാളി സ്തുതിഗീതം ആലപിക്കാൻ കാരിക്കു സാധിച്ചു.
റോമാ സാമ്രാജ്യത്തിൽ നിന്നു ക്രിസ്ത്യാനികൾ കടുത്ത പീഡകൾ നേരിടുന്ന സമയത്താണു പൗലൊസ് റോമിലെ സഭയ്ക്കു ലേഖനമെഴുതിയത്. പൗലൊസ് അവതരിപ്പിച്ച സുവിശേഷം പ്രാവർത്തികമാക്കാൻ എളുപ്പമായിരുന്നില്ല. അതിനു വലിയ ത്യാഗം ആവശ്യമായിരുന്നു. തന്റെ മൂന്നാമത്തെ മിഷനറി യാത്രയുടെ ഏതാണ്ട് അവസാനത്തിൽ, മനുഷ്യസാധ്യമായ എല്ലാ കഷ്ടതകളും സഹിച്ച ശേഷം, പൗലൊസ് പറഞ്ഞു, “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു” (വാ. 37). അവനെ ഏൽപ്പിച്ച മഹാദൗത്യം നിമിത്തം ഉപദ്രവം, പട്ടിണി, നഗ്നത, ആപത്ത് (വാ. 35) എന്നിവ സന്തോഷത്തോടെ സഹിച്ചു. സുവിശേഷ ദൗത്യത്തിന്റെ ഒരു മുൻഗാമിയെന്ന നിലയിൽ, റോമിലെ വിശ്വാസികളെ അവരുടെ ബുദ്ധിമുട്ടുകൾ സഹിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. കാരണം ക്രിസ്തുവിന്റെ അവിശ്വസനീയമായ സ്നേഹം അതിനെ “വിലയേറിയതായി എണ്ണാൻ” സഹായിക്കുന്നു (വാ.38-39).
വില്യം കാരിയുടെയും അപ്പൊസ്തലനായ പൗലൊസിന്റെയും ത്യാഗങ്ങളെ “വിലയേറിയതായി എണ്ണാൻ” പ്രാപ്തമാക്കിയ അതേ സ്നേഹമാണ് നമുക്കും വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചു നമ്മുടെ വിശ്വാസം നിമിത്തം കഷ്ടതകൾ വരുമ്പോൾ, നാം അനുഗ്രഹിക്കപ്പെട്ടവരാണെന്നു നമുക്ക് ഓർമിക്കാം (മത്തായി 5:10). വഴങ്ങിക്കൊടുത്തുകൊണ്ടു വിട്ടുവീഴ്ച ചെയ്യാതെ, ക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി നമ്മുടെ കഷ്ടതകളെ എല്ലായ്പ്പോഴും “വിലയേറിയതായി എണ്ണാൻ” സാധിക്കുമെന്നു മനസ്സിലാക്കിക്കൊണ്ടു അവയെ അഭിമുഖീകരിക്കുക.