നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

അഞ്ചു നല്ല കാര്യങ്ങൾ

തങ്ങൾക്കുള്ളതിൽ മനപ്പൂർവ്വം നന്ദിയുള്ളവരായിരിക്കുന്ന ആളുകൾ നല്ല ഉറക്കം കിട്ടുന്നവരും കുറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരും കൂടുതൽ സന്തോഷമുള്ളവരും ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതെല്ലാം നമ്മിൽ മതിപ്പുളവാക്കുന്ന നേട്ടങ്ങളാണ്. ഓരോ ആഴ്ചയും നമ്മൾ നന്ദിയുള്ളവരായിരിക്കുന്ന അഞ്ചു കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ഒരു “കൃതജ്ഞതാ ജേണൽ’’ സൂക്ഷിക്കാൻ മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നു.

നന്ദി പറയുന്ന ശീലത്തെ തിരുവചനം മുമ്പേതന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആഹാരത്തിനും വിവാഹജീവിതത്തിനും (1 തിമൊഥെയൊസ് 4:3-5) സൃഷ്ടിയുടെ സൗന്ദര്യത്തിനും (സങ്കീർത്തനം 104) നാം നന്ദി പറയുവാനും അവയെല്ലാം ദൈവിക ദാനമാണെന്നു മനസ്സിലാക്കി ദാതാവിനു നന്ദി പറയുവാനും ബൈബിൾ നമ്മെ ആഹ്വാനം ചെയ്യുന്നു. യിസ്രായേൽ അത്യാവശ്യമായും നന്ദിപറയേണ്ട അഞ്ചു കാര്യങ്ങൾ സങ്കീർത്തനം 107 ൽ കൊടുത്തിരിക്കുന്നു: മരുഭൂമിയിൽനിന്ന് അവരെ രക്ഷിച്ചത് (വാ. 4-9), അടിമത്വത്തിൽ നിന്നുള്ള അവരുടെ മോചനം (വാ. 10-16), രോഗസൗഖ്യം (വാ. 18-22), സമുദ്രത്തിലെ സുരക്ഷിതത്വം (വാ. 23-32), വരണ്ട ഭൂമിയിൽ അവർ അഭിവൃദ്ധി പ്രാപിച്ചത് (വാ. 33-42) എന്നിവയാണവ. “യഹോവെക്കു സ്‌തോത്രം ചെയ്വിൻ’’ സങ്കീർത്തനം ആവർത്തിച്ചു പറയുന്നു, കാരണം ഇവ അവന്റെ മാറിപ്പോകാത്ത “നന്മ’’യുടെ (വാ. 8, 15, 21, 31) അടയാളങ്ങളാണ്.

നിങ്ങളുടെ അടുത്ത് കുറിപ്പെഴുതാനുള്ള കടലാസുണ്ടോ? നിങ്ങൾ നന്ദിയുള്ളവനായിരിക്കുന്ന അഞ്ചു കാര്യങ്ങൾ ഇപ്പോൾ തന്നേ എഴുതാൻ കഴിയുമോ? നിങ്ങൾ ഇപ്പോൾ കഴിച്ച ഭക്ഷണമാകാം, നിങ്ങളുടെ വിവാഹമോ അല്ലെങ്കിൽ യിസ്രായേലിനെപ്പോലെ ഇന്നുവരെ നിങ്ങളെ ദൈവം രക്ഷിച്ചതോ ആകാം. വെളിയിൽ പാടുന്ന പക്ഷികൾക്കുവേണ്ടിയും അടുക്കളയിൽനിന്നു വരുന്ന സുഗന്ധത്തിനും കസേരയിലെ സുഖകരമായ ഇരിപ്പിനും പ്രിയപ്പെട്ടവരുടെ മന്ത്രണത്തിനും വേണ്ടിയും നന്ദിപറയാൻ നിങ്ങൾക്കു കഴിയും. ഓരോന്നും ഒരു ദാനവും ദൈവത്തിന്റെ മാറാത്ത സ്‌നേഹത്തിന്റെ അടയാളവുമാണ്.

സങ്കീർത്തനം 72 നേതാക്കൾ

2022 ജൂലൈയിൽ, ഇടപാടുകളിലെ സുതാര്യതയില്ലായ്മ നിമിത്തം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവി രാജിവയ്ക്കാൻ നിർബന്ധിതനായി (പുതിയതായി സ്ഥാനമേറ്റ പ്രധാന മന്ത്രിയും ചില മാസങ്ങൾക്കുശേഷം രാജിവെച്ചു). ആരോഗ്യമന്ത്രി പാർലമെന്റിന്റെ വാർഷിക പ്രയർ ബ്രേക്ക്ഫാസ്റ്റിൽ സംബന്ധിക്കുകയും പൊതുജീവിതത്തിൽ സത്യസന്ധത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് രാജിവെച്ചതാണ് ഈ സംഭവത്തിനു തുടക്കമിട്ടത്, മറ്റു മന്ത്രിമാരും രാജിവെച്ചതോടെ താനും സ്ഥാനമൊഴിയേണ്ടതാണെന്ന് പ്രധാനമന്ത്രിക്കു ബോധ്യപ്പെട്ടു. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽനിന്ന് ഉടലെടുത്ത നിർണ്ണായക നിമിഷമായിരുന്നു അത്.

യേശുവിലുള്ള വിശ്വാസികൾ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2). അതു ചെയ്യുന്നതിനുള്ള മികച്ച വഴികാട്ടിയാണ് സങ്കീർത്തനം 72. അതിൽ ഭരണാധികാരിയുടെ ജോലിയുടെ വിവരണവും അതു നേടുന്നതിനു സഹായിക്കുന്ന ഒരു പ്രാർത്ഥനയും കൊടുത്തിരിക്കുന്നു. മാതൃകാ ഭരണാധികാരി നീതിയും സത്യസന്ധതയും പുലർത്തുന്ന വ്യക്തിയും (വാ. 1-2), എളിയവരെ സംരക്ഷിക്കുന്നവനും (വാ. 4), ദരിദ്രനെ സേവിക്കുന്നവനും (വാ. 12-13), പീഡനത്തെ എതിർക്കുന്നവനും (വാ. 14) ആയിരിക്കണം. പദവിയിലെ അവരുടെ സമയം ഉന്മേഷദായകമാണ്. അതു ഭൂമിയെ നനെക്കുന്ന വന്മഴപോലെ (വാ. 6), ദേശത്തു സമൃദ്ധി വരുത്തും (വാ. 3,7,16). മശിഹായ്ക്കു മാത്രമേ ഇത്തരമൊരു പദവി സമ്പൂർണ്ണമായി നിർവഹിക്കാൻ കഴിയുകയുള്ളു (വാ. 11) എന്നിരിക്കിലും ഇതിലും മികച്ച ഏതൊരു നേതൃത്വ നിലവാരമാണ് നമുക്കു ലക്ഷ്യം വയ്ക്കാൻ കഴിയുക?

ദേശത്തിന്റെ ആരോഗ്യം അതിലെ ഭരണാധികാരികളുടെ സത്യസന്ധതയാലാണ് നിലനിർത്തപ്പെടുന്നത്. നമ്മുടെ രാജ്യത്തിനായി “സങ്കീർത്തനം 72 നേതാക്കളെ’’ നമുക്കു തേടാം; ഒപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന സ്വഭാവ വൈശിഷ്ട്യങ്ങൾ അവരിൽ വിളങ്ങുന്നതിന് അവരെ സഹായിക്കാം.

സ്രഷ്ടാവിനെ ഓർക്കുക

തനിക്ക് മരണകരമായ കാൻസർ ആണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള ഒരു നോവൽ ഈയിടെ ഞാൻ വായിച്ചു. യാഥാർത്ഥ്യം അംഗീകരിച്ച് പ്രവർത്തിക്കാൻ നിക്കോളായുടെ സുഹൃത്തുക്കൾ അവളെ നിർബന്ധിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ധാരാളം കഴിവുകളും സമ്പത്തും ഉണ്ടായിരുന്നെങ്കിലും അവൾ പരിതപിച്ചു: "ഞാൻ എന്റെ ജീവിതം നഷ്ടമാക്കി. ഒന്നും നേടാനായില്ല. വെറുതെ സമയം പാഴാക്കി. ഒന്നും ചെയ്തില്ല" എന്നൊക്കെ. ഒന്നും നേടാനായില്ല എന്ന് തോന്നുന്നതിനാൽ ഈ ലോകം വിട്ടു പോകുന്നു എന്ന ചിന്ത  അവൾക്ക് ഉൾക്കൊള്ളാനാകാത്ത  വേദനയായി.

ഈ സമയത്ത് തന്നെ ഞാൻ സഭാപ്രസംഗി വായിച്ചപ്പോൾ ഇതിനെതിരായ ആഹ്വാനം കണ്ട് ഞാൻ സ്തബ്ധനായി. മരണമെന്ന യാഥാർത്ഥ്യത്തെ അത് ശക്തമായി ബോധ്യപ്പെടുത്തുന്നു. എല്ലാവരും പോകുന്ന പാതാളം എന്ന യാഥാർത്ഥ്യം (9:10) നമുക്ക് പ്രയാസകരമെങ്കിലും അഭിമുഖീകരിച്ചേ മതിയാകൂ (9:2). അതുകൊണ്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും വിലയേറിയതായി കാണണം (വാ.4). ഭക്ഷണവും കുടുംബ സൗഹൃദവും ഒക്കെ ബോധപൂർവ്വം ആസ്വദിക്കണം (വാ. 7-9). ചെയ്യാവുന്ന പ്രവൃത്തിയൊക്കെ ചെയ്യണം (വാ.10). പറ്റുന്ന എല്ലാ സംരഭവും സാഹസപൂർവം ഏറ്റെടുക്കണം (11:1,6). ഒരു ദിവസം ദൈവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടതാണ് എന്ന ബോധ്യത്തിൽ എല്ലാം ചെയ്യണം (11: 9; 12:13-14).

നിക്കോളാ വളരെ വിശ്വസ്തയും ഔദാര്യമുള്ളവളും ആയിരുന്നതുകൊണ്ട് അവളുടെ ജീവിതം ഒരിക്കലും നഷ്ടമായിരുന്നില്ല എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചു. സഭാപ്രസംഗിയുടെ വാക്കുകൾ നമ്മുടെ ജീവിതാന്ത്യത്തിലും ഇങ്ങനെയൊരു സംഘർഷം വരാതെ സഹായിക്കും; സ്രഷ്ടാവിനെ ഓർക്കുക(12:1), അവന്റെ വഴികളെ അനുഗമിക്കുക, ജീവിക്കാനും ദൈവം നല്കുന്നതിനെയെല്ലാം സ്നേഹിക്കാനും ഉള്ള ഏത് അവസരവും ആസ്വദിക്കുക.

മതിലിന്മേലുള്ള മാലാഖമാർ

ശോഷിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ളണ്ടിലെ ഒരു സഭയെ നയിക്കാൻ വാലസും മേരി ബ്രൗണും ഇംഗ്ലണ്ടിന്റെ അവികസിതമായ ഒരു ഭാഗത്തേക്ക് താമസം മാറി, എന്നാൽ  പള്ളി പരിസരത്തും അവരുടെ വീട്ടിലും ഗുണ്ടാസംഘങ്ങൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ അവരുടെ ജനാലകളിലൂടെ ഇഷ്ടിക എറിയുകയും അവരുടെ വേലികൾ കത്തിക്കുകയും അവരുടെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങളോളം ഈ പീഡനം തുടർന്നുവെങ്കിലും പോലീസിന് അത് തടയാൻ കഴിഞ്ഞില്ല.

 യെരൂശലേമിന്റെ തകർന്ന മതിലുകൾ ഇസ്രായേല്യർ എങ്ങനെ പുനർനിർമിച്ചുവെന്ന് നെഹെമിയയുടെ പുസ്തകം വിവരിക്കുന്നു. പ്രദേശവാസികൾ "കലക്കം വരുത്തേണ്ടതിന്നും" അക്രമത്തിലൂടെ ഭീഷണിപ്പെടുത്താനും   തുടങ്ങിയപ്പോൾ (നെഹെമിയ 4:8), ഇസ്രായേല്യർ “ദൈവത്തോടു പ്രാർത്ഥിച്ചു;...കാവൽക്കാരെ ആക്കേണ്ടിവന്നു..” (വാക്യം 9) തങ്ങളെ നയിക്കാൻ ദൈവം ഈ ഭാഗം ഉപയോഗിച്ചിരിക്കുന്നുവെന്നു തോന്നിയ ബ്രൌന്നും അവരുടെ കുട്ടികളും മറ്റ് ചിലരും അവരുടെ പള്ളിയുടെ മതിലുകൾക്ക് ചുറ്റും നടന്നു, അവരെ സംരക്ഷിക്കാൻ മാലാഖമാരെ കാവൽക്കാരായി നിയോഗിക്കണമെന്ന് പ്രാർത്ഥിച്ചു. ഗുണ്ടാസംഘം പരിഹസിച്ചെങ്കിലും പിറ്റേന്ന് അവരിൽ പകുതിയോളം പേർ മാത്രമാണ് അവിടെ എത്തിയത്. പിറ്റേന്ന് അഞ്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അതിന്റെ പിറ്റേന്ന് ആരും വന്നില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഗുണ്ടാസംഘം പിന്തിരിഞ്ഞതായി ബ്രൌൺസ് പിന്നീട് കേട്ടു.

പ്രാർത്ഥനയ്ക്കുള്ള ഈ അത്ഭുതകരമായ ഉത്തരം നമ്മുടെ സ്വന്തം സംരക്ഷണത്തിനുള്ള ഒരു സൂത്രവാക്യമല്ല, മറിച്ച് ദൈവത്തിന്റെ വേലയ്ക്ക് എതിർപ്പ് വരുമെന്നും, പ്രാർത്ഥനയുടെ ആയുധം ഉപയോഗിച്ച് പോരാടണമെന്നും ഇത് ഓർമ്മപ്പെടുത്തുന്നു. "വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക", നെഹെമ്യാവ് ഇസ്രായേല്യരോട് പറഞ്ഞു. (വാ.14). അക്രമാസക്തമായ ഹൃദയങ്ങളെ പോലും സ്വതന്ത്രമാക്കാൻ ദൈവത്തിനു കഴിയും. 

ക്രിസ്തുവിൽ ആഴത്തിലുള്ള സൗഹൃദം

പതിനേഴാം നൂറ്റാണ്ടിലെ രണ്ട് ഡോക്ടർമാരായ ജോൺ ഫിഞ്ച്, തോമസ് ബെയ്ൻസ് എന്നിവർക്കായി നിർമ്മിച്ചിരിക്കുന്ന ഒരു സ്മാരകം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ക്രൈസ്റ്റ്സ് കോളേജിലെ ചാപ്പലിൽ ഉണ്ട്. "വേർപെടുത്താനാവാത്ത സുഹൃത്തുക്കൾ" എന്നറിയപ്പെടുന്ന ഫിഞ്ചും ബെയ്നസും മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കുകയും നയതന്ത്ര യാത്രകളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. 1680-ൽ ബെയ്ൻസ് മരിച്ചപ്പോൾ, മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന അവരുടെ "ആത്മാക്കളുടെ ഉടയാത്ത വിവാഹത്തെക്കുറിച്ച്" ഫിഞ്ച് വിലപിച്ചു. വാത്സല്യത്തിന്റെയും, വിശ്വസ്തതയുടെയും, പ്രതിബദ്ധതയുടെയും സൌഹൃദമായിരുന്നു അവരുടേത്.

ദാവീദ് രാജാവും യോനാഥാനും തമ്മിൽ അടുത്ത സൌഹൃദമുണ്ടായിരുന്നു. അവർ ആഴത്തിലുള്ള പരസ്പര സ്നേഹം പങ്കിട്ടു (1 ശമൂവേൽ 20:41) ഒപ്പം പരസ്പരം പ്രതിബദ്ധത പ്രതിജ്ഞ പോലും ചെയ്തു (വാ. 8–17, 42). ദാവീദിന് രാജാവാകാൻ യോനാഥാൻ തന്റെ സിംഹാസനത്തിനുള്ള അവകാശം പോലും ത്യജിച്ചു എന്നത് (20:30–31; കാണുക 23:15–18) അവരുടെ പൂർണ്ണമായ വിശ്വസ്തതയെ കാണിക്കുന്നു. (1 ശമൂവേൽ 19:1-2; 20:13). യോനാഥാൻ മരിച്ചപ്പോൾ, തന്നോടുള്ള യോനാഥാന്റെ സ്നേഹം "കളത്രപ്രേമത്തിലും വിസ്മയമേറിയത്" എന്ന് ദാവീദ് വിലപിച്ചു. (2 ശമൂവേൽ 1:26).

സൌഹൃദത്തെ വിവാഹവുമായി ഉപമിക്കുന്നത് ഇന്ന് നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ ഫിഞ്ച്, ബെയ്ൻസ്, ഡേവിഡ്, യോനാഥൻ എന്നിവരുടെ സൌഹൃദങ്ങൾ നമ്മുടെ സൌഹൃദത്തെ കൂടുതൽ ആഴത്തിൽ എത്താൻ സഹായിച്ചേക്കാം.  തന്നിൽ ചാരുവാൻ യേശു തന്റെ സുഹൃത്തുക്കളെ സ്വാഗതം ചെയ്തു (യോഹന്നാൻ 13:23-25). അവൻ നമ്മോട് കാണിക്കുന്ന വാത്സല്യവും വിശ്വസ്തതയും പ്രതിബദ്ധതയുമാണ് നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ആഴത്തിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം.

യേശുവിനുവേണ്ടി മറ്റുള്ളവരെ സേവിക്കുക

ഒറിജിനൽ സ്റ്റാർ ട്രെക്ക് സീരീസിൽ ലെഫ്റ്റനന്റ് ഉഹുറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നടി നിഷേൽ നിക്കോൾസ് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിക്കോൾസിന് ഈ വേഷം ലഭിച്ചത് ഒരു വ്യക്തിഗത വിജയമായിരുന്നു, ഒരു പ്രധാന ടിവി ഷോയിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതകളിൽ ഒരാളായി അത് അവളെ മാറ്റി. എന്നാൽ അതിലും വലിയ വിജയം വരാനിരിക്കുകയായിരുന്നു.

നിക്കോൾസ് യഥാർത്ഥത്തിൽ സ്റ്റാർ ട്രെക്ക് -ന്റെ ആദ്യ സീസണിന് ശേഷം തന്റെ തിയേറ്റർ ജോലിയിലേക്ക് മടങ്ങാൻ അതിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ പിന്നീട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അവളെ കണ്ടപ്പോൾ, പോകരുതെന്ന് അവളെ പ്രേരിപ്പിച്ചു. എന്തും ചെയ്യാൻ കഴിയുന്ന, ബഹിരാകാശത്തേക്ക് പോലും പോകാൻ കഴിവുള്ള ബുദ്ധിയുള്ളവരായി ആഫ്രിക്കൻ അമേരിക്കക്കാരെ ടിവിയിൽ കാണുന്നത് ആദ്യമായിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു, ലെഫ്റ്റനന്റ് ഉഹുറയുടെ വേഷം ചെയ്യുന്നതിലൂടെ നിക്കോൾസ് ഒരു മികച്ച വിജയം നേടുകയായിരുന്നു—കറുത്ത സ്ത്രീകൾക്കും കുട്ടികൾക്കും എന്തായിത്തീരുവാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്.

യാക്കോബും യോഹന്നാനും യേശുവിനോട് അവന്റെ രാജ്യത്തിലെ ഏറ്റവും മികച്ച രണ്ട് സ്ഥാനങ്ങൾ ചോദിച്ച കാര്യം ഞാൻ ഓർക്കുന്നു. (മർക്കോസ് 10:37). അത്തരം സ്ഥാനങ്ങൾ ലഭിക്കുന്നത് എത്ര വലിയ നേട്ടമായിരിക്കും! യേശു അവരുടെ അഭ്യർത്ഥനയുടെ വേദനാജനകമായ യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുക മാത്രമല്ല (വാ. 38-40) "നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;" (വാക്യം 43) എന്ന് പറഞ്ഞുകൊണ്ട് അവർക്ക് ഉന്നതമായ കാഴ്ചപ്പാടുകൾ നൽകി. അവന്റെ അനുയായികൾ വ്യക്തിപരമായ നേട്ടങ്ങൾ മാത്രം തേടുകയല്ല, അവനെപ്പോലെ, മറ്റുള്ളവരെ സേവിക്കാൻ അവരുടെ സ്ഥാനങ്ങൾ ഉപയോഗിക്കണം എന്ന് യേശു ഉപദേശിച്ചു. (വാക്യം 45).

ആഫ്രിക്കൻ അമേരിക്കക്കാർക്ക് മികച്ച വിജയം ലഭിക്കുന്നതിനായി നിഷേൽ നിക്കോൾസ് സ്റ്റാർ ട്രെക്ക് സീരീസിനൊപ്പം തുടർന്നു. നമ്മളും വ്യക്തിപരമായ വിജയത്തിൽ മാത്രം തൃപ്തരാകാതെ, നാം നേടുന്ന ഏതു സ്ഥാനവും ദൈവത്തിന്റെ നാമത്തിൽ മറ്റുള്ളവരെ സേവിക്കാൻ ഉപയോഗിക്കാൻ ഇടയാകട്ടെ.

ക്രിസ്തുമസിന് ശേഷമുള്ള ദിവസം

ക്രിസ്തുമ സ് ദിനത്തിന്റെ എല്ലാ സന്തോഷത്തിനും ശേഷം, അടുത്ത ദിവസം ഒരു നിരാശ പോലെ തോന്നി. ഞങ്ങൾ രാത്രി മുഴുവനും സുഹൃത്തുക്കളോടൊപ്പമായിരുന്നു, പക്ഷേ നന്നായി ഉറങ്ങിയിരുന്നില്ല. തുടർന്ന് വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങളുടെ കാർ കേടായി. പിന്നെ മഞ്ഞു പെയ്യാൻ തുടങ്ങി. ഞങ്ങൾ കാർ ഉപേക്ഷിച്ച്, ടാക്‌സിയിൽ വീട്ടിലേക്ക് പോയി.

ക്രിസ്തുമ സ് ദിനത്തിന് ശേഷം നമ്മൾ മാത്രമല്ല നിരാശ അനുഭവിക്കുന്നത്. അമിതമായ ഭക്ഷണം കൊണ്ടോ, റേഡിയോയിൽ നിന്ന് കരോളുകൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന രീതിയിലോ, കഴിഞ്ഞ ആഴ്ച വാങ്ങിയ സമ്മാനങ്ങൾക്ക് ഇപ്പോൾ പകുതി വിലയായത് മനസ്സിലാക്കിയോ, ക്രിസ്തുമസ് ദിനത്തിന്റെ മാന്ത്രികത പെട്ടെന്ന് അപ്രത്യക്ഷമാകും!

യേശുവിന്റെ ജനനത്തിനു ശേഷമുള്ള ദിവസത്തെക്കുറിച്ച് ബൈബിൾ ഒരിക്കലും പറയുന്നില്ല. പക്ഷേ, ബെത്‌ലഹേമിലേക്കുള്ള നടചപ്പും താമസസൗകര്യത്തിനായുള്ള അലച്ചിലും മറിയയുടെ പ്രസവ വേദനയും, മുൻകൂട്ടി പറയാതെയുള്ള ആട്ടിടയന്മാരുടെ സന്ദർശനവും എല്ലാം നിമിത്തം (ലൂക്കൊ. 2:4-18) മറിയയും യോസേഫും തളർന്നുപോയതായി നമുക്ക് ഊഹിക്കാം. എന്നിട്ടും മറിയ തന്റെ നവജാതശിശുവിനെ തൊട്ടിലിൽ കിടത്തുമ്പോൾ, ദൂതന്മാരുടെ സന്ദർശനം (1:30-33), എലിശബേത്തിന്റെ അനുഗ്രഹം (വാ. 42-45), അവളുടെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള അവളുടെ സ്വന്തം തിരിച്ചറിവ് (വാ. 46-55) എന്നിവയെക്കുറിച്ച് അവൾ ചിന്തിക്കുന്നതായി എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. മറിയ അത്തരം കാര്യങ്ങൾ അവളുടെ ഹൃദയത്തിൽ “ധ്യാനിച്ചു’’ (2:19), അത് അന്നത്തെ ക്ഷീണവും ശാരീരിക വേദനയും ലഘൂകരിച്ചിരിക്കണം.

നമുക്കെല്ലാവർക്കും “നിരാശ’’ ദിവസങ്ങൾ ഉണ്ടാകും, ഒരുപക്ഷേ ക്രിസ്തുമസിന് ശേഷമുള്ള ദിവസം പോലും അങ്ങനെയാകാം. മറിയയെപ്പോലെ, നമ്മുടെ ലോകത്തിലേക്ക് വന്നവനെ ധ്യാനിച്ചുകൊണ്ട് നമുക്ക് അവയെ അഭിമുഖീകരിക്കാം, അവന്റെ സാന്നിധ്യത്താൽ ദിവസത്തെ എന്നേക്കുമായി പ്രകാശിപ്പിക്കുക.

 

ക്രിസ്തുമസ് ധർമ്മസങ്കടം

ഡേവിഡിനും ആൻഗിക്കും വിദേശത്തേക്ക് പോകാൻ തങ്ങൾ വിളിക്കപ്പെട്ടതായി തോന്നി. തുടർന്നുണ്ടായ ഫലവത്തായ ശുശ്രൂഷ അത് സ്ഥിരീകരിക്കുന്നതായി തോന്നി. എന്നാൽ അവരുടെ നീക്കത്തിന് ഒരു പോരായ്മ ഉണ്ടായിരുന്നു. ഡേവിഡിന്റെ പ്രായമായ മാതാപിതാക്കൾ ഇപ്പോൾ തനിയെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ഡേവിഡും ആൻഗിയും തന്റെ മാതാപിതാക്കളുടെ ക്രിസ്തുമസ് ദിന ഏകാന്തത ലഘൂകരിക്കാൻ കഴിയുന്നതെല്ലാം ചെയ്തു - സമ്മാനങ്ങൾ നേരത്തെ പോസ്റ്റ് ചെയ്തും ക്രിസ്തുമസ് രാവിലെ ഫോണിൽ സംസാരിച്ചും. എന്നാൽ അവന്റെ മാതാപിതാക്കൾ ശരിക്കും ആഗ്രഹിച്ചത് അവരെ ആയിരുന്നു. ഡേവിഡിന്റെ വരുമാനം ഇടയ്ക്കിടെ വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിനാൽ, അവർക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഡേവിഡിന് ജ്ഞാനം ആവശ്യമായിരുന്നു.

സദൃശവാക്യങ്ങൾ 3, ജ്ഞാനാന്വേഷണത്തിലെ ഒരു ക്രാഷ് കോഴ്‌സാണ്. നമ്മുടെ സാഹചര്യങ്ങൾ ദൈവത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ അത് എങ്ങനെ സ്വീകരിക്കാമെന്ന് കാണിക്കുന്നു (വാ. 5-6), അതിന്റെ വിവിധ ഗുണങ്ങളായ സ്‌നേഹവും വിശ്വസ്തതയും വിവരിക്കുന്നു (വാ. 3-4, 7-12), സമാധാനവും ദീർഘായുസ്സും അതിന്റെ പ്രയോജനങ്ങളാണ് (വാ. 13-18). ഹൃദയസ്പർശിയായ ഒരു കുറിപ്പിൽ, ദൈവം നമ്മെ “തന്റെ സഖ്യതയിലേക്ക്’’ അടുപ്പിക്കുന്നു (വാക്യം 32). തന്നോട് അടുപ്പമുള്ളവരോട് അവൻ തന്റെ പരിഹാരങ്ങൾ മന്ത്രിക്കുന്നു.

ഒരു രാത്രി തന്റെ പ്രശ്‌നത്തെക്കുറിച്ച് പ്രാർത്ഥിച്ചപ്പോൾ ഡേവിഡിന് ഒരു ആശയം തോന്നി. അടുത്ത ക്രിസ്തുമസ് ദിനത്തിൽ, അവനും ആൻഗിയും അവരുടെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച്, മേശ അലങ്കരിച്ച്, അത്താഴം വിളമ്പി. ഡേവിഡിന്റെ മാതാപിതാക്കളും അതുതന്നെ ചെയ്തു. പിന്നെ, ഓരോ മേശയിലും ഒരു ലാപ്‌ടോപ്പ് വെച്ചുകൊണ്ട്, വീഡിയോ ലിങ്ക് വഴി അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഏതാണ്ട് ഒരേ മുറിയിലാണെന്ന് അവർക്കു തോന്നി. അന്നുമുതൽ ഇതൊരു കുടുംബ പാരമ്പര്യമായി മാറി.

ദൈവം ദാവീദിനെ വിശ്വാസത്തിലെടുക്കുകയും അവന് ജ്ഞാനം നൽകുകയും ചെയ്തു. നമ്മുടെ പ്രശ്‌നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ മന്ത്രിക്കാൻ അവൻ ഇഷ്ടപ്പെടുന്നു.

 

തിളങ്ങുന്ന നക്ഷത്രങ്ങൾ

നഗരത്തിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിന്റെ ദാരിദ്ര്യമായിരുന്നു. അടുത്തതായി, അതിലെ മദ്യക്കടകൾ, “ചേരികൾ,'' മറ്റുള്ളവരിൽ നിന്ന് പണം സമ്പാദിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഭീമൻ പരസ്യബോർഡുകൾ. ഞാൻ മുമ്പ് നിരവധി നിഴൽ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഇത് അതിനെക്കാളെല്ലാം താഴ്ന്ന നിലയിലുള്ളതായി തോന്നി.

എന്നിരുന്നാലും, പിറ്റേന്ന് രാവിലെ ഒരു ടാക്‌സി ഡ്രൈവറോട് സംസാരിച്ചപ്പോൾ എന്റെ മാനസികാവസ്ഥ മെച്ചപ്പെട്ടു. ''എന്നെ സഹായിക്കുന്നതിനായി ആഗ്രഹിക്കുന്ന ആളുകളെ അയയ്ക്കാൻ ഞാൻ എല്ലാ ദിവസവും ദൈവത്തോട് അപേക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു. മയക്കുമരുന്നടിമകൾ, വേശ്യകൾ, തകർന്ന വീടുകളിൽ നിന്നുള്ള ആളുകൾ അവരുടെ പ്രശ്‌നങ്ങൾ കണ്ണീരോടെ എന്നോട് പറയുന്നു. ഞാൻ വണ്ടി നിർത്തുന്നു. ഞാൻ കേൾക്കുന്നു. അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇതാണ് എന്റെ ശുശ്രൂഷ.''

നമ്മുടെ വീണുപോയ ലോകത്തിലേക്കുള്ള യേശുവിന്റെ വരവ് വിവരിച്ച ശേഷം (ഫിലിപ്പിയർ 2:5-8), അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ഒരു വിളി നൽകുന്നു. നാം ദൈവഹിതം പിന്തുടരുകയും (വാ.13) “ജീവന്റെ വചനം’’-സുവിശേഷം - (വാ. 16) മുറുകെ പിടിക്കുകയും ചെയ്യുമ്പോൾ, നാം 'വക്രതയും കോട്ടവുമുള്ള തലമുറയിൽ അനിന്ദ്യരും പരമാർത്ഥികളുമായ ദൈവമക്കൾ' ആയിരിക്കും. അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു’’ (വാ. 15). ആ ടാക്‌സി ഡ്രൈവറെപ്പോലെ നമ്മൾ യേശുവിന്റെ വെളിച്ചം ഇരുട്ടിലേക്ക് കൊണ്ടുവരണം.

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ലോകത്തെ മാറ്റാൻ വിശ്വസ്തതയോടെ ജീവിച്ചാൽ മതിയെന്ന് ചരിത്രകാരനായ ക്രിസ്റ്റഫർ ഡോസൺ പറഞ്ഞു, കാരണം ആ ജീവതത്തിൽ “ദൈവിക ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു.’’ ലോകത്തിലെ ഏറ്റവും അന്ധകാരമായ സ്ഥലങ്ങളിൽ അവിടുത്തെ പ്രകാശം പരത്തിക്കൊണ്ട് യേശുവിന്റെ ജനമായി വിശ്വസ്തതയോടെ ജീവിക്കാൻ നമ്മെ ശക്തരാക്കുവാൻ ദൈവാത്മാവിനോട് നമുക്ക് അപേക്ഷിക്കാം.

എല്ലാവരും ആരാധിക്കുന്നു

ഞാൻ അടുത്തിടെ ഗ്രീസിലെ ഏഥൻസ് സന്ദർശിച്ചു. തത്ത്വചിന്തകർ പഠിപ്പിക്കുവാനും ഏഥൻസുകാർ ആരാധിക്കുവാനും ഒത്തുകൂടിയിരുന്ന അതിന്റെ പുരാതന അഗോറ (ചന്ത)യ്ക്കു ചുറ്റും നടക്കുമ്പോൾ, അപ്പോളോയ്ക്കും സ്യൂൂസിനും വേണ്ടിയുള്ള ബലിപീഠങ്ങൾ കണ്ടെത്തി. എല്ലാം അക്രോപോലീസിന്റെ നിഴലിലായിരുന്നു. അഥേന ദേവിയുടെ ഒരു പ്രതിമയും അവിടെ ഉണ്ടായിരുന്നു.

ഇന്ന് നമ്മൾ അപ്പോളോയെയോ സ്യൂസിനെയോ വണങ്ങുന്നിഅല്ലായിരിക്കാം, പക്ഷേ സമൂഹം മതപരമായ കാര്യത്തിൽ അതിലൊട്ടും പിന്നിലല്ല. “എല്ലാവരും ആരാധിക്കുന്നു,'' നോവലിസ്റ്റ് ഡേവിഡ് ഫോസ്റ്റർ വാലസ് പറഞ്ഞു എന്നിട്ട് ഈ മുന്നറിയിപ്പ് അദ്ദേഹം കൂട്ടിച്ചേർത്തു: ''നിങ്ങൾ പണത്തെയും വസ്തുക്കളെയും ആരാധിക്കുകയാണെങ്കിൽ . . . അപ്പോൾ നിങ്ങൾക്ക് ഒരിക്കലും മതിവരില്ല. . . . നിങ്ങളുടെ ശരീരത്തെയും സൗന്ദര്യത്തെയും ആരാധിക്കുക. . . നിങ്ങൾക്ക് എപ്പോഴും വൃത്തികെട്ടതായി തോന്നുും. . . . നിങ്ങളുടെ ബുദ്ധിയെ ആരാധിക്കുക. . . നിങ്ങൾ മണ്ടരാണെന്നു തോന്നും.'' നമ്മുടെ മതേതര ലോകത്തിന് അതിന്റേതായ ദൈവങ്ങളുണ്ട്, അവർ ദയയുള്ളവരല്ല.

അഗോറ സന്ദർശിച്ചപ്പോൾ പൗലോസ് പറഞ്ഞു, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു’’ (പ്രവൃത്തികൾ 17:22). എല്ലാവരുടെയും സ്രഷ്ടാവായ ഏക സത്യദൈവത്തെക്കുറിച്ച് അപ്പൊസ്തലൻ വിവരിച്ചു (വാ. 24-26), മനുഷ്യർ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവനും യേശുവിന്റെ പുനരുത്ഥാനത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയവനുമായ ദൈവമാണവൻ (വാക്യം 31). അപ്പോളോയെയും സ്യൂസിനെയും പോലെ, ഈ ദൈവം മാനുഷിക കൈകളാൽ നിർമ്മിക്കപ്പെട്ടവനല്ല. പണം, നേട്ടം, ബുദ്ധി എന്നിവയെ പോലെയല്ല, അവനെ ആരാധിക്കുന്നത് നമ്മെ നശിപ്പിക്കയില്ല.

നമുക്ക് ലക്ഷ്യവും സുരക്ഷിതത്വവും നൽകാൻ നാം ആശ്രയിക്കുന്നതെന്തും നമ്മുടെ 'ദൈവം' ആണ്. ഭാഗ്യവശാൽ, എല്ലാ ഭൗമിക ദൈവങ്ങളും നമ്മെ പരാജയപ്പെടുത്തുമ്പോൾ, ഏക സത്യദൈവം നമുക്കു കണ്ടെത്താൻ കഴിയുംവിധം അടുത്തിരിക്കുന്നവനാണ് (വാ. 27).