നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

ഋതുക്കൾ

ഈയിടെ ഞാൻ സഹായകരമായ ഒരു വാക്ക് കണ്ടു: ശിശിരനിദ്ര. പ്രകൃതിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാലം മന്ദഗതിയിലായിരിക്കുന്നതുപോലെ, ജീവിതത്തിന്റെ ''തണുത്ത'' സീസണുകളിൽ വിശ്രമിക്കാനും സുഖം പ്രാപിക്കാനുമുള്ള നമ്മുടെ ആവശ്യത്തെ വിവരിക്കാൻ എഴുത്തുകാരനായ കാതറിൻ മേ ഈ വാക്ക് ഉപയോഗിക്കുന്നു. ക്യാൻസർ ബാധിച്ച് എന്റെ പിതാവ് കടന്നുപോയതിനുശേഷം - മാസങ്ങളോളം അദ്ദഹത്തെ ശുശ്രൂഷിച്ചതിലൂടെ എന്നിലെ ഊർജം നഷ്ടപ്പെട്ടിരുന്നു - ഈ സാദൃശ്യം സഹായകരമായി. ഈ നിർബന്ധിത വേഗത കുറയ്ക്കുന്നതിൽ നീരസപ്പെട്ടുകൊണ്ടും, വേനൽക്കാല ജീവിതം വേഗത്തിൽ തിരികെ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ഞാൻ എന്റെ ശിശിരകാലത്തിനെതിരെ പോരാടി. പക്ഷേ എനിക്ക് ഒരുപാട് പഠിക്കാനുണ്ടായിരുന്നു.

''ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്'' എന്ന് സഭാപ്രസംഗിയുടെ പ്രസിദ്ധമായ വാക്കുകൾ പറയുന്നു - നടാനും കൊയ്യാനും കരയാനും ചിരിക്കാനും വിലപിക്കാനും നൃത്തം ചെയ്യാനും ഒരു സമയം ഉണ്ട് (3:1-4). വർഷങ്ങളായി ഞാൻ ഈ വാക്കുകൾ വായിച്ചിരുന്നു, പക്ഷേ എന്റെ ശൈത്യകാലത്ത് മാത്രമാണ് ഞാൻ അവ മനസ്സിലാക്കാൻ തുടങ്ങിയത്. നമുക്ക് അവയുടെ മേൽ നിയന്ത്രണമില്ലെങ്കിലും, ഓരോ സീസണും പരിധിയുള്ളതാണ്, അതിന്റെ ജോലി പൂർത്തിയാകുമ്പോൾ അത് കടന്നുപോകും. അവ എന്താണെന്ന് നമുക്ക് എല്ലായ്‌പ്പോഴും മനസ്സിലാക്കാൻ കഴിയില്ലെങ്കിലും, അവയിലൂടെ ദൈവം നമ്മിൽ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നുണ്ട് (വാ. 11). എന്റെ വിലാപകാലം അവസാനിച്ചിട്ടില്ല. അത് കഴിയുമ്പോൾ നൃത്തം തിരിച്ചുവരും. സസ്യങ്ങളും മൃഗങ്ങളും ശൈത്യകാലത്തോട് പോരാടാത്തതുപോലെ, ഞാനും സ്വസ്ഥമായിരിക്കുകയും അത് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ അനുവദിക്കുകയും വേണം.

''കർത്താവേ,'' ഒരു സുഹൃത്ത് പ്രാർത്ഥിച്ചു, “ഈ ദുഷ്‌കരമായ സമയത്ത് അങ്ങ് ഷെരിദാനിൽ അങ്ങയുടെ നല്ല പ്രവൃത്തി ചെയ്യുമോ?'' എന്റേതിനേക്കാൾ നല്ല പ്രാർത്ഥനയായിരുന്നു അത്. കാരണം, ദൈവത്തിന്റെ കൈകളിൽ ഋതുക്കൾ ലക്ഷ്യബോധമുള്ള കാര്യങ്ങളാണ്. ഓരോന്നിലും അവന്റെ നവീകരണ പ്രവർത്തനത്തിന് നമുക്കു കീഴടങ്ങാം. 

സത്യാന്വേഷികൾ

തന്റെ സഭയെ തകർക്കുന്ന ഒരു അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഒരിക്കൽ ഒരു സ്ത്രീ എന്നോട് പറഞ്ഞു. 'എന്തിനെക്കുറിച്ചാണ് വിയോജിപ്പ്?' ഞാൻ ചോദിച്ചു. 'ഭൂമി പരന്നതാണോ എന്നതിനെക്കുറിച്ച്,' അവൾ പറഞ്ഞു. ഏതാനും മാസങ്ങൾക്കുശേഷം, ഒരു റസ്റ്റോറന്റിന്റെ പിൻമുറിയിൽ കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയിച്ച് കുട്ടികളെ രക്ഷിക്കാൻ ആയുധധാരിയായി അതിക്രമിച്ചുകയറിയ ഒരു ക്രിസ്ത്യാനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നു. അവിടെ അങ്ങനെ ഒരു മുറിയുണ്ടായിരുന്നില്ല, അയാളെ അറസ്റ്റ് ചെയ്തു. രണ്ട് സാഹചര്യങ്ങളിലും, ഉൾപ്പെട്ട ആളുകൾ ഇന്റർനെറ്റിൽ വായിച്ച ഗൂഢാലോചന സിദ്ധാന്തങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയായിരുന്നു. 

യേശുവിൽ വിശ്വസിക്കുന്നവർ നല്ല പൗരന്മാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു (റോമർ 13:1-7), നല്ല പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ല. ലൂക്കൊസിന്റെ കാലത്ത്, യേശുവിനെക്കുറിച്ച് ധാരാളം കഥകൾ പ്രചരിച്ചിരുന്നു (ലൂക്കൊസ് 1:1), അവയിൽ ചിലത് കൃത്യമല്ല. താൻ കേട്ടതെല്ലാം കൈമാറുന്നതിനുപകരം, ലൂക്കെസ് അടിസ്ഥാനപരമായി ഒരു അന്വേഷണാത്മക പത്രപ്രവർത്തകനായി മാറി, ദൃക്‌സാക്ഷികളോട് സംസാരിക്കുകയും (വാ. 2), 'ആദിമുതൽ സകലവും' (വാ. 3) ഗവേഷണം ചെയ്യുകയും തന്റെ കണ്ടെത്തലുകൾ പേരുകളും ഉദ്ധരണികളും അടങ്ങുന്ന ഒരു സുവിശേഷത്തിൽ എഴുതുകയും ചെയ്തു. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളല്ല, നേരിട്ട് അറിവുള്ള ആളുകളെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ വസ്തുതകളായിരുന്നു അവ. 

നമുക്കും അങ്ങനെ ചെയ്യാം. തെറ്റായ വിവരങ്ങൾ സഭകളെ പിളർത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ, വസ്തുതകൾ പരിശോധിക്കുന്നത് നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുന്നതിനുള്ള ഒരു പ്രവൃത്തിയാണ് (10:27). വികാരമിളക്കുന്ന ഒരു കഥ നാം കേൾക്കുമ്പോൾ, തെറ്റ് പ്രചരിപ്പിക്കുന്നവരായിട്ടല്ല സത്യാന്വേഷികൾ എന്ന നിലയിൽ നമുക്ക് അതിന്റെ അവകാശവാദങ്ങൾ യോഗ്യതയുള്ള, ഉത്തരവാദിത്തമുള്ള വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കാം. അത്തരമൊരു പ്രവൃത്തി സുവിശേഷത്തിന് വിശ്വാസ്യത കൊണ്ടുവരുന്നു. എല്ലാറ്റിനുമുപരി, നാം സത്യത്താൽ നിറഞ്ഞവനെയാണല്ലോ ആരാധിക്കുന്നത് (യോഹന്നാൻ 1:14). 

ഒരു സുഹൃത്തിനെ വാടകയ്‌ക്കെടുക്കണോ?

ലോകമെമ്പാടുമുള്ള അനേകർക്ക് ജീവിതം കൂടുതൽ ഏകാന്തമായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളില്ലാത്ത അമേരിക്കക്കാരുടെ എണ്ണം 1990 മുതൽ നാലിരട്ടിയായി. ചില യൂറോപ്യൻ രാജ്യങ്ങളിൽ അവരുടെ ജനസംഖ്യയുടെ 20 ശതമാനം വരെ ഏകാന്തത അനുഭവിക്കുന്നുണ്ട്, അതേസമയം ജപ്പാനിൽ, ചില പ്രായമായ ആളുകൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു, അങ്ങനെ അവർക്ക് ജയിലിൽ എത്തി സഹതടവുകാരുമായി കൂട്ടുകൂടാൻ കഴിയും.

ഈ ഏകാന്തതാ പകർച്ചവ്യാധിക്ക് ഒരു 'പരിഹാരം' സംരംഭകർ കൊണ്ടുവന്നിരിക്കുന്നു: റെന്റ്-എ-ഫ്രണ്ട്. മണിക്കൂറുകൾക്കനുസരിച്ച് വാടകയ്‌ക്കെടുക്കുന്ന ഈ ആളുകൾ, ഒരു കഫേയിൽ വച്ച് നിങ്ങളോടു സംസാരിക്കുന്നതിനോ പാർട്ടിയിൽ നിങ്ങളെ അനുഗമിക്കുന്നതിനോ ലഭ്യമാണ്. അത്തരമൊരു 'സുഹൃത്തിനോട്' അവളുടെ ഇടപാടുകാർ ആരാണെന്ന് ചോദിച്ചു. 'ഏകാന്തതയനുഭവിക്കുന്ന, 30-നും 40-നും ഇടയിൽ പ്രായമുള്ള പ്രൊഫഷണലുകൾ,' അവർ പറഞ്ഞു, ' ദീർഘനേരം ജോലി ചെയ്യുന്നവരും ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കാൻ സമയമില്ലാത്തവരും. '

"മകനില്ല, സഹോദരനും ഇല്ലാതെ'' ഒറ്റയ്ക്കിരിക്കുന്ന ഒരു വ്യക്തിയെ സഭാപ്രസംഗി 4 വിവരിക്കുന്നു. ഈ തൊഴിലാളിയുടെ അധ്വാനത്തിന് 'അവസാനമില്ല,' എന്നിട്ടും അവന്റെ വിജയം പൂർണ്ണത കൈവരിക്കുന്നില്ല (വാ. 8). 'ഞാൻ ആർക്കുവേണ്ടിയാണ് അദ്ധ്വാനിക്കുന്നത് . . . ?' തന്റെ ദുരവസ്ഥയിൽ ഉണർന്നുകൊണ്ട് അവൻ ചോദിക്കുന്നു. ബന്ധങ്ങളിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ നല്ലത്, അത് അവന്റെ ജോലിഭാരം ലഘൂകരിക്കുകയും പ്രശ്‌നങ്ങളിൽ സഹായം നൽകുകയും ചെയ്യും (വാ. 9-12). കാരണം, ആത്യന്തികമായി, സൗഹൃദമില്ലാത്ത വിജയം 'അർത്ഥരഹിതമാണ്' (വാ. 8).

മൂന്ന് ഇഴകളുള്ള ഒരു ചരട് പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന് സഭാപ്രസംഗി പറയുന്നു (വാ. 12). എന്നാൽ അത് പെട്ടെന്ന് നെയ്‌തെടുക്കുന്നതല്ല. യഥാർത്ഥ സുഹൃത്തുക്കളെ വാടകയ്‌ക്കെടുക്കാൻ കഴിയാത്തതിനാൽ, അവരെ രൂപപ്പെടുത്തുന്നതിന് ആവശ്യമായ സമയം ചെലവഴിക്കാം. ദൈവത്തെ നമ്മുടെ മൂന്നാമത്തെ ഇഴയായി, നമ്മെ അവനുമായി ചേർത്ത് നെയ്‌തെടുക്കുക.

സംതൃപ്തരായിരിക്കുക

ഒരു സൈക്യാട്രിസ്റ്റിന്റെ ഉപദേശക കോളത്തിൽ, ബ്രെൻഡ എന്ന വായനക്കാരി അവളുടെ അഭിലാഷങ്ങൾ അവളെ അതൃപ്തിയിലാക്കിയെന്ന് വിലപിച്ചു. അദ്ദേഹം അവളോട് പ്രതികരിച്ച രീതി മൂർച്ചയുള്ളതായിരുന്നു. മനുഷ്യർ സന്തുഷ്ടരായിരിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ല, "അതിജീവിക്കാനും പുനരുൽപ്പാദിപ്പിക്കാനും മാത്രം" അദ്ദേഹം പറഞ്ഞു. സംതൃപ്തി എന്ന "നമ്മെ കളിപ്പിക്കുന്നതും പിടികിട്ടാത്തതുമായ ചിത്രശലഭത്തെ" പിന്തുടരാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു, "എല്ലായ്പ്പോഴും അതിനെ പിടിച്ചെടുക്കാൻ സാധ്യമല്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

മനോരോഗവിദഗ്ദന്റെ നിശിതമായ വാക്കുകൾ വായിച്ച് ബ്രെൻഡയ്ക്ക് എങ്ങനെ തോന്നിയെന്നും പകരം സങ്കീർത്തനം 131 വായിച്ചപ്പോൾ അവൾക്ക് എത്ര വ്യത്യസ്തമായി തോന്നിയിരിക്കാമെന്നും ഞാൻ ചിന്തിച്ചു. അതിൽ, സംതൃപ്തി എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള ഒരു മാർഗനിർദ്ദേശകമായ പ്രതിഫലനം ദാവീദ് നൽകുന്നു. അവൻ തന്റെ രാജകീയ അഭിലാഷങ്ങൾ മാറ്റിവച്ചു താഴ്മയുടെ ഭാവത്തിൽ ആരംഭിക്കുന്നു, ജീവിതത്തിന്റെ വലിയ ചോദ്യങ്ങളുമായി മല്ലിടുന്നത് പ്രധാനമാണെങ്കിലും, അവൻ അവയും മാറ്റി വയ്ക്കുന്നു (വാ.1). തുടർന്ന് അവൻ ദൈവ മുമ്പാകെ തന്റെ ഹൃദയത്തെ ശാന്തമാക്കുന്നു (വാ.2), ഭാവിയെ അവിടുത്തെ കൈകളിൽ ഏൽപിക്കുന്നു (വാ.3). ഫലം എത്ര മനോഹരമാണ്: "തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു," (വാ.2) അവൻ പറയുന്നു.

നമ്മുടേതുപോലുള്ള തകർന്ന ലോകത്ത്, സംതൃപ്തി ചില സമയങ്ങളിൽ വഴുതിപോകുന്നതായി അനുഭവപ്പെടും. ഫിലിപ്പിയർ 4:11-13 ൽ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു, സംതൃപ്തി പഠിക്കേണ്ട ഒന്നാണ് എന്ന്. എന്നാൽ നാം "അതിജീവിക്കാനും പുനരുൽപാദിപ്പിക്കാനും" മാത്രമായി രൂപകൽപന ചെയ്യപ്പെട്ടതാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, സംതൃപ്തി തീർച്ചയായും ഒരു പിടികിട്ടാത്ത ശലഭമായിരിക്കും. ദാവീദ് നമുക്ക് മറ്റൊരു വഴി കാണിച്ചു തരുന്നു: ദൈവസന്നിധിയിൽ നിശബ്ദമായി വിശ്രമിക്കുന്നതിലൂടെ സംതൃപ്തി നേടുക. 

എളിമയുള്ള ദിവസമായിരിക്കുക

ചില രാജ്യങ്ങളിലെ ആളുകൾ ആഘോഷിക്കുന്ന അനൗദ്യോഗിക ദിവസങ്ങൾ എന്നെ പലപ്പോഴും രസിപ്പിക്കാറുണ്ട്. ഫെബ്രുവരിയിൽ മാത്രം ഒരു സ്റ്റിക്കി ബൺ ദിനമുണ്ട്, ഒരു വാൾ വിഴുങ്ങുന്ന ദിനം, ഒരു ഡോഗ് ബിസ്‌ക്കറ്റ് അഭിനന്ദന ദിനം പോലും! ഇന്ന് എളിമയുടെ ദിനം (Be Humble Day) ആയി ആഘോഷിക്കുന്നു. ഒരു പുണ്യമായി സാർവത്രികമായി അംഗീകരിക്കപ്പെട്ട എളിമ തീർച്ചയായും ആഘോഷിക്കേണ്ടതാണ്. എന്നാൽ രസകരമെന്നു പറയട്ടെ, അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല.

പുരാതന ലോകത്ത് എളിമ ഒരു ഗുണമല്ല, പക്ഷേ ഒരു ബലഹീനതയായി കണക്കാക്കപ്പെട്ടിരുന്നു. പകരം അവർ ബഹുമതിയെ വിലമതിച്ചു. ഒരാളുടെ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്നത് വലിയ കാര്യമായി അവർ പരിഗണിച്ചു. നിങ്ങൾ നിങ്ങളുടെ സ്ഥാനം ഉയർത്തണം, ഒരിക്കലും താഴ്ത്തരുത്. അവരെ സംബന്ധിച്ചിടത്തോളം, എളിമ ഒരു ദാസനു മാത്രം ചേർന്നതായിരുന്നു. എന്നാൽ യേശുവിന്റെ ക്രൂശീകരണത്തിൽ ഇതെല്ലാം മാറിയെന്ന് ചരിത്രകാരന്മാർ പറയുന്നു. അവിടെ, "അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു... തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു" (ഫിലിപ്പിയർ 2:6-8). അത്തരമൊരു പ്രശംസനീയമായ പ്രവൃത്തി എളിമയെ പുനർനിർവചിക്കാൻ നിർബന്ധിതരാക്കി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ക്രിസ്‌തു ചെയ്‌ത കാര്യങ്ങൾ നിമിത്തം ലൗകിക എഴുത്തുകാർ പോലും എളിമയെ ഒരു പുണ്യമായി വിളിച്ചു.

ഇന്ന് ആരെയെങ്കിലും എളിമയുള്ളവരായി വാഴ്ത്തപ്പെടുമ്പോഴെല്ലാം, സുവിശേഷം പരോക്ഷമായി പ്രസംഗിക്കപ്പെടുന്നു. എന്തെന്നാൽ, യേശുവിനെ കൂടാതെ, എളിമ "നല്ലത്" എന്നോ, ഒരു എളിമയുടെ ദിനമോ ചിന്തിക്കാൻ പോലും കഴിയില്ല. ക്രിസ്തു നമുക്കായി തന്റെ പദവി ഉപേക്ഷിച്ചു, അങ്ങനെ ചരിത്രത്തിൽ ദൈവത്തിന്റെ എളിയ സ്വഭാവം വെളിപ്പെടുത്തി.

ഉണർവ്വിന്റെ വരവ്

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പട്ടണമാണ് അരുകുൻ-അതിന്റെ ആദിമനിവാസികൾ ഏഴ് വംശങ്ങളിൽ നിന്നുള്ളവരാണ്. ഒരു നൂറ്റാണ്ട് മുമ്പ് സുവിശേഷം അരൂകൂണിൽ വരുന്നതിന് മുമ്പ്, കണ്ണിന് കണ്ണ് എന്ന പ്രതികാരം അവിടെ നിലനിന്നിരുന്നു. 2015-ൽ, ഉണ്ടായ വംശീയ കലാപത്തിൽ ഒരു കൊലപാതകം നടന്നപ്പോൾ, തിരിച്ചടവിന് കുറ്റവാളിയുടെ കുടുംബത്തിൽ നിന്ന് ആരെങ്കിലും പകരം മരിക്കേണ്ടി വന്നു.

എന്നാൽ 2016-ന്റെ തുടക്കത്തിൽ ശ്രദ്ധേയമായ ചിലത് സംഭവിച്ചു. അരുകുനിലെ ജനങ്ങൾ പ്രാർത്ഥനയിൽ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പശ്ചാത്താപം ഉണ്ടായി, തുടർന്ന് കൂട്ട സ്നാനങ്ങൾ. ഉണർവ്വ് നഗരത്തെ തൂത്തുവാരാൻ തുടങ്ങി. ആളുകൾ വളരെ ആഹ്ലാദഭരിതരായിരുന്നു, അവർ തെരുവുകളിൽ നൃത്തം ചെയ്തു, തിരിച്ചടവ് നടപ്പിലാക്കുന്നതിനുപകരം, കൊല്ലപ്പെട്ടയാളുടെ കുടുംബം കുറ്റവാളികളായ വംശത്തോട് ക്ഷമിച്ചു. താമസിയാതെ, ഓരോ ഞായറാഴ്ചയും ഏകദേശം 1,000 ആളുകൾ പള്ളിയിൽ വന്നു — വെറും 1,300 പേർ മാത്രമുള്ള ഒരു പട്ടണത്തിൽ!

ജനക്കൂട്ടം സന്തോഷത്തോടെ ദൈവത്തിങ്കലേക്കു മടങ്ങിയ ഹിസ്കീയാവിന്റെ നാളിലും (2 ദിനവൃത്താന്തം 30), ആയിരക്കണക്കിന് പേർ മാനസാന്തരപ്പെട്ട പെന്തക്കോസ്ത് ദിനത്തിലും (പ്രവൃത്തികൾ 2:38-47) ഇതുപോലുള്ള ഉണർവ്വുകൾ നാം തിരുവെഴുത്തുകളിൽ കാണുന്നു. ഉണർവ്വ്, തക്കസമയത്ത് സംഭവിച്ച ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിലും, അതിനുമുമ്പിൽ പ്രാർത്ഥന ഉണ്ടായിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. “എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ,” ദൈവം സോളമനോട് പറഞ്ഞു, “ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും” (2 ദിനവൃത്താന്തം 7:14).

അറുകുനിലെ ജനങ്ങൾ കണ്ടെത്തിയതുപോലെ, ഉണർവ്വ് ഒരു പട്ടണത്തിന് സന്തോഷവും അനുരഞ്ജനവും നൽകുന്നു. നമ്മുടെ സ്വന്തം നഗരങ്ങൾക്ക് അങ്ങനെ എത്രയോ പരിവർത്തനം ആവശ്യമാണ്! പിതാവേ, ഞങ്ങൾക്കും ഉണർവ് വരുത്തേണമേ.

സാഹസികതയ്ക്കായി നിർമ്മിച്ചത്

അടുത്തകാലത്ത് ഞാൻ ഒരു അത്ഭുതകരമായ കണ്ടെത്തൽ നടത്തി. എന്റെ വീടിനടുത്തുള്ള ഒരു കൂട്ടം മരങ്ങളിലേക്കുള്ള ഒരു മൺപാതയെ പിന്തുടർന്ന്, അവിടെ മറഞ്ഞിരിക്കുന്ന ഒരു കളിസ്ഥലം ഞാൻ കണ്ടെത്തി. കമ്പുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗോവണി ഭൂപ്രകൃതി ആസ്വദിക്കാനായുള്ള ഒരു സ്ഥലത്തേക്ക് നയിച്ചു, പഴയ കേബിൾ സ്പൂളുകളിൽ നിന്ന് നിർമ്മിച്ച ഊഞ്ഞാൽ മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്നു, കൂടാതെ കൊമ്പുകൾക്കിടയിൽ ഒരു തൂക്കുപാലം പോലും ഉണ്ടായിരുന്നു. ആരോ ഒരു പഴയ മരവും ആ കയറും ഒരു സർഗ്ഗാത്മക സാഹസികതയാക്കി മാറ്റി!

 

സ്വിസ് ഭിഷഗ്വരൻ പോൾ ടൂർണിയർ വിശ്വസിക്കുന്നത്, നാം ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമ്മൾ സാഹസിതയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ് (ഉല്പത്തി 1:26-27). ദൈവം ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതുപോലെ (വാ. 1-25), നന്മതിന്മകളെ തിരഞ്ഞെടുക്കാൻ കഴിയുന്ന മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വെല്ലുവിളി അവൻ ഏറ്റെടുത്തതുപോലെ (3:5-6), "സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറച്ച് അതിനെ അടക്കിവാഴുവാൻ” അവൻ നമ്മെ വിളിച്ചതുപോലെ (1:28), ഭൂമിയെ ഫലവത്തായി ഭരിക്കുവാനും പുതിയ കാര്യങ്ങൾ കണ്ടുപിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും ഉള്ള ഒരു പ്രേരണ മനുഷ്യരായ നമുക്കുമുണ്ട്. അത്തരം സാഹസങ്ങൾ വലുതോ ചെറുതോ ആകാം, എന്നാൽ അത് മറ്റുള്ളവർക്ക് പ്രയോജനമുള്ള കാര്യങ്ങൾ ആകുമ്പോഴാണ് അവ മികച്ചതാവുന്നത്. ആ കളിസ്ഥലത്തിന്റെ നിർമാതാക്കൾക്ക് ആളുകൾ അത്  കണ്ടെത്തി ആസ്വദിക്കുന്നതിൽ നിന്ന്  ഒരു ആവേശം ലഭിക്കുമെന്ന് ഞാൻ വാതുവയ്ക്കുന്നു.

 

അത് പുതിയ സംഗീതം കണ്ടുപിടിക്കുകയോ, സുവിശേഷവൽക്കരണത്തിന്റെ പുതിയ രൂപങ്ങൾ പര്യവേക്ഷണം ചെയ്യുകയോ, അല്ലെങ്കിൽ നഷ്ട്ടപെട്ട ഒരു ദാമ്പത്യത്തെ പുനരുജ്ജീവിപ്പിക്കുകയോ ആകട്ടെ, എല്ലാത്തരം സാഹസികതകളും നമ്മുടെ ഹൃദയമിടിപ്പ് നിലനിർത്തുന്നു. ഏത് പുതിയ വെല്ലുവിളിയാണ് അല്ലെങ്കിൽ പദ്ധതിയാണ് ഇപ്പോൾ നിങ്ങളെ അലട്ടുന്നത്? ഒരുപക്ഷേ ദൈവം നിങ്ങളെ ഒരു പുതിയ സാഹസികതയിലേക്ക് നയിക്കുകയായിരിക്കാം .

കൃപയുടെ പ്രവൃത്തികൾ

എബൗട്ട് ഗ്രേസ് എന്ന നോവലിൽ, തന്നിൽനിന്നു അകന്നുപോയ തന്റെ മകളെ കണ്ടെത്താൻ ഡേവിഡ് വിങ്ക്ലർ ആഗ്രഹിക്കുന്നു. അവനെ സഹായിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി ഹെർമൻ ഷീലർ മാത്രമാണ്. എന്നാൽ അതിൽ ഒരു തടസ്സമുണ്ട്. ഹെർമന്റെ ഭാര്യയുമായുള്ള ഡേവിഡിന്റെ ബന്ധത്തിൽ നിന്നാണു ഡേവിഡിന്റെ മകൾ ജനിച്ചത്. ഇനി ഒരിക്കലും തങ്ങളെ ബന്ധപ്പെടരുതെന്നു ഹെർമൻ അവനു മുന്നറിയിപ്പു നൽകിയിരുന്നു. 

താൻ ചെയ്തതിനു ക്ഷമാപണം നടത്തിക്കൊണ്ടു ഡേവിഡ് ഹെർമന് എഴുതുമ്പോഴെക്കും പതിറ്റാണ്ടുകൾ കടന്നുപോയിരുന്നു. “എനിക്ക് എന്റെ മകളെക്കുറിച്ചു അല്പം മാത്രമേ അറിയൂ. അത് എന്റെ ജീവിതത്തിൽ ഒരു വലിയ ശുന്യതയായി അവശേഷിക്കുന്നു,” അവളെക്കുറിച്ചുള്ള വിവരങ്ങൾക്കായി യാചിച്ചുകൊണ്ട് അവൻ കൂട്ടിച്ചേർക്കുന്നു. ഹെർമൻ തന്നെ സഹായിക്കുമോ എന്നറിയാനായി അവൻ കാത്തിരുന്നു.

നമ്മളോടു തെറ്റ് ചെയ്തവരോടു നാം എപ്രകാരം പെരുമാറണം? തന്റെ ശത്രുക്കൾ അത്ഭുതകരമായി തന്റെ കൈകളിൽ ഏല്പിക്കപ്പെട്ടപ്പോൾ യിസ്രായേൽ രാജാവ് ഈ ചോദ്യം നേരിട്ടു (2 രാജാക്കന്മാർ 6:8-20). “ഞാൻ ഇവരെ വെട്ടിക്കളയട്ടെ?” രാജാവ് എലീശാ പ്രവാചകനോടു ചോദിക്കുന്നു. അരുത്, എലീശാ പറയുന്നു. “ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക” (വാ. 21-22). കൃപയുടെ ഈ പ്രവൃത്തിയിലൂടെ യിസ്രായേൽ ശത്രുക്കളുമായി സമാധാനം സ്ഥാപിക്കുന്നു (വാ. 23). 

ഹെർമൻ ഡേവിഡിന്റെ കത്തിനു മറുപടി നൽകി. അവനെ തന്റെ വീട്ടിലേക്കു ക്ഷണിച്ച്, ഭക്ഷണം പാകം ചെയ്തു നൽകി. അവർ ഭക്ഷിക്കുന്നതിനുമുമ്പ് അവൻ പ്രാർത്ഥിച്ചു, ““കർത്താവായ യേശുവേ, ഇത്രയും വർഷം എന്നെയും ഡേവിഡിനെയും കാത്തുപരിപാലിച്ചതിനു നന്ദി.” മകളെ കണ്ടെത്താൻ ഡേവിഡിനെ അവൻ സഹായിച്ചു. ഡേവിഡ് പിന്നീട് അവന്റെ ജീവൻ രക്ഷിക്കുന്നുമുണ്ട്. ദൈവത്തിന്റെ കരങ്ങളിൽ, നമ്മോടു തെറ്റ് ചെയ്തവരോടുള്ള കൃപ നിറഞ്ഞ നമ്മുടെ പ്രവൃത്തികൾ പലപ്പോഴും നമുക്ക് ഒരു അനുഗ്രഹത്തിനു കാരണമായി ഭവിക്കുന്നു. 

സൗഹാർദ്ദപരമായ അഭിലാഷം

നാസിയാൻസസിലെ ഗ്രിഗറിയും സിസേറിയയിലെ ബേസിലും നാലാം നൂറ്റാണ്ടിലെ സഭയിലെ പ്രമുഖ നേതാക്കളും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. തത്ത്വശാസ്ത്ര വിദ്യാർത്ഥികളായാണ് അവർ ആദ്യം കണ്ടുമുട്ടിയത്. തങ്ങൾ “ഒറ്റ ആത്മാവുള്ള രണ്ട് ശരീരങ്ങൾ” ആയിത്തീർന്നു എന്നു പിന്നീടു ഗ്രിഗറി പറയുകയുണ്ടായി.

തങ്ങളുടെ വൈദഗ്ധ്യ മേഖല വളരെ സാമ്യമുള്ളതിനാൽ, ഗ്രിഗറിയും ബേസിലും തമ്മിൽ മത്സരം ഉടലെടുക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ “ഏക അഭിലാഷം” വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സൽപ്രവൃത്തികളുടെയും ജീവിതം ആക്കിക്കൊണ്ടും അതേത്തുടർന്നു വ്യക്തിപരമായി തന്നെക്കാൾ ഈ ലക്ഷ്യത്തിൽ മറ്റെയാളെ കൂടുതൽ വിജയിപ്പിക്കാൻ അന്യോന്യം “ഉത്സാഹം വർദ്ധിപ്പിച്ചും” അവർ ഈ പ്രലോഭനത്തെ മറികടന്നെന്നു ഗ്രിഗറി വിശദീകരിക്കുന്നു. തൽഫലമായി, ഇരുവരും വിശ്വാസത്തിൽ വളർന്ന്, എതിരാളികളില്ലാത്ത വിധം മഹത്തായ നേതൃത്വത്തിലേക്ക് ഉയർന്നുവന്നു. 

“നാം മുറുകെ പിടിച്ചിരിക്കുന്ന പ്രത്യാശയിലും” “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹം വർദ്ധിപ്പിക്കുന്നതിലും” (എബ്രായർ 10:23-25) ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടു വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനാണ് (വാ. 2:1) എബ്രായ ലേഖനം എഴുതിയിരിക്കുന്നത്. ഒരു സഭയുടെ പശ്ചാത്തലത്തിലാണ് ഈ കൽപ്പന നൽകിയിരിക്കുന്നതെങ്കിലും (വാ. 25), തങ്ങളുടെ സൗഹൃദത്തിൽ അത് പ്രാവർത്തികമാക്കുന്നതിലൂടെ, എപ്രകാരം വളരാനായി സുഹൃത്തുക്കൾക്കു പരസ്പരം പ്രോത്സാഹിപ്പിക്കാമെന്നും തങ്ങൾക്കിടയിൽ കടന്നുവരാൻ സാധ്യതയുള്ള മത്സരം പോലുള്ള “കയ്പേറിയ വേരുകൾ” ഒഴിവാക്കാമെന്നും ഗ്രിഗറിയും ബേസിലും നമുക്കു കാണിച്ചുതരുന്നു (12:15).

വിശ്വാസം, പ്രത്യാശ, സൽപ്രവൃത്തികൾ എന്നിവ നമ്മുടെ സ്വന്തം സൗഹൃദങ്ങളുടെ അഭിലാഷങ്ങളാക്കി മാറ്റി, വ്യക്തിപരമായി നമ്മെക്കാൾ ഈ ലക്ഷ്യത്തിൽ കൂടുതൽ വിജയിക്കാൻ നമ്മുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിച്ചാൽ എന്തായിരിക്കും ഫലം? ഇവ രണ്ടും ചെയ്യാൻ നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവു തയ്യാറാണ്.

നിങ്ങൾ ആരാണ്

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തന്റെ കോളേജ് പഠനകാലത്ത്, രണ്ടു വ്യത്യസ്ത ഇനത്തിൽ മത്സരിക്കുന്ന കായികതാരമായിരുന്നു ചാർലി വാർഡ്. 1993-ൽ, ഈ യുവ ക്വാർട്ടർബാക്ക് രാജ്യത്തെ ഏറ്റവും മികച്ച അമേരിക്കൻ കോളേജ് ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ ഹെയ്സ്മാൻ ട്രോഫി നേടി. കൂടാതെ, അദ്ദേഹം ബാസ്ക്കറ്റ്ബോൾ ടീമിലും തന്റെ പ്രതിഭ തെളിയിച്ചു. 

ഒരു ദിവസം, അദ്ദേഹത്തിന്റെ ബാസ്കറ്റ്ബോൾ പരിശീലകൻ മത്സരത്തിനു മുമ്പു ടീമിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ, തന്റെ കളിക്കാരോടു ചില മോശം പദങ്ങൾ ഉപയോഗിച്ചു. ചാർളിക്ക് അതത്ര “സുഖകരമായി തോന്നിയില്ല” എന്നത് ശ്രദ്ധിച്ചുകൊണ്ടു, “ചാർളി, എന്ത് പറ്റി?” എന്നു പരിശീലകൻ ചോദിച്ചു. “കോച്ച്, നിങ്ങൾക്കറിയാമോ, കോച്ച് ബൗഡൻ [ഫുട്ബോൾ കോച്ച്] ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാറില്ല. എന്നിട്ടും അദ്ദേഹം ഞങ്ങളെ അതികഠിനമായി കളിക്കാൻ പ്രേരിപ്പിക്കുന്നു” എന്നു വാർഡ് മറുപടി നൽകി. 

ഈ പ്രശ്നത്തെക്കുറിച്ച് തന്റെ ബാസ്ക്കറ്റ്ബോൾ പരിശീലകനോട് സൗമ്യമായി സംസാരിക്കാൻ ക്രിസ്തു-സമാനമായ ചാർളിയുടെ സ്വഭാവ വൈശിഷ്ടം അവനെ സഹായിച്ചു. വാസ്തവത്തിൽ, പരിശീലകൻ ഒരു റിപ്പോർട്ടറോടു പറഞ്ഞു: “ഏതാണ്ട് ഒരു ദൂതൻ നിങ്ങളെ നോക്കുന്നത് പോലെയാണ്” ചാർലിയോട് സംസാരിച്ചപ്പോൾ അയാൾക്ക് അനുഭവപ്പെട്ടത്. 

അവിശ്വാസികളുമായി ബന്ധപ്പെട്ടു സൽപേരു നിലനിർത്തുക എന്നതും ക്രിസ്തുവിന്റെ വിശ്വസ്ത സാക്ഷിയായി നിലനിൽക്കുക എന്നതും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമുള്ള കാര്യങ്ങളാണ്. എന്നാൽ അതേ സമയം, യേശു സഹായിക്കുകയും നയിക്കുകയും ചെയ്യുമ്പോൾ അവന്റെ സ്വഭാവത്തോടു കൂടുതൽ അനുരൂപരാകാൻ അവനിൽ വിശ്വസിക്കുന്നവർക്കു കഴിയും. തീത്തൊസ് 2-ൽ, യൗവനക്കാരും വിശാല അർത്ഥത്തിൽ എല്ലാ വിശ്വാസികളും, “സുബോധമുള്ളവരായിരിപ്പാനും” (വാ. 6) “സൽപ്രവൃത്തികൾക്കു മാതൃകയാക്കി… ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനം” (വാ. 7-8) ഉള്ളവരായിരിപ്പാനും വിളിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു.

ക്രിസ്തുവിന്റെ ശക്തിയിൽ നാം അപ്രകാരം ജീവിക്കുമ്പോൾ, നാം അവനെ ആദരിക്കുക മാത്രമല്ല, ഒരു സൽപേരു സൃഷ്ടിച്ചെടുക്കുകയും ചെയ്യും. തുടർന്നു, നമുക്കാവശ്യമായ ജ്ഞാനം ദൈവം പ്രദാനം ചെയ്യുന്ന വേളയിൽ, നാം പറയുന്നതു ചെവിക്കൊള്ളാൻ ജനം പ്രേരിപ്പിക്കപ്പെടും.