നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടിം ഗസ്റ്റാഫ്സണ്‍

ദൈവത്തിന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു

അവരുടെ കൃത്യമായ പ്രായം അജ്ഞാതമാണ്. ഒരാളെ ഒരു പള്ളിയുടെ പടികളിൽ കണ്ടെത്തി; മറ്റൊരാൾക്ക് തന്നെ വളർത്തിയത് കന്യാസ്ത്രീകളാണെന്ന് മാത്രം അറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിൽ ജനിച്ച്, ഏതാണ്ട് എൺപതു വർഷത്തോളം ഹലീനയോ ക്രിസ്റ്റിനയോ പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഡി.എൻ.എ. പരിശോധനാഫലങ്ങൾ അവർ സഹോദരിമാരാണെന്ന് വെളിപ്പെടുത്തുകയും സന്തോഷകരമായ ഒരു പുനഃസമാഗമത്തിലേക്ക് നയിക്കുകയും ചെയ്തു. അത് അവരുടെ യഹൂദാ പൈതൃകത്തെ വെളിപ്പെടുത്തി; മാത്രമല്ല എന്തുകൊണ്ടാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും വിശദീകരിച്ചു. അവർ ജൂതവംശജർ ആയതുകൊണ്ടു മാത്രം ചിലർ അവർക്ക് മരണം വിധിച്ചിരുന്നു.

ഭയചകിതയായ ഒരമ്മ മരണഭീഷണി നേരിടുന്ന തന്റെ മക്കളെ രക്ഷപ്പെടാൻ സാധ്യതയുള്ള ഒരിടത്തു ഉപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുന്നത് മോശെയുടെ കഥയെ ഓർമിപ്പിക്കുന്നു. ഒരു എബ്രായ ബാലനെന്ന നിലയിൽ, അവനെ വംശഹത്യയ്ക്ക് അടയാളപ്പെടുത്തിയിരുന്നു (പുറ. 1:22). എന്നാൽ അവന്റെ അമ്മ അവനെ തന്ത്രപരമായി നൈൽ നദിയിൽ പ്രതിഷ്ഠിച്ച് (2:3), അവന് അതിജീവനത്തിന് ഒരവസരം നൽകി. അവൾ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ, ദൈവത്തിന് മോശെ മുഖാന്തരം തന്റെ ജനത്തെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയുണ്ടായിരുന്നു.

മോശെയുടെ കഥ നമ്മെ യേശുവിന്റെ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഫറവോൻ എബ്രായ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതുപോലെ, ഹെരോദാവ് ബേത്ലഹേമിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുവാൻ കല്പിച്ചു (മത്താ. 2:13-16).

അത്തരം എല്ലാ വിദ്വേഷത്തിനും - പ്രത്യേകിച്ചും കുട്ടികളോടുള്ളവയ്ക്കു - പിന്നിൽ നമ്മുടെ ശത്രുവായ പിശാചാണ്. അത്തരം അക്രമങ്ങൾ ദൈവത്തെ അദ്ഭുതപ്പെടുത്തുന്നില്ല. മോശെയെ കുറിച്ച് അവന് പദ്ധതികൾ ഉണ്ടായിരുന്നു, നിങ്ങളെയും എന്നെയും കുറിച്ച് അവന് പദ്ധതികളുണ്ട്. തന്റെ പുത്രനായ യേശുവിലൂടെ, അവൻ തന്റെ ഏറ്റവും വലിയ പദ്ധതി വെളിപ്പെടുത്തി - ഒരിക്കൽ ശത്രുക്കളായിരുന്നവരെ രക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.

ജൂറർ നമ്പർ 8

“ഒരാൾ മരിച്ചു. മറ്റൊരാളുടെ ജീവൻ അപകടത്തിലാണ്," 1957-ലെ ക്ലാസിക് സിനിമയായ 12 Angry Men-ൽ   (ഹിന്ദിയിൽ ഏക് റുകാ ഹുവാ ഫൈസ്‌ല എന്ന പേരിൽ പുനർനിർമ്മിച്ചത്), ജഡ്ജി പരിഭ്രമത്തോടെ പറയുന്നു. സംശയിക്കുന്ന യുവാവിനെതിരായ തെളിവുകൾ വളരെ വലുതാണ്. എന്നാൽ അവരുടെ ചർച്ചയ്ക്കിടെ, ജൂറിയുടെ തകർച്ചയാണ് തുറന്നുകാട്ടപ്പെട്ടത്. പന്ത്രണ്ടുപേരിൽ ഒരാൾ - ജൂറി നമ്പർ 8 - "അവൻ കുറ്റക്കാരനല്ല" എന്ന് വോട്ട് ചെയ്യുന്നു. ഒരു ചൂടേറിയ സംവാദം നടക്കുന്നു, അതിൽ ഏകാകിയായ ജൂറി, സാക്ഷ്യപത്രത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചപ്പോൾ മറ്റുള്ളവർ പരിഹസിക്കുന്നു. തുടർന്ന് വൈകാരിക രംഗങ്ങൾ ഉണ്ടാവുകയും ജൂറി അംഗങ്ങളുടെ സ്വാർത്ഥവും മുൻവിധിയുള്ളതുമായ പ്രവണതകൾ വെളിച്ചത്തുവരുകയും ചെയ്യുന്നു. പിന്നീട് ജൂറിമാർ ഓരോരുത്തരായി അവരുടെ അഭിപ്രായം മാറ്റുന്നു, ‘അവൻ കുറ്റക്കാരനല്ല’.

പുതിയ ഇസ്രായേൽ ജനതയ്ക്ക് ദൈവം തന്റെ കല്പ്പനകൾ നൽകിയപ്പോൾ, അവൻ സത്യസന്ധമായ ധൈര്യത്തിന് ഊന്നൽ നൽകി. "നിങ്ങൾ ഒരു വ്യവഹാരത്തിൽ സാക്ഷ്യം നൽകുമ്പോൾ," ദൈവം പറഞ്ഞു, "ബഹുജനപക്ഷം പക്ഷം ചേർന്ന് നീതി മറിച്ചുകളയരുത് " (പുറപ്പാട് 23:2). രസകരമെന്നു പറയട്ടെ, നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ "അവനോടു പക്ഷം  കാണിക്കാനോ" (വാ. 3) "അവന്റെ ന്യായം മറിച്ചുകളയുവാനോ" (വാ. 6) കോടതിക്കു അധികാരമില്ല. നീതിമാനായ ന്യായാധിപതിയായ ദൈവം, നമ്മുടെ എല്ലാ നടപടികളിലും നിർമലത ആഗ്രഹിക്കുന്നു.  

12 Angry Men-ൽ, കുറ്റക്കാരനല്ലെന്ന് വോട്ട് ചെയ്ത രണ്ടാമത്തെ ജൂറി ആദ്യത്തെയാളെക്കുറിച്ച് പറഞ്ഞു, "മറ്റുള്ളവരുടെ പരിഹാസത്തിനെതിരെ ഒറ്റയ്ക്ക് നിൽക്കുക എളുപ്പമല്ല." എങ്കിലും ദൈവം ആവശ്യപ്പെടുന്നത് അതാണ്. ജൂറി നമ്പർ 8 യഥാർത്ഥ തെളിവുകളും വിചാരണയിൽ വ്യക്തിയുടെ മനുഷ്യത്വവും കണ്ടു. പരിശുദ്ധാത്മാവിന്റെ സൗമ്യമായ മാർഗനിർദേശത്താൽ, നമുക്കും ദൈവത്തിന്റെ സത്യത്തിനുവേണ്ടി നിലകൊള്ളാനും ശക്തിയില്ലാത്തവർക്കുവേണ്ടി സംസാരിക്കാനും കഴിയും.

ഹൃദയ പ്രശ്നം

 "ടിം സഹോദരാ, താങ്കൾ അത് കാണുന്നുണ്ടോ?" എന്റെ സുഹൃത്ത്, ഒരു ഘാനക്കാരൻ പാസ്റ്റർ, ഒരു മൺകുടിലിലേക്ക് ചാഞ്ഞുകിടക്കുന്ന കൊത്തിയെടുത്ത ഒരു വസ്തുവിൽ ടോർച്ച് ലൈറ്റ് തെളിച്ചു. നിശബ്ദമായി അദ്ദേഹം പറഞ്ഞു, "അതാണ് ഗ്രാമവിഗ്രഹം." എല്ലാ ചൊവ്വാ വൈകുന്നേരവും പാസ്റ്റർ സാം കുറ്റികാട്ടിലൂടെ ഈ വിദൂര ഗ്രാമത്തിൽ ബൈബിൾ പങ്കുവയ്ക്കാൻ  പോകുമായിരുന്നു.

 

യെഹെസ്‌കേലിന്റെ പുസ്‌തകത്തിൽ, വിഗ്രഹാരാധന യഹൂദയിലെ ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് നാം കാണുന്നു. യെരൂശലേമിലെ നേതാക്കൾ യെഹെസ്‌കേൽ പ്രവാചകനെ കാണാൻ വന്നപ്പോൾ ദൈവം അവനോട് പറഞ്ഞു, “ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു” (14:3). തടിയിലും കല്ലിലും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കെതിരെ ദൈവം കേവലം അവർക്ക് മുന്നറിയിപ്പ് നൽകുകയല്ലായിരുന്നു. വിഗ്രഹാരാധന ഹൃദയത്തിന്റെ പ്രശ്‌നമാണെന്ന് അവൻ അവരെ കാണിക്കുകയായിരുന്നു. നാമെല്ലാവരും അതിനോട് പോരാടുന്നു.

 

ബൈബിൾ അദ്ധ്യാപകനായ അലിസ്റ്റർ ബെഗ് വിഗ്രഹത്തെ വിവരിക്കുന്നത്, “നമ്മുടെ സമാധാനത്തിനും നമ്മുടെ പ്രതിച്ഛായയ്ക്കും നമ്മുടെ സംതൃപ്തിക്കും അല്ലെങ്കിൽ നമ്മുടെ സ്വീകാര്യതയ്ക്കും അത്യന്താപേക്ഷിതമായി നാം കരുതുന്ന ദൈവമല്ലാതെ മറ്റെന്തെങ്കിലും” എന്നാണ്. കുലീനമെന്നു തോന്നുന്ന കാര്യങ്ങൾ പോലും നമുക്ക് വിഗ്രഹങ്ങളായി മാറും. ജീവനുള്ള ദൈവത്തിൽ നിന്നല്ലാതെ മറ്റെന്തിൽ നിന്നും ആശ്വാസമോ ആത്മാഭിമാനമോ തേടുമ്പോൾ നാം വിഗ്രഹാരാധന ചെയ്യുന്നു.

 

"അനുതപിക്കുക!" ദൈവം പറഞ്ഞു. "നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിൻ”! (വി. 6). അത് സാധ്യമല്ലെന്നു ഇസ്രായേൽ തെളിയിച്ചു. ഭാഗ്യവശാൽ, ദൈവത്തിന് പരിഹാരം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവും പരിശുദ്ധാത്മാവിന്റെ ദാനവും മുന്നിൽ കണ്ടുകൊണ്ടു അവൻ വാഗ്ദാനം ചെയ്തു, "ഞാൻ നിങ്ങൾക്ക് പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും." (36:26). നമുക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല.

ക്രിസ്തുമസ്-കാർഡ് പൂർണ്ണതയുള്ളതാണ്

ബാർക്കർ കുടുംബത്തിന്റെ ക്രിസ്തുമസ് വീഡിയോ മികച്ചതായിരുന്നു. നീളൻ കുപ്പായം ധരിച്ച മൂന്ന് ഇടയന്മാർ (കുടുംബത്തിന്റെ ഇളയ മക്കൾ) ഒരു പുൽമേടിലെ തീയ്ക്ക് ചുറ്റും ഇരുന്നു. പെട്ടെന്ന് മലമുകളിൽ നിന്ന് ഒരു മാലാഖ ഇറങ്ങിവന്നു (അവരുടെ വലിയ സഹോദരി, പിങ്ക് നിറത്തിലുള്ള ഉയരം കൂടിയ ഷൂവുകൾ ഒഴികെ ബാക്കിയെല്ലാം മനോഹരമായി കാണപ്പെട്ടു). സൗണ്ട്ട്രാക്ക് ഉച്ചത്തിലാകുമ്പോൾ, ഇടയന്മാർ വിസ്മയത്തോടെ ആകാശത്തേക്ക് നോക്കി. ഒരു വയലിലൂടെയുള്ള ഒരു നടത്തം അവരെ ഒരു യഥാർത്ഥ ശിശുവിന്റെ അടുത്തേക്ക് നയിച്ചു. ഒരു ആധുനിക കളപ്പുരയിലുള്ള അവരുടെ കുഞ്ഞു സഹോദരൻ. മൂത്ത സഹോദരി ഇപ്പോൾ മറിയയുടെ വേഷം അണിഞ്ഞു.

പിന്നീട് “ബോണസ് സവിശേഷതകൾ’’ വന്നു, അവരുടെ പിതാവു ഞങ്ങളെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് നോക്കാൻ അനുവദിച്ചു. കുട്ടികൾ ചിണുങ്ങിക്കൊണ്ടു പരാതി പറഞ്ഞു, “എനിക്ക് തണുക്കുന്നു.’’ “എനിക്ക് ഇപ്പോൾ ബാത്ത്‌റൂമിൽ പോകണം!’’ “നമുക്ക് വീട്ടിൽ പോകാമോ?’’ “കുട്ടികളേ, ശ്രദ്ധിക്കൂ,’’ അവരുടെ അമ്മ ഒന്നിലധികം തവണ പറഞ്ഞു. ക്രിസ്തുമസ് കാർഡിൽ നിന്ന് യാഥാർത്ഥ്യം വളരെ അകലെയായിരുന്നു.

നന്നായി എഡിറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ ലെൻസിലൂടെ യഥാർത്ഥ ക്രിസ്തുമസ് കഥ കാണാൻ എളുപ്പമാണ്. എന്നാൽ യേശുവിന്റെ ജീവിതം അത്ര സുഗമമല്ലായിരുന്നു. അസൂയാലുവായ ഹെരോദാവ് അവനെ ശൈശവത്തിൽ കൊല്ലാൻ ശ്രമിച്ചു (മത്തായി 2:13). മറിയയും യോസേഫും അവനെ തെറ്റിദ്ധരിച്ചു (ലൂക്കൊസ് 2:41-50). ലോകം അവനെ വെറുത്തു (യോഹന്നാൻ 7:7). ഒരു കാലത്തേക്ക്, “അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല’’ (7:5). അവന്റെ ദൗത്യം ദാരുണമായ മരണത്തിലേക്ക് നയിച്ചു. തന്റെ പിതാവിനെ ബഹുമാനിക്കാനും നമ്മെ രക്ഷിക്കാനുമാണ് അവൻ ഇതെല്ലാം ചെയ്തത്.

യേശുവിന്റെ ഈ വാക്കുകളോടെയാണ് ബാർക്കർ കുടുംബത്തിന്റെ വീഡിയോ അവസാനിച്ചത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല’’ (യോഹന്നാൻ 14:6). അത് നമുക്ക് ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യമാണ് - എന്നേക്കും.

ബന്ധിപ്പിക്കുന്ന കുന്തങ്ങൾ

“ഫ്രണ്ട്‌ലി ഫയർ’’ എന്നത്, ഒരു സൈനികൻ, ശത്രുവിൽനിന്നല്ലാതെ, സ്വന്തം സൈന്യത്തിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് വീഴുമ്പോൾ ഉപയോഗിക്കുന്ന ഒരു സൈനിക പദമാണ്. സൈന്യത്തിൽ ഇത് അബദ്ധത്തിൽ സംഭവിക്കുന്നതായി കണക്കാക്കപ്പെടാറുണ്ടെങ്കിലും, ചിലപ്പോൾ നാം ബോധപൂർവമായ “ഫ്രണ്ട്‌ലി ഫയർ’’ അനുഭവിക്കാറുണ്ട്. മറ്റ് ക്രിസ്തീയ സഹോദരീസഹോദരന്മാർ നമ്മെക്കുറിച്ച് ദയയില്ലാത്തതും അസത്യവുമായ കാര്യങ്ങൾ പറയുകയും അവരുടെ അമ്പുകളും കുന്തങ്ങളും നമ്മുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്നതായി നാം അനുഭവിച്ചറിയുകയും ചെയ്യാറുണ്ട്.

ഈ ചിത്രം ഭാവനയിൽ കാണാൻ ശ്രമിക്കുക. നിങ്ങൾ യേശുവിന്റെ കരങ്ങളിലാണ്, ഒരു പിതാവ് തന്റെ കുഞ്ഞിനെ വഹിക്കുന്നതുപോലെ അവൻ നിങ്ങളെ വഹിക്കുകയും അവന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയും ചെയ്യുന്നു. നിങ്ങൾ ഈ നിലയിലായിരിക്കുമ്പോൾ, ആരെങ്കിലും നിങ്ങളെ അമ്പെയ്യുകയോ അല്ലെങ്കിൽ കുന്തം കൊണ്ട് നിങ്ങളെ കുത്താൻ ശ്രമിക്കുകയോ ചെയ്താൽ (ബൈബിളിലെ ചിത്രങ്ങൾ ഉപയോഗിച്ചാൽ), നിങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന അമ്പുകളും കുന്തങ്ങളും അവനിലൂടെയും കടന്നുപോകുന്നു. അനീതിയും വേദനയും നിങ്ങളെ, ആ അമ്പുകളും കുന്തങ്ങളും പിടിച്ചെടുത്ത് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ നാം അത് ചെയ്യാൻ വിസമ്മതിച്ചാൽ, നമ്മുടെ ഹൃദയത്തിലും യേശുവിന്റെ ഹൃദയത്തിലും തുളച്ചുകയറുന്ന അസ്ത്രമോ കുന്തമോ നമ്മുടെ ഹൃദയത്തെ അവന്റെ ഹൃദയത്തോടു ചേർത്തു ബന്ധിക്കാൻ മാത്രമേ സഹായിക്കൂ. അങ്ങനെ ആ ബന്ധം ആഴത്തിലാകുന്നു.

അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളെ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ നിങ്ങളെക്കുറിച്ച് അസത്യമോ ദയാരഹിതമോ ആയ എന്തെങ്കിലും പറയുകയോ ചെയ്യുമ്പോൾ, യേശുവിന്റെ ഹൃദയത്തോട് കൂടുതൽ അടുക്കാനുള്ള അവസരത്തിന് ദൈവത്തിന് നന്ദി പറയുകയും മുറിവേൽപ്പിക്കുന്ന വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.

ഉറവിടം

1854 ൽ എന്തോ ഒന്ന് ലണ്ടനിലെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. അത് മോശം വായു ആയിരിക്കണം, ആളുകൾ കരുതി. മലിനജലം കലർന്ന തേംസ് നദിയെ അസഹ്യമായ ചൂട് ചുട്ടുപഴുപ്പിച്ചതിനാൽ, ദുർഗന്ധം വല്ലാതെ വർദ്ധിച്ചു, അത് “വലിയ ദുർഗന്ധം” എന്ന് അറിയപ്പെട്ടു.

എന്നാൽ ഏറ്റവും വലിയ പ്രശ്‌നം വായു ആയിരുന്നില്ല. ഡോ. ജോൺ സ്‌നോ നടത്തിയ ഗവേഷണത്തിൽ കോളറ പകർച്ചവ്യാധിക്ക് കാരണം മലിനമായ വെള്ളമാണെന്ന് തെളിയിച്ചു.

മനുഷ്യരായ നമുക്ക് മറ്റൊരു പ്രതിസന്ധിയെക്കുറിച്ച് വളരെക്കാലമായി അറിയാം - അത് സ്വർഗ്ഗം വരെ എത്തുന്ന ദുർഗന്ധമാണ്. നമ്മൾ ജീവിക്കുന്നത് തകർന്ന ലോകത്താണ് - ഈ പ്രശ്‌നത്തിന്റെ ഉറവിടത്തെ തെറ്റായി ധരിക്കാനും രോഗത്തിനു പകരം രോഗലക്ഷണങ്ങളെ ചികിത്സിക്കാനും സാധ്യതയുണ്ട്. ബുദ്ധിപൂർവമായ സാമൂഹിക പരിപാടികളും നയങ്ങളും കുറച്ചൊക്കെ ഗുണം ചെയ്യുമെങ്കിലും സമൂഹത്തിലെ തിന്മകളുടെ മൂലകാരണത്തെ - നമ്മുടെ പാപപൂർണമായ ഹൃദയങ്ങൾ! -

തടയാൻ അവയ്ക്കു ശക്തിയില്ല.

 “പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല” എന്ന് യേശു പറഞ്ഞപ്പോൾ അവൻ ശാരീരിക രോഗങ്ങളെയല്ല പരാമർശിച്ചത് (മർക്കൊസ് 7:15). മറിച്ച്, അവൻ നമ്മുടെ ഓരോരുത്തരുടെയും ആത്മീയ അവസ്ഥയെ നിർണ്ണയിക്കുകയായിരുന്നു. നമ്മുടെ ഉള്ളിൽ പതിയിരിക്കുന്ന തിന്മകളുടെ ഒരു പട്ടിക നിരത്തിക്കൊണ്ട് (വാ. 21-22) “അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്,” എന്ന് യേശു പറഞ്ഞു (വാ. 15).

“ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി,” ദാവീദ് എഴുതി (സങ്കീർത്തനം 51:5). അവന്റെ വിലാപം നമുക്കെല്ലാവർക്കും ഏറ്റുപറയാവുന്ന ഒന്നാണ്. നാം തുടക്കം മുതലേ തകർന്നവരാണ്. അതുകൊണ്ടാണ് “ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ” (വാ. 10) എന്നു ദാവീദ് പ്രാർത്ഥിച്ചത്. എല്ലാ ദിവസവും, യേശു തന്റെ ആത്മാവിലൂടെ സൃഷ്ടിച്ച ആ പുതിയ ഹൃദയം നമുക്ക് ആവശ്യമാണ്.

രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുപകരം, ഉറവിടത്തെ ശുദ്ധീകരിക്കാൻ നാം യേശുവിനെ അനുവദിക്കണം.

വിശദാംശങ്ങളിൽ ദൈവം

രാഹുലിനും നിഷയ്ക്കും ഇത് ഒരു മോശം ആഴ്ചയായിരുന്നു. രാഹുലിന്റെ ചുഴലിദീനം പെട്ടെന്നു വഷളായി, അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാമാരിക്കിടയിൽ, അവരുടെ നാലു കൊച്ചുകുട്ടികൾ വീടിനുള്ളിൽ കൂടുതൽ സമയം ചിലവഴിച്ചതിനാൽ വിഷമത്തിലായിരുന്നു. അതിലുപരിയായി, വീട്ടിൽ അവശേഷിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്ന് മാന്യമായ നിലയിൽ ഭക്ഷണമുണ്ടാക്കാൻ നിഷയ്ക്കു കഴിഞ്ഞില്ല. വിചിത്രമെന്നു പറയട്ടെ, ആ നിമിഷം അവൾ കാരറ്റിനുകൊതിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. അവിടെ അവരുടെ സുഹൃത്തുക്കളായ അനിതയും അഭിഷേകും നിന്നിരുന്നു - അവരുടെ കൈയിൽ കുടുംബത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണമുണ്ടായിരുന്നു - കാരറ്റ് ഉൾപ്പെടെ.

വിശദാംശങ്ങളിൽ പിശാച് ഉണ്ടെന്ന് അവർ പറയുന്നു? ഇല്ല. യെഹൂദ ജനതയുടെ ചരിത്രത്തിലെ ഒരു അത്ഭുതകരമായ കഥ, വിശദാംശങ്ങളിൽ ദൈവം ഉണ്ടെന്നു തെളിയിക്കുന്നതാണ്. “ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണം” (പുറപ്പാട് 1:22) എന്ന് ഫറവോൻ കൽപ്പിച്ചിരുന്നു. ആ വംശഹത്യയുടെ വികസനം ശ്രദ്ധേയമായ ഒരു വിശദാംശത്തിലേക്കു തിരിഞ്ഞു. മോശയുടെ അമ്മ തന്റെ കുഞ്ഞിനെ നൈൽ നദിയിലേക്ക് “എറിഞ്ഞു,” എന്നാൽ ഒരു തന്ത്രം പ്രയോഗിച്ചു. നൈൽ നദിയിൽ നിന്ന്, ദൈവം തന്റെ ജനത്തെ രക്ഷിക്കാൻ ഉപയോഗിച്ച കുഞ്ഞിനെ ഫറവോന്റെ സ്വന്തം മകൾ രക്ഷിച്ചു. കുഞ്ഞിനു മുലയൂട്ടാൻ മോശെയുടെ അമ്മയ്ക്ക് അവൾ പണം നൽകുക പോലും ചെയ്തു! (2:9).

ഈ വളർന്നുവരുന്ന യെഹൂദ രാഷ്ട്രത്തിൽ നിന്ന് ഒരു ദിവസം വാഗ്ദത്തം ചെയ്യപ്പെട്ട ഒരു ആൺകുട്ടി വരും. അവന്റെ കഥ അതിശയകരമായ വിശദാംശങ്ങളാലും ദിവ്യമായ വൈരുധ്യങ്ങളാലും സമൃദ്ധമായിരുന്നു. ഏറ്റവും പ്രധാനമായി, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് യേശു ഒരു പുറപ്പാട് നൽകും.

പ്രത്യേകിച്ചും - ഇരുണ്ട കാലത്തു പോലും, ദൈവം വിശദാംശങ്ങളിലുണ്ട്. “ദൈവം എനിക്കു കാരറ്റ് കൊണ്ടുവന്നു!” എന്നു നിഷ നിങ്ങളോടു പറയും. 

ആൺകുഞ്ഞ്

ഒരു വർഷത്തിലേറെ, അവന്റെ നിയമപരമായ പേര് “ആൺകുഞ്ഞ് ” എന്നായിരുന്നു. അവന്റെ കരച്ചിൽ കേട്ട ഒരു സെക്യൂരിറ്റി ഗാർഡ് ആണ് ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവനെ കണ്ടെത്തിയത് - പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള അവനെ ഒരു ബാഗിനുള്ളിൽ കിടത്തിയിരിക്കുകയായിരുന്നു. 

അവനെ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ, സോഷ്യൽ സർവീസസ്, ഒരു ദിവസം അവന്റെ എക്കാലത്തെയും കുടുംബമായി മാറാനിരുന്ന ആളുകളെ വിളിച്ചു. ദമ്പതികൾ അവനെ ഏറ്റെടുക്കുകയും ഗ്രേസൺ (യഥാർത്ഥ പേരല്ല) എന്നു വിളിക്കുകയും ചെയ്തു. ഒടുവിൽ, ദത്തെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഗ്രേസന്റെ പേര് ഔദ്യോഗികമായി മാറി. ഇന്ന് നിങ്ങളോട് ആത്മാർത്ഥമായി സംഭാഷണത്തിൽ ഏർപ്പെടുന്ന സന്തോഷവാനായ ഒരു കുട്ടിയെ കാണാൻ കഴിയും. ഒരിക്കൽ ഒരു ബാഗിൽ ഉപേക്ഷിച്ച നിലയിൽ അവനെ കണ്ടെത്തിയതാണെന്ന് നിങ്ങൾ ഒരിക്കലും ഊഹിക്കുകയില്ല.

തന്റെ ജീവിതത്തിന്റെ അവസാനത്തിൽ, മോശെ ദൈവത്തിന്റെ സ്വഭാവവും അവൻ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും അവലോകനം ചെയ്തു. “നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്‌നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു” മോശ അവരോടു പറഞ്ഞു (ആവർത്തനം 10:15). ഈ സ്‌നേഹത്തിന് വിശാലമായ വ്യാപ്തി ഉണ്ടായിരുന്നു. “അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്‌നേഹിച്ചു അവന് അന്നവും വസ്ത്രവും നല്കുന്നു” എന്നു മോശ പറഞ്ഞു (വാ. 18). “അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം” (വാ. 21).

അത് ദത്തെടുക്കലിലൂടെയോ അല്ലെങ്കിൽ കേവലം സ്‌നേഹത്തിലൂടെയോ സേവനത്തിലൂടെയോ ആകട്ടെ, ദൈവസ്‌നേഹം പ്രതിഫലിപ്പിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധിക്കപ്പെടാതെയും അവകാശവാദം ഉന്നയിക്കപ്പെടാതെയും പോയേക്കാവുന്ന ഒരാൾക്ക് തന്റെ സ്‌നേഹം നീട്ടാൻ ദൈവം ഉപയോഗിച്ച കൈകളും കാലുകളായി ആ സ്‌നേഹ ദമ്പതികൾ മാറി. നമുക്കും അവന്റെ കൈകളും കാലുകളും ആയി സേവനം ചെയ്യാം.

അസാധാരണ വർഷം

ജീവിതത്തിന്റെ അധിക കാലവും ഒരു അന്യമതക്കാരനായി ജീവിച്ചുവെങ്കിലും, ക്രിസ്ത്യാനികൾ  നേരിട്ട വ്യവസ്ഥാനുസൃതമായ പീഢനം നിർത്തലാക്കുവാൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ (AD 272-337 ) നവീകരണങ്ങൾ നടത്തി. ചരിത്രത്തെ BC (ക്രിസ്തുവിനു മുമ്പ്) എന്നും AD (ക്രിസ്തുവർഷം-Anno Domini ) എന്നും വേർതിരിച്ച് കലണ്ടർ നടപ്പിലാക്കിയതും അദ്ദേഹമാണ്.

ഇതിനെ പിന്നീട് മതേതരമാക്കാനുള്ള ശ്രമം ഉണ്ടായി; CE (Common Era) എന്നും BCE (before Common Era) എന്നും വിളിക്കാൻ ശ്രമിച്ചു. ദൈവത്തെ പുറത്ത് നിർത്താനുള്ള ലോകത്തിന്റെ താല്പര്യത്തിന്റെ ഒരു ഉദാഹരണമായി ചിലർ ഇതിനെ കണക്കാക്കുന്നു.

എന്നാൽ ദൈവം എങ്ങോട്ടും പോകുന്നില്ല. പേര് എങ്ങനെ മാറ്റിയാലും ചരിത്രത്തിന്റെ കലണ്ടർ യേശുക്രിസ്തുവിന്റെ ഭൗമിക ജീവിതത്തെ കേന്ദ്രീകരിച്ച് തന്നെയാണ് നിലകൊള്ളുന്നത്.

ബൈബിളിലെ എസ്ഥേറിന്റെ പുസ്തകത്തിന്, ദൈവം എന്ന വാക്ക് അതിൽ ഇല്ല എന്ന ഒരു അസാധാരണത്വം ഉണ്ട്. എങ്കിലും ദൈവം വിടുവിക്കുന്നതിന്റെ ചരിത്രമാണ് അതിൽ വിവരിക്കുന്നത്. അവരുടെ ജന്മനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട യഹൂദന്മാർ ദൈവത്തെ അറിയാത്ത ഒരു നാട്ടിലാണ്. ശക്തനായ ഒരു അധികാരിക്ക് അവരെയെല്ലാം കൊന്നു മുടിക്കണമെന്ന് താല്പര്യമുണ്ടായി (എസ്ഥേർ 3:8-9; 12-14). എന്നാൽ എസ്ഥേർ രാജ്ഞിയിലൂടെയും സഹോദരനായ മൊർദ്ദേഖായിയിലൂടെയും ദൈവം തന്റെ ജനത്തെ വിടുവിച്ചു. ഈ ചരിത്രമാണ് യഹൂദൻ പൂരിം ഉത്സവത്തിലൂടെ ഓർക്കുന്നത് ( 9:20-32).

ലോകം തന്നോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് വിഷയമാക്കാതെ, യേശു സകലതും വ്യത്യാസപ്പെടുത്തുന്നു. യഥാർത്ഥ പ്രത്യാശയുടെയും വാഗ്ദത്തത്തിന്റെയും ഒരു അസാധാരണ കാലഘട്ടത്തിലേക്ക് അവൻ നമ്മെ പ്രവേശിപ്പിച്ചിരിക്കുന്നു. ചുറ്റുപാടും ഒന്ന് നോക്കിയാൽ മാത്രം മതി; നമുക്കവനെ കാണാനാകും.

ആജീവനാന്ത ജീവിതഗതി

ഷിബുമോനും എലിസബത്തും ഹരിതാഭമായ കേരളത്തിൽ നിന്ന് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക്, പാമ്പുപിടിത്തക്കാരുടെ പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക ജീവിതത്തിൽനിന്ന് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ശ്രേഷ്ഠദൗത്യത്തിനായി കുടിയേറി. ഡൽഹി-ഗുർഗാവോൺ അതിർത്തിയിലെ മാണ്ഡി ഗാവോണിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി അവർ അവരുടെ ജീവിതത്തിന്റെ ഗതി മാറ്റി. തങ്ങളുടെ മാതാപിതാക്കളുടെ തൊഴിൽ ഏറ്റെടുക്കാതെ ഒരുനാൾ കുട്ടികൾ പരിഷ്‌കൃതരായി ജീവിക്കുമെന്ന പ്രതീക്ഷയിലാണ് അവർ അധികമാരും സഞ്ചരിക്കാത്ത പാത സ്വീകരിച്ചത്.

യെഹോയാദ എന്ന പേര് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല, എന്നിട്ടും അത് ദൈവത്തോടുള്ള സമർപ്പണത്തിന്റെ പര്യായമാണ്. ഭരണത്തിന്റെ ഭൂരിഭാഗം സമയവും നല്ല രാജാവായി ഭരിച്ച - യെഹോയാദയ്ക്കു നന്ദി - യോവാശ് രാജാവിന്റെ ഭരണകാലത്ത് അദ്ദേഹം മഹാപുരോഹിതനായി സേവനമനുഷ്ഠിച്ചു. യോവാശിന് വെറും ഏഴു വയസ്സുള്ളപ്പോൾ, അവനെ നിയമാനുസൃത രാജാവായി വാഴിക്കുന്നതിൽ യെഹോയാദയായിരുന്നു പ്രേരകം (2 രാജാക്കന്മാർ 11:1-16). എന്നാൽ ഇത് അധികാരം പിടിച്ചെടുക്കലായിരുന്നില്ല. യോവാശിന്റെ കിരീടധാരണ വേളയിൽ, യെഹോയാദാ 'അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു' (വാ. 17). ഏറ്റവും ആവശ്യമായിരുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൊണ്ട് അവൻ വാക്കു പാലിച്ചു. “അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു’’ (2 ദിനവൃത്താന്തം 24:14). അവന്റെ സമർപ്പണം ഹേതുവായി യെഹോയാദയെ “ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു’’ (വാ. 16).

യൂജിൻ പീറ്റേഴ്‌സൺ അത്തരമൊരു ദൈവ-കേന്ദ്രീകൃതമായ ജീവിതത്തെ വിളിക്കുന്നത് “ഒരേ ദിശയിലുള്ള ദീർഘമായ അനുസരണം’’ എന്നാണ്. വിരോധാഭാസമെന്നു പറയട്ടെ, പ്രശസ്തി, അധികാരം, സ്വയം നിർവൃതി എന്നിവയ്ക്ക് അടിയറവു പറയുന്ന ഒരു ലോകത്തു വേറിട്ടുനിൽക്കുന്നത് അത്തരം അനുസരണമാണ് .