യേശു നമ്മുടെ സഹോദരൻ
ബ്രിഡ്ജർ വാക്കറിന് ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഒരു നായ തന്റെ ഇളയ സഹോദരിക്ക് നേരെ കുതിച്ചുചെല്ലുന്നത് അവൻ കണ്ടു. നായയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് അവളെ സംരക്ഷിക്കുന്നതിനായി ബ്രിഡ്ജർ അവളുടെ മുന്നിലേക്ക് ചാടി. അടിയന്തര പരിചരണം ലഭിക്കുകയും മുഖത്ത് തൊണ്ണൂറ് തുന്നലുകൾ ഇടുകയും ചെയ്തശേഷം, ബ്രിഡ്ജർ തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. “ആരെങ്കിലും മരിക്കേണ്ടി വന്നാൽ, അത് ഞാനായിരിക്കണമെന്ന് ഞാൻ ചിന്തിച്ചു.” നന്ദിയോടെ പറയട്ടെ, പ്ലാസ്റ്റിക് സർജന്മാർ ബ്രിഡ്ജറിന്റെ മുഖം സുഖപ്പെടുത്തി. തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുന്ന അവന്റെ സമീപകാല ചിത്രങ്ങളിൽ തന്റെ സഹോദരിയോടുള്ള സ്‌നേഹം എന്നത്തേയും പോലെ ശക്തമായി നിലനിൽക്കുന്നു എന്നു കാണാം.
കുടുംബാംഗങ്ങൾ നമ്മെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. നാം കഷ്ടതയിൽ അകപ്പെടുമ്പോൾ യഥാർത്ഥ സഹോദരന്മാർ ഇടപെടുകയും നാം പേടിക്കുമ്പോഴോ തനിച്ചായിരിക്കുമ്പോഴോ കൂടെ വരികയും ചെയ്യും. വാസ്തവത്തിൽ, നമ്മുടെ ഏറ്റവും നല്ല സഹോദരന്മാർ പോലും അപൂർണ്ണരാണ്; ചിലർ നമ്മെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. എപ്പോഴും നമ്മുടെ പക്ഷത്തുള്ള ഒരു സഹോദരൻ നമുക്കുണ്ട്, യേശു. എബ്രായലേഖനം നമ്മോട് പറയുന്നു, 'മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി ... സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു'' (2:14, 17). തൽഫലമായി, യേശു നമ്മുടെ ഏറ്റവും യഥാർത്ഥ സഹോദരനാണ്, നമ്മെ തന്റെ 'സഹോദരന്മാർ' എന്ന് വിളിക്കുന്നതിൽ അവൻ സന്തോഷിക്കുന്നു (വാ. 11).
നാം യേശുവിനെ നമ്മുടെ രക്ഷകൻ, സുഹൃത്ത്, രാജാവ് എന്നിങ്ങനെ പരാമർശിക്കുന്നു-ഇവ ഓരോന്നും സത്യവുമാണ്. എന്നിരുന്നാലും, എല്ലാ മാനുഷിക ഭയവും പ്രലോഭനവും എല്ലാ നിരാശയും സങ്കടവും അനുഭവിച്ച നമ്മുടെ സഹോദരൻ കൂടിയാണ് യേശു. നമ്മുടെ സഹോദരൻ എപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നു.
ശക്തരും ബലഹീനരും
ഞങ്ങളുടെ ദത്തു മുത്തശ്ശി നിരവധി സ്‌ട്രോക്കുകൾ സംഭവിച്ച് ആശുപത്രിയിൽ ആയപ്പോൾ, അവൾക്കുണ്ടായ മസ്തിഷ്‌ക ക്ഷതം എത്രത്തോളം ആയിരുന്നുവെന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. അവളുടെ തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കാൻ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അവൾ വളരെക്കുറച്ച് വാക്കുകൾ മാത്രമേ സംസാരിച്ചുള്ളൂ, അതിൽപോലും വളരെക്കുറച്ചേ മനസ്സിലാകുമായിരുന്നുള്ളൂ. പക്ഷേ, പന്ത്രണ്ടു വർഷമായി എന്റെ മകളെ നോക്കിവളർത്തിയ ആ എൺപത്തിയാറുകാരി എന്നെ കണ്ടപ്പോൾ, അവളുടെ വരണ്ട വായ തുറന്നു ചോദിച്ചു: “കെയ്‌ലയ്ക്ക് എങ്ങനെയുണ്ട്?’’ അവൾ എന്നോട് ആദ്യമായി സംസാരിച്ച വാക്കുകൾ അവൾ സ്വതന്ത്രമായും പൂർണ്ണമായും സ്‌നേഹിച്ച എന്റെ മകളെക്കുറിച്ചായിരുന്നു.
ശിഷ്യന്മാർ അംഗീകരിച്ചില്ലെങ്കിലും യേശു കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരെ മുൻപന്തിയിൽ നിർത്തുകയും ചെയ്തു. ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അനുഗ്രഹിക്കാനായ യേശുവിന്റെ മുമ്പിൽ കൊണ്ടുവന്നു. അവൻ “അവരുടെ മേൽ കൈവെച്ചു’’ അവരെ അനുഗ്രഹിച്ചു (ലൂക്കൊസ് 18:15). എന്നാൽ അവൻ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചതിൽ എല്ലാവരും സന്തോഷിച്ചില്ല. ശിഷ്യന്മാർ മാതാപിതാക്കളെ ശകാരിക്കുകയും യേശുവിനെ ശല്യപ്പെടുത്തുന്നത് നിർത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൻ ഇടപെട്ട് പറഞ്ഞു, “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ” (വാ. 16). ലളിതമായ ആശ്രയത്വത്തോടും വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി നാം ദൈവരാജ്യത്തെ സ്വീകരിക്കണം എന്നതിന്റെ ഒരു ഉദാഹരണമായി അവൻ അവരെ വിളിച്ചു.
ചെറിയ കുട്ടികൾക്ക് ഒരു മറഞ്ഞിരിക്കുന്ന അജണ്ട ഇല്ല. നിങ്ങൾ കാണുന്നതാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ശിശുസമാനമായ വിശ്വാസം വീണ്ടെടുക്കാൻ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമ്മെ സഹായിക്കുന്നതനുസരിച്ച്, നമ്മുടെ വിശ്വാസവും അവനിലുള്ള ആശ്രയവും ഒരു ശിശുവിനെപ്പോലെ തുറന്നതായിരിക്കട്ടെ.
പ്രാർത്ഥനയും രൂപാന്തരവും
1982-ൽ, പാസ്റ്റർ ക്രിസ്റ്റ്യൻ ഫ്യൂറർ ജർമ്മനിയിലെ ലീപ്‌സിഗ് സെന്റ് നിക്കോളാസ് പള്ളിയിൽ തിങ്കളാഴ്ച പ്രാർത്ഥനാ യോഗങ്ങൾ ആരംഭിച്ചു. വർഷങ്ങളോളം, ആഗോള അക്രമത്തിനും കിഴക്കൻ ജർമ്മൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനും മധ്യേ സമാധാനത്തിനായി ദൈവത്തോട് അപേക്ഷിക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഒത്തുകൂടി. കമ്മ്യൂണിസ്റ്റ് അധികാരികൾ സഭകളെ സസൂക്ഷ്മം നിരീക്ഷിച്ചെങ്കിലും, അംഗസംഖ്യ പെരുകുകയും സഭാ കവാടത്തിന് പുറത്തേക്ക് ജനബാഹുല്യം പെരുകുകയും ചെയ്യുന്നതുവരെ അവർ ഗൗനിച്ചില്ല. 1989 ഒക്ടോബർ 9-ന് എഴുപതിനായിരം പ്രകടനക്കാർ ഒത്തുകൂടുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്തു. ഏത് പ്രകോപനത്തിനും മറുപടി നൽകാൻ ആറായിരം കിഴക്കൻ ജർമ്മൻ പോലീസ് സജ്ജരായി നിന്നു. എന്നിരുന്നാലും, ജനക്കൂട്ടം സമാധാനപരമായി പ്രതിഷേധം തുടർന്നു, ചരിത്രകാരന്മാർ ഈ സംഭവത്തെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. ഒരു മാസത്തിനുശേഷം, ബെർലിൻ മതിൽ തകർന്നു. വലിയ പരിവർത്തനം ആരംഭിച്ചത് ഒരു പ്രാർത്ഥനാ യോഗത്തോടെയാണ്.
നാം ദൈവത്തിങ്കലേക്ക് തിരിയുകയും അവന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, കാര്യങ്ങൾ പലപ്പോഴും മാറാനും പുനർരൂപപ്പെടാനും തുടങ്ങുന്നു. യിസ്രായേലിനെപ്പോലെ, “[നമ്മുടെ] കഷ്ടതയിൽ യഹോവയോട് നിലവിളിക്കുമ്പോൾ’’ (സങ്കീർത്തനം 107:28) നമ്മുടെ ഏറ്റവും ഭയാനകമായ പ്രതിസന്ധികളെ പോലും അടിസ്ഥാനപരമായി രൂപാന്തരപ്പെടുത്താനും നമ്മുടെ ഏറ്റവും വിഷമകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിവുള്ള ദൈവത്തെ നാം കണ്ടെത്തുന്നു. ദൈവം “കൊടുങ്കാറ്റിനെ ശാന്തമാക്കുകയും മരുഭൂമിയെ ജലതടാകമാക്കി” മാറ്റുകയും ചെയ്യുന്നു (വാ. 29, 35). നമ്മുടെ പ്രാർത്ഥന കേൾക്കുന്നവൻ നിരാശയിൽ നിന്ന് പ്രത്യാശയും നാശത്തിൽ നിന്ന് സൗന്ദര്യവും കൊണ്ടുവരുന്നു.
എന്നാൽ ദൈവമാണ് (അവന്റെ കാലത്ത്-നമ്മുടെ സമയത്തല്ല) രൂപാന്തരം നടപ്പിലാക്കുന്നത്. അവൻ ചെയ്യുന്ന രൂപാന്തര പ്രവൃത്തിയിൽ നാം എങ്ങനെ പങ്കുചേരുന്നു എന്നതാണ് പ്രാർത്ഥന.
ദൈവത്തിന്റെ മങ്ങാത്ത ഓർമ്മ
ഒരു വ്യക്തിയുടെ കൈവശം 40 കോടി ഡോളറിലധികം വിലവരുന്ന ബിറ്റ്‌കോയിൻ ഉണ്ടായിരുന്നു, എന്നാൽ അയാൾക്ക് അതിന്റെ ഒരു പൈസപോലും എടുക്കാൻ കഴിഞ്ഞില്ല. തന്റെ ഫണ്ടുകൾ ശേഖരിച്ചിരുന്ന ഉപകരണത്തിന്റെ പാസ്‌വേഡ് അയാൾക്ക് നഷ്ടപ്പെട്ടു, അതിലും വലിയ ദുരന്തം, പത്ത് പാസ്‌വേഡ് ശ്രമങ്ങൾക്കു ശേഷം, സ്വയം നശിപ്പിക്കപ്പെടുന്നതായിരുന്നു ഉപകരണം. എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരു ഭാഗ്യം. ഒരു ദശാബ്ദക്കാലം ആ മനുഷ്യൻ വേദനിച്ചു, തന്റെ ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന നിക്ഷേപത്തിന്റെ പാസ്‌വേഡ് ഓർത്തെടുക്കാൻ തീവ്രമായി ശ്രമിച്ചു. എട്ട് പാസ്‌വേഡുകൾ പരീക്ഷിച്ച് എട്ട് തവണ പരാജയപ്പെട്ടു. 2021-ൽ, എല്ലാം ആവിയായി പോകുന്നതിന് മുമ്പ് തനിക്ക് രണ്ട് അവസരങ്ങൾ കൂടി മാത്രമേയുള്ളൂവെന്ന് അയാൾ വിലപിച്ചു.
നമ്മൾ മറവിയുള്ള ആളുകളാണ്. ചിലപ്പോൾ നമ്മൾ ചെറിയ കാര്യങ്ങൾ മറക്കുന്നു (നമ്മുടെ താക്കോലുകൾ എവിടെ വെച്ചു എന്ന കാര്യം), ചിലപ്പോൾ നമ്മൾ വലിയ കാര്യങ്ങൾ മറക്കുന്നു (ദശലക്ഷക്കണക്കിന് ഡോളർ അൺലോക്ക് ചെയ്യുന്ന ഒരു പാസ്‌വേഡ്). ഭാഗ്യവശാൽ, ദൈവം നമ്മെപ്പോലെയല്ല. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെയോ ആളുകളെയോ അവൻ ഒരിക്കലും മറക്കുകയില്ല. കഷ്ടകാലങ്ങളിൽ, ദൈവം തങ്ങളെ മറന്നുവെന്ന് യിസ്രായേൽ ഭയപ്പെട്ടു. 'യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു' (യെശയ്യാവ് 49:14) എന്നവർ വിലപിച്ചു. എന്നിരുന്നാലും, അവരുടെ ദൈവം എപ്പോഴും ഓർക്കുന്നുവെന്ന് യെശയ്യാവ് അവർക്ക് ഉറപ്പുനൽകി. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” പ്രവാചകൻ ചോദിക്കുന്നു. തീർച്ചയായും, മുലയൂട്ടുന്ന കുഞ്ഞിനെ അമ്മ മറക്കയില്ല. ഇനി, ഒരു അമ്മ അത്തരമൊരു അസംബന്ധം ചെയ്താലും, ദൈവം നമ്മെ ഒരിക്കലും മറക്കില്ലെന്ന് നമുക്കറിയാം (വാ. 15).
“നോക്കൂ,” ദൈവം പറയുന്നു, “ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു” (വാ. 16). ദൈവം നമ്മുടെ പേരുകൾ സ്വന്തം അസ്തിത്വത്തിൽ കൊത്തിവെച്ചിരിക്കുന്നു. അവന് നമ്മെ-അവൻ സ്‌നേഹിക്കുന്നവരെ -മറക്കാൻ കഴികയില്ലെന്ന് ഓർക്കുക.
ആത്മാവിന് മാത്രം ചെയ്യാൻ കഴിയുന്നത്
തൊണ്ണൂറ്റി നാല് വയസ്സുള്ള ജർമ്മൻ ദൈവശാസ്ത്രജ്ഞനായ ജർഗൻ മോൾട്ട്മാൻ എഴുതിയ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ചർച്ചയ്ക്കിടെ, ഒരു അഭിമുഖക്കാരൻ അദ്ദേഹത്തോട് ചോദിച്ചു: 'നിങ്ങൾ എങ്ങനെയാണ് പരിശുദ്ധാത്മാവിനെ പ്രവർത്തനക്ഷമമാക്കുന്നത്? നിങ്ങൾ ഒരു ഗുളിക കഴിക്കാമോ? ഫാർമസ്യൂട്ടിക്കൽ കമ്പനികൾ [ആത്മാവിനെ വിതരണം] ചെയ്യുന്നുണ്ടോ?' മോൾട്ട്മാന്റെ പുരികങ്ങൾ ഉയർന്നു. തല കുലുക്കി അദ്ദേഹം ചിരിച്ചു, ഉച്ചാരണഭേദമുള്ള ഇംഗ്ലീഷിൽ മറുപടി പറഞ്ഞു. 'എനിക്കെന്തു ചെയ്യാൻ കഴിയും? ഒന്നും ചെയ്യേണ്ടതില്ല. ആത്മാവിനായി കാത്തിരിക്കുക, ആത്മാവ് വരും.''
നമ്മുടെ ഊർജ്ജവും വൈദഗ്ധ്യവുമാണ് കാര്യങ്ങളെ സംഭവിപ്പിക്കുന്നത് എന്ന നമ്മുടെ തെറ്റായ വിശ്വാസത്തെ മോൾട്ട്മാൻ ഉയർത്തിക്കാട്ടി. ദൈവം കാര്യങ്ങൾ സംഭവിപ്പിക്കുന്നുവെന്ന് പ്രവൃത്തികൾ വെളിപ്പെടുത്തുന്നു. സഭയുടെ തുടക്കത്തിൽ, അതിന് മാനുഷിക തന്ത്രവുമായോ ശ്രദ്ധേയമായ നേതൃത്വവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. പകരം, പരിഭ്രാന്തരും നിസ്സഹായരും അമ്പരപ്പുള്ളവരുമായ ശിഷ്യന്മാർ ഇരുന്ന മുറിയിലേക്കാണ് ആത്മാവ് 'കൊടിയ കാറ്റടിക്കുന്നതുപോലെ' എത്തിയത് (2:2). അടുത്തതായി, ഭിന്നതയുള്ള ആളുകളെ ഒരു പുതിയ സമൂഹത്തിലേക്ക് കൂട്ടിച്ചേർത്ത് ആത്മാവ് എല്ലാ വംശീയ മേധാവിത്വങ്ങളെയും തകർത്തു. തങ്ങളുടെ ഉള്ളിൽ ദൈവം ചെയ്യുന്നതെന്തെന്ന് കണ്ട് ശിഷ്യന്മാരും ആരെയും പോലെ ഞെട്ടി. അവർ ഒന്നും സംഭവിപ്പിച്ചില്ല; 'ആത്മാവ് അവരെ പ്രാപ്തമാക്കി' (വാ. 4).
സഭയും-ലോകത്തിലെ നമ്മുടെ പങ്കിട്ട ജോലിയും-നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൊണ്ടല്ല നിർവചിക്കപ്പെടുന്നത്. ആത്മാവിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നാം പൂർണ്ണമായും ആശ്രയിക്കുന്നു. ധൈര്യത്തോടെയും സ്ഥിരതയോടെയും ആയിരിക്കാൻ ആത്മാവ് നമ്മെ അനുവദിക്കുന്നു. പെന്തക്കോസ്ത് ആഘോഷിക്കുന്ന ഈ ദിനത്തിൽ നമുക്ക് ആത്മാവിനായി കാത്തിരിക്കുകയും പ്രതികരിക്കുകയും ചെയ്യാം.
ഞാൻ ആരാണ്?
1859-ൽ ജോഷ്വ എബ്രഹാം നോർട്ടൺ അമേരിക്കയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. സാൻ ഫ്രാൻസിസ്‌കോ ഷിപ്പിംഗിൽ നോർട്ടൺ തന്റെ ഭാഗ്യം കെട്ടിപ്പടുത്തു-നഷ്ടപ്പെടുകും ചെയ്തു. പക്ഷേ അയാൾക്ക് ഒരു പുതിയ ഐഡന്റിറ്റി വേണണായിരുന്നു: അമേരിക്കയുടെ ആദ്യത്തെ ചക്രവർത്തി എന്ന പദവി. സാൻഫ്രാൻസിസ്‌കോ ഈവനിംഗ് ബുള്ളറ്റിൻ ''ചക്രവർത്തി'' നോർട്ടന്റെ അറിയിപ്പ് അച്ചടിച്ചപ്പോൾ, മിക്ക വായനക്കാരും ചിരിച്ചു. സമൂഹത്തിന്റെ തിന്മകൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ നോർട്ടൺ നടത്തി, സ്വന്തം കറൻസി അച്ചടിച്ചു, ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വിക്ടോറിയ രാജ്ഞിക്ക്, തന്നെ വിവാഹം കഴിക്കാനും അവരുടെ രാജ്യങ്ങളെ ഒന്നിപ്പിക്കാനും ആവശ്യപ്പെട്ട് കത്തുകൾ പോലും എഴുതി. പ്രാദേശിക തയ്യൽക്കാർ രൂപകൽപ്പന ചെയ്ത രാജകീയ സൈനിക യൂണിഫോം അയാൾ ധരിച്ചിരുന്നു. ഒരു നിരീക്ഷകൻ പറഞ്ഞു, നോർട്ടൺ 'ഓരോ ഇഞ്ചും ഒരു രാജാവായി' കാണപ്പെട്ടു. എന്നാൽ തീർച്ചയായും, അയാൾ രാജാവായിരുന്നില്ല. നമ്മൾ ആരാണെന്നത് നമുക്ക് സ്വയം ഉളവാക്കാൻ പറ്റില്ല.
നമ്മിൽ പലരും നമ്മൾ ആരാണെന്ന് അന്വേഷിക്കാനും നമുക്ക് എന്ത് മൂല്യമുണ്ടെന്ന് ചിന്തിക്കാനും വർഷങ്ങളോളം ചെലവഴിക്കുന്നു. നാം ആരാണെന്നതിനെക്കുറിച്ചുള്ള സത്യം യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ നമ്മോട് പറയാൻ കഴിയൂ എന്നിരിക്കെ, നാം സ്വയം പേരിടാനോ നിർവചിക്കാനോ ശ്രമിക്കുന്നു. അവന്റെ പുത്രനായ യേശുവിൽ നമുക്ക് രക്ഷ ലഭിക്കുമ്പോൾ അവൻ നമ്മെ തന്റെ പുത്രന്മാരും പുത്രിമാരും എന്ന് വിളിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം. ''അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു'' (യോഹന്നാൻ 1:12) എന്ന് യോഹന്നാൻ എഴുതുന്നു. ഈ സ്വത്വം തികച്ചും ഒരു ദാനമാണ്. നാം ''രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്'' (വാ. 13).
ദൈവം നമുക്കു പേരും ക്രിസ്തുവിൽ നമ്മുടെ സ്വത്വവും നൽകുന്നു. നാം ആരാണെന്ന് അവൻ നമ്മോട് പറയുന്നതിനാൽ അതിനായി പരിശ്രമിക്കുന്നതും മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നതും നമുക്കു നിർത്താം.
യേശുവിനോടൊപ്പം ഭവനത്തിൽ
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പ്രായപൂർത്തിയായ ജൂണോ എന്ന കറുത്ത പൂച്ചയെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു. സത്യം പറഞ്ഞാൽ, എനിക്ക് ഞങ്ങളുടെ എലികളുടെ എണ്ണം കുറയ്ക്കാനുള്ള സഹായം മാത്രമേ ആവശ്യമുണ്ടായിരുള്ളൂ, എന്നാൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ഒരു വളർത്തുമൃഗത്തെയാണ് വേണ്ടായിരുന്നത്. ആ ഷെൽട്ടർ ഞങ്ങൾക്ക്, ആദ്യ ആഴ്ചത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കർശനമായ നിർദ്ദേശങ്ങൾ നൽകി, അങ്ങനെ ഞങ്ങളുടെ വീട് അവന്റെ വീടാണെന്നും അവൻ ഉൾപ്പെട്ട സ്ഥലമാണെന്നും അവന് എപ്പോഴും ഭക്ഷണവും സുരക്ഷിതത്വവും എവിടെയാണെന്നും ജൂണോ മനസ്സിലാക്കും. ഈ രീതിയിൽ, ജൂണോ പുറത്തുപോയാലും, അവൻ എല്ലായ്‌പ്പോഴും വീട്ടിൽ മടങ്ങിവരും.
നമ്മുടെ യഥാർത്ഥ ഭവനം നമുക്ക് അറിയില്ലെങ്കിൽ, നന്മയ്ക്കും സ്‌നേഹത്തിനും അർത്ഥത്തിനും വേണ്ടി വ്യർത്ഥമായി അലഞ്ഞുതിരിയാൻ നാം എന്നേക്കും പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമ്മുടെ യഥാർത്ഥ ജീവിതം കണ്ടെത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, "എന്നിൽ വസിപ്പിൻ'' എന്ന് യേശു പറഞ്ഞു (യോഹന്നാൻ 15:4). ബൈബിൾ പണ്ഡിതനായ ഫ്രെഡറിക് ഡെയ്ൽ ബ്രൂണർ, വസിക്കുക (വാസസ്ഥലം എന്ന സമാനമായ ഒരു വാക്ക് പോലെ) എന്ന പദം എങ്ങനെ കുടുംബത്തെയും ഭവനത്തെയും കുറിച്ചുള്ള ചിന്ത ഉണർത്തുന്നുവെന്ന് എടുത്തുകാണിക്കുന്നു. ബ്രൂണർ യേശുവിന്റെ വാക്കുകളെ ഇങ്ങനെ വിവർത്തനം ചെയ്യുന്നു: "എന്നിൽ ഭവനത്തിൽ വസിക്കൂ.''
ഈ ആശയം ഹൃദയത്തിൽ ആഴ്ത്തിയെഴുതാൻ, യേശു ഒരു മുന്തിരിവള്ളിയിൽ വസിക്കുന്ന കൊമ്പുകളുടെ ദൃഷ്ടാന്തം ഉപയോഗിച്ചു. കൊമ്പുകൾ, അവർ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഉൾപ്പെടുന്നിടത്ത് ഉറച്ചുനിൽക്കണം, അഥവാ അതിന്റെ ഭവനത്തിൽ വസിക്കണം.
നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ പുതിയ 'ജ്ഞാനം' അല്ലെങ്കിൽ ആഹ്ലാദകരമായ ഭാവി പ്രദാനം ചെയ്യുന്നതിനോ ഉള്ള പൊള്ളയായ വാഗ്ദാനങ്ങൾ നൽകി നമ്മെ വിളിച്ചറിയിക്കുന്ന നിരവധി ശബ്ദങ്ങളുണ്ട്. എന്നാൽ നമ്മൾ യഥാർത്ഥത്തിൽ ജീവിക്കണമെങ്കിൽ യേശുവിൽ നിലനിൽക്കണം. നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം.
ദൈവം നമ്മെ അറിയുന്നു
മൈക്കലാഞ്ചലോയുടെ ശിൽപമായ മോശെ യുടെ ഒരു ഫോട്ടോ ഞാൻ ഈയിടെ കണ്ടു, അതിന്റെ ഒരു ക്ലോസ് - അപ്പ് കാഴ്ച്ച മോശെയുടെ വലതു കൈയിൽ ഒരു ചെറിയ വീർത്ത പേശി കാണിച്ചു തന്നു. എക്സ്ടെൻസർ ഡിജിറ്റി മിനിമി എന്ന പേശിയാണിത്. ആരെങ്കിലും അവരുടെ ചെറുവിരൽ ഉയർത്തുമ്പോൾ മാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. സങ്കീർണമായ വിശദാംശങ്ങളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന മൈക്കലാഞ്ചലോ, താൻ കൊത്തിയെടുത്ത മനുഷ്യശരീരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തി, മറ്റാരും ശ്രദ്ധിക്കാത്ത സൂക്ഷ്മമായ വിവരങ്ങൾ അവയിൽ ചേർത്തു. ചുരുക്കം ശിൽപികൾക്കു മാത്രം അറിയാമായിരുന്ന മനുഷ്യശരീരത്തിലെ സവിശേഷതകൾ മൈക്കലാഞ്ചലോ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, മനുഷ്യന്റെ ആത്മാവ്, ആന്തരിക ജീവിതം എന്നിങ്ങനെ മനുഷ്യരുടെ ആഴത്തിലുള്ള വിശദാംശങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുക്കുവാൻ അദ്ദേഹം ശ്രമിച്ചു. തീർച്ചയായും, അതിന്, മൈക്കലാഞ്ചലോയുടെ കല അപര്യാപ്തമായിരുന്നു.
മനുഷ്യഹൃദയത്തിന്റെ അഗാധമായ യാഥാർത്ഥ്യങ്ങൾ ദൈവത്തിനു മാത്രമേ അറിയൂ. നാം കാണുന്നതെന്തും, അത് എത്ര ശ്രദ്ധയോടെയോ ഉൾക്കാഴ്ച്ചയോടെയോ ആയിരുന്നാലും, അത് സത്യത്തിന്റെ ഒരു നിഴൽ മാത്രമാണ്. എന്നാൽ ദൈവം നിഴലുകളെക്കാൾ ആഴത്തിൽ കാണുന്നു. "യഹോവേ, എന്നെ നീ അറിയുന്നു," യിരെമ്യാ പ്രവാചകൻ പറയുന്നു; "നീ എന്നെ കണ്ടു" (12:3). നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവ് സൈദ്ധാന്തികമോ മസ്തിഷ്കപരമോ അല്ല. അവൻ നമ്മെ ദൂരത്തുനിന്നല്ല, മറിച്ച്, നമ്മുടെ അന്തരംഗത്തിന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് അവൻ ഉറ്റുനോക്കുന്നു. നമ്മുടെ ആന്തരിക ജീവിതത്തിന്റെ ആഴങ്ങൾ ദൈവത്തിനറിയാം, നാം സ്വയം മനസ്സിലാക്കുവാൻ പാടുപെടുന്ന കാര്യങ്ങൾ പോലും.
നമ്മുടെ പോരാട്ടങ്ങളോ നമ്മുടെ ഹൃദയങ്ങളിൽ സംഭവിക്കുന്നതോ, എന്തു തന്നെയായാലും, ദൈവം നമ്മെ കാണുകയും നമ്മെ യഥാർത്ഥത്തിൽ അറിയുകയും ചെയ്യുന്നു.
ദൈവം നമ്മെ അറിയുന്നു
മൈക്കലാഞ്ചലോയുടെ ശിൽപമായ മോശെ യുടെ ഒരു ഫോട്ടോ ഞാൻ ഈയിടെ കണ്ടു, അതിന്റെ ഒരു ക്ലോസ് - അപ്പ് കാഴ്ച്ച മോശെയുടെ വലതു കൈയിൽ ഒരു ചെറിയ വീർത്ത പേശി കാണിച്ചു തന്നു. എക്സ്ടെൻസർ ഡിജിറ്റി മിനിമി എന്ന പേശിയാണിത്. ആരെങ്കിലും അവരുടെ ചെറുവിരൽ ഉയർത്തുമ്പോൾ മാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. സങ്കീർണമായ വിശദാംശങ്ങളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന മൈക്കലാഞ്ചലോ, താൻ കൊത്തിയെടുത്ത മനുഷ്യശരീരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തി, മറ്റാരും ശ്രദ്ധിക്കാത്ത സൂക്ഷ്മമായ വിവരങ്ങൾ അവയിൽ ചേർത്തു. ചുരുക്കം ശിൽപികൾക്കു മാത്രം അറിയാമായിരുന്ന മനുഷ്യശരീരത്തിലെ സവിശേഷതകൾ മൈക്കലാഞ്ചലോ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, മനുഷ്യന്റെ ആത്മാവ്, ആന്തരിക ജീവിതം എന്നിങ്ങനെ മനുഷ്യരുടെ ആഴത്തിലുള്ള വിശദാംശങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുക്കുവാൻ അദ്ദേഹം ശ്രമിച്ചു. തീർച്ചയായും, അതിന്, മൈക്കലാഞ്ചലോയുടെ കല അപര്യാപ്തമായിരുന്നു.
മനുഷ്യഹൃദയത്തിന്റെ അഗാധമായ യാഥാർത്ഥ്യങ്ങൾ ദൈവത്തിനു മാത്രമേ അറിയൂ. നാം കാണുന്നതെന്തും, അത് എത്ര ശ്രദ്ധയോടെയോ ഉൾക്കാഴ്ച്ചയോടെയോ ആയിരുന്നാലും, അത് സത്യത്തിന്റെ ഒരു നിഴൽ മാത്രമാണ്. എന്നാൽ ദൈവം നിഴലുകളെക്കാൾ ആഴത്തിൽ കാണുന്നു. "യഹോവേ, എന്നെ നീ അറിയുന്നു," യിരെമ്യാ പ്രവാചകൻ പറയുന്നു; "നീ എന്നെ കണ്ടു" (12:3). നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവ് സൈദ്ധാന്തികമോ മസ്തിഷ്കപരമോ അല്ല. അവൻ നമ്മെ ദൂരത്തുനിന്നല്ല, മറിച്ച്, നമ്മുടെ അന്തരംഗത്തിന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് അവൻ ഉറ്റുനോക്കുന്നു. നമ്മുടെ ആന്തരിക ജീവിതത്തിന്റെ ആഴങ്ങൾ ദൈവത്തിനറിയാം, നാം സ്വയം മനസ്സിലാക്കുവാൻ പാടുപെടുന്ന കാര്യങ്ങൾ പോലും.
നമ്മുടെ പോരാട്ടങ്ങളോ നമ്മുടെ ഹൃദയങ്ങളിൽ സംഭവിക്കുന്നതോ, എന്തു തന്നെയായാലും, ദൈവം നമ്മെ കാണുകയും നമ്മെ യഥാർത്ഥത്തിൽ അറിയുകയും ചെയ്യുന്നു.
കണ്ണീരിൽ അനുഗ്രഹങ്ങൾ
ഇംഗ്ലണ്ടിലെ ഒരു യുവാവിൽ നിന്ന് എനിക്ക് ഒരു ഇമെയിൽ ലഭിച്ചു, അറുപത്തിമൂന്ന് വയസ്സുള്ള അവന്റെ പിതാവ് അത്യാസന്നനിലയിൽ ആശുപത്രിയിലാണ്. ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെങ്കിലും, അവന്റെ പിതാവിന്റെയും എന്റെയും ജോലിക്ക് ഒരുപാട് സാമ്യങ്ങൾ ഉണ്ടായിരുന്നു. അവസാന നാളുകളിൽ പിതാവിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ച മകൻ, പ്രോത്സാഹനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു വീഡിയോ സന്ദേശം അയക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആഴത്തിൽ വികാരാധീനനായ ഞാൻ, ഒരു ഹ്രസ്വ സന്ദേശവും രോഗശാന്തിക്കായി ഒരു പ്രാർത്ഥനയും റെക്കോർഡു ചെയ്‌ത് അയച്ചു. അവന്റെ പിതാവ് വീഡിയോ കാണുകയും ഹൃദയംഗമമായ ഒരു തംപ്സ് അപ് നൽകുകയും ചെയ്തുവെന്ന് അവൻ എന്നെ അറിയിച്ചു. സങ്കടകരമെന്നു പറയട്ടെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, എനിക്ക് അദ്ദേഹത്തിന്റെ മറ്റൊരു ഇമെയിൽ ലഭിച്ചു. പിതാവ് മരിച്ചു. തന്റെ അവസാന ശ്വാസം എടുക്കുമ്പോൾ അദ്ദേഹം തന്റെ ഭാര്യയുടെ കൈപിടിച്ചിരുന്നു.
എന്റെ ഹൃദയം തകർന്നു. എന്തൊരു സ്നേഹം, എന്തൊരു വിട ചൊല്ലൽ. വളരെ പെട്ടെന്നാണ് ആ കുടുംബത്തിന് ഒരു ഭർത്താവിനെയും പിതാവിനെയും നഷ്ടമായത്. എന്നാൽ, ദുഃഖിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് യേശു പറയുന്നു. ഇത് ആശ്ചര്യകരമായ കാര്യമാണ്. "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ" (മത്തായി 5:4). കഷ്ടപ്പാടും ദുഃഖവും നല്ലതാണെന്ന് യേശു പറയുന്നില്ല, മറിച്ച് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ മേൽ ദൈവം തന്റെ കരുണയും ദയയും പകരുന്നു എന്നാണവൻ പറയുന്നത്. ഉറ്റവരുടെ മരണത്താലോ സ്വന്തം പാപത്താലോ ദുഃഖം അനുഭവിക്കുന്നവർക്ക് പോലും ദൈവത്തിന്റെ സാമീപ്യവും സാന്ത്വനവും ഏറ്റവും ആവശ്യമാണ്. യേശു വാഗ്ദാനം ചെയ്യുന്നു - “അവർക്ക് ആശ്വാസം ലഭിക്കും” (വാക്യം 4)
ദൈവം തന്റെ പ്രിയ മക്കളുടെ അടുത്ത് വരുന്നു (വാ. 9), അവരുടെ കണ്ണുനീരിൽ അവൻ അവരെ ആശ്വസിപ്പിക്കുന്നു.