യേശുവിനെപ്പോല
2014-ൽ, ഫിലിപ്പീൻസിൽ നിന്ന് ജീവശാസ്ത്രജ്ഞന്മാർ ഒരു ജോഡി ഓറഞ്ച് പിഗ്മി കടൽക്കുതിരകളെ പിടികൂടി. അവർ കടൽ ജീവികളെ, അവയുടെ ആവാസകേന്ദരമായ ഓറഞ്ച് കടൽവിശറി എന്ന പവിഴപ്പുറ്റിനോടൊപ്പം (Orange coral sea fan) സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലേക്ക് കൊണ്ടുപോയി. പിഗ്മി കടൽക്കുതിരകൾ ജനിക്കുന്നത് അവയുടെ മാതാപിതാക്കളുടെ നിറത്തിനനുയോജ്യമായാണോ അതോ പരിസ്ഥിതിയുടെ നിറത്തിനനുയോജ്യമായാണോ എന്ന് ശാസ്ത്രജ്ഞർക്ക് അറിയണമായിരുന്നു. പിഗ്മി കടൽക്കുതിരകൾ മങ്ങിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ, ശാസ്ത്രജ്ഞർ ഒരു പർപ്പിൾ കോറൽ സീ ഫാൻ ടാങ്കിൽ വച്ചു. ഓറഞ്ച് നിറമുള്ള മാതാപിതാക്കൾക്കു ജനിച്ച കുഞ്ഞുങ്ങൾ, പർപ്പിൾ സീ ഫാനുമായി പൊരുത്തപ്പെടുന്നതിന് നിറം മാറ്റി. സ്വാഭാവികമായ അവയുടെ ദുർബലത കാരണം, അവയുടെ നിലനിൽപ്പ്, പരിസ്ഥിതിയുമായി ലയിക്കാനായി ദൈവം അവയ്ക്കു നൽകിയ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
പ്രകൃതിയിൽ ഉപയോഗപ്രദമായ ഒരു പ്രതിരോധ സംവിധാനമാണ് ബ്ലെൻഡിംഗ്-ഇൻ (അനുരൂപപ്പെടുക). എന്നിരുന്നാലും, രക്ഷ നേടാനും നമ്മുടെ ജീവിത രീതിയിലൂടെ ലോകത്തിൽ വേറിട്ടുനിൽക്കാനും ദൈവം എല്ലാ ആളുകളെയും ക്ഷണിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ ബഹുമാനിക്കാനും നമ്മുടെ ശരീരങ്ങളെ “ജീവനുള്ള യാഗമായി”അർപ്പിച്ചുകൊണ്ട് അവനെ ആരാധിക്കാനും അപ്പൊസ്തലനായ പൗലൊസ് യേശുവിൽ വിശ്വസിക്കുന്നവരോട് ആവശ്യപ്പെടുന്നു (റോമർ 12:1). പാപം ബാധിച്ച മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ദുർബലത കാരണം, വിശ്വാസികൾ എന്ന നിലയിലുള്ള നമ്മുടെ ആത്മീയ ആരോഗ്യം ദൈവത്തെ നിരസിക്കുകയും പാപത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന “ഈ ലോകത്തിന്റെ മാതൃക’’യ്ക്ക് അനുസരിച്ചാകാതിരിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിനെ “പുതുക്കുകയും” നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു (വാ. 2).
ഈ ലോകത്തോട് അനുരൂപരാകുക എന്നതിനർത്ഥം തിരുവെഴുത്തുകൾക്ക് വിരുദ്ധമായി ജീവിക്കുക എന്നാണ്. എന്നിരുന്നാലും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് യേശുവിനെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയും!
ക്രിസ്തുവിന്റെ ശക്തി
2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, ''ആ കേബിളിനെ ശാന്തമാക്കിയതിന്'' ദൈവത്തിന് നന്ദി പറഞ്ഞു. ആ ഓരോ ചുവടിലും, അന്നത്തെ കാഴ്ചക്കാരോടും ഇന്നു ലോകമെമ്പാടും വീഡിയോ കാണുന്നവരോടും ക്രിസ്തുവിന്റെ ശക്തിയിലുള്ള തന്റെ ആശ്രയത്വം അദ്ദേഹം പ്രദർശിപ്പിച്ചു.
ഗലീല കടലിൽ ശക്തിമായ കാറ്റും തിരമാലയും ഉയർന്നപ്പോൾ ശിഷ്യന്മാരെ ഭയം പിടികൂടി. സഹായത്തിനായുള്ള അവരുടെ നിലവിളി അവരുടെ ഭയത്തെ പ്രകടിപ്പിക്കുന്നതായിരുന്നു (മർക്കൊസ് 4:35-38). യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോൾ, അവൻ കാറ്റിനെയും മറ്റെല്ലാറ്റിനെയും നിയന്ത്രിക്കുന്നുവെന്ന് അവർ മനസ്സിലാക്കി (വാ. 39-41). പതുക്കെ പതുക്കെ അവർ അവനിലുള്ള വിശ്വാസത്തിൽ വളരാൻ പഠിച്ചു. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ യേശുവിന്റെ സാമീപ്യവും അസാധാരണമായ ശക്തിയും തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിച്ചു.
ജീവിതത്തിലെ കൊടുങ്കാറ്റുകൾ അനുഭവിക്കുമ്പോൾ അല്ലെങ്കിൽ കഷ്ടതയുടെ ആഴമേറിയ ഗർത്തത്തിനു മുളിലൂടെ വിശ്വാസത്തിന്റെ കയറിൽ സഞ്ചരിക്കുമ്പോൾ, നമുക്ക് ക്രിസ്തുവിന്റെ ശക്തിയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയും. തന്നിൽ പ്രത്യാശിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി ദൈവം നമ്മുടെ വിശ്വാസ-നടത്തത്തെ ഉപയോഗിക്കും.
എന്നേക്കും വിശ്വസ്തനായ ദൈവം
സേവ്യർ എലിമെന്ററി വിദ്യാർത്ഥിയായിരുന്നപ്പോൾ, ഞാനാണ് അവനെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവന്നിരുന്നത്. ഒരു ദിവസം, കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല. ഞാൻ അവനെ വിളിച്ചുകൊണ്ടുവരുവാൻ വൈകി. ഞാൻ അതിവേഗം കാറോടിച്ചു, പരിഭ്രാന്തമായി പ്രാർത്ഥിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തു. അവൻ തന്റെ ബാഗ് കെട്ടിപ്പിടിച്ചുകൊണ്ട് ഒരു ടീച്ചറുടെ അടുത്ത് ബെഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ''എന്നോട് ക്ഷമിക്കണം, മിജോ. നീ ഓകെയാണോ?’’ അവൻ നെടുവീർപ്പിട്ടു. “എനിക്ക് കുഴപ്പമില്ല പക്ഷേ മമ്മി വൈകിയതിൽ എനിക്ക് ദേഷ്യമുണ്ട്.’’ ഞാൻ അവനെ എങ്ങനെ കുറ്റപ്പെടുത്തും? എനിക്കും എന്നോട് ദേഷ്യമായിരുന്നു. ഞാൻ എന്റെ മകനെ സ്‌നേഹിച്ചു, പക്ഷേ ഞാൻ അവനെ നിരാശപ്പെടുത്തുന്ന പല സമയങ്ങളുമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം അവനു ദൈവത്തോട് നിരാശ തോന്നിയേക്കാമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് ദൈവത്തിന് ഒരിക്കലും ഒരു വാഗ്ദാനവും ലംഘിക്കില്ലെന്നും അവനെ പഠിപ്പിക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു.
“യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു'' (വാക്യം 4). ദൈവം സൃഷ്ടിച്ച ലോകത്തെ അവന്റെ ശക്തിയുടെയും ആശ്രയത്വത്തിന്റെയും മൂർത്തമായ തെളിവായി ഉപയോഗിച്ചുകൊണ്ട് (വാ. 5-7), ദൈവത്തെ ആരാധിക്കാൻ സങ്കീർത്തനക്കാരൻ 'ഭൂവാസികളെ' വിളിക്കുന്നു (വാ. 8).
പദ്ധതികൾ പരാജയപ്പെടുകയോ ആളുകൾ നമ്മെ നിരാശപ്പെടുത്തുകയോ ചെയ്യുമ്പോൾ, ദൈവത്തിൽ നിരാശപ്പെടാൻ നാം പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമുക്ക് ദൈവത്തിന്റെ വിശ്വാസയോഗ്യതയിൽ ആശ്രയിക്കാൻ കഴിയും, കാരണം അവന്റെ ആലോചന 'ശാശ്വതമായി നിൽക്കുന്നു' (വാക്യം 11). നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവ് എല്ലാറ്റിനെയും എല്ലാവരെയും താങ്ങിനിർത്തുന്നതിനാൽ, കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോഴും നമുക്ക് ദൈവത്തെ സ്തുതിക്കാം. ദൈവം എന്നേക്കും വിശ്വസ്തനാണ്.
അധിക കൃപ ആവശ്യമാണ്
ഒരു പ്രത്യേക പരിപാടിക്കായി ഞങ്ങൾ പള്ളി അലങ്കരിച്ചപ്പോൾ, ചുമതലയുള്ള സ്ത്രീ എന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞു. അവൾ പോയതിനു ശേഷം മറ്റൊരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. ''അവളെ ഓർത്ത് വിഷമിക്കണ്ട. അവളെ ഞങ്ങൾ EGR (Extra Grace Required - അധിക കൃപ ആവശ്യമുള്ളവൾ) എന്നാണ് വിളിക്കുന്നത്.”
ഞാൻ ചിരിച്ചു. എനിക്ക് ആരോടെങ്കിലും വഴക്കുണ്ടാകുമ്പോഴെല്ലാം ഞാൻ ആ ലേബൽ ഉപയോഗിക്കാൻ തുടങ്ങി. വർഷങ്ങൾക്ക് ശേഷം, ആ EGR ന്റെ ചരമപ്രസംഗം കേട്ടുകൊണ്ട് ഞാൻ അതേ പള്ളിയിൽ ഇരുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ അവൾ ദൈവത്തെ സേവിച്ചതും മറ്റുള്ളവർക്ക് ഉദാരമായി നൽകിയതുമായ കാര്യങ്ങൾ പാസ്റ്റർ പങ്കുവെച്ചു. അവളെയും ഞാൻ മുമ്പ് EGR എന്ന് ലേബൽ ചെയ്തിരുന്ന മറ്റാരെയും കുറിച്ച് വിധിക്കുകയും പരദൂഷണം പറയുകയും ചെയ്തതിന് എന്നോട് ക്ഷമിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. എല്ലാത്തിനുമുപരി, യേശുവിലുള്ള മറ്റേതൊരു വിശ്വാസിയെയും പോലെ എനിക്കും അധിക കൃപ ആവശ്യമായിരുന്നു.
എഫെസ്യർ 2-ൽ, എല്ലാ വിശ്വാസികളും “പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു’’ (വാ. 3) എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. എന്നാൽ ദൈവം നമുക്ക് രക്ഷയുടെ ദാനം നൽകി, അർഹതയില്ലാത്തവർക്കുള്ള ഒരു ദാനം. “ആരും പ്രശംസിക്കാതിരിക്കാൻ’’ നമുക്ക് ഒരിക്കലും നേടാനാകാത്ത ഒരു ദാനമായിരുന്നു അത് (വാ. 9).
ഈ ആജീവനാന്ത യാത്രയിൽ നിമിഷം തോറും നാം ദൈവത്തിന് സമർപ്പിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ സ്വഭാവം മാറ്റാൻ പ്രവർത്തിക്കും, അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനാകും. ഓരോ വിശ്വാസിക്കും അധിക കൃപ ആവശ്യമാണ്. എന്നാൽ ദൈവകൃപ മതിയായതാണ് എന്നതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാം (2 കൊരിന്ത്യർ 12:9).
യേശുവിനെ അനുകരിക്കുക
“മികച്ച ആൾമാറാട്ടക്കാരൻ'' ഇൻഡോനേഷ്യയിലെ കടലിലും ഗ്രേറ്റ് ബാരിയർ റീഫിലും താമസിക്കുന്നു. മറ്റ് നീരാളികളെപ്പോലെ മിമിക് ഒക്ടോപസിനും അതിന്റെ ചർമ്മത്തിന്റെ നിറത്തെ ചുറ്റുപാടുകൾക്കനുയോജ്യമായി മാറ്റാൻ കഴിയും. ശക്തമായ ഭീഷണി ഉയരുമ്പോൾ അതിന്റെ ആകൃതിയിലും ചലനരീതിയിലും സ്വഭാവത്തിലും മാറ്റം വരുത്തി വിഷമുള്ള ലയൺഫിഷ്, മാരകമായ കടൽപാമ്പുകൾ എന്നിവയെപ്പോലും അനുകരിക്കുവാൻ ഇവയ്ക്കു കഴിയും.
മിമിക് ഒക്ടോപസിൽ നിന്ന് വ്യത്യസ്തമായി, യേശുവിൽ വിശ്വസിക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ള ലോകത്ത് വേറിട്ടുനിൽക്കാൻ ഉദ്ദേശിച്ചുള്ളവരാണ്. നമ്മോട് വിയോജിക്കുന്നവരിൽ നിന്ന് നമുക്ക് ഭീഷണി തോന്നിയേക്കാം, ക്രിസ്തുവിന്റെ അനുയായികളായി തോന്നാത്ത രീതിയിൽ ലോകത്തോട് അനുരൂപപ്പെടാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നിരുന്നാലും, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശുവിനെ പ്രതിനിധീകരിക്കുന്ന “ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള’’ (റോമർ 12:1) യാഗമായി നമ്മുടെ ശരീരങ്ങളെ അർപ്പിക്കാൻ അപ്പൊസ്തലനായ പൗലൊസ് നമ്മെ പ്രേരിപ്പിക്കുന്നു.
സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ “ഈ ലോകത്തിന് അനുരൂപരാകാൻ” (വാ. 2) അനുസരിക്കുന്നതിന് നമ്മെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ദൈവമക്കളാണ് നാം എന്ന് പറയുന്നതിനൊപ്പം അതിനനുസരണമായി ജീവിച്ചുകൊണ്ടും നമ്മൾ ആരെയാണ് സേവിക്കുന്നതെന്ന് കാണിക്കാൻ നമുക്കു കഴിയും. നാം തിരുവെഴുത്തുകൾ അനുസരിക്കുകയും അവന്റെ
സ്‌നേഹനിർഭരമായ സ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോൾ, അനുസരണത്തിന്റെ പ്രതിഫലം എല്ലായ്‌പ്പോഴും ഏതൊരു നഷ്ടത്തേക്കാളും വലുതാണെന്ന് നമ്മുടെ ജീവിതത്തിലൂടെ തെളിയിക്കാനാകും. ഇന്ന് നിങ്ങൾ യേശുവിനെ എങ്ങനെ അനുകരിക്കും?
ഓരോ ചുവടിലും
തോളോട് തോൾ ചേർന്ന് നിൽക്കുന്ന മൂന്ന് പേർ ഉൾക്കൊള്ളുന്ന ഒരു ഡസൻ ടീമുകൾ നാല് കാലിലുള്ള ഓട്ടമത്സരത്തിനു തയ്യാറായി. ഇരുവശത്തും നിൽക്കുന്നവരുടെ ഓരോ കാൽ നടുവിലുള്ള വ്യക്തിയുടെ ഇരു കാലുകളിലും കണങ്കാലിലും കാൽമുട്ടിലും വർണ്ണാഭമായ തുണിക്കഷണങ്ങൾ കൊണ്ടു ചേർത്തു കെട്ടി. ഓരോ മൂവരും ഫിനിഷിംഗ് ലൈനിൽ കണ്ണുനട്ടു. വിസിൽ മുഴങ്ങിയപ്പോൾ ടീമുകൾ മുന്നോട്ട് കുതിച്ചു. ഇവരിൽ ഭൂരിഭാഗവും വീഴുകയും ചുവടുറപ്പിക്കാൻ പാടുപെടുകയും ചെയ്തു. കുറച്ച് ഗ്രൂപ്പുകൾ നടക്കുന്നതിന് പകരം ചാടാൻ ശ്രമിച്ചു. ചിലർ പിന്തിരിഞ്ഞു. എന്നാൽ ഒരു ടീം അവരുടെ തുടങ്ങാൻ വെകി, അവരുടെ പ്ലാൻ പറഞ്ഞുറപ്പിച്ചു, അവർ മുന്നോട്ട് നീങ്ങുമ്പോൾ ആശയവിനിമയം നടത്തി. അവർ വഴിയിൽ ഇടറിവീണു, എന്നിട്ടും മുന്നോട്ടു നീങ്ങി, താമസിയാതെ എല്ലാ ടീമുകളെയും മറികടന്നു. ഓരോ ചുവടിലും സഹകരിക്കാനുള്ള അവരുടെ സന്നദ്ധത, ഒരുമിച്ച് ഫിനിഷിംഗ് ലൈൻ കടക്കാൻ അവരെ പ്രാപ്തമാക്കി.
യേശുവിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തിൽ ദൈവത്തിനായി ജീവിക്കുന്നത് പലപ്പോഴും നാല് കാലിലുള്ള ഓട്ടക്കാർ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതുപോലെ നിരാശാജനകമാണ്. നമ്മിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ളവരുമായി ഇടപഴകുമ്പോൾ പലപ്പോഴും ഇടറിപ്പോകാറുണ്ട്.
പ്രാർത്ഥനയെക്കുറിച്ചും അതിഥിസൽക്കാരത്തെക്കുറിച്ചും വരാനിരിക്കുന്ന ജീവിതത്തിനായി ഐക്യത്തിൽ നമ്മെത്തന്നെ അണിനിരത്താൻ നമ്മുടെ വരങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പത്രൊസ് സംസാരിക്കുന്നു. “തമ്മിൽ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ” (1 പത്രൊസ് 4:8), പരാതിപ്പെടാതെ ആതിഥ്യമര്യാദ കാണിക്കുക, “വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ” (വാ. 10) എന്ന് അവൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ആശയവിനിമയം നടത്താനും സഹകരിക്കാനും നമ്മെ സഹായിക്കാൻ ദൈവത്തോട് ആവശ്യപ്പെടുമ്പോൾ, ഭിന്നതകൾ എങ്ങനെ ആഘോഷിക്കാമെന്നും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാമെന്നും ലോകത്തിനു കാണിച്ചുകൊണ്ട് നമുക്ക് ഓടാനാകും.
ദൈവത്തിന്റെ കൈയെത്തും ദൂരത്ത്
ഒരു ഉദ്യോഗസ്ഥൻ എന്നെ പരിശോധിച്ചനന്തരം, ഞാൻ കൗണ്ടി ജയിലിൽ കയറി സന്ദർശക രേഖയിൽ ഒപ്പിട്ടു, തിരക്കേറിയ ലോബിയിൽ കാത്തിരുന്നു. കൊച്ചുകുട്ടികൾ കാത്തിരിപ്പിനെക്കുറിച്ച് പരാതി പറയുകയും മുതിർന്നവർ വിറകൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്നതും നോക്കി ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു മണിക്കൂറിനു ശേഷം, ഒരു സായുധ ഗാർഡ് എന്റേതുൾപ്പെടെ പേരുകൾ വിളിച്ചു. അദ്ദേഹം എന്റെ സംഘത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി, ഞങ്ങൾക്ക് നിശ്ചയിച്ചിരുന്ന കസേരകൾക്കുനേരെ ആംഗ്യം കാണിച്ചു. കട്ടികൂടിയ ചില്ലു ജനലിന്റെ മറുവശത്തെ കസേരയിലിരുന്ന് എന്റെ ഭർത്താവിന്റെ മുൻ ഭാര്യയിലെ മകൻ ടെലിഫോൺ റിസീവർ എടുത്തപ്പോൾ എന്റെ നിസ്സഹായതയുടെ ആഴം എന്നെ കീഴടക്കി. എന്നാൽ ഞാൻ കരയുമ്പോൾ, എന്റെ മകൻ ഇപ്പോഴും തന്റെ കൈയെത്തും ദൂരത്ത് തന്നെയുണ്ടെന്ന് ദൈവം എനിക്ക് ഉറപ്പുനൽകി.
139-ാം സങ്കീർത്തനത്തിൽ, ദാവീദ് ദൈവത്തോട് പറയുന്നു: “നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ... എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു'' (വാ. 1-3). സർവ്വജ്ഞാനിയായ ദൈവത്തെക്കുറിച്ചുള്ള അവന്റെ പ്രഖ്യാപനം അവന്റെ അടുപ്പവും സംരക്ഷണവും ആഘോഷിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു (വാ. 5). ദൈവത്തിന്റെ അറിവിന്റെ വിശാലതയിലും അവന്റെ വ്യക്തിപരമായ സ്പർശനത്തിന്റെ ആഴത്തിലും മതിമറന്ന ദാവീദ് ആലങ്കാരിക ഭാഷയിൽ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു: ''നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?'' (വാ. 7).
നാമോ നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മെ നിരാശരും നിസ്സഹായരുമാക്കുന്ന സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ, ദൈവത്തിന്റെ കരം ശക്തവും സുസ്ഥിരവുമായി നിലകൊള്ളുന്നു. അവന്റെ സ്‌നേഹപൂർവ്വമായ വീണ്ടെടുപ്പിനായി നാം വളരെ ദൂരം സഞ്ചരിച്ചുവെന്ന് നാം ചിന്തിക്കുമ്പോഴും, നാം എപ്പോഴും അവന്റെ കൈയെത്തും ദൂരത്തു തന്നെയാണ്.
ദൈവം കാണുന്നു, മനസ്സിലാക്കുന്നു, കരുതുന്നു
ചിലപ്പോൾ, വിട്ടുമാറാത്ത വേദനയോടും ക്ഷീണത്തോടും കൂടി ജീവിക്കുന്നത് വീട്ടിൽ ഒറ്റപ്പെടാനും ഏകാന്തതയ്ക്കും ഇടയാക്കുന്നു. ദൈവവും മറ്റുള്ളവരും കാണുന്നില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ സേവന നായയ്‌ക്കൊപ്പം അതിരാവിലെയുള്ള പ്രാർത്ഥനാ-നടത്തത്തിനിടയിൽ, ഈ വികാരങ്ങളോടു ഞാൻ പോരാടുന്നു. അകലെ ഒരു ചൂടുള്ള ബലൂൺ ഞാൻ ശ്രദ്ധിച്ചു. അതിന്റെ കൊട്ടയിലുള്ള ആളുകൾക്ക് ഞങ്ങളുടെ ശാന്തമായ അയൽപക്കത്തിന്റെ ഒരു വിഹഗ വീക്ഷണം ആസ്വദിക്കാൻ കഴിയും, പക്ഷേ അവർക്ക് എന്നെ ശരിക്കും കാണാൻ കഴിയില്ല. അയൽവാസികളുടെ വീടുകൾ കടന്ന് നടക്കുമ്പോൾ ഞാൻ നെടുവീർപ്പിട്ടു. ആ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ എത്രപേർക്ക് സ്വയം അദൃശ്യരും നിസ്സാരരുമാണെന്ന് തോന്നുന്നുണ്ടാകും? ഞാൻ എന്റെ നടത്തം പൂർത്തിയാക്കിയപ്പോൾ, എന്റെ അയൽക്കാരെ ഞാൻ കാണുന്നുവെന്നും അവരെ പരിപാലിക്കുന്നുവെന്നും അറിയിക്കാൻ എനിക്ക് അവസരങ്ങൾ നൽകണമെന്ന് ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു, അതുപോലെ ദൈവവും.
ദൈവം വാക്കിനാൽ സൃഷ്ടിച്ച നക്ഷത്രങ്ങളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചു. അവൻ ഓരോ നക്ഷത്രത്തെയും ഒരു നാമം കൊണ്ട് തിരിച്ചറിഞ്ഞു (സങ്കീർത്തനം 147:4), ചെറിയ വിശദാംശങ്ങളിൽ പോലുമുള്ള അവന്റെ ശ്രദ്ധയെ കാണിക്കുന്ന ഒരു അടുപ്പമുള്ള പ്രവൃത്തിയായിരുന്നു അത്. അവന്റെ ശക്തി, ഉൾക്കാഴ്ച, വിവേചനം, അറിവ് എന്നിവയ്ക്ക് ഭൂതകാലത്തിലോ വർത്തമാനത്തിലോ ഭാവിയിലോ ''പരിധിയില്ല'' (വാ. 5).
ഓരോ നിരാശാജനകമായ നിലവിളിയും ദൈവം കേൾക്കുന്നു, ഓരോ നിശ്ശബ്ദ കണ്ണുനീരും അവൻ കാണുന്നു. ഒപ്പം സംതൃപ്തിയുടെയും ചിരിയുടെയും ശബ്ദവും അവൻ ശ്രദ്ധിക്കുന്നു. നാം ഇടറിപ്പോകുന്നതും വിജയത്തിൽ നിൽക്കുന്നതും അവൻ കാണുന്നു. നമ്മുടെ അഗാധമായ ഭയങ്ങളും നമ്മുടെ ഉള്ളിലെ ചിന്തകളും നമ്മുടെ വന്യമായ സ്വപ്‌നങ്ങളും അവൻ മനസ്സിലാക്കുന്നു. നാം എവിടെയായിരുന്നെന്നും എവിടേക്കാണ് പോകുന്നതെന്നും അവനറിയാം. നമ്മുടെ അയൽക്കാരെ കാണാനും കേൾക്കാനും സ്‌നേഹിക്കാനും ദൈവം നമ്മെ സഹായിക്കുന്നതുപോലെ, നമ്മെ കാണാനും മനസ്സിലാക്കാനും പരിപാലിക്കാനും നമുക്ക് അവനിൽ വിശ്വസിക്കാം.
യേശുവിനെപ്പോലെ സ്‌നേഹിക്കുക
ജോർജിയയിലെ അറ്റ്‌ലാന്റയിലുള്ള ഒരു സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ, പാന്റും ബട്ടണിടാത്ത ഷർട്ടും ധരിച്ച ഒരു യുവാവ് ഒരു ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ ടൈയുമായി മല്ലിടുമ്പോൾ, പ്രായമായ ഒരു സ്ത്രീ അവനെ സഹായിക്കാൻ തന്റെ ഭർത്താവിനെ ഉത്സാഹിപ്പിച്ചു. വൃദ്ധൻ കുനിഞ്ഞ് നിന്ന് യുവാവിനെ ടൈ കെട്ടുന്നത് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ, ഒരു അപരിചിതൻ മൂവരുടെയും ഫോട്ടോ എടുത്തു. ഈ ഫോട്ടോ ഓൺലൈനിൽ വൈറലായപ്പോൾ, നിരവധി കാഴ്ചക്കാർ ഇടയ്‌ക്കൊക്കെ സംഭവിക്കുന്ന ദയയുടെ ശക്തിയെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
യേശുവിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം, മറ്റുള്ളവരോടു കാണിക്കുന്ന ദയ നമ്മെപ്പോലുള്ള ആളുകളോട് അവൻ കാണിച്ച സ്വയത്യാഗപരമായ കരുതലിനെ പ്രതിഫലിപ്പിക്കുന്നു. അത് ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രകടനമാണ്, അവന്റെ ശിഷ്യന്മാർ ജീവിക്കാൻ അവൻ ആഗ്രഹിച്ചതും ഇപ്രകാരമാണ്: "നാം തമ്മിൽതമ്മിൽ സ്‌നേഹിക്കണം" (1 യോഹന്നാൻ 3:11, ഊന്നൽ ചേർത്തിരിക്കുന്നു). ഒരു സഹോദരനെയോ സഹോദരിയെയോ പകയ്്ക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നു യോഹന്നാൻ പറയുന്നു (വാ. 15). തുടർന്ന് അവൻ ക്രിസ്തുവിലേക്ക് തിരിയുന്നു, പ്രവർത്തനത്തിലെ സ്‌നേഹത്തിന്റെ ഒരു ഉദാഹരണം (വാ. 16).
നിസ്വാർത്ഥ സ്‌നേഹം ത്യാഗത്തിന്റെ അതിരുകടന്ന പ്രകടനമായിരിക്കണമെന്നില്ല. നിസ്വാർത്ഥ സ്‌നേഹം, ദൈവത്തിന്റെ സ്വരൂപവാഹകരായ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ നമ്മുടെ ആവശ്യങ്ങളെക്കാൾ മുന്നിൽവെച്ചുകൊണ്ട് അവരുടെ മൂല്യം അംഗീകരിക്കാൻ ആവശ്യപ്പെടുന്നു. അതു പ്രതിദിനം ചെയ്യേണ്ടതാണ്. നമ്മൾ സ്‌നേഹത്താൽ പ്രചോദിതരായിരിക്കുമ്പോൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും സഹായിക്കാൻ കഴിയുംവിധം സഹായിക്കുകയും ചെയ്യുന്ന ആ സാധാരണ നിമിഷങ്ങൾ നിസ്വാർത്ഥമായതാണ്. നമ്മുടെ സ്വകാര്യ ഇടത്തിനപ്പുറത്തേക്കു നോക്കുകയും, മറ്റുള്ളവരെ സേവിക്കുന്നതിനും നൽകുന്നതിനുമായി നമ്മുടെ സുരക്ഷിത ഇടങ്ങൾ വിട്ടു പുറത്തുകടക്കുകയും ചെയ്യുമ്പോൾ - പ്രത്യേകിച്ച് അതിന്റെ ആവശ്യമില്ലാത്തപ്പോൾ പോലും - നാം യേശുവിനെപ്പോലെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്.
ദൈവശബ്ദം തിരിച്ചറിയുക
വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷം, ചെന്നായ്ക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന വ്യത്യസ്തമായ ശബ്ദങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കി. ഒരു പ്രത്യേക ശബ്ദ വിശകലന കോഡ് ഉപയോഗിച്ച്, ചെന്നായയുടെ അലർച്ചയിലെ വിവിധ ശബ്ദമാത്രയും പിച്ചുകളും 100 ശതമാനം കൃത്യതയോടെ നിർദ്ദിഷ്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്നു എന്ന് ഒരു ശാസ്ത്രജ്ഞൻ കണ്ടെത്തി.
ദൈവം തന്റെ പ്രിയപ്പെട്ട സൃഷ്ടികളുടെ വ്യതിരിക്തമായ ശബ്ദങ്ങൾ തിരിച്ചറിയുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. അവൻ മോശെയെ പേരെടുത്ത് വിളിച്ച് നേരിട്ട് സംസാരിച്ചു (പുറപ്പ. 3:4-6). സങ്കീർത്തനക്കാരനായ ദാവീദ് പ്രഖ്യാപിച്ചു, "ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു" (സങ്കീ. 3:4). അപ്പൊസ്തലനായ പൗലൊസ് ദൈവജനം അവിടുത്തെ ശബ്ദം തിരിച്ചറിയുന്നതിന്റെ മൂല്യം ഊന്നിപ്പറഞ്ഞു.
എഫെസ്യയിലെ അധ്യക്ഷന്മാരോട് വിടപറയുമ്പോൾ, യെരുശലേമിലേക്കു പോകാൻ ആത്മാവു തന്നെ "നിർബന്ധിച്ചു" എന്ന് പൗലൊസ് പറഞ്ഞു. ദൈവത്തിന്റെ ശബ്ദം പിന്തുടരാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചു, എന്നിരുന്നാലും തന്റെ വരവിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു (അപ്പൊ. പ്രവൃത്തി. 20:22,23). "കൊടിയ ചെന്നായ്ക്കൾ" സഭയ്ക്കുള്ളിൽ നിന്നുപോലും എഴുന്നേല്ക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യും എന്ന് അപ്പൊസ്തലൻ മുന്നറിയിപ്പു നൽകി (വാ.29-30). എന്നിട്ട്, ദൈവത്തിന്റെ സത്യം വിവേചിച്ചറിയുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിക്കുവാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു (വാ.31).
ദൈവം നമ്മെ കേൾക്കുകയും ഉത്തരം നല്കുകയും ചെയ്യുന്നു എന്നറിയാനുള്ള വിശേഷാവകാശം യേശുവിലുള്ള എല്ലാ വിശ്വാസികൾക്കും ഉണ്ട്. എല്ലായ്പോഴും തിരുവെഴുത്തിലെ വചനങ്ങളുമായി യോജിക്കുന്ന ദൈവശബ്ദം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയും നമുക്കുണ്ട്.