Category  |  odb

ബന്ധങ്ങളെ പുനഃസ്ഥാപിക്കുക

ചെറുപ്പത്തിൽ ഞാനും സഹോദരിയും ഇടയ്ക്കിടെ വഴക്കുകൂടിയിരുന്നു, പക്ഷേ ഒരിക്കൽ നടന്നത് എന്റെ ഓർമ്മയിൽ വേറിട്ടു നിൽക്കുന്നു. ഞങ്ങൾ രണ്ടുപേരും മുറിവേല്പ്പിക്കുന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചുപറഞ്ഞതിന് ശേഷം, ഒരിക്കലും പൊറുക്കാനാകില്ലെന്ന് തോന്നിയ ഒരു കാര്യം അവൾ വിളിച്ചുപറഞ്ഞു. ഞങ്ങൾക്കിടയിൽ വളരുന്ന ശത്രുതയ്ക്ക് സാക്ഷിയായ ഞങ്ങളുടെ വല്യമ്മച്ചി, പരസ്പരം സ്‌നേഹിക്കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിച്ചു: ''ദൈവം നിനക്ക് ജീവിതത്തിൽ ഒരു സഹോദരിയെ തന്നു. നിങ്ങൾ പരസ്പരം അല്പം കൃപ കാണിക്കണം''വല്യമ്മച്ചി പറഞ്ഞു. ഞങ്ങളെ സ്‌നേഹവും വിവേകവും കൊണ്ട് നിറയ്ക്കണമെന്ന് ഞങ്ങൾ ദൈവത്തോട് ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ എങ്ങനെ പരസ്പരം വേദനിപ്പിച്ചു എന്നത് തിരിച്ചറിയാനും പരസ്പരം ക്ഷമിക്കാനും അവൻ ഞങ്ങളെ സഹായിച്ചു.

കൈപ്പും കോപവും വെച്ചുകൊണ്ടിരിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ കൈപ്പിന്റെ വികാരങ്ങൾ വിട്ടുകളയുന്നതിനു നമ്മെ സഹായിക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ മാത്രം ലഭിക്കുന്ന സമാധാനം നാം അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു (എഫെസ്യർ 4:31). ഈ വികാരങ്ങളെ നിലനിർത്തുന്നതിനുപകരം, സ്‌നേഹത്തിന്റെയും കൃപയുടെയും സ്ഥലത്തുനിന്നും വരുന്ന ക്ഷമയുടെ ക്രിസ്തുവിന്റെ മാതൃകയിലേക്ക് നമുക്ക് നോക്കാം. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ'' (വാ. 32). ക്ഷമിക്കുന്നത് വെല്ലുവിളിയായി കാണുമ്പോൾ, ഓരോ ദിവസവും അവൻ നമുക്കു നൽകുന്ന കൃപയെ നമുക്ക് ഓർക്കാം. നാം എത്ര പ്രാവശ്യം വീഴ്ച വരുത്തിയാലും, അവന്റെ കരുണ ഒരിക്കലും തീർന്നുപോകുന്നില്ല (വിലാപങ്ങൾ 3:22). നമ്മുടെ ഹൃദയത്തിൽ നിന്ന് കയ്പ്പ് നീക്കം ചെയ്യാൻ ദൈവത്തിന് നമ്മെ സഹായിക്കാൻ കഴിയും, അതിനാൽ നമുക്കു പ്രത്യാശയുള്ളവരായിരിക്കാനും അവന്റെ സ്‌നേഹത്തെ സ്വീകരിക്കുന്നവരായിരിക്കാനും നമുക്ക് കഴിയും.

വഴിയിലുടനീളം കയറ്റം

കവയിത്രിയും ധ്യാനചിന്താ രചയിതാവുമായിരുന്ന ക്രിസ്റ്റീന റോസെറ്റി, തന്റെ ജീവിതം കഠിനമാണെന്നു കണ്ടെത്തി. ജീവിതത്തിലുടനീളം വിഷാദവും വിവിധ രോഗങ്ങളും അവൾ അനുഭവിക്കുകയും മൂന്ന് വിവാഹനിശ്ചയങ്ങൾ തകർന്നു പോകുകയും ചെയ്തു. ഒടുവിൽ അവൾ കാൻസർ ബാധിച്ച് മരിച്ചു.

യിസ്രായേലിന്റെ ദേശീയ ബോധത്തെക്കുറിച്ച് ദാവീദ് സന്തോഷിച്ചപ്പോൾ, അത് വിജയിയായ ഒരു യോദ്ധാവിനു തുല്യമായിരുന്നു. എന്നിരുന്നാലും, തന്റെ ജീവിതത്തിലുടനീളം ദാവീദ് ബുദ്ധിമുട്ടുകൾ നേരിട്ടു. അവന്റെ ഭരണത്തിന്റെ അവസാനത്തിൽ, അവന്റെ സ്വന്ത മകനും അവന്റെ വിശ്വസ്തനായ ഉപദേശകനും ജനത്തിൽ ഭൂരിഭാഗവും അവനെതിരെ തിരിഞ്ഞു (2 ശമൂവേൽ 15:1-12). അപ്പോൾ ദാവീദ് പുരോഹിതന്മാരായ അബ്യാഥാർ, സാദോക്ക് എന്നിവരെയും ദൈവത്തിന്റെ വിശുദ്ധ പെട്ടകത്തെയും എടുത്ത് യെരൂശലേമിൽ നിന്ന് പലായനം ചെയ്തു (വാ. 14, 24).

അബ്യാഥാർ ദൈവത്തിനു യാഗമർപ്പിച്ച ശേഷം, ദാവീദ് പുരോഹിതന്മാരോടു പറഞ്ഞു, ''നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും'' (വാ. 25). അനിശ്ചിതത്വത്തിനിടയിലും, ദാവീദ് പറഞ്ഞു, "അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ [ദൈവം] കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ'' (വാ. 26). തനിക്ക് ദൈവത്തെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.

ക്രിസ്റ്റീന റോസെറ്റിയും ദൈവത്തെ വിശ്വസിച്ചു, അവളുടെ ജീവിതം പ്രതീക്ഷയിൽ അവസാനിച്ചു. വഴി മുഴുവനും മുകളിലേക്കുള്ള കയറ്റം മാത്രമായേക്കാം, പക്ഷേ അത് നമ്മുടെ സ്വർഗീയ പിതാവിങ്കലേക്കാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മെ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു.

സ്തുതിയുടെ കണ്ണുനീർ

വർഷങ്ങൾക്കുമുമ്പ്, എന്റെ അമ്മ മാരക രോഗത്തിനുള്ള ചികിത്സയിലായിരുന്നപ്പോൾ ഞാൻ അവളെ പരിചരിച്ചു. അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അനുവദിച്ച നാല് മാസത്തിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു, സങ്കടകരമായ പ്രക്രിയയിൽ എന്നെ സഹായിക്കാൻ അവനോട് ആവശ്യപ്പെട്ടു. എന്റെ സമ്മിശ്രവികാരങ്ങളുമായി മല്ലിടുമ്പോൾ ഞാൻ പലപ്പോഴും ദൈവത്തെ സ്തുതിക്കാൻ പാടുപെട്ടു. എന്നാൽ എന്റെ അമ്മ അവസാന ശ്വാസം എടുക്കുകയും ഞാൻ നിലയ്ക്കാതെ കരയുകയും ചെയ്തപ്പോൾ ഞാൻ മന്ത്രിച്ചു, 'ഹല്ലേലൂയാ.' ആ സങ്കടകരമായ നിമിഷത്തിൽ ദൈവത്തെ സ്തുതിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി, വർഷങ്ങൾക്ക് ശേഷം, 30-ാം സങ്കീർത്തനം ഞാൻ സൂക്ഷ്മമായി പരിശോധിക്കുന്നതുവരെ ആ കുറ്റബോധം നിലനിന്നു.

ദാവീദിന്റെ 'ഭവന പ്രതിഷ്ഠാ' ഗാനത്തിൽ, അവൻ ദൈവത്തെ അവന്റെ വിശ്വസ്തതയ്ക്കും കരുണയ്ക്കും വേണ്ടി ആരാധിച്ചു (വാ. 1-3). 'അവന്റെ വിശുദ്ധനാമത്തിന്നു സ്‌തോത്രം ചെയ്യാൻ' അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു (വാ. 4). ദൈവം കഷ്ടതയെയും പ്രത്യാശയെയും എത്രമാത്രം ഇഴപിരിച്ചു ചേർത്തിരിക്കുന്നു എന്ന് ദാവീദ് വിവരിച്ചു (വാ. 5). ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമയങ്ങളെയും സുരക്ഷിതത്വവും നിരാശയും അനുഭവപ്പെട്ട സമയങ്ങളെയും അവൻ അംഗീകരിച്ചു (വാ. 6-7). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവത്തിലുള്ള വിശ്വാസത്തോടെയായിരുന്നു (വാ. 7-10). അവന്റെ സ്തുതിയുടെ പ്രതിധ്വനി ദാവീദിന്റെ കരച്ചിലും നൃത്തവും സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളോടു ചേർത്തു നെയ്തതായിരുന്നു (വാ. 11). കഷ്ടതകൾ സഹിച്ചു നിൽക്കുന്നതിന്റെ രഹസ്യവും സങ്കീർണ്ണതയും അംഗീകരിക്കുന്നതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ പ്രതീക്ഷിച്ചുകൊണ്ട്, ദാവീദ് ദൈവത്തോടുള്ള തന്റെ അനന്തമായ ഭക്തി പ്രഖ്യാപിച്ചു (വാ. 12).

ദാവീദിനെപ്പോലെ നമുക്കും പാടാം, "എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്‌തോത്രം ചെയ്യും" (വാ. 12). നാം സന്തുഷ്ടരായാലും വേദനിക്കുന്നവരായാലും, അവനിലുള്ള നമ്മുടെ ആശ്രയം പ്രഖ്യാപിക്കാനും സന്തോഷകരമായ ആർപ്പുവിളികളാലും സ്തുതിയുടെ കണ്ണുനീരാലും അവനെ ആരാധിക്കുന്നതിനു നമ്മെ നയിക്കാനും ദൈവത്തിന് നമ്മെ സഹായിക്കാനാകും.