ജീവിതം ആശ്ചര്യങ്ങള്‍ നിറഞ്ഞതും, ചിലപ്പോള്‍ ആ ആശ്ചര്യങ്ങള്‍ സന്തോഷകരവും രസകരവും ആയതുമാകാം. എന്നാല്‍, ജീവിതത്തിലെ ആശ്ചര്യങ്ങള്‍ ഭയവും ഉത്കണ്ഠയും ഉളവാക്കുന്നവയായി മാറുന്ന മറ്റ് സമയങ്ങളുണ്ട്. നമ്മെയോ നമ്മുടെ പ്രിയപ്പെട്ട ഒരാളെയോ വ്യക്തിപരമായ രീതിയില്‍ - ആരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ - സ്വാധീനിക്കുന്ന ആശ്ചര്യങ്ങളായിരിക്കും അവ. ഡോക്ടറെ സന്ദര്‍ശിക്കല്‍, ശസ്ത്രക്രിയ, മരുന്നുകള്‍, തെറാപ്പി എന്നിവയെല്ലാം നമ്മെ അപരിചിതവും മിക്കപ്പോഴും ഭയാനകവുമായ ഒരു ലോകത്തിലേക്ക് തള്ളിവിടാറുണ്ട്. നമ്മുടെ ജീവിതത്തെ തകിടംമറിക്കുന്ന ആശ്ചര്യങ്ങളാണിവ. ജീവിതത്തെ വേദനിപ്പിക്കുന്ന സമയങ്ങളാണിവ.

ദുരിതത്തിന്റെയും ഭയത്തിന്റെയും ഈ സമയങ്ങളില്‍, വേണ്ടെന്നുവയ്ക്കാനും ഉപേക്ഷിക്കാനും ആഗ്രഹിക്കുക സ്വാഭാവികമാണ്. നമ്മുടെ പോരാട്ടത്തില്‍ നാം വിസ്മരിക്കപ്പെട്ടുപോയതായി എളുപ്പത്തില്‍ നമുക്കനുഭവപ്പെടും. എന്നാല്‍ ഈ രണ്ട് അവസ്ഥകളിലും നാം ധൈര്യപ്പെടുന്നവരായിരിക്കണം. നാം ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നുമ്പോള്‍ പോലും നാം വിസ്മരിക്കപ്പെട്ടിട്ടില്ല എന്നറിയുക.

താഴെപ്പറയുന്ന ചിന്തകള്‍ വായിച്ചുകൊണ്ട്, ജീവിതത്തോടു ബന്ധപ്പെട്ടും ആരോഗ്യത്തെ തളര്‍ത്തുന്നതും വേദന നിറഞ്ഞതുമായ ശാരീരിക അവസ്ഥകളോടു ബന്ധപ്പെട്ടും ഏറ്റവും മോശമായ നിലയില്‍ നമ്മെ ആശ്ചര്യപ്പെടുത്തുന്ന വിഷയങ്ങളെ വിചിന്തനം ചെയ്യാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു. ലോകത്തിലെ കഷ്ടതകളുടെ പ്രശ്‌നത്തെക്കുറിച്ചും എന്തുകൊണ്ടാണ് സ്‌നേഹവാനായ ഒരു ദൈവം നമ്മുടെ പാതകളില്‍ വേദന കടന്നുവരാന്‍ അനുവദിക്കുന്നത് എന്നതു സംബന്ധിച്ചും വ്യക്തമായ ഒരു വീക്ഷണം നേടുക. നാമെല്ലാവരും കാലാകാലങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണിത്. ബൈബിളില്‍ നിന്നുള്ള ഈ ഉറപ്പുകള്‍ വേദന സംബന്ധിച്ച നിങ്ങളുടെ സ്വന്തം അനുഭവത്തില്‍ നിങ്ങള്‍ക്ക് ഒരു വലിയ സഹായമാകും. ഒരുപക്ഷേ നിങ്ങള്‍ ഒരിക്കലും സങ്കല്പിച്ചിട്ടില്ലാത്തവിധം പ്രാധാന്യമുള്ള ഒരു ലക്ഷ്യം ഈ പോരാട്ടത്തിനുണ്ട്!

ദൈവം നിങ്ങള്‍ക്ക് പ്രത്യാശയ്ക്കു കാരണം നല്‍കുന്നു


God Gives You Reason To Hope

യേശുക്രിസ്തുവിന്റെ അനുഗാമിയായ നിങ്ങള്‍ ഒരു രോഗിയോ അല്ലെങ്കില്‍ കഷ്ടതയനുഭവിക്കുന്ന വ്യക്തിയോ ആണെങ്കില്‍, നിങ്ങളുടെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ക്കപ്പുറം ശോഭനമായ ഭാവിയിലേക്ക് നോക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ദൈവത്തിന്റെ പൈതല്‍ എന്ന നിലയില്‍, പുതിയതും തേജസ്സേറിയതുമായ ഒരു ശരീരം സ്വീകരിക്കാനും സ്വര്‍ഗ്ഗത്തില്‍ എന്നേക്കും ജീവിക്കാനും നിങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.

പുനരുത്ഥാനത്തിന്റെയും നിത്യമഹത്വത്തിന്റെയും പ്രതീക്ഷയില്‍ നിന്ന് അപ്പൊസ്തലനായ പൗലൊസ് ആശ്വാസം പ്രാപിച്ചു. 1 കൊരിന്ത്യര്‍ 15-ല്‍ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ വസ്തുത വീണ്ടും ഊന്നിപ്പറഞ്ഞ ശേഷം, ക്രിസ്തുവിന്റേതുപോലുള്ള പുനരുത്ഥാനശരീരങ്ങള്‍ നമുക്കും ലഭിക്കുമെന്ന് അവന്‍ ചൂണ്ടിക്കാട്ടി (വാ. 20-58). ഈ സത്യം കര്‍ത്താവിനുവേണ്ടിയുള്ള തന്റെ ശുശ്രൂഷയില്‍ അഭംഗുരം തുടരാന്‍ അവനെ സഹായിച്ചു. സന്തോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും മനോഭാവത്തില്‍ അവന്‍ ഇപ്രകാരം എഴുതി:

'അതുകൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്ക്കാലികം, കാണാത്തതോ നിത്യം. കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഉെണ്ടന്ന് അറിയുന്നു' (2 കൊരിന്ത്യര്‍ 4:16-5:1).‬

ഈ വാക്കുകളോട് നാമൊരുപക്ഷേ വളരെ ആവേശത്തോടെ പ്രതികരിച്ചെന്നുവരില്ല. നമുക്ക് ഇവിടെ ഇപ്പോഴാണ് രോഗശാന്തി വേണ്ടത്. എന്നാല്‍ ഈ രീതിയില്‍ ചിന്തിക്കാന്‍ നാം അനുവദിക്കുമ്പോള്‍, സ്വര്‍ഗ്ഗത്തെക്കുറിച്ച് യഥാര്‍ത്ഥ പ്രതീക്ഷകളില്ലാത്തവരുടെ ജീവിതവീക്ഷണത്തിലായിരിക്കും നാം അതിനെ നോക്കിക്കാണുന്നത്. അതിശയകരമായ ഒരു പുതിയ ലോകത്തില്‍ നാം എന്നേക്കും ജീവിക്കുമെന്ന് നാം സ്വയം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്! ഈ സത്യം നാം ശരിക്കും ഗ്രഹിക്കുമ്പോള്‍, 2 കൊരിന്ത്യര്‍ 4-ല്‍ പൗലൊസ് പ്രകടിപ്പിച്ച വിജയിയുടെ മനോഭാവം പങ്കുവെയ്ക്കാന്‍ നമുക്കു കഴിയും. തീര്‍ച്ചയായും, ''നാം ദൈവതേജസ്സിന്റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു'' (റോമര്‍ 5:2).


നിങ്ങള്‍ക്കു വേദനിക്കുമ്പോള്‍ ദൈവവും വേദനിക്കുന്നു


God Hurts When You Hurt

നമുക്കു ബലം ആര്‍ജ്ജിക്കാന്‍ വേദപുസ്തകം നല്‍കുന്ന രണ്ടാമത്തെ ഉറപ്പാണ് ദൈവം നമ്മോടുകൂടെ കഷ്ടപ്പെടുന്നു എന്ന അറിവ്. അവന്‍ നമ്മുടെ സ്‌നേഹമുള്ള സ്വര്‍ഗ്ഗീയ പിതാവാണ്. നമ്മള്‍ വേദനിക്കുമ്പോള്‍ അവനും വേദനിക്കുന്നു. സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞു, ''അപ്പന് മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു'' (സങ്കീര്‍ത്തനം 103:13-14).

നമുക്കു വേദനിക്കുമ്പോള്‍ ദൈവവും വേദനിക്കുന്നു എന്ന സത്യം പൂര്‍ണ്ണമായി വെളിപ്പെട്ടത് യേശുക്രിസ്തുവിന്റെ ആളത്വത്തിലൂടെയാണ്. അവന്‍ ഇമ്മാനുവേലാണ്, അതിനര്‍ത്ഥം ''ദൈവം നമ്മോടുകൂടെ'' എന്നാണ് (യെശയ്യാവ് 7:14). നിത്യ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ അവന്‍ നമ്മുടെ മാനവികതയുടെ അംഗമായി. നമുക്ക് അനുഭവിക്കാന്‍ കഴിയുന്നതെല്ലാം അവന്‍ അനുഭവിച്ചു. അവന്‍ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. അവന്റെമേല്‍ വ്യാജ ആരോപണം ചുമത്തി. ഒരു ഉറ്റസ്‌നേഹിതന്‍ അവനെ ഒറ്റിക്കൊടുക്കുകയും അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അവനെ ഉപേക്ഷിക്കുകയും ചെയ്തു. അവന്‍ ചമ്മട്ടികൊണ്ടുള്ള അടിയേറ്റു. അടിയേറ്റു പിളര്‍ന്ന അവന്റെ മുതുകില്‍ വെച്ച കനമേറിയ മരക്കുരിശ് ചുമക്കാന്‍ അവന്‍ നിര്‍ബന്ധിതനായി. അവനെ ഒരു ക്രൂശില്‍ തറച്ചു. അതില്‍ അവന്‍ തൂങ്ങിക്കിടന്നപ്പോഴും പരിഹാസികള്‍ അവനെ ക്രൂരമായി പരിഹസിച്ചു.

എന്തുകൊണ്ടാണ് അവന്‍ ഇതെല്ലാം സഹിച്ചത്? ഈ അപമാനത്തിലൂടെയും പീഡനത്തിലൂടെയും കടന്നുപോകാതെ നമ്മുടെ പാപങ്ങള്‍ക്ക് വില നല്‍കാന്‍ അവനു കഴിയുമായിരുന്നില്ലേ? രണ്ടു കാരണങ്ങളാലാണ് ഈ വര്‍ദ്ധിതമായ വേദനയിലൂടെയും അപമാനത്തിലൂടെയും അവന്‍ കടന്നുപോയതെന്നു കാണാം: ദൈവത്തിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്നതിനും (2 കൊരിന്ത്യര്‍ 4:6), നമ്മോടു സഹതാപമുള്ള മഹാപുരോഹിതനാകുന്നതിനും (എബ്രായര്‍ 4:15-16). തന്റെ ജനത്തിനു വേദനിക്കുമ്പോള്‍ ദൈവം എപ്പോഴും വേദനയനുഭവിക്കുന്നു. എന്നാല്‍ ജഡധാരണത്തിലൂടെ - ബെത്ലഹേമില്‍ ആരംഭിച്ച സംഭവത്തിലൂടെ - അവന്‍ യഥാര്‍ത്ഥവും സുസ്പഷ്ടവുമായ രീതിയില്‍ നമ്മെപ്പോലെ വേദനയനുഭവിച്ചു.


നിങ്ങള്‍ എന്തുകൊണ്ടാണ് കഷ്ടപ്പെടുന്നതെന്ന് ദൈവം അറിയുന്നു


God Knows Why You’re Suffering

തനിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് അറിഞ്ഞ ഒരു ശുശ്രൂഷകന്‍ ദൈവത്തിന്റെ വഴികളില്‍ അതൃപ്തനായിത്തീര്‍ന്നു. അദ്ദേഹം ഒരു സ്‌നേഹിതനോട് പറഞ്ഞു, ''എന്തുകൊണ്ടാണ് ദൈവം എനിക്ക് ഇത് അനുവദിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ അവനെ വിശ്വസ്തതയോടെ സേവിച്ചു. ഞാന്‍ ഒരു രഹസ്യ പാപത്തെയും താലോലിക്കുന്നില്ല. ഞാന്‍ എന്റെ ശരീരം സംരക്ഷിച്ചു. ഞാന്‍ എന്റെ തൂക്കം നിയന്ത്രിക്കുന്നു. ഞാന്‍ ഇതിന് അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നില്ല.''

അദ്ദേഹത്തിന്റെ പ്രതിഷേധം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്് ഏകദേശം 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയ്യോബ് ഉന്നയിച്ച ന്യായങ്ങളെയാണ്. ആകെ 16 പ്രാവശ്യം ഇയ്യോബ് എന്തുകൊണ്ട് എന്ന വാക്ക് ഉപയോഗിച്ചു. താന്‍ ധാര്‍മ്മികതയും സത്യസന്ധതയും ദയയും സ്‌നേഹവുമുള്ള മനുഷ്യനായി ജീവിച്ച 12 മാര്‍ഗ്ഗങ്ങള്‍ പോലും അവന്‍ അക്കമിട്ടു നിരത്തി (ഇയ്യോബ് 31:1-14).

എന്നാല്‍ ഇയ്യോബിന്റെ ചോദ്യങ്ങള്‍ക്ക് ദൈവം ഒരിക്കലും ഉത്തരം നല്‍കിയില്ല. എന്റെ ശുശ്രൂഷക സ്‌നേഹിതന്റെ അധരങ്ങളില്‍ നിന്ന് വന്ന ഈ ചോദ്യങ്ങള്‍ക്കും അവന്‍ ഉത്തരം നല്‍കിയില്ല. എന്നിരുന്നാലും, ദൈവം അതിലും മികച്ച ഒന്നു ചെയ്തു. എന്തുകൊണ്ടാണെന്ന് തനിക്കറിയാമെന്ന് അവന്‍ അവര്‍ക്ക് ഉറപ്പ് നല്‍കി.

എന്തുകൊണ്ടെന്ന ചോദ്യത്തിന് ചിലപ്പോള്‍ നമുക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞേക്കാം. നമ്മുടെ വേദനയ്ക്ക് നമ്മെത്തന്നെ പഴിചാരാന്‍ ഇടയാക്കുന്ന എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ നമ്മുടെ ഹൃദയത്തില്‍ തിരയുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. ആരോഗ്യസംബന്ധമായ സാമാന്യനിയമങ്ങള്‍ നാം അനുസരിക്കാതിരുന്നതിനാല്‍ നാം രോഗികളായേക്കാം. നമ്മുടെ ജീവിതത്തിലെ പാപം നിമിത്തം ദൈവം ശിക്ഷിച്ചതിന്റെ ഫലമായി രോഗം വന്നേക്കാം (1 കൊരിന്ത്യര്‍ 11:29-30; എബ്രായര്‍ 12:6). നാം അനുസരണക്കേടിലാണ് ജീവിക്കുന്നതെന്ന് നമുക്കറിയാമെങ്കില്‍ നാം അനുതപിക്കണം. അതു നാം ചെയ്യുമ്പോള്‍ ദൈവം നമുക്ക് രോഗശാന്തി നല്‍കിയേക്കാം.

എന്നിരുന്നാലും, എന്തുകൊണ്ട് എന്ന നമ്മുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ പലപ്പോഴും കണ്ടെത്തിയെന്നു വരില്ല. എന്നാല്‍ ദൈവം നമ്മെ പൂര്‍ണ്ണമായും ഇരുട്ടില്‍ വിടുന്നില്ല. വിശദീകരണമില്ലാത്ത കഷ്ടതകള്‍ക്കുപോലും വിലപ്പെട്ട ഒരു ലക്ഷ്യമുണ്ടെന്ന് അവന്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.

  • കഷ്ടത സാത്താനെ നിശബ്ദനാക്കുന്നു (ഇയ്യോബ് 1-2).
  • കഷ്ടത നമ്മെ കൂടുതല്‍ ക്രിസ്തു-സദൃശ്യരാക്കുന്നു (ഫിലിപ്പിയര്‍ 3:10).
  • ദൈവത്തില്‍ ആശ്രയിക്കാന്‍ കഷ്ടത നമ്മെ പഠിപ്പിക്കുന്നു (യെശയ്യാവ് 40:28-31).
  • നമ്മുടെ വിശ്വാസം പ്രായോഗികമാക്കാന്‍ കഷ്ടത നമ്മെ പ്രാപ്തരാക്കുന്നു (ഇയ്യോബ് 23:10).
  • കഷ്ടത പ്രതിഫലം നല്‍കുന്നു (1 പത്രൊസ് 4:12-13).
  • ഏതു കാരണമാണ് നമ്മുടെ കഷ്ടതയ്ക്ക് അനുയോജ്യം എന്ന് നമുക്കറിയില്ലായിരിക്കാം. എന്നാല്‍ ദൈവം അതറിയുന്നു.



    നിയന്ത്രണം ദൈവത്തിന്റെ കൈയിലാണ്


    God Is In Control

    എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ്. നിങ്ങളെ രോഗിയാക്കി നിങ്ങളെ പരീക്ഷിക്കാന്‍ പിശാചിനെ അവന്‍ അനുവദിച്ചേക്കാം. അശ്രദ്ധമൂലമുണ്ടായ ഒരു അപകടത്തിലൂടെയോ അല്ലെങ്കില്‍ ഒരു ദുഷ്ടമനുഷ്യന്റെ ക്രൂരമായ ആക്രമണത്തിലൂടെയോ വലിയ വേദന അനുഭവിക്കാന്‍ അവന്‍ നിങ്ങളെ അനുവദിച്ചേക്കാം. ഈ അസുഖകരമായ സംഭവങ്ങള്‍ നമ്മെ പരീക്ഷിക്കുകയും പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാം, എങ്കിലും താഴെപ്പറയുന്ന ഉറപ്പില്‍ നമുക്ക് സ്വസ്ഥമായിരിക്കാം:

    'മനുഷ്യര്‍ക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍; നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിക്കുവാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും' (1 കൊരിന്ത്യര്‍ 10:13).

    നിങ്ങളുടെ പരിശോധന എന്തുതന്നെയായാലും, നിങ്ങളുടെ വേദനയോ സങ്കടമോ എത്ര വലുതായിരുന്നാലും, നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവ് നിങ്ങളെ സ്‌നേഹിക്കുന്നു. അവന്‍ നിങ്ങളെ അത്ഭുതകരമായി സൗഖ്യമാക്കും. ഇല്ലെങ്കില്‍, അവന്‍ നിങ്ങളോടൊപ്പമുണ്ടാകും, ഒരുനാള്‍ നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് ചേര്‍ക്കും. നിങ്ങളുടെ ആത്യന്തിക നന്മ അവന്‍ ലക്ഷ്യംവയ്ക്കുന്നു.

    നിങ്ങള്‍ യേശുക്രിസ്തുവില്‍ നിങ്ങളുടെ ആശ്രയം വെച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ പരിശോധനകളെ ശാന്തമായും പ്രത്യാശയോടെയും നേരിടാന്‍ നിങ്ങള്‍ക്കു കഴിയും. ദൈവം നിങ്ങളെ സൗഖ്യമാക്കുമെന്നും അങ്ങനെ ചെയ്യുന്നതിലൂടെ അവന് മഹത്വം ലഭിക്കുകയും നിങ്ങളുടെ നിത്യമായ നന്മ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും ഉള്ള പൂര്‍ണ്ണമായ ഉറപ്പോടെ നിങ്ങള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ കഴിയും. അവന്‍ നിങ്ങളെ സുഖപ്പെടുത്തുന്നില്ലെങ്കില്‍, അവന്‍ തന്റെ അത്ഭുതകരമായ കൃപ നിങ്ങള്‍ക്ക് നല്‍കുകയും കഷ്ടത നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യും.

    നിങ്ങള്‍ ഇതുവരെ യേശുക്രിസ്തുവില്‍ വിശ്വസിച്ചിട്ടില്ലെങ്കില്‍, ഇന്ന് അങ്ങനെ ചെയ്യുക. നിങ്ങളുടെ പാപവും സ്വയം രക്ഷിക്കാനുള്ള കഴിവില്ലായ്മയും അംഗീകരിക്കുക. യേശു ക്രൂശില്‍ പാപികള്‍ക്കുവേണ്ടി മരിച്ചുവെന്നും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും വിശ്വസിക്കുക. എന്നിട്ട് അവനില്‍ ആശ്രയം വയ്ക്കുക. അവന്‍ നിങ്ങള്‍ക്കായി ഇത് ചെയ്തുവെന്ന് വിശ്വസിക്കുക. അവന്‍ നിങ്ങളോട് ക്ഷമിക്കുകയും നിങ്ങളെ അവന്റെ കുടുംബത്തിലെ അംഗമാക്കുകയും നിത്യജീവന്‍ നല്‍കുകയും ചെയ്യും. അവന്‍ നിങ്ങളെ എക്കാലവും നിത്യതയിലും പരിപാലിക്കും.


    അതിനെ വ്യക്തിപരമാക്കുക

    ദൈവവുമായുള്ള ഒരു വ്യക്തിബന്ധം ആരംഭിക്കുന്നത്, പുതു ജനനം എന്ന് യേശു വിളിക്കുന്ന ഒരു സംഭവത്തോടെയാണ് (യോഹന്നാന്‍ 3:3). നാം ആത്മീയമായി ദൈവകുടുംബത്തില്‍ ജനിക്കുമ്പോള്‍, നാം അവന്റെ മക്കളും അവന്റെ ആത്മീയ രാജ്യത്തിലെ അംഗങ്ങളും ആയിത്തീരുന്നു.

    ഈ വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നതിന്, ഈ ചുവടുകള്‍ വയ്ക്കുക:

    നാം ഈ ലോകത്തിലേക്ക് വരുന്നത് ശാരീരിക ജീവനുള്ളവരും, എന്നാല്‍ ആത്മീയമായി മരിച്ചവരായിട്ടുമാണ് - ദൈവം നമ്മെ എന്തിനു സൃഷ്ടിച്ചോ ആ ജീവിതനിലവാരം നഷ്ടപ്പെടുത്തിയവരായിട്ടാണ്. ബൈബിള്‍ പറയുന്നു, ''ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു'' (റോമര്‍ 3:23), 'നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല'' (റോമര്‍ 3:10), 'പാപത്തിന്റെ ശമ്പളം മരണമത്രേ'' (റോമര്‍ 6:23). അതിനാല്‍, നമുക്ക് ഒരു രക്ഷകന്റെ ആവശ്യമുണ്ട്.

    നമ്മുടെ പാപത്തിന്റെ വിനാശകരമായ ഫലങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാനായി സ്വന്തം പുത്രനെ ഈ ലോകത്തിലേക്ക് അയയ്ക്കാന്‍ തക്കവണ്ണം ദൈവം നമ്മെ സ്‌നേഹിച്ചു (യോഹന്നാന്‍ 1:1-14; 3:16). തന്നെത്തന്നെ ഒരു സമ്പൂര്‍ണ്ണ യാഗമായി അര്‍പ്പിച്ചുകൊണ്ട് യേശു നമ്മുടെ സ്ഥാനത്ത് മരിച്ചു. ഏക യാഗത്താല്‍ അവന്‍ നമ്മുടെ ഏറ്റവും ചെറിയ പാപത്തിനുപോലും - ഏറ്റവും മോശമായതിനും - മറുവില നല്‍കി.

    No one is saved by trying to be good. We are saved by trusting in Christ. The Bible says, “For by grace you have been saved through faith, and that not of yourselves; it is the gift of God, not of works, lest anyone should boast” (Ephesians 2:8-9).


    ഈ ദാനം സ്വീകരിക്കുന്നതിനായി നാം ദൈവത്തോട് പറയുന്ന യഥാര്‍ത്ഥ വാക്കുകള്‍ക്ക് വ്യത്യാസമുണ്ടായേക്കാം. എന്നാല്‍ പ്രാധാന്യമര്‍ഹിക്കുന്നത്, അതു പറയാന്‍ നമ്മെ പ്രാപ്തരാക്കത്തക്കവിധം നാം അവനില്‍ വിശ്വസിക്കുക എന്നതാണ്. താഴെപ്പറയുന്നതോ സമാനമായതോ ആയ ഒരു പ്രാര്‍ത്ഥന ഏറ്റുപറയുക:

    ദൈവമേ, ഞാന്‍ അങ്ങേയ്‌ക്കെതിരായി പാപം ചെയ്തു എന്നു ഞാന്‍ അറിയുന്നു. യേശു അങ്ങയുടെ പുത്രനാണെന്നും എന്റെ പാപങ്ങളുടെ ശിക്ഷ ഏറ്റെടുത്ത് അവന്‍ ക്രൂശില്‍ മരിച്ചുവെന്നും അത് തെളിയിക്കാനായി അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങു നല്‍കുന്ന പൂര്‍ണ്ണമായ പാപമോചനത്തിന്റെയും നിത്യജീവന്റെയും വാഗ്ദത്തം ഞാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. എന്റെ രക്ഷയ്ക്കായുള്ള അങ്ങയുടെ ദാനമായി ഞാന്‍ യേശുവിനെ സ്വീകരിക്കുന്നു.

    ഇത് നിങ്ങളുടെ ഹൃദയത്തിന്റെ സത്യസന്ധമായ പ്രാര്‍ത്ഥനയാണെങ്കില്‍, നിങ്ങള്‍ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു!