വായിക്കുക: എബ്രാ. 12:1-29
വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക (വാ. 2).
100 വർഷം നീണ്ട തന്റെ ജീവിതത്തിൽ, വിഖ്യാത ഫോട്ടോഗ്രാഫർ ആയ സ്റ്റാൻലി ട്രോട്ട്മാൻ നിരവധി സവിശേഷസംഭവങ്ങൾക്ക് സാക്ഷിയായി. 1945-ൽ, നേവിയുടെ ഫോട്ടോഗ്രാഫർ ആയിരുന്ന ട്രോട്ട്മാനെ ജർമ്മനിയിലേക്കും ജപ്പാനിലേക്കും നിയോഗിച്ചയച്ചു. അവിടെ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഹൃദയ ഭേദകമായ നിരവധി ചിത്രങ്ങൾ എടുത്തു. യുദ്ധത്തിന് ശേഷം, ക്രിസ്തു വിശ്വാസിയായിരുന്ന അദ്ദേഹം, പ്രസിദ്ധമായ ഒരു യൂണിവേഴ്സിറ്റിയുടെ സ്പോട്സ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ വിസ്മയകരമായ അത് ലറ്റിക് ഇനങ്ങൾക്ക് സാക്ഷിയാകുകയും അവ ചിത്രീകരിക്കുകയും ചെയ്തു.
ഈ രണ്ട് അനുഭവങ്ങളും ഉണ്ടായ സ്റ്റാൻലി ട്രോട്ട്മാൻ തിരിച്ചറിഞ്ഞ ഒരു യാഥാർത്ഥ്യമാണ്, ഈ സങ്കീർണ്ണ ലോകത്തിൽ “നമുക്ക് മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുവാൻ” “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കണം” (എബ്രാ. 12:1,2) എന്നത്.
ഒരു ക്യാമറ ലെൻസിൽ കൂടി ലോകത്തെ കാണുമ്പോൾ മനുഷ്യന്റെ ഹൃദയവും താല്പര്യങ്ങളും ജീവിക്കുന്ന കാലവും ഒക്കെ നമുക്ക് വെളിപ്പെട്ടു വരും. അതുപോലെ നാം യേശുവിലും വചനത്തിൽ കാണുന്ന ദൈവത്തിന്റെ ജ്ഞാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമ്മുടെ കുഴഞ്ഞ മുഴങ്കാലുകളെ ശക്തിപ്പെടുത്തുകയും തളർന്ന കൈകളെ ബലപ്പെടുത്തുകയും ചെയ്യുന്ന (വാ. 12) ഒരു രക്ഷകനെ കണ്ടെത്താൻ കഴിയും.
ജീവിതത്തിന്റെ പോരാട്ട മേഖലകളിലും ഗോദകളിലും യേശു നമ്മെ കണ്ടെത്തുകയും തങ്കലേക്ക് നോക്കുവാൻ ക്ഷണിക്കുകയും ചെയ്യും. അവൻ “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കുകയും” “നാം ഉള്ളിൽ ക്ഷീണിച്ച് മടുത്തു പോകാതിരിക്കാൻ” നമുക്കു വേണ്ടി പാപികളാൽ വിരോധം സഹിച്ചവനുമാണ് (വാ. 2, 3).
നമ്മുടെ നോട്ടം യേശുവിൽ കേന്ദ്രീകരിക്കാൻ ദൈവം നമ്മെ കൃപയോടെ ക്ഷണിക്കുന്നു.” മുടന്തുള്ളത് ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന് നിങ്ങളുടെ കാലിന് പാത നിരത്തുവിൻ”(വാ. 13) എന്ന് ആഹ്വാനം ചെയ്യുന്നു. ക്രിസ്തുവിലൂടെ നാം “ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നന്ദിയുള്ളവരായി ദൈവത്തിന് പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടും കൂടെ സേവ ചെയ്യുക”(വാ. 28).
നമുക്ക് നമ്മുടെ കണ്ണുകളെ യേശുവിൽ കേന്ദ്രീകരിക്കുകയും അവന്റെ സ്നേഹത്തിന്റെ ലെൻസിലൂടെ ജീവിതത്തിന്റെ കാഴ്ചകൾ കാണുകയും ചെയ്യാം.
—റൊക്സാനെ റോബിൻസ്
ചെയ്യാം
എബ്രാ. 12:2 ന്റെ വെളിച്ചത്തിൽ 2 കൊരി. 5:7 വായിച്ചിട്ട് , നിങ്ങളുടെ കണ്ണുകൾ യേശുവിലാണ് കേന്ദ്രീകരിക്കേണ്ടത്, ലോകത്തിൽ കാണുന്ന കാര്യങ്ങളിലല്ല എന്നതിന്റെ അർത്ഥം ചിന്തിക്കുക.
ചിന്തിക്കാം
ജീവിതത്തിലെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളെയും വ്യക്തിയെയും യേശുവിനെപ്പോലെ നിങ്ങൾ എങ്ങനെ നേരിടും? ക്രിസ്തുവിനെ കൂടുതൽ മിഴിവോടെ കാണുന്നതിന് നിങ്ങളുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?