വായിക്കുക: മത്തായി 7:1-6, 15-23

എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് (വാ. 21).

വർഷങ്ങൾക്കുമുമ്പ് ഒരു ജനപ്രതിനിധിയുടെ അസിസ്റ്റന്റ് പെട്ടെന്ന് സഭയിൽ വന്നു തുടങ്ങി. അതിൽ അസ്വാഭാവികത തോന്നിയതിനാൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അയാൾ പറഞ്ഞു : “ഞാൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അതുകൊണ്ട് സഭയിൽ പോകുന്നത് നന്നായിരിക്കും എന്ന് എന്റെ ബോസ് പറഞ്ഞു.”

ഇതിന് എതിരായ മറ്റൊരു സംഭവം പറയാം. മാക്സ് (ശരിയായ പേരല്ല) ജോലി ചെയ്യുന്നത് യേശുവിലുള്ള വിശ്വാസം അറിയിക്കുന്നത് അപകടകരമായ ഒരു രാജ്യത്താണ്. എന്നിട്ടും അയാൾ തന്റെ ഭവനത്തിൽ ഒരു സഭ ആരംഭിച്ച് അയല്ക്കാരോട് ക്രിസ്തുവിനെക്കുറിച്ച് അറിയിക്കുന്നു.

മാക്സിന്റെ സഭയിൽ പോകുന്നതിന് സത്യസന്ധമായ സമർപ്പണം ആവശ്യമാണ്. എന്നാൽ ആരും നിങ്ങളെ ക്രിസ്ത്യാനിയാണ് എന്ന് സ്വാഭാവികമായി കണക്കാക്കുന്ന ഒരിടത്ത് നിങ്ങളുടെ വിശ്വാസത്തിന്റെ സ്ഥിതി മറ്റൊന്നായിരിക്കും. മറ്റുളളവരുടെ വിശ്വാസത്തിന്റെ നിജസ്ഥിതി നാം വിലയിരുത്തേണ്ടതുണ്ടോ?

ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെയൊരു വിരോധാഭാസം ചൂണ്ടിക്കാണിക്കുന്നുണ്ട്. യേശു പറഞ്ഞു, “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്” (മത്തായി 7:1). എന്നാൽ അല്പം കഴിഞ്ഞ് അവിടുന്ന് മുന്നറിയിപ്പ് നല്കി, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുവിൻ” (വാ. 15), എന്നിട്ട് അവരെ തിരിച്ചറിയുന്നത് എങ്ങനെ എന്നും പറഞ്ഞു.” നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു. ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു”(വാ. 17) . എന്നിട്ട് കൂട്ടിച്ചേർത്തു, ” ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും”(വാ.20). അത് ഒരർത്ഥത്തിൽ വിധിക്കൽ അല്ലേ?

ആദ്യത്തെ സന്ദർഭത്തിൽ യേശു നമ്മോട് സ്വയം വിലയിരുത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. മറ്റുള്ളവരെ വിധിക്കലല്ല നമ്മുടെ പരിപാടി, മറിച്ച്, നമുക്ക് മാനസാന്തരം ആവശ്യമുള്ള എന്തെങ്കിലും ഉണ്ടോ എന്ന് സ്വയം പരിശോധിക്കലാണ്. അതേസമയം, കള്ള ഉപദേഷ്ടാക്കന്മാരെ നാം കരുതിയിരിക്കുകയും വേണം. അവരുടെ പ്രവൃത്തികളെ നിരീക്ഷിച്ച്, അവരെ ക്രിസ്തുവിൽ സഹോദരീ സഹോദരന്മാരായി കണക്കാക്കാൻ കഴിയുമോ എന്ന് ഉറപ്പാക്കണം. തീർച്ചയായും അവരെ സ്വീകരിക്കാൻ കഴിയില്ല. കാരണം അവരുടെ ചീത്ത ഫലങ്ങൾ അവരുടെ തെറ്റായ വിശ്വാസത്തിന്റെ തെളിവായിരിക്കും (വാ. 17-18).

എനിക്ക് എന്റെ സ്നേഹിതനെ വിധിക്കണം എന്നില്ലായിരുന്നു. എന്നാൽ എന്റെ വിശ്വാസം അവനോട് പങ്ക് വെക്കണം എന്നുണ്ടായിരുന്നു. എന്തായാലും ആത്യന്തികമായി ചോദിക്കേണ്ട ചോദ്യം, “അയാൾ യഥാർത്ഥത്തിൽ ഒരു വിശ്വാസിയാണോ?” എന്നതല്ല, “എനിക്ക് യേശുവിനെ അനുസരിക്കാൻ ആത്മാർത്ഥമായ താല്പര്യം ഉണ്ടോ?” എന്നതായിരിക്കണം.

—റ്റിം ഗസ്റ്റാഫ്സൻ

ചെയ്യാം

താഴെപ്പറയുന്ന വാക്യങ്ങൾ വായിച്ച്, യഥാർത്ഥമായും ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് പഠിക്കുക: മത്തായി 26:39; യോഹ.4:34, 6:38.

ചിന്തിക്കാം

നിങ്ങളുടെ ഹൃദയം നിങ്ങളെ സ്ഥിരമായി നയിക്കുന്നത് എങ്ങോട്ടാണ് എന്ന് പ്രാർത്ഥനാപൂർവം പരിശോധിക്കുക. യേശുവിനായുള്ള വിശപ്പും ദാഹവും അനുഭവമാകുന്നതിന് എന്താണ് തടസ്സം എന്ന് തിരിച്ചറിയുക.


,,,,,

banner image