വായിക്കുക: എഫെസ്യർ 4:17- 5:2

കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ. (4:26)

നിങ്ങൾക്ക് കോപം വരുന്നത് എപ്പോഴാണ്? ട്രാഫിക്ക് ജാം ഉണ്ടാകുമ്പോൾ ? കാല് തട്ടുമ്പോൾ ? ആരെങ്കിലും ബഹുമാനമില്ലാതെ പെരുമാറുമ്പോൾ? ആരെങ്കിലും വരാമെന്ന് പറഞ്ഞിട്ട് വരാതിരിക്കുമ്പോൾ? അവിചാരിതമായി വന്നിട്ട് പോകാതിരിക്കുമ്പോൾ? കോപം വൈകാരികമായ നിരാശയാണ്. നമ്മുടെ വഴി തടസ്സപ്പെടുമ്പോഴോ ആരെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും എതിരാകുമ്പോഴോ ആണ് കോപം വരുന്നത്.

കോപം എല്ലാ മനുഷ്യർക്കും ദൈവദത്തമായിട്ടുള്ള ഒരു വികാരമാണ്. എന്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അത് പെട്ടെന്ന് ഉയർന്നു വരും: ഒരു കാർ തെറ്റായി എന്നെ മറികടക്കുമ്പോഴും സംസാരത്തിൽ ആരെങ്കിലും എന്നെ തടസ്സപ്പെടുത്തുമ്പോഴും ഒക്കെ.

എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാത്രം കോപിച്ച യേശുവിനെപ്പോലെ എനിക്കും ആകണം. തന്റെ പിതാവിന്റെ ഭവനത്തിൽ ജനത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് അനുവദിക്കുകയും എന്നാൽ കൈ ശോഷിച്ചു പോയ മനുഷ്യനെ താൻ സുഖപ്പെടുത്തുന്നത് തടയുകയും ചെയ്ത മതനേതൃത്വത്തിന് എതിരായി യേശു രോഷം കൊണ്ടു (മത്തായി 21:12,13; മർക്കൊസ് 3:5). യേശു കോപിച്ചത് തന്റെ ജനത്തോടുള്ള സ്നേഹം മൂലമാണ്.

കോപിക്കുന്നത് അതിൽത്തന്നെ തെറ്റല്ലാത്തപ്പോൾ തന്നെ, നാം അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അതീവ പ്രാധാന്യമുള്ളതാണ്. ദൈവം കല്പിക്കുകയാണ്: “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചു കൊണ്ടിരിക്കരുത്. പിശാചിന് ഇടം കൊടുക്കരുത്.” (എഫെ. 4:26,27). അതുകൊണ്ട് നാം രാവിലെ ഒരു വഴക്കു കൂടിയാൽ വൈകുന്നേരം വരെ അത് വെച്ചു കൊണ്ടിരിക്കാൻ അനുവാദമുണ്ട് എന്നർത്ഥമില്ല. ദൈവം ഉദ്ദേശിക്കുന്നത്, മറ്റേതു വികാരവും പോലെ കോപവും നമ്മെ നിയന്ത്രിക്കരുത് എന്നതാണ് (വാ. 26).

കോപത്തെ അഴിച്ചുവിട്ടാൽ അത് അനാരോഗ്യകരമായ ചിന്തകൾക്കും പെരുമാറ്റത്തിനും ഇടയാക്കും. നാം നമ്മുടെ സ്വന്തം അവകാശങ്ങൾക്കു വേണ്ടി പോരാടുമ്പോൾ നീതിക്കു വേണ്ടിയാണ് പോരാടുന്നത് എന്നതിൽ നമുക്ക് ഉറപ്പുണ്ടാകണം എന്ന് നമുക്കറിയാം. എങ്കിലും, ദൈവം ആഗ്രഹിക്കുന്നത് നമ്മോട് അനീതി ചെയ്യുന്നവരോടും നാം അനുരഞ്ജനം പ്രാപിക്കണം എന്നാണ്. അതിന് സാധിക്കുന്നില്ലെങ്കിൽ നമ്മുടെ കോപം ദൈവത്തിൽ ഭരമേല്പിക്കണം. നമ്മുടെ പിതാവ് നമ്മെ തന്റെ സ്വന്തമാക്കിത്തീർക്കുകയും നാം വീണ്ടെടുപ്പ് നാളിൽ രക്ഷിക്കപ്പെടും എന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടല്ലോ (വാ. 30). ഈ സവിശേഷ ബന്ധം ഉള്ളതുകൊണ്ട് നമ്മുടെ കോപത്തെ അവന്റെ ജ്ഞാനത്തിലും സ്നേഹത്തിലും നമുക്ക് ഭരമേല്പിക്കാം.

-മൈക്ക് വിറ്റ്മർ

ചെയ്യാം

സദൃ. 14:16,17, 22:24-25, 29:11,22 എന്നീ വാക്യങ്ങൾ വായിക്കാം. നമ്മുടെ കോപം എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്?

ചിന്തിക്കാം

നിങ്ങൾ ഈയിടെ കോപിച്ച സന്ദർഭം ഏതാണ് എന്ന് കണ്ടുപിടിക്കുക. നിങ്ങളുടെ കോപം കൊണ്ട് എങ്ങനെയാണ് ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയുന്നത് എന്ന് പഠിക്കുക.


,,,,,

banner image