എന്റെ ആദ്യ ബാല്യകാല സ്മരണകളിൽ ഒന്ന്, എന്റെ മാതാപിതാക്കൾ ദുഃഖത്തോടു പോരാടുന്നതിനെക്കുറിച്ചുള്ളതായിരുന്നു. എന്റെ അമ്മാവൻ, ഒരു ക്രിസ്തുമസിന്റെ ചില ആഴ്ചകൾക്കു മുൻപ് കാറപകടത്തിൽ കൊല്ലപ്പെടുകയും, അമ്മായിയും (പിതാവിന്റെ സഹോദരി) മൂന്നു കൊച്ചു കുട്ടികളും തനിച്ചാവുകയും ചെയ്തു.

എന്റെ മാതാപിതാക്കൾ ഒന്നിനു പുറകെ ഒന്നായി അനുഭവിച്ചുകൊണ്ടിരുന്ന ദുഃഖം എനിക്കു മനസ്സിലാക്കാവുന്നതിനും അപ്പുറമായിരുന്നു. ശരിക്കും അവിടെ കണ്ണുനീരുണ്ടായിരുന്നു, അവിടെ നഷ്ടങ്ങളുണ്ടായിരുന്നു, അവിടെ പോരാട്ടമുണ്ടായിരുന്നു. അവിടെ ആശയക്കുഴപ്പമുണ്ടായിരുന്നു, എങ്കിലും അവരുടെ വികാരങ്ങളുടെയോ ഭാവങ്ങളുടെയോ ആഴം എന്റെ കുഞ്ഞു മനസ്സിന് വിശകലനം ചെയ്തു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ദുഃഖത്തിന്റെ ഭാരമേറിയ ശക്തിയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ അറിവായിരുന്നു.

തീർച്ചയായും, മരണം ജീവിതത്തിന്റെ ഭാഗമാണ്. അത് ജീവിതത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണ്. എന്നിട്ടും, ആ യാഥാർത്ഥ്യത്തെ നാം അംഗീകരിക്കുമ്പോൾ പോലും, നഷ്ടത്തിന്റെ സമയത്ത് നമ്മുടെമേൽ നിപതിക്കുന്ന ദുഃഖം പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ വളരെ അധികമായിരിക്കും. എഴുത്തുകാരനും തത്വചിന്തകനുമായ സി. എസ്. ലൂയിസ്, ‘എ ഗ്രീഫ് ഒബ്‌സേർവ്ഡ്’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതി:

കഷ്ടതകൾ നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. അവ പദ്ധതിയുടെ ഭാഗമാണ്. ”ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ,” എന്നു നമ്മോടു പറഞ്ഞിട്ടുണ്ട്, അതു ഞാൻ അംഗീകരിക്കുന്നു. ഞാൻ പ്രതീക്ഷിക്കാത്തതൊന്നും എനിക്കു ലഭിച്ചിട്ടില്ല. ഒരുവന് ഒരു കാര്യം സംഭവിക്കുമ്പോൾ അതു തികച്ചും വ്യത്യസ്തമാണ്, മറ്റുള്ളവർക്ക് വരുന്നതുപോലെയല്ല അത്. സങ്കല്പത്തിൽ സംഭവിക്കുന്നതുപോലെയല്ല യഥാർത്ഥത്തിൽ സംഭവിക്കുമ്പോൾ.

ദുഃഖം നമ്മെ സന്ദർശിക്കുമ്പോൾ, നമുക്കുള്ളവരെ മരണം എടുത്തുകളയുമ്പോൾ, കാര്യങ്ങൾ പെട്ടെന്നു മാറിമറിയുന്നു. വ്യത്യസ്തമായ പല കാര്യങ്ങളെ മരണം എടുത്തുകളയുന്നു: ഒരു വിവാഹത്തിന്റെ മരണം, ഒരു സ്വപ്‌നത്തിന്റെ മരണം, അല്ലെങ്കിൽ ഒരു ജോലിയുടെ മരണം. എല്ലാ മരണങ്ങളും ദുഃഖം ഉളവാക്കുന്നു, പക്ഷേ അഗാധമായ തരത്തിലുള്ള ദുഃഖം വരുന്നത് നമ്മുടെ ഹൃദയത്തോട് ഏറ്റവും ഇഴുകിച്ചേർന്നിരിക്കുന്ന ഒരു വ്യക്തിയുടെ മരണത്തിൽ നിന്നാണ്.

നമുക്കു പ്രിയപ്പെട്ട ഒരാൾ മരണത്താൽ മാറ്റപ്പെടുകയും ദുഃഖത്തിന്റെ ഭാരം നമ്മുടെ ഹൃദയത്തെ തകർക്കുമെന്ന ഭീഷണി ഉയരുകയും ചെയ്യുമ്പോൾ ദൈവം എവിടെയാണ്? അവൻ കാണുന്നുണ്ടോ; അവൻ കരുതുന്നുണ്ടോ? സത്യത്തിൽ, നമ്മുടെ ഇരുളടഞ്ഞ നിമിഷങ്ങളിൽ നാം സങ്കല്പിക്കുന്നതിനേക്കാൾ വളരെ അടുത്താണ് ദൈവം. ‘കുറ്റവും ശിക്ഷയും’  എന്ന നോവലിൽ ഫിയോദർ ദസ്തയേവ്‌സ്‌കി എഴുതി:

രാത്രി എത്ര ഇരുളുന്നുവോ, നക്ഷത്രങ്ങൾ അത്രയേറെ തിളങ്ങും.
ദുഃഖം എത്ര അഗാധമോ, അത്രയേറെ അടുത്തുണ്ട് ദൈവം!

അത് തീർച്ചയായും ശോഭനമായ ഒരു വാഗ്ദാനമാണ്, എന്നാൽ ദൈവം നമ്മുടെ ദുഃഖത്തിൽ നമ്മെ കരുതുന്നുവെന്ന അവകാശവാദത്തെ പിന്താങ്ങുന്ന തെളിവുകൾ ബൈബിളിൽ ഉണ്ടോ? നാം ദുഃഖിക്കുമ്പോൾ ദൈവം ശരിക്കും നമ്മുടെ അടുത്തുണ്ടോ? ുഃഖത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?

ദുഃഖത്തിന്റെ ആഴം

ദുഃഖത്തിന്റെ കാലങ്ങളിൽ നമുക്ക് പ്രചോദനം നൽകുന്ന ഒന്നാമത്തെ കാര്യം, ബൈബിൾ ദുഃഖത്തെ അപ്രധാനമായി കാണുന്നില്ല എന്നതാണ്. മറിച്ച് ദുഃഖത്തിന്റെ യാഥാർത്ഥ്യത്തെയും അതിനോടുള്ള നമ്മുടെ പോരാട്ടത്തെയും ബൈബിൾ സത്യസന്ധമായി കാണുന്നു. അവന്റെ പ്രതികരണമോ?

അയ്യോ എന്റെ വ്യസനം ഒന്ന് തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്ത് സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ! (ഇയ്യോബ് 6:2)

യിസ്രായേലിലെ മഹാനായ രാജാവ് ദാവീദും ദുഃഖത്തിന് അപരിചിതനായിരുന്നില്ല. ”ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി” (1 ശമൂവേൽ 13:14) പ്രതിപാദിച്ചിട്ടുള്ള ദാവീദിന്റെ ജീവിതത്തിൽ വന്ന ദുരന്തങ്ങളും നഷ്ടങ്ങളും മനോവ്യഥകളും, ഇപ്രകാരം വിലപിക്കുന്നതിന് അവനെ പ്രേരിപ്പിച്ചു:

ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകല വൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു. (സങ്കീർത്തനം 6: 7)

കൂടാതെ:

യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു;
വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
(സങ്കീർത്തനം 31:9)

ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാസ്‌നേഹത്തെക്കുറിച്ചുള്ള വലിയ കഥകൾ പറയുന്നതോടൊപ്പം തന്നേ, ഉല്പത്തി 3 ൽ മരണം ലോകത്തിൽ പ്രവേശിച്ചതിനു ശേഷം നമ്മുടെ ലോകത്തിന്റെ സ്വഭാവമായി മാറിയ നഷ്ടത്തിന്റെ ദുഃഖത്തിന്റെയും കഥകളും ബൈബിൾ പറയുന്നു. രേഖപ്പെടുത്തിയിട്ടുള്ളതും ഓർമ്മിപ്പിച്ചിട്ടുള്ളതുമായ ദുഃഖങ്ങൾ ഉണ്ട്. അവയൊന്നും ശ്രദ്ധിക്കാപ്പെടാതെയും കരുതാതെയും പോയിട്ടില്ല.

കർത്താവിന്റെ കരുതൽ

ബൈബിളിലെ ദൈവത്തിന്റെ സവിശേഷതകളിൽ (ഉത്ക്കൃഷ്ടഗുണങ്ങളിൽ) ഒന്ന്, അവൻ സർവ്വജ്ഞാനിയാണ് – ”എല്ലാം അറിയുന്നവൻ” – എന്നതാണ്. അത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ദൈവത്തിന് എല്ലാം അറിയാം. നഷ്ടം നമ്മുടെമേൽ നിപതിക്കുമ്പോൾ നമുക്ക് എന്താണ് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്നും അതുളവാക്കുന്ന ദുഃഖം എന്താണെന്നും അവനറിയാം. സത്യത്തിൽ, നമുക്കു നഷ്ടപ്പെട്ടവർക്ക് വലിയ വില കല്പിക്കുന്നതിൽ അവൻ നമ്മോടു ചേർന്നിരിക്കുന്നു.

തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു. ( സങ്കീർത്തനം 116:15)

ദുഃഖത്തിന്റെ വേദനാജനകമായ ഉപോല്പന്നങ്ങളിൽ ഒന്നാണ് അതു നമ്മിൽ ഉളവാക്കുന്ന തീവ്രമായ ഒറ്റപ്പെടലിന്റെ ചിന്ത. ഈ പോരാട്ടത്തെ നാം തനിയെ നേരിടുന്നുവെന്നു തോന്നുമെങ്കിലും അതങ്ങനെയല്ല. നമ്മുടെ നഷ്ടങ്ങളെ ദൈവം പങ്കിടുക മാത്രമല്ല, ആ നഷ്ടത്തിന്റെ ഭാരം കൂടി അവൻ നമ്മോടൊപ്പം പങ്കിടുന്നു. ദുഃഖത്തിന്റെ കാലങ്ങളിൽ നാം തനിയെ ആ ഭാരം ചുമക്കേണ്ടതില്ല.

ദുഃഖത്തെക്കുറിച്ച് പ്രത്യേകമായി പറയുന്നില്ലെങ്കിലും, ദൈവത്തിന് നമ്മെ കുറിച്ചുള്ള കരുതലുള്ള കാര്യങ്ങളെ പ്രതിപാദിക്കുന്ന ഈ രണ്ടു വാക്യങ്ങളിൽ ദുഃഖത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു:

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. (മത്തായി 11:28)
… അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. (1 പത്രൊസ് 5:7)

നമ്മുടെ ആശ്വാസദായകനും, ”ജീവന്റെ ബലവും” (സങ്കീർത്തനം 27:1) എന്ന നിലയിൽ, നമ്മുടെ ദുഖത്തിന്റെ ഭാരം നാം തനിയെ വഹിക്കേണ്ടതില്ല എന്നു മനസ്സിലാക്കി, അവന്റെ സഹായത്തിൽ നമുക്കാശ്രയിക്കാം. നമ്മുടെ കർത്താവിന്റെ ”നുകം” നമ്മുടെ ഭാരത്തെ ലഘൂകരിക്കുന്നു, കാരണം അവൻ നമ്മോടു കൂടെ അത് പങ്കിടുന്നു (മത്തായി 11:30). നമ്മുടെ ദുഃഖത്തിൽ ദൈവം നമ്മോടു കൂടെയുണ്ട്.

ആത്യന്തികമായ പ്രതികരണം

ഒടുവിൽ, ക്രൂശായിരുന്നു ദുഃഖത്തിനും മരണത്തിനും ഉള്ള ദൈവത്തിന്റെ അന്തിമമായ പ്രതികരണം. മരണമാണ് ദുഃഖത്തിനു ഹേതു. ജീവനാണ് മരണത്തിനുളള ഒരേയൊരു പരിഹാരം. ബൈബിളിലെ സുപരിചിതമായ വാക്യത്തിൽ നാം വായിക്കുന്നു:

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കൂവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു. (യോഹന്നാൻ 3:16)

”നശിച്ചുപോകാതെ.” ക്രിസ്തുവിനോടു ബന്ധപ്പെടുമ്പോൾ മരണം അവസാന വാക്കല്ല. ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ മരണം കൊണ്ട് അവസാനിക്കാത്ത ഉറപ്പേറിയ അടിസ്ഥാനത്തിൽ നിർത്തും. ഇപ്പോൾ മരണം ജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിലും അത് അവസാനമല്ല.

സത്യത്തിൽ, ശവക്കുഴിക്കപ്പുറത്തേക്കു നീളുന്ന ഒരു പ്രത്യാശ നല്കുകയായിരുന്നു യേശുവിന്റെ ദൗത്യം. അതുകൊണ്ട് ഒരു സ്‌നേഹിതന്റെ കല്ലറയ്ക്കൽ വെച്ചാണ് യേശു ഈ വാക്കുകൾ പറഞ്ഞത് എന്നത് തികച്ചും അനുയോജ്യമായിരുന്നു:

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 11:25))

ക്രിസ്തുവിന്റെ മരണ, പുനരുത്ഥാനങ്ങളിലൂടെ മരണത്തിന്റെ ശക്തിയെ കീഴടക്കി. അതുകൊണ്ടാണ് പൗലൊസ് പറയുന്നത്:

”ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുളളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം.” (കൊരിന്ത്യർ 15:55-57)

എങ്കിലും, നഷ്ടങ്ങളുടെ സമയത്ത് ദുഃഖത്തിന്റെ ഭാരം എല്ലായ്‌പ്പോഴും അനുഭവപ്പെടും, എങ്കിലും ബൈബിൾ വ്യക്തമാണ്: മരണം വിജയിക്കുകയില്ല. ദുഃഖം താല്ക്കാലികമാണ്. ജീവൻ ആത്യന്തികവും നിത്യവും ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചവർക്കെല്ലാം ഒരിക്കലും അവസാനിക്കാത്ത ജീവിതവുമാണ്.

ബൈബിളിന്റെ അവസാന അദ്ധ്യായങ്ങളിൽ, വെളിപ്പാടു പുസ്തകം ചൂണ്ടിക്കാണിക്കുന്നത് നഷ്ടത്തെയല്ല, പ്രത്യാശയെയാണ്; വേദനയെയല്ല, ആശ്വാസത്തെയാണ്; മരണത്തെയല്ല, ജീവനെയാണ്:

ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി. (വെളിപ്പാട് 21:3-4)

നമ്മുടെ ദുഃഖത്തിൽ ദൈവം നമ്മോടു കൂടെയുണ്ട്. അവൻ നമ്മുടെ കഷ്ടതയിൽ പങ്കുചേരുന്നുണ്ട്. എല്ലാം പരിപൂർണ്ണമാകുന്ന ആ നാളിൽ, ദൈവത്തിന്റെ ശോഭനമായ പ്രത്യാശ, ദുഃഖത്തിനു ഹേതുവാകുന്ന എല്ലാത്തിനെയും ഇല്ലാതാക്കും. ആ ദിവസത്തിനായിട്ടാണ് നാം കാത്തിരിക്കുന്നത്……

ബിൽ ക്രൗഡർ

ആശ്വാസത്തിനായി ഒരു നിമിഷം – ജീവിത പങ്കാളിയുടെ വേർപാടിൽ ദുഃഖിക്കുമ്പോൾ 

ഒരുവന്റെ ജീവിത പങ്കാളി നഷ്ടമാകുന്നത്, വിവരണാതീതമായ വേദനയും അത്യധികം സങ്കീർണ്ണവും വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നതുമാണ്. എഴുത്തുകാരിയായ സൂസൻ വാൻഡെപോൾ അവളുടെ സ്വന്തം കഥ, ആ അനുഭവത്തിലൂടെ കടന്നപോയ ഒരുവളുടെ കൃപയോടും ഉൾക്കാഴ്ചയോടുംകൂടെ പങ്കുവയ്ക്കുന്നു. ദുഃഖത്തിന്റെ മരവിപ്പിക്കുന്ന വെള്ളത്തിൽ മുങ്ങിത്താഴുന്നവരോടൊപ്പം ചെന്ന് അവരെ തുഴഞ്ഞു മുകളിലെത്തിച്ച് വീണ്ടും ശ്വസിക്കുവാൻ അവരെ അവൾ സഹായിക്കുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ആഘാതത്തെ തരണം ചെയ്യുന്നതിന് സഹായിക്കാൻ ദൈവസ്‌നേഹത്തിന് എങ്ങനെ കഴിയുമെന്ന് കണ്ടുപിടിക്കുക..

ചാരത്തിൽ നിന്ന് നവ ചൈതന്യം– ഇയ്യോബിന്റെ വേദനയിൽ ദൈവത്തിന്റെ സാന്നിധ്യം

ഈ പഠനത്തിൽ, കഷ്ടതകൾ എങ്ങനെയുള്ളതായിരിക്കും? കഷ്ടതകൾ നമ്മെ പേർ ചൊല്ലി വിളിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കും? ജീവിതത്തിന്റെ ഇരുണ്ട നിമിഷങ്ങളുടെ നടുവിൽ ദൈവത്തെ എങ്ങനെ കണ്ടെത്താം? തുടങ്ങിയ ചോദ്യങ്ങളെ ബിൽ ക്രൗഡർ പരിശോധിക്കുന്നു. രേഖപ്പെടുത്തപ്പെട്ട മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലത്ത്, ഊസ് ദേശത്തായിരുന്നു ഇയ്യോബ് ജീവിച്ചിരുന്നത്. ബൈബിളിലെ ഏറ്റവും പഴക്കമുള്ള ഈ പുസ്തകം മനുഷ്യാനുഭവത്തിലെ പൊതുഘടകത്തിലാണ് – വേദനയും കഷ്ടതയും എന്ന പ്രശ്‌നം – ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇയ്യോബിന്റെ കഥ അനേകർക്കും സുപരിചിതമാണെങ്കിലും, നാം ചിന്തിക്കുന്നതിനെക്കാളധികം അതിനു പറയാനുണ്ട്. നമ്മുടെ ലോകത്തെക്കുറിച്ചും നമ്മെക്കുറിച്ചും നമ്മുടെ ദൈവത്തെക്കുറിച്ചും വളരെയേറെ…

 

നഷ്ടത്തിനു ശേഷമുള്ള ജീവിതം — പ്രത്യാശയോടെ ദുഃഖിക്കുക

”ദുഃഖമെന്നത് ഇന്നല്ലെങ്കിൽ നാളെ നാമെല്ലാവരും നിശ്ചയമായും ചെയ്യേണ്ട ഒരു യാത്രയാണ്,” കൗൺസിലർ ടിം ജാക്‌സൺ എഴുതുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ടും ക്രൂശിനെയും പുനരുത്ഥാനത്തിന്റെ ശക്തിയെയും നമുക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടും പ്രത്യാശയോടെ ആ യാത്ര എങ്ങനെ ചെയ്യാമെന്ന് ജാക്‌സൺ നമുക്കു കാണിച്ചു തരുന്നു. ഈ ലേഖനത്തിൽ, നമ്മുടെ ദുഃഖത്തിന്റെ പ്രക്രിയയിൽ നമ്മോടൊന്നിച്ച് അദ്ദേഹം നടക്കുകയും ആശ്വാസത്തിനായി ”നമ്മുടെ സ്രഷ്ടാവിലും തമ്മിൽ തമ്മിലും ചാരുവാൻ” നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

 

കോവിഡും അതിനു ശേഷവും —വിപത്തിനോടുളള ഒരു ബൈബിൾ പ്രതികരണം

മഹാമാരികൾ പോലെയുള്ള വിപത്തുകൾ നമ്മുടെ പട്ടണങ്ങളെയും രാഷ്ട്രങ്ങളെയും ലോകത്തെപ്പോലും ബാധിക്കുമ്പോൾ, ക്രിസ്തീയ വിശ്വാസികൾ ശക്തിക്കും മാർഗ്ഗനിർദ്ദേശത്തിനുമായി ബൈബിളിനെ ആശ്രയിക്കുകയും കഷ്ടപ്പെടുന്നവർക്ക് ക്രിസ്തുവിന്റെ സ്‌നേഹത്തോടെ സഹായമെത്തിക്കുകയും വേണം. അജിത് ഫെർണാണ്ടോയുടെ ഈ ലേഖനം, സുനാമിയുടെ ദുരന്തഫലങ്ങൾക്കു ശേഷം എഴുതപ്പെട്ടതാണെങ്കിലും, ദുരന്തങ്ങളുടെ സമയത്തും അതിനു ശേഷവും ക്രിസ്തുവിന്റെ അനുയായികൾ എന്താണു ചെയ്യേണ്ടതെന്നു ബൈബിളിന്റെ വെളിച്ചത്തിൽ ചിന്തിക്കുവാൻ ഇതു സഹായിക്കും.