ഞാനും എന്‍റെ സഹോദരങ്ങളും വെസ്റ്റ് വിര്‍ജീനിയയിലെ വൃക്ഷനിബിഡമായഒരു മലഞ്ചരിവിലാണ് വളര്‍ന്നത്. ഞങ്ങളുടെ ഭാവന ചിറകുവിരിക്കുന്നതിന് അനുയോജ്യമായ പ്രകൃതി ഭംഗിയായിരുന്നു ആ പ്രദേശത്തിനുണ്ടായിരുന്നത്. ടാര്‍സനെപ്പോലെ വള്ളിപ്പടര്‍പ്പുകളില്‍ ഊഞ്ഞാലാടിയും സ്വിസ് കുടുംബാംഗമായ റോബിന്‍സണെപ്പോലെ മരവീടുകള്‍ നിര്‍മ്മിച്ചും ഞങ്ങള്‍ വായിച്ച കഥകളിലെയും കണ്ട സിനിമകളിലെയും ചിത്രീകരണങ്ങള്‍ അനുകരിച്ച് ഞങ്ങള്‍ കളിക്കുമായിരുന്നു. ഞങ്ങളുടെ ഇഷ്ട വിനോദങ്ങളിലൊന്ന്, ഒരു കോട്ട നിര്‍മ്മിച്ചിട്ട് അതിനുള്ളില്‍ ഞങ്ങള്‍ ആക്രമണങ്ങളില്‍നിന്ന് സുരക്ഷിതരായി ഇരിക്കുന്നു എന്ന് അഭിനയിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, എന്‍റെ മക്കള്‍ പുതപ്പുകളും ഷീറ്റുകളും തലയിണകളും ഉപയോഗിച്ച് കോട്ടകള്‍ -സാങ്കല്പിക ശത്രുക്കള്‍ക്കെതിരെ അവരുടെ സ്വന്തം “സുരക്ഷിത സ്ഥാനങ്ങള്‍” – നിര്‍മ്മിച്ചു. നിങ്ങള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും അനുഭവിക്കാന്‍ കഴിയുന്ന ഒരിടം വേണമെന്നുള്ളത് സഹജമായ സ്വഭാവമാണ്.

യിസ്രായേലിന്‍റെ കവിയും സംഗീതജ്ഞനുമായിരുന്ന ദാവീദ് ഒരു സുരക്ഷിത സ്ഥാനം അന്വേഷിച്ചപ്പോള്‍ ദൈവത്തെയാണ് നോക്കിയത്. സങ്കീര്‍ത്തനം 46:1-2 പറയുന്നു, “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് … നാം ഭയപ്പെടുകയില്ല.” ദാവീദിന്‍റെ ജീവിതത്തെക്കുറിച്ചുള്ള പഴയ നിയമ വിവരണങ്ങളും അവന്‍ നേരിട്ട നിരന്തരമായ ഭീഷണികളും നിങ്ങള്‍ നോക്കിയാല്‍, ഈ വാക്കുകള്‍ ദൈവത്തിലുള്ള ഉറപ്പിന്‍റെ അതിശയകരമായ നില വെളിപ്പെടുത്തുന്നു. ആ ഭീഷണികളുടെ നടുവിലും താന്‍ അവനില്‍ തന്‍റെ യഥാര്‍ത്ഥ സുരക്ഷിതത്വം കണ്ടെത്തിയെന്ന് ദാവീദ് ഉറപ്പിച്ചു.

ഇത് ഉറപ്പ് നമുക്കും കണ്ടെത്താന്‍ കഴിയും. നമ്മെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്നു വാഗ്ദത്തം ചെയ്ത ദൈവത്തെയാണ് (എബ്രായര്‍ 13:5) നാം ദിനംതോറും നമ്മുടെ ജീവിതത്തെ ഭരമേല്പിച്ചിരിക്കുന്നത്. അപകടം നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെങ്കിലും നമ്മുടെ ദൈവം നമുക്കു സമാധാനവും ഉറപ്പും നല്‍കുന്നു-ഇപ്പോഴും എന്നേക്കും. അവനാണു നമ്മുടെ സുരക്ഷിത സ്ഥാനം.