ഒരു മനുഷ്യന്‍ തന്റെ വീടിന് പുറത്ത് സെക്യൂരിറ്റി ക്യാമറ ഘടിപ്പിച്ചിട്ട്, അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ വീഡിയോ പരിശോധിച്ചു. കറുത്ത വസ്ത്രങ്ങളണിഞ്ഞ ആജാനുബാഹുവായ ഒരു മനുഷ്യന്‍ തന്റെ മുറ്റത്തിന് ചുറ്റും നടക്കുന്നത് കണ്ട് അയാള്‍ ഭയപ്പെട്ടു. അയാളെന്താണ് ചെയ്യുന്നതെന്ന് കാണാന്‍ വീട്ടുടമ സൂക്ഷ്മമായി നിരീക്ഷിച്ചു. അതിക്രമിച്ചു കയറിയയാള്‍ പരിചിതനായി തോന്നി. ഒടുവില്‍ തന്റെ മുറ്റത്തു കണ്ടയാള്‍ അപരിചിതനല്ലെന്നും താന്‍ കണ്ടുകൊണ്ടിരിക്കുന്നത് തന്റെ തന്നെ ഒരു റെക്കോഡിങ് ആണെന്നും അയാള്‍ക്ക് ബോധ്യപ്പെട്ടു.

നമ്മില്‍ നിന്നും നാം അകന്ന് നിന്ന് ചില പ്രത്യേക സാഹചര്യങ്ങളില്‍ നമ്മെത്തന്നെ വീക്ഷിച്ചാല്‍ നാം എന്തായിരിക്കും കാണുന്നത്? ബേത്ത് ശേബയുമായുള്ള ബന്ധത്തില്‍ ദാവീദിന്റെ ഹൃദയം കഠിനപ്പെടുകയും ബാഹ്യമായ ഒരു കാഴ്ചപ്പാട് – ദൈവീക കാഴ്ചപ്പാട് – അവനാവശ്യമായി വരികയും ചെയ്തപ്പോള്‍, രക്ഷാദൗത്യത്തിനായി ദൈവം നാഥാനെ അയച്ചു (2 ശമൂവേല്‍ 12).

ഒരു ദരിദ്രനുണ്ടായിരുന്ന ഒരേയൊരാടിനെ മോഷ്ടിച്ച ധനവാനെക്കുറിച്ചുള്ള കഥ നാഥാന്‍ ദാവീദിനോട് പറഞ്ഞു. ധനവാനു മൃഗസമ്പത്ത് ധാരാളമുണ്ടായിട്ടും അവന്‍ ദരിദ്രനുണ്ടായിരുന്ന ഏക ആടിനെ അറുത്ത് ഭക്ഷണമുണ്ടാക്കി. കഥ ദാവീദിന്റെ പ്രവൃത്തികളെയാണ് ചിത്രീകരിക്കുന്നതെന്ന് നാഥാന്‍ വെളിപ്പെടുത്തിയപ്പോള്‍, താന്‍ ഊരിയാവിനോട് ചെയ്തത് എത്ര കഠിനമായിരുന്നുവെന്ന് ദാവീദ് ഗ്രഹിച്ചു. ഭവിഷ്യത്തുകളെക്കുറിച്ചു നാഥാന്‍ വിശദീകരിച്ചു, അതിലും പ്രധാനമായി അവന്‍ ഉറപ്പ് പറഞ്ഞത് ‘യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു’ (വാ. 13) എന്നായിരുന്നു.

നമ്മുടെ ജീവിതത്തിലെ പാപം ദൈവം വെളിപ്പെടുത്തുന്നുവെങ്കില്‍, അവന്റെ ആത്യന്തിക ലക്ഷ്യം നമ്മെ ശിക്ഷിക്കുകയല്ല മറിച്ച് നമ്മെ യഥാസ്ഥാനപ്പെടുത്തുകയും നാം വേദനിപ്പിച്ചവരോട് നിരപ്പു പ്രാപിക്കാന്‍ നമ്മെ സഹായിക്കുകയുമാണ്. മാനസാന്തരം, ദൈവത്തിന്റെ ക്ഷമയുടെയും കൃപയുടെയും ശക്തിയിലൂടെ ദൈവത്തോടു പുതുക്കപ്പെട്ട അടുപ്പം പുലര്‍ത്തുവാന്‍ വഴി തുറക്കുന്നു.