ക്രിസ്തുവിന്റെ കാലത്തെ റോമന്‍ സത്രങ്ങള്‍ കുപ്രസിദ്ധമായിരുന്നതിനാല്‍ റബ്ബിമാര്‍ തങ്ങളുടെ മൃഗങ്ങളെപ്പോലും അവയില്‍ വിട്ടിട്ടു പോകുമായിരുന്നില്ല. അത്തരം മോശം സാഹചര്യങ്ങള്‍ നിമിത്തം യാത്രക്കാരായ ക്രിസ്ത്യാനികള്‍ ആതിഥേയത്വത്തിനായി ക്രിസ്ത്യാനികളുടെ വീടുകള്‍ തേടുമായിരുന്നു.
ആദിമകാല യാത്രികരുടെ കൂട്ടത്തില്‍ യേശു, മശിഹായാണെന്ന സത്യം നിഷേധിക്കുന്ന ദുരുപദേഷ്ടാക്കളും ഉണ്ടായിരുന്നു. അക്കാരണത്താലാണ് 2 യോഹന്നാന്, ആതിഥേയത്വം നിഷേധിക്കുന്നതിനെക്കുറിച്ചു പറയുന്നത്. ‘ദുരുപദേഷ്ടാക്കള്‍ പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന എതിര്‍ക്രിസ്തുക്കളാണ്” എന്ന് യോഹന്നാന് തന്റെ മുന്‍ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു (1 യോഹന്നാന് 2:22). 2 യോഹന്നാനില്‍ ഇക്കാര്യം കുറെക്കൂടെ വിശദീകരിക്കുന്നു, അതായത് യേശു ക്രിസ്തു ആണെന്നു വിശ്വസിക്കുന്നവന് ‘പിതാവും പുത്രനും ഉണ്ട്” (വാ. 9).
തുടര്‍ന്ന്, ”ഒരുത്തന് ഈ ഉപദേശവുംകൊണ്ടല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നു എങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്; അവനു കുശലം പറയുകയും അരുത്” (വാ. 10) എന്ന് അവന് മുന്നറിയിപ്പു നല്കുന്നു. വ്യാജസുവിശേഷം പ്രസംഗിക്കുന്ന ഒരുവന് ആതിഥ്യം അരുളുക എന്നു പറഞ്ഞാല്‍, ആളുകളെ ദൈവത്തില്‍ നിന്നകറ്റുന്നതിനു സഹായിക്കുക എന്നാണര്‍ത്ഥം.
ദൈവസ്നേഹത്തിന്റെ ഒരു ‘മറുവശം” നമുക്കു കാണിച്ചുതരികയാണ് യോഹന്നാന്റെ രണ്ടാം ലേഖനം. വിരിക്കപ്പെട്ട കരവുമായി എല്ലാവരെയും സ്വീകരിക്കുന്ന ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്നേഹം, വഞ്ചനാപരമായി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ദോഷം വരുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ല. അനുതാപത്തോടെ തന്നെ സമീപിക്കുന്നവരെ കരം നീട്ടി ദൈവം അശ്ലേഷിക്കും, എങ്കിലും ഒരു ഭോഷ്കിനെ അവന് ഒരിക്കലും ആശ്ലേഷിക്കുകയില്ല.
പിതാവേ, അങ്ങയുടെ സ്നേഹം അങ്ങയുടെ സത്യത്തിലാണ്. അങ്ങയുടെ ആത്മാവില്‍ നിന്നു മാത്രം വരുന്ന മാറ്റമില്ലാത്ത കൃപയാല്‍ ആ സ്നേഹം മറ്റുള്ളവരിലേക്കും പകരുവാന്‍ ഞങ്ങളെ സഹായിക്കണമേ.