മറ്റൊരു സംസ്ഥാനത്തുള്ള കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷമുള്ള മടക്കയാത്രയിലാണ് ഞാനതു കണ്ടെത്തിയത്. കാറിനു പെട്രോള്‍ അടിച്ചുകൊണ്ടിരുന്ന ഞാന്‍ തറയില്‍ ഒരു വൃത്തികെട്ട കവര്‍ കിടക്കുന്നതു കണ്ടു. ചെളി പിടിച്ച ആ കവര്‍ ഞാനെടുത്തു തുറന്നുനോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനുള്ളില്‍ നൂറു ഡോളര്‍ ഉണ്ടായിരുന്നു.

ആര്‍ക്കോ നഷ്ടപ്പെട്ടതും ആ നിമിഷം അയാള്‍ പരിഭ്രാന്തിയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതുമായ നൂറു ഡോളര്‍. ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ കൊടുക്കാന്‍വേണ്ടി ഞങ്ങളുടെ ഫോണ്‍ നമ്പര്‍ ഞാന്‍ ഗ്യാസ് സ്റ്റേഷനിലെ ജോലിക്കാരുടെ പക്കല്‍ ഏല്പിച്ചു. എന്നാല്‍ ആരും ഒരിക്കലും വിളിച്ചില്ല.

ആരുടെയോ പണമായിരുന്നു അത്, എന്നാല്‍ അതു നഷ്ടപ്പെട്ടു. ഭൂമിയിലെ സമ്പത്ത് പലപ്പോഴും അതുപോലെ നഷ്ടപ്പെടും. അതു നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ധൂര്‍ത്തടിച്ചു നശിപ്പിക്കുകയോ ചെയ്യാം. മോശം നിക്ഷേപത്തിലൂടെയോ നമുക്കു നിയന്ത്രണമില്ലാത്ത ധന മാര്‍ക്കറ്റിലൂടെയോ അതു നഷ്ടപ്പെടാം. എന്നാല്‍ യേശുവില്‍ നമുക്കുള്ള സ്വര്‍ഗ്ഗീയ നിക്ഷേപം – ദൈവവുമായുള്ള പുനഃസ്ഥാപിക്കപ്പെട്ട ബന്ധവും നിത്യജീവന്റെ വാഗ്ദത്തവും – അതുപോലെയല്ല. ഒരു ഗ്യാസ് സ്റ്റേഷനില്‍ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ അതു നമുക്കു നഷ്ടപ്പെടുകയില്ല.

അതിനാലാണ് ‘സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍’ ക്രിസ്തു നമ്മോടു പറഞ്ഞത് (മത്തായി 6:20). സല്‍പ്രവൃത്തികളില്‍ സമ്പന്നര്‍” ആകുമ്പോഴും ‘വിശ്വാസത്തില്‍ സമ്പന്നര്‍’ ആകുമ്പോഴും (യാക്കോബ് 2:5) – മറ്റുള്ളവരെ സ്നേഹപൂര്‍വ്വം സഹായിക്കുകയും അവരോട് യേശുവിനെ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ – നാം അതാണു ചെയ്യുന്നത്. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതനുസരിച്ച്, അവനോടൊപ്പമുള്ള നിത്യഭാവി നാം പ്രതീക്ഷിക്കുന്നതോടൊപ്പം നിത്യനിക്ഷേപം നമുക്കു സ്വരൂപിക്കുകയും ചെയ്യാം.