‘മിയര്‍ ക്രിസ്റ്റിയാനിറ്റി”യില്‍ സി. എസ്. ലൂയിസ് പറയുന്നു, ‘ദൈവം സമയത്ത് അല്ല എന്നത് ഏതാണ്ട് തീര്‍ച്ചയാണ്. അവന്റെ ജീവിതത്തില്‍ പത്തു മുപ്പത് എന്നിങ്ങനെ ഒന്നിനു പുറകേ ഒന്നായുള്ള നിമിഷങ്ങള്‍ ഉള്‍പ്പെടുന്നില്ല. ലോകാരംഭം മുതലുള്ള എല്ലാ നിമിഷിങ്ങളും അവനെ സംബന്ധിച്ച് എപ്പോഴും വര്‍ത്തമാനകാലമാണ്.’ ഇപ്പോഴും കാത്തിരിപ്പു സമയങ്ങള്‍ അന്തമില്ലാത്തെന്നു തോന്നും. എന്നാല്‍ സമയത്തിന്റെ നിത്യ നിര്‍മ്മാതാവായ ദൈവത്തില്‍ ആശ്രയിക്കാന്‍ നാം പഠിക്കുമ്പോള്‍ നമ്മുടെ ക്ഷണികമായ ജീവിതം അവന്റെ കരങ്ങളില്‍ ഭദ്രമാണ് എന്ന യാഥാര്‍ത്ഥ്യം നമുക്ക് അംഗീകരിക്കാന്‍ കഴിയും.
102-ാം സങ്കീര്‍ത്തനത്തില്‍ വിലപിക്കുന്ന സങ്കീര്ത്തനക്കാരന്, തന്റെ ‘ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍പോലെയാകുന്നു” എന്നും ഉണങ്ങിപ്പോകുന്ന പുല്ലുപോലെയും ആകുന്നു എന്നും എന്നാല്‍ ദൈവം ‘തലമുറതലമുറയായി നിലനില്ക്കുന്നു’ എന്നും സമ്മതിക്കുന്നു (വാ. 11-12). കഷ്ടങ്ങളാല് ക്ഷീണിച്ച എഴുത്തുകാരന്, ‘ദൈവം എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു”എന്ന് എഴുതുന്നു (വാ. 12). ദൈവത്തിന്റെ ശക്തിയും സ്ഥിരമായ മനസ്സലിവും തന്റെ വ്യക്തിപരമായ മണ്ഡലത്തിനും അപ്പുറത്തേക്കു വ്യാപിക്കുന്നു എന്നവന് ഉറപ്പിച്ചു പറയുന്നു (വാ. 13-18). അവന്റെ ആശയറ്റ അവസ്ഥയിലും (വാ. 19-24), സങ്കീര്ത്തനക്കാരന് തന്റെ ശ്രദ്ധയെ സ്രഷ്ടാവായ ദൈവത്തിങ്കലേക്കു തിരിക്കുന്നു (വാ. 25). അവന്റെ സൃഷ്ടികള്‍ എല്ലാം നശിച്ചാലും അവന് നിത്യതയോളം മാറ്റമില്ലാത്തവനായി നില്ക്കും (വാ. 26-27).
സമയം നിശ്ചലമായി നില്ക്കുന്നതായോ ഇഴഞ്ഞു നീങ്ങുന്നതായോ തോന്നുമ്പോള്‍, താമസിച്ചുപോയി എന്നോ പ്രതികരിക്കുന്നില്ലെന്നോ ദൈവത്തെ കുറ്റപ്പെടുത്താന്‍ നാം പ്രേരിപ്പിക്കപ്പെടാറുണ്ട്. നിശ്ചലമായിരിക്കുമ്പോള്‍ നാം അക്ഷമരാകുകയോ നിരാശരാകുകയോ ചെയ്തേക്കാം. അവന് നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള പാതയിലെ ഓരോ ചരല്ക്കല്ലും അവന് തിരഞ്ഞെടുത്തതാണ് എന്നതു നാം മറന്നേക്കാം. എന്നാല്‍ സ്വയം പ്രതിരോധിക്കാനായി അവന് നമ്മെ വിട്ടകൊടുക്കുകയില്ല.ദൈവ സാന്നിധ്യത്തില്‍ നാം വിശ്വാസത്താല്‍ ജീവിക്കുമ്പോള്‍ നമുക്ക് ദൈവത്തോടൊപ്പം വര്‍ത്തമാനകാലത്തില്‍ നടക്കാന്‍ സാധിക്കും.
ജീവനുള്ള ദൈവമേ, അങ്ങ് അങ്ങയുടെ നിരന്തരമായ സാന്നിധ്യം വാഗ്ദത്തം ചെയ്തിരിക്കുന്നതിനാല്‍ നാളയെക്കുറിച്ചു ഉത്ക്കണ്ഠപ്പെടാതെ ജീവിതത്തില്‍ വര്‍ത്തമാനകാലാവസ്ഥയില്‍ ആയിരിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.