ജോണ്‍ ഹാര്‍പ്പര്‍ തന്റെ ആറുവയസ്സുള്ള മകളോടൊപ്പം ടൈറ്റാനിക്കില്‍ യാത്ര ആരംഭിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍ ഒരു കാര്യം അദ്ദേഹത്തിനറിയാമായിരുന്നു: താന്‍ യേശുവിനെ സ്നേഹിക്കുന്നുവെന്നും മറ്റുള്ളവരും അവനെ അറിയണമെന്നുള്ള അതിയായ ദാഹം തനിക്കുണ്ടെന്നും. കപ്പല്‍ ഒരു മഞ്ഞുമലയില്‍ തട്ടി അതില്‍ വെള്ളം കയറാന്‍ തുടങ്ങിയ ഉടന്‍, വിഭാര്യനായ ഹാര്‍പ്പര്‍ തന്റെ കൊച്ചു മകളെ ഒരു ലൈഫ് ബോട്ടില്‍ കയറ്റിയശേഷം കഴിയുന്നത്ര ആളുകളെ രക്ഷിക്കാനായി ആ ബഹളത്തിനിടയിലേക്കു നീങ്ങി. ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍, ”സ്ത്രീകളും കുട്ടികളും രക്ഷിക്കപ്പെടാത്തവരും ലൈഫ് ബോട്ടുകളിലേക്ക് കയറാന്‍ അനുവദിക്കുക” എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അവസാന ശ്വാസം വരെ ഹാര്‍പ്പര്‍ യേശുവിനെക്കുറിച്ച് ചുറ്റുമുള്ള എല്ലാവരുമായും പങ്കിട്ടു. മറ്റുള്ളവര്‍ ജീവിക്കാനായി ജോണ്‍ മനസ്സോടെ തന്റെ ജീവന് നല്കി.
നിങ്ങള്‍ക്കും എനിക്കും ഈ ജീവിതത്തില്‍ മാത്രമല്ല, നിത്യതയിലും ജീവിക്കാന്‍ കഴിയേണ്ടതിന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതം സൗജന്യമായി സമര്‍പ്പിച്ച ഒരാള്‍ ഉണ്ടായിരുന്നു. യേശു പെട്ടെന്നൊരു ദിവസം ഉണര്‍ന്നിട്ട് താന്‍ മനുഷ്യരാശിയുടെ പാപത്തിന്റെ ശിക്ഷയായ മരണം എറ്റെടുക്കുകയാണെന്ന് തീരുമാനിച്ചതല്ല. അതവന്റെ ജീവിത ദൗത്യമായിരുന്നു. ഒരു ഘട്ടത്തില്‍ അവന് യെഹൂദ മതനേതാക്കളുമായി സംസാരിക്കുമ്പോള്‍ ”ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു” എന്ന് ആവര്‍ത്തിച്ചു പറഞ്ഞു (യോഹന്നാന് 10:11, 15, 17, 18). അവന് ഈ വാക്കുകള്‍ കേവലം പറയുക മാത്രമായിരുന്നില്ല, മറിച്ച് ക്രൂശില്‍ ഭയാനകമായ ഒരു മരണം വരിച്ചുകൊണ്ട് അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പരീശന്മാര്ക്കും യോഹന്നാനും ഹാര്‍പ്പര്‍ക്കും നമുക്കും ”ജീവന്
ഉണ്ടാകുവാനും, സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ” അവന് വന്നത് (വാ. 10).
എന്റെ ചുറ്റുമുള്ളവരെ ഞാന്‍ ശരിക്കും സ്നേഹിക്കുന്നുവെന്ന് എനിക്കെങ്ങനെ വെളിപ്പെടുത്താന്‍ കഴിയും? ഇന്നത്തെ എന്റെ പ്രവൃത്തികളിലൂടെ എനിക്ക് എങ്ങനെ യേശുവിനോടുള്ള സ്നേഹം കാണിക്കാന്‍ കഴിയും?
യേശുവേ, സ്നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രവൃത്തി പ്രകടമാക്കിയതിന് നന്ദി പറയാന്‍ മതിയായ വാക്കുകള്‍ ഇല്ല. ഞാന്‍ ജീവിക്കുന്നതിനായി അങ്ങയുടെ ജീവന് വെച്ചുകൊടുത്തതിന് നന്ദി. എത്രമാത്രം വിലകൊടുത്തിട്ടായാലും അങ്ങയുടെ സ്നേഹം മറ്റുള്ളവരോട് കാണിക്കാന്‍ എന്നെ സഹായിക്കണമേ.