ഒരു പ്രശസ്ത ഡച്ച് ശാസ്ത്രജ്ഞന്റെ ശവസംസ്കാരവേളയിലെ പ്രസംഗത്തില്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ശാസ്ത്ര സംബന്ധമായ തങ്ങളുടെ തര്‍ക്കങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പകരം, മറ്റുള്ളവരോട് ലളിതരീതിയില്‍ ഇടപെടുകയും നന്നായി പെരുമാറുകയും ചെയ്യുന്ന പ്രിയപ്പെട്ട ഭൗതികശാസ്ത്രജ്ഞനായ ഹെന്‍ഡ്രിക് എ. ലോറന്റ്സിന്റെ ”ഒരിക്കലും മാറാത്ത ദയയെ” അദ്ദേഹം ഓര്‍മ്മിച്ചു. ”എല്ലാവരും സന്തോഷത്തോടെ അദ്ദേഹത്തെ അനുഗമിച്ചു, കാരണം അദ്ദേഹം ഒരിക്കലും മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കയില്ലെന്നും എല്ലായ്പ്പോഴും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുമെന്നും അവര്‍ കരുതി.”
രാഷ്ട്രീയ മുന്‍വിധികള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലോറന്റ്സ് ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു, പ്രത്യേകിച്ചും ഒന്നാം ലോകമഹായുദ്ധത്തിനുശേഷം. ”യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ, [ലോറന്റ്സ്] അനുരഞ്ജന പ്രവര്‍ത്തനത്തിനായി സ്വയം അര്‍പ്പിച്ചു’ ഐന്സ്റ്റൈന് തന്റെ സഹ നോബല്‍ സമ്മാന ജേതാവിനെക്കുറിച്ച് പറഞ്ഞു.,
അനുരഞ്ജനത്തിനായി പ്രവര്‍ത്തിക്കുന്നത് സഭയിലുള്ള എല്ലാവരുടെയും ലക്ഷ്യമായിരിക്കണം. ചില ഭിന്നതകള്‍ അനിവാര്യമാണ്. എന്നിരുന്നാലും സമാധാനപരമായ പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ നാം നമ്മുടെ ഭാഗം ചെയ്യണം. പൗലൊസ് എഴുതി, ”സൂര്യന് അസ്തമിക്കുവോളം നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത്’ (എഫെസ്യര്‍ 4:26). ഒരുമിച്ച് വളരുന്നതിനായി ”കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുത്” അപ്പൊസ്തലന് ഉപദേശിച്ചു (വാ. 29).
അവസാനമായി, പൗലൊസ് ഇപ്രകാരം പറഞ്ഞു, ”എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍’ (വാ. 31-32). നമുക്ക് കഴിയുമ്പോഴെല്ലാം കലഹങ്ങളില്‍ നിന്ന് പിന്തിരിയുന്നത് ദൈവത്തിന്റെ സഭയെ പണിയാന്‍ സഹായിക്കുന്നു. ഇതില്‍ നാം അവനെ ബഹുമാനിക്കുകാണ് ചെയ്യുന്നത്.
കലഹത്തെ നേരിടാന്‍ ദൈവത്തിന് നമ്മെ എങ്ങനെ സഹായിക്കാനാകും? അവനെയും നിങ്ങളുടെ സഭയെയും ബഹുമാനിക്കാന്‍, എന്ത് കലഹമാണ് നിങ്ങള്‍ ഉപേക്ഷിക്കേണ്ടത്?
സ്നേഹവാനായ ദൈവമേ, ഞാന്‍ കലഹം നേരിടുമ്പോള്‍, എന്റെ കോപം അങ്ങേയ്ക്കു വിട്ടുതരുവാന്‍ എന്റെ ഹൃദയത്തെ ഓര്‍മ്മിപ്പിക്കണമേ.