ക്രിസ്തുമസ് സാന്നിധ്യം
''ഈ പാപലോകത്തില്‍ അവന്റെ വരവിനെക്കുറിച്ച് ഒരു കാതും കേട്ടെന്നു വരില്ല, എന്നിട്ടും പ്രിയ ക്രിസ്തു പ്രവേശിക്കുമ്പോള്‍ സൗമ്യതയുള്ള ആത്മാക്കള്‍ അവനെ സ്വീകരിക്കും.' ക്രിസ്തുമസിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്ന 'ഓ, ലിറ്റില്‍ ടൗണ്‍ ഓഫ് ബെത്ലഹേം' എന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് ഗാനത്തിലെ വരികളാണിവ. നമ്മുടെ പാപത്തില്‍ നിന്ന് നമ്മെ വിടുവിക്കാനും അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവവുമായുള്ള പുതിയതും സജീവവുമായ ഒരു ബന്ധം നല്കുവാനുമാണ് യേശു നമ്മുടെ തകര്‍ന്ന ലോകത്തിലേക്ക് വന്നത്.
ഈ ഗാനം എഴുതി ദശാബ്ദങ്ങള്‍ക്കു ശേഷം ഒരു സ്നേഹിതന് അയച്ച കത്തില്‍ കവി തന്റെ ജീവിതത്തിലെ ഈ ബന്ധത്തിന്റെ അനന്തരഫലത്തെക്കുറിച്ച് വിശദമായി വിവരിച്ചു: ''ഇത് എന്നില്‍ എത്രത്തോളം വ്യക്തിപരമായി വളരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയില്ല. അവന് ഇവിടെയുണ്ട്. അവന് എന്നെ അറിയുന്നു, ഞാന്‍ അവനെ അറിയുന്നു. ഇതൊരു അലങ്കാരപ്രയോഗമല്ല. ഇത് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ കാര്യമാണ്, മാത്രമല്ല എല്ലാ ദിവസവും ഇത് കൂടുതല്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും അത് എന്തിലേക്കാണു വളരുന്നത് എന്നത് ഒരുവന് ആഹ്ലാദത്തോടെ അത്ഭുതപ്പെടുന്നു.'
തന്റെ ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ശാന്തമായ ഈ ഉറപ്പ് യെശയ്യാവ് പ്രവചിച്ച യേശുവിന്റെ പേരുകളിലൊന്നിനെ പ്രതിഫലിപ്പിക്കുന്നു: ''കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്നു പേ ര്‍ വിളിക്കും'' (യെശയ്യാവ് 7:14). മത്തായിയുടെ സുവിശേഷം ഇമ്മാനുവേല്‍ എന്ന എബ്രായ നാമത്തിന്റെ അര്‍ത്ഥം നല്കുന്നു: ''ദൈവം നമ്മോടുകൂടെ'' (1:23).
ദൈവത്തെ നമുക്ക് വ്യക്തിപരമായി അറിയാനും അവനോടൊപ്പം എന്നേക്കും ജീവിക്കാനും കഴിയേണ്ടതിന് യേശുവിലൂടെ ദൈവം നമ്മുടെ അടുത്തേക്കു വന്നു. നമ്മോടൊപ്പമുള്ള അവന്റെ സ്നേഹപൂര്‍വ്വമായ സാന്നിധ്യം എല്ലാറ്റിലും വലിയ സമ്മാനമാണ്.
അവിടെ ഉണ്ടായിരിക്കുക
രോഹിത് നിലത്തിരുന്നു പൊട്ടിക്കരയുന്നതു കണ്ടപ്പോള്‍, തീം പാര്‍ക്ക് ജോലിക്കാരിയായ ജെന്‍ സഹായത്തിനായി ഓടിയെത്തി. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്ന രോഹിതിന്, താന്‍ കയറുന്നതിനായി ദിവസം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന റൈഡ് തകര്‍ന്നുകിടക്കുന്നതു കണ്ടിട്ടു സഹിക്കാനായില്ല. ജെന്‍ ആകട്ടെ അവനെ എഴുന്നേല്‍പ്പിക്കുകയോ കരച്ചില് നിര്‍ത്താന്‍ അവനെ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതിനു പകരം രോഹിതിനോടൊപ്പം നിലത്തിരുന്ന് അവന്റെ വികാരങ്ങളെ അംഗീകരിക്കുകയും മതിയാവോളം കരയാന്‍ അവനു സമയം അനുവദിക്കുകയും ചെയ്തു.
ദുഃഖിക്കുന്നവരോ കഷ്ടം അനുഭവിക്കുന്നവരോ ആയവരോടൊപ്പം നമുക്ക് എങ്ങനെ ആയിരിക്കാമെന്നതിന്റെ മനോഹരമായ ഉദാഹരണമാണ് ജെന്നിന്റെ പ്രവൃത്തികള്‍. ഇയ്യോബിന് തന്റെ വീട്, ആടുമാടുകള്‍ (വരുമാനം), ആരോഗ്യം എന്നിവ നഷ്ടപ്പെടുകയും പത്തു മക്കള്‍ ഒരേസമയം മരണമടയുകയും ചെയ്തതിനെത്തുടര്‍ന്ന് അവനുണ്ടായ കഠിന ദുഃഖത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു. ഇയ്യോബിന്റെ സ്നേഹിതന്മാര് അവന്റെ വേദന അറിഞ്ഞപ്പോള്‍, ''അവര്‍ ഓരോരുത്തന് താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ട് അവനോടു സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്നു തമ്മില്‍ പറഞ്ഞൊത്തു'' (ഇയ്യോബ് 2:11). ഇയ്യോബ് വിലപിച്ചുകൊണ്ടു നിലത്തിരുന്നു. അവര്‍ എത്തിയപ്പോള്‍, അവന്റെ സ്നേഹിതന്മാര് ഒന്നും മിണ്ടാതെ അവനോടൊപ്പം - ഏഴു ദിവസം - നിലത്തിരുന്നു, കാരണം അവന്റെ കഷ്ടതയുടെ ആഴം അവര്‍ കണ്ടു.
അവരുടെ മാനുഷികതയില്‍, പിന്നീട് ഇയ്യോബിന്റെ സ്നേഹിതന്മാര് അവന് വിവേകശൂന്യമായ ഉപദേശം നല്കി. എങ്കിലും ആദ്യത്തെ ഏഴു ദിവസം അവര്‍ വാക്കുകളില്ലാത്തതും ആര്‍ദ്രവുമായ തങ്ങളുടെ സാന്നിദ്ധ്യത്തിന്റെ സമ്മാനം നല്കി. നമുക്ക് ഒരാളുടെ ദുഃഖം മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല, എന്നാല്‍ അവരോടൊപ്പം ഇരിക്കുന്നതിലൂടെ അവരെ സ്നേഹിക്കുന്നതിന് നാം അതു മനസ്സിലാക്കേണ്ട ആവശ്യവുമില്ല.