പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭകാലത്തെ കവിയും നോവലിസ്റ്റുമായിരുന്ന വിക്ടര്‍ ഹ്യൂഗോയുടെ (1802-1885), ഏറ്റവും പ്രശസ്തമായ ക്ലാസ്സിക് കൃതിയാണ് ലേ മിസറാബ്ല (പാവങ്ങള്‍). ഒരു നൂറ്റാണ്ടിനുശേഷം, അദ്ദേഹത്തിന്റെ നോവലിന്റെ ഒരു സംഗീത ആവിഷ്കാരം നമ്മുടെ തലമുറയിലെ ഏറ്റവും ജനപ്രിയ സംഗീതശില്പങ്ങളിലൊന്നായി മാറി. ഇത് നമ്മെ ആശ്ചര്യപ്പെടുത്തേണ്ട കാര്യമില്ല. ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞതുപോലെ, ”പറയാന്‍ കഴിയാത്തതും നിശബ്ദത പാലിക്കാന്‍ കഴിയാത്തതുമായതിനെ സംഗീതം പ്രകടിപ്പിക്കുന്നു.”
സങ്കീര്‍ത്തനക്കാര്‍ അതിനോടു യോജിച്ചേക്കാം. അവരുടെ പാട്ടുകളും പ്രാര്‍ത്ഥനകളും ജീവിതത്തെക്കുറിച്ചും അതിന്റെ അനിവാര്യമായ വേദനയെക്കുറിച്ചും സത്യസന്ധമായ പ്രതിഫലനങ്ങള്‍ നല്കുന്നു. നമുക്ക് പ്രവേശനം അസാധ്യമായ ഇടങ്ങളില്‍ അവ നമ്മെ സ്പര്‍ശിക്കുന്നു. ഉദാഹരണത്തിന്, സങ്കീര്‍ത്തനം 6:6-ല്‍ ദാവീദ് നിലവിളിക്കുന്നു, ‘എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനയ്ക്കുന്നു.’
അത്തരം പരുക്കനായ സത്യസന്ധത തിരുവെഴുത്തുകളുടെ പ്രചോദനാത്മകമായ ഗാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് നമുക്ക് വലിയ പ്രോത്സാഹനം നല്കുന്നു. ആശ്വാസത്തിനും സഹായത്തിനുമായി നമ്മെ അവിടുത്തെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്ന ദൈവത്തിങ്കലേക്ക് നമ്മുടെ ഭയങ്ങളെ കൊണ്ടുവരാന്‍ അത് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഹൃദയംഗമമായ സത്യസന്ധതയില്‍ അവന് നമ്മെ ആശ്ലേഷിക്കുന്നു.
വാക്കുകള്‍ പുറത്തുവരാന്‍ പ്രയാസമുള്ളപ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സംഗീതത്തിന് കഴിയും. എന്നിരുന്നാലും നമ്മുടെ വാക്കുകള്‍ നാം ആലപിക്കുകയോ പ്രാര്‍ത്ഥിക്കുകയോ നിശബ്ദമായി കരയുകയോ ചെയ്താലും നമ്മുടെ ദൈവം നമ്മുടെ ഹൃദയത്തിലെ ആഴമേറിയ ഇടങ്ങളില്‍ എത്തിച്ചേരുകയും അവന്റെ സമാധാനം നല്‍കുകയും ചെയ്യുന്നു.
നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും? നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്റെ സന്നിധിയില്‍ വരാന്‍ ദൈവം തന്നെ നിങ്ങളെ അനുവദിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത് എങ്ങനെയാണ്?
സ്നേഹവാനായ ദൈവമേ, എന്റെ എല്ലാ വേദനകളോടും ഭയത്തോടും പോരാട്ടത്തോടും നിരാശയോടും കൂടി എന്നെ സ്വാഗതം ചെയ്തതിന് നന്ദി. അങ്ങേയ്ക്ക് ''തെറ്റുകൂടാത്ത'' അല്ലെങ്കില്‍ ''വിശുദ്ധമായ'' പ്രാര്‍ത്ഥനകള്‍ ആവശ്യമില്ല പകരം എന്റെ സത്യസന്ധമായ ഹൃദയമാണ് ആവശ്യം എന്നതിനു നന്ദി.