സമയമേഖലയ്ക്കപ്പുറത്തേക്ക് എനിക്കു വിമാനമാര്‍ഗ്ഗം സഞ്ചരിക്കേണ്ടിവരുമ്പോള്‍, ജെറ്റ് ലാഗ് (ഒന്നിലധികം ടൈം സോണുകളിലൂടെ അതിവേഗം സഞ്ചരിക്കുമ്പോള്‍ ഉറക്കത്തിനു നേരിടുന്ന തടസ്സവും തന്മൂലമുണ്ടാകുന്ന ശാരീരികാസ്വസ്ഥതകളുമാണു ജെറ്റ് ലാഗ്) ഒഴിവാക്കാന്‍ ഞാന്‍ വിവിധ പരിഹാരങ്ങള്‍ പരീക്ഷിക്കുന്നു. ഞാന്‍ അവയെല്ലാം ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു! ഒരവസരത്തില്‍, വിമാനത്തിനുള്ളില്‍വെച്ചു കഴിക്കേണ്ടുന്ന ഭക്ഷണം, ഞാന്‍ പോകുന്ന സമയ മേഖലയിലേക്കു നീട്ടിവയ്്ക്കാന് ഞാന്‍ തീരുമാനിച്ചു. മറ്റു യാത്രക്കാരോടൊപ്പം അത്താഴം കഴിക്കുന്നതിനുപകരം, ഞാന്‍ ഒരു സിനിമ കാണുകയും ഉറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ഉപവാസം ബുദ്ധിമുട്ടായിരുന്നു, ഞങ്ങള്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പു വന്ന പ്രഭാതഭക്ഷണം അത്യധികം കൊതിപ്പിക്കുന്നതായിരുന്നു. എന്നാല്‍ എനിക്ക് ചുറ്റുമുള്ളവരില്നിന്നു വ്യത്യസ്തമായി ജീവിക്കുന്നത് ഫലം കണ്ടു. അതെന്റെ ശരീരഘടികാരത്തെ ഒരു പുതിയ സമയ മേഖലയിലേക്ക് അനായാസം മാറ്റി.
യേശുവിലുള്ള വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ യേശുവിനെ യഥാര്‍ത്ഥമായി പ്രതിഫലിപ്പിക്കണമെങ്കില്‍, അവര്‍ ചുറ്റുമുള്ള ലോകത്തില്‍നിന്നു വ്യത്യസ്തമായി ജീവിക്കേണ്ടതുണ്ടെന്നു പൗലൊസിന് അറിയാമായിരുന്നു. അവര്‍ ഒരുകാലത്ത് അവര്‍ ഇരുളായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ ‘വെളിച്ചത്തിന്റെ മക്കളായി’ ജീവിക്കണം (എഫെസ്യര്‍ 5:8). അത് എങ്ങനെയിരിക്കും? പൗലൊസ് ആ ചിത്രം ഇപ്രകാരം പൂരിപ്പിക്കുന്നു: ‘സകല സത്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം’ (വാ. 10).
അത്താഴസമയത്തു ഞാന്‍ ഉറങ്ങിയത് എന്റെ സഹയാത്രികരെ സംബന്ധിച്ചു ഭോഷത്തമായി തോന്നിയേക്കാം, എന്നു മാത്രമല്ല, ലോകത്തില്‍ അത് അര്‍ദ്ധരാത്രി ആയിരിക്കുമെങ്കിലും, വിശ്വാസികള്‍ എന്ന നിലയില്‍ അതു പ്രഭാതമാണ് എന്നതുപോലെ ജീവിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു. ഇതു പരിഹാസവും എതിര്‍പ്പും ഉളവാക്കിയേക്കാം, എന്നാല്‍ ‘ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതുപോലെ,’ യേശുവില്‍ നമുക്ക് ‘സ്നേഹത്തില്‍ നടക്കുവാന്‍’ കഴിയും (വാ. 2).
എവിടെയാണു നിങ്ങളുടെ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പുകളും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തോടു വളരെ അടുത്തു നില്‍ക്കുന്നത്? നിങ്ങളുടെ ജീവിതത്തില്‍ നന്മയുടെയും നീതിയുടെയും സത്യത്തിന്റെയും ഫലം എങ്ങനെയാണു കാണപ്പെടുന്നത്?
യേശുവേ, അങ്ങയില്‍ വന്നുചേര്‍ന്ന പുതിയ ദിവസത്തിലേക്ക് എന്നെ ഉണര്‍ത്തിയാലും. ഒരു 'വ്യത്യസ്ത സമയമേഖലയില്‍' ജീവിക്കാനായി അങ്ങയുടെ ശക്തിയാല്‍ എന്നെ നിറയ്ക്കണമേ. നന്മ, നീതി, സൗന്ദര്യം എന്നിവ തിരഞ്ഞെടുക്കാന്‍ എന്റെ കണ്ണുകളെ തുറക്കണമേ.
യേശുവിലുള്ള ഒരു വിശ്വാസിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് കൂടുതലറിയാന്‍, സന്ദര്‍ശിക്കുക: ChristianUniverstiy.org/SF132