2006 ൽ , എന്റെ പിതാവിന് നാഡീസംബന്ധിയായ ഒരു രോഗം പിടിപെട്ടു. അത് തന്റെ ഓർമ്മയും സംസാരശേഷിയും ചലനനിയന്ത്രണവും കവർന്നു. 2011-ൽ അദ്ദേഹം കിടപ്പിലാകുകയും, തുടർന്ന് അമ്മയുടെ പരിചരണത്തിൽ വീട്ടിൽ കഴിയുന്നു. അദ്ദേഹത്തിന്റെ രോഗത്തിന്റെ ആരംഭത്തിൽ അത് തികച്ചും ഇരുളടഞ്ഞ ദിനങ്ങളായിരുന്നു. എനിക്ക് വലിയ ഭയം തോന്നി : ഒരു രോഗിയെ എങ്ങനെ ശുശ്രൂഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു ; സാമ്പത്തിക ബാധ്യതയെക്കുറിച്ചും അമ്മയുടെ ആരോഗ്യത്തെക്കുറിച്ചും എനിക്ക് ആധിയായിരുന്നു.
എന്റെ മനസ്സ് പോലെ ഇരുളടഞ്ഞ ആ നാളുകളിൽ പല പ്രഭാതങ്ങളിലും കിടക്കവിട്ട് എഴുന്നേൽക്കുവാൻ എന്നെ ശക്തിപ്പെടുത്തിയത് വിലാപങ്ങൾ 3:22 ആണ്. “നാം മുടിഞ്ഞു പോകാതിരിക്കുന്നത് അവന്റെ ദയ ആകുന്നു. ” ” മുടിഞ്ഞു പോകുക ” എന്നതിന് എബ്രായ ഭാഷയിൽ “ഉപയോഗിച്ച് തീരുക”, “തീർന്നു പോകുക ” എന്നൊക്കെയാണ് അർത്ഥം.
ദൈവത്തിന്റെ സ്നേഹം നമ്മെ മുമ്പോട്ടു പോകാനും മുമ്പിലുള്ളതിനെ അഭിമുഖീകരിക്കാനും ശക്തിപ്പെടുത്തുന്നു. നമുക്കുള്ള പരീക്ഷണങ്ങൾ തടുക്കാൻ കഴിയാത്തത്രയാകാം; എന്നാൽ അവയാലൊന്നും നാം തകർക്കപ്പെടുകയില്ല കാരണം, ദൈവസ്നേഹം അത്യധികമാണ്.
ദൈവം തന്റെ വിശ്വസ്തതയിലും സ്നേഹത്തിലും ഞങ്ങളുടെ കുടുംബത്തോട് ഇടപെട്ട പല സന്ദർഭങ്ങളും എനിക്ക് ഓർക്കാൻ കഴിയും. ബന്ധുക്കളുടെയും സ്നേഹിതരുടെയും ദയയിലും നല്ല ഡോക്ടർമാരുടെ ഉപദേശത്തിലും സാമ്പത്തിക സഹായത്തിലും പല അവസരങ്ങളിൽ ദൈവത്തിന്റെ കരുതൽ കാണുവാൻ എനിക്ക് കഴിഞ്ഞു, ഒരു നാൾ എന്റെ പിതാവ് സ്വർഗത്തിൽ യാതൊരു ദൈന്യതയുമില്ലാത്തവനായി വസിക്കും എന്ന ബോധ്യവും ഉണ്ടായി.
നിങ്ങളും ഇരുണ്ട നാളുകളിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്നതൊന്നും നിങ്ങളെ മുടിച്ചു കളയില്ല. ദൈവത്തിന്റെ സുസ്ഥിര സ്നേഹത്തിലും കരുതലിലും ശരണപ്പെടുക.
പ്രയാസങ്ങളുടെ മധ്യത്തിൽ ശക്തിക്കായി നിങ്ങൾ എവിടെപ്പോകും? ദൈവത്തിന്റെ വലിയ സ്നേഹത്തിൽ ശരണപ്പെടാൻ നിങ്ങളെത്തന്നെ എങ്ങനെ ഓർമ്മപ്പെടുത്തും?
പിതാവേ, അങ്ങയെത്തന്നെ ശരണമാക്കുവാൻ എന്നെ സഹായിക്കണമെ. അങ്ങയുടെ സ്നേഹവും വിശ്വസ്തതയും കാണുവാൻ എന്റെ കണ്ണുകളെ തുറക്കണമേ.