ഒരു ജർമ്മൻ ബാങ്ക് ജീവനകാരൻ 62.40 യൂറോ ഒരു ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കൈമാറ്റം നടത്തുന്നതിനിടയിൽ അബദ്ധത്തിൽ ഡെസ്കിൽ ഇരുന്ന് മയങ്ങിപ്പോയി. മയങ്ങിയപ്പോൾ അയാളുടെ വിരൽ “2“ കീയിൽ ആയിരുന്നു. അതിന്റെ ഫലമായി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് 222 മില്യൺ യൂറോ (19,590,465,355 രൂപ) കൈമാറ്റം ചെയ്തു. ആ ഇടപാട് വെരിഫൈ ചെയ്ത അയാളുടെ സഹപ്രവർത്തകനെ അടക്കം പുറത്താക്കുന്നതിനു ഇത് കാരണമായി. ആ തെറ്റ് കണ്ടുപിടിച്ചു തിരുത്തിയെങ്കിലും, അയാൾ ജാഗരൂഗൻ അല്ലാതിരുന്നത് കാരണം അലസനായ ജീവനക്കാരന്റെ പിഴവ് ബാങ്കിന് ഒരു ദുഃസ്വപ്നമായി മാറി.
ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ അവരും വിലയേറിയ തെറ്റുകൾ വരുത്തുമെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകി. അല്പനേരം പ്രാർത്ഥനയിൽ ചിലവഴിക്കുന്നതിനായി അവൻ അവരെ ഗെത്ത്ശെമന എന്ന ഇടത്തേക്ക് കൊണ്ടുപോയി. അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ഭൗമിക ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ദുഖവും വ്യാകുലതയും യേശു അനുഭവിച്ചു. അവൻ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോട് അവനോടുകൂടെ ഉണർന്നിരിന്നു പ്രാർത്ഥിക്കുവാനും ജാഗ്രതയോടെ ഇരിക്കാനും ആവശ്യപ്പെട്ടു (മത്തായി 26:38), പക്ഷേ അവർ ഉറങ്ങിപ്പോയി (വാ. 40-41). ഉണർന്നിരുന്ന് പ്രാർത്ഥിക്കാൻ സാധിക്കാതിരുന്നത് അവനെ തള്ളിപ്പറയുകയെന്ന യഥാർത്ഥ പ്രലോഭനം വന്നപ്പോൾ അവരെ പ്രതിരോധമില്ലാത്തവരാക്കി. ക്രിസ്തുവിന്റെ ഏറ്റവും വലിയ ആവശ്യ സമയത്ത് ശിഷ്യന്മാർക്ക് ആത്മീയ ജാഗ്രതയില്ലായിരുന്നു.
യേശുവിന്റെ വാക്കിനു ചെവി കൊടുക്കാം, അവനോടൊപ്പം പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവിട്ടു കൂടുതൽ ആത്മീകമായി ഉണർവ്വുള്ളവരായിരിക്കാം. അങ്ങനെ ചെയ്യുമ്പോൾ അവൻ നമുക്ക് എല്ലാവിധ പ്രലോഭനങ്ങളേയും എതിർക്കാനുള്ള ബലം തരും. അങ്ങനെ യേശുവിനെ തള്ളിപ്പറയുന്ന വിലകൂടിയ തെറ്റുുകൾ ഒഴിവാക്കാം.
നിങ്ങളുടെ പ്രാർത്ഥനാ ജീവിതത്തിലെ ഏതു ഭാഗത്താണ് കൂടുതൽ സമർപ്പണവും അച്ചടക്കവും ആവശ്യമായിരിക്കുന്നത്? ഈ ആഴ്ചയിൽ മനപ്പൂർവ്വമായി ദൈവത്തോട് കൂടെ കൂടുതൽ സമയം ചിലവഴിക്കുവാൻ നിങ്ങൾക്കെങ്ങനെ സാധിക്കും?
യേശുവേ, ഞാൻ ആത്മീക നിദ്രയിൽ ആയിരുന്നതിനാൽ ഞാൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നില്ല. ഞാൻ പ്രാർത്ഥിക്കാതിരുന്നത് കാരണം ഞാൻ അങ്ങിൽ ആശ്രയിച്ചതുമില്ല. എന്നോട് ക്ഷമിക്കണമേ. അങ്ങയോടൊത്ത് കൂടുതൽ സമയം ചിലവിടുവാൻ എന്നെ സഹായിക്കേണമേ.