പത്താം നൂറ്റാണ്ടിൽ സ്പെയിനിലെ കോർഡോബയുടെ ഭരണാധികാരി ആയിരുന്നു അബ്ദ് അൽ-റഹ്മാൻ 3. അൻപതു വർഷത്തെ വിജയകരമായ ഭരണത്തിനു ശേഷം (എന്റെ പ്രജകളുടെ പ്രിയൻ‍, എന്റെ ശത്രുക്കളുടെ ഭീതി, സഖ്യകക്ഷികളാൽ ബഹുമാനിതൻ“), അൽ-റഹ്മാൻ തന്റെ ജീവിതത്തെ ആഴത്തിൽ പരിശോധിച്ചു. തന്റെ പദവികളേക്കുറിച്ച് അയാൾ ഇങ്ങനെ പറഞ്ഞു “സമ്പത്തും ബഹുമാനവും അധികാരവും സുഖവും എന്റെ വിളിക്കായി കാത്തിരുന്നു.” എന്നാൽ ആ കാലയളവിൽ എത്ര ദിവസം യഥാർത്ഥ സന്തോഷം തനിക്കുണ്ടായിരുന്നുവെന്ന് എണ്ണിയാൽ അത് വെറും പതിനാല് ദിവസം മാത്രമാണ്. എത്ര ഗൗരവമുള്ളതാണ്.

സഭാപ്രസംഗിയുടെ എഴുത്തുകാരനും സമ്പത്തും ബഹുമാനവും (സഭാപ്രസംഗി 2:7–9), അധികാരവും സുഖവും (1:12; 2:1–3) ഉണ്ടായിരുന്നു. തന്റെ സ്വന്തം ജീവിത അവലോകനവും ഒരേപോലെ ഗൗരവമുള്ളതായിരുന്നു. സമ്പത്ത് കൂടുതൽ മോഹങ്ങളിലേക്ക് നയിച്ചു എന്ന് താൻ മനസ്സിലാക്കി (5:10–11), സുഖങ്ങൾ ഒന്നും നേടാതിരുന്നപ്പോൾ (2:1-2), വിജയം കഴിവിനേക്കാൾ ഉപരി ഭാഗ്യമായിരുന്നിരിക്കാം (9:11). പക്ഷേ ഈ അവലോകനം അൽ-റഹ്മാന്റെ പോലെ നിരാശയോടെ അവസാനിച്ചില്ല. ദൈവത്തിലുള്ള വിശ്വാസമായിരുന്നു അയാളുടെ ആത്യന്തികമായ സന്തോഷം, തിന്നുന്നതും കുടിക്കുന്നതും ജോലി ചെയ്യുന്നതും നന്മ ചെയ്യുന്നതും എല്ലാം ദൈവത്തോടൊപ്പം ചെയ്യുമ്പോൾ ആസ്വദിക്കാം എന്ന് അയാൾ കണ്ടു (2:25; 3:12–13).  

“മനുഷ്യാ നിന്റെ വിശ്വാസം ഈ വർത്തമാന ലോകത്തിൽ വെക്കരുത്!” അൽ-റഹ്മാൻ തന്റെ ധ്യാനം ഉപസംഹരിച്ചു. സഭാപ്രസംഗിയുടെ എഴുത്തുകാരനും ഇതിനോട് യോജിക്കും. കാരണം നാം നിത്യതക്കായി നിർമ്മിക്കപ്പെട്ടവരാകയാൽ (3:11) ഭൗമിക സുഖങ്ങൾക്കും നേട്ടങ്ങൾക്കും നമ്മെ തൃപ്തിപ്പെടുത്താനാവില്ല. പക്ഷേ അവൻ നമ്മോടു കൂടെയുണ്ടെങ്കിൽ കഴിക്കുന്നതിലും ജോലിയിലും ജീവിക്കുന്നതിലും യഥാർത്ഥ സന്തോഷം സാധ്യമാണ്.