ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ സ്കൂളിന് ഒരു കോർപ്പറേഷനിൽ നിന്ന് വലിയ ഒരു തുക സംഭാവന ലഭിച്ചു. നൂലാമാലകൾ ഒന്നും ഇല്ലെന്ന് പരിശോധിച്ചതിന് ശേഷം അവർ ആ പണം സ്വീകരിച്ചു. എന്നാൽ പിന്നീട്, സ്കൂൾ ബോർഡിൽ പ്രതിനിധീകരിക്കപ്പെടണമെന്ന് കോർപ്പറേഷൻ അഭ്യർത്ഥിച്ചു. സ്കൂൾ ഡയറക്ടർ പണം തിരികെ നൽകി. സ്കൂളിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച്ച വരുന്നത് അനുവദിക്കുവാൻ അവർ വിസമ്മതിച്ചു. അവർ പറഞ്ഞു, “ദൈവപ്രവൃത്തി ദൈവമാർഗ്ഗത്തിൽ ചെയ്യുന്നതാണ് കൂടുതൽ പ്രധാനം.”
സഹായം നിരസിക്കുവാൻ നിരവധി കാരണങ്ങളുണ്ട്, ഇത് അതിലൊന്നാണ്. ബൈബിളിൽ നാം മറ്റൊന്ന് കാണുന്നു. പ്രവാസത്തിലേക്കു പോയ യഹൂദന്മാർ യെരുശലേമിൽ തിരിച്ചെത്തിയപ്പോൾ, കോരെശ് രാജാവ് മന്ദിരം പുനർനിർമ്മിക്കുവാൻ അവരെ നിയോഗിച്ചു (എസ്രാ 3). അവരുടെ അയൽക്കാർ അവരോടു: “ഞങ്ങൾ നിങ്ങളോടു കൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്ന പോലെ ഞങ്ങളും അന്വേഷിക്കുന്നു” (4:2) എന്നുപറഞ്ഞപ്പോൾ, യിസ്രായേൽ തലവന്മാർ നിരസിച്ചു. സഹായവാഗ്ദാനം സ്വീകരിക്കുക വഴി, മന്ദിരത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ സമഗ്രതയിൽ വിട്ടുവീഴ്ച്ച സംഭവിക്കുമെന്നും തങ്ങളുടെ അയൽക്കാർ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനാൽ വിഗ്രഹാരാധന തങ്ങളുടെ സമൂഹത്തിൽ നുഴഞ്ഞുകയറാമെന്നുമുള്ള നിഗമനത്തിൽ അവർ എത്തി. യിസ്രായേല്യരുടെ തീരുമാനം ശരിയായിരുന്നു. അവരുടെ “അയൽക്കാർ” നിർമ്മാണം നിരുത്സാഹപ്പെടുത്താൻ സാദ്ധ്യമായതെല്ലാം ചെയ്തു.
പരിശുദ്ധാത്മാവിന്റെ സഹായത്താലും യേശുവിൽ ജ്ഞാനികളായ വിശ്വാസികളുടെ ഉപദേശത്താലും നമുക്ക് വിവേചനബുദ്ധി വളർത്തിയെടുക്കുവാൻ സാധിക്കും. സൂക്ഷ്മമായ ആത്മീയഅപകടങ്ങൾ മറഞ്ഞിരിക്കുന്ന സൗഹാർദപരമായ വാഗ്ദാനങ്ങൾ ധൈര്യത്തോടെ നമുക്ക് വേണ്ടെന്നു പറയാം, കാരണം തന്റെഹിതത്താൽനടത്തപ്പെടുന്ന ദൈവവേലയ്ക്ക് ഒരിക്കലും തന്റെ കരുതലിന്റെ കുറവ് ഉണ്ടായിരിക്കയില്ല.
ദൈവവേലയിൽ വിരുദ്ധ താൽപര്യങ്ങൾ ഉള്ളവരുമായി കൈകോർക്കുന്നതിന്റെ അപകടങ്ങൾ എന്തൊക്കെയാണ്? നിങ്ങൾക്ക് എങ്ങനെ വിവേകം വികസിപ്പിച്ചെടുക്കുവാൻ കഴിയും?
സ്നേഹവാനായ പിതാവേ, അങ്ങയ്ക്ക് എന്റെ ആവശ്യമറിയാം. മറ്റുള്ളവരുമായി എപ്പോൾ പങ്കാളിയാകണം എന്ന് തിരിച്ചറിയുന്നതിന് ജ്ഞാനവും വിവേകവും നൽകണമേ.