ഞങ്ങളുടെ കുടുംബം ഒരു നായക്കുട്ടിയെ കൊണ്ടുവരാൻ പദ്ധതിയിടുകയായിരുന്നു, അതിനാൽ എന്റെ പതിനൊന്നു വയസ്സുള്ള മകൾ മാസങ്ങളോളം ഗവേഷണം നടത്തി. നായ എന്താണ് കഴിക്കേണ്ടതെന്നും അതിനെ ഞങ്ങളുടെ പുതിയ വീട്ടിൽ എങ്ങനെ അവതരിപ്പിക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. മിച്ചമുള്ള ഒരു കിടപ്പുമുറി അതിനായിഅവൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കി. എന്റെ മകളുടെ ആനന്ദം നിറഞ്ഞ തയ്യാറെടുപ്പ് വളരെ വിപുലമായിരുന്നു.
ഒരു നായക്കുട്ടിക്കു വേണ്ടിയുള്ള തന്റെ ആകാംക്ഷനിറഞ്ഞ ചിന്തകൾ, സ്നേഹം നിറഞ്ഞ ഒരുക്കത്തിലേക്ക് എന്റെ മകളെ നയിച്ച വിധം, തന്റെ ജനവുമായി ജീവിതം പങ്കിടാനുള്ള ക്രിസ്തുവിന്റെ ആഗ്രഹവും അവർക്കായി ഒരു വീട് ഒരുക്കുമെന്ന തന്റെ വാഗ്ദാനവും എന്നെ ഓർമിപ്പിച്ചു. തന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അന്ത്യത്തോടടുത്ത് യേശു തന്റെ ശിഷ്യൻമാരോട് “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” (യോഹന്നാൻ 14:1) എന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നിട്ട് (താൻ) ഇരിക്കുന്ന ഇടത്തു (അവരും) ഇരിക്കേണ്ടതിന് (അവർക്കു) സ്ഥലം ഒരുക്കുവാൻ പോകുന്നു (വാ.3) എന്നു വാഗ്ദത്തം ചെയ്തു.
ശിഷ്യൻമാർ താമസിയാതെ കഷ്ടതകൾ നേരിടും. എന്നാൽ അവരെതന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുവാൻ താൻ പ്രവർത്തിക്കുകയാണെന്ന് അവർ അറിയണമെന്ന് യേശു ആഗ്രഹിച്ചു.
ഞങ്ങളുടെ പുതിയ നായക്കുട്ടിക്കായി ഭവനം ഒരുക്കുന്ന എന്റെ മകളുടെ ശ്രദ്ധാപൂർവവും മനഃപൂർവവുമായ ശ്രമത്തിൽ എനിക്ക് സന്തോഷിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. തന്റെ ജനത്തിലെ ഓരോരുത്തരുമായി നിത്യജീവൻ പങ്കിടാൻവേണ്ടി, നമ്മുടെ രക്ഷകൻ,തന്റെ വിശദമായ ഒരുക്കത്തിൽ എത്രമാത്രം ആനന്ദിക്കുന്നുവെന്ന് എനിക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ (വാ.2).
തന്റെ പിതാവിന്റെ ഭവനത്തിൽ യേശു നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കുന്നു എന്ന് അറിയുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? ആ പ്രത്യാശയിൽ ആശ്രയിക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ നിങ്ങൾക്ക് ശക്തിയും ധൈര്യവും എങ്ങനെ നൽകാം?
യേശുവേ, എനിക്കായി ഒരു സ്ഥലം ഒരുക്കുവാൻ പോയതിനായി നന്ദി. പൂർണ്ണമായും അങ്ങയിൽ പ്രത്യാശ അർപ്പിക്കാനും എന്റെ കണ്ണുകൾ അങ്ങയിൽ നിന്ന് അകറ്റാൻ പ്രലോഭിപ്പിക്കുന്ന ഈ ജീവിതത്തിലെ പോരാട്ടങ്ങളിൽ അസ്വസ്ഥമാകാതിരിക്കാനും എന്നെ സഹായിക്കണമെ.