കോവിഡ് – 19 മഹാമാരി മൂലം, മറ്റ് പലരേയും പോലെ, തന്നെയും ഉടനെ ജോലിയിൽ നിന്ന് താത്കാലികമായി പിരിച്ചുവിടുമെന്ന് എന്റെ ഭർത്താവ് കണ്ടെത്തിയ പ്രയാസകരമായ ഒരു ദിവസമായിരുന്നു അന്ന്. ദൈവം ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഞങ്ങൾ വിശ്വസിച്ചു, എന്നിട്ടും, അതെങ്ങനെ സംഭവിക്കും എന്ന അനിശ്ചിതത്വം പക്ഷേഭയപ്പെടുത്തുന്നതാണ്. താറുമാറായ വികാരങ്ങളെ ഞാൻ ‘പ്രോസസ്സ്’ ചെയ്തപ്പോൾ, പതിനാറാം നൂറ്റാണ്ടിലെ പരിഷ്കർത്താവായ ജോൺ ഓഫ് ദ ക്രോസിന്റെ പ്രിയപ്പെട്ട കവിത വീണ്ടും വായിക്കാനിടയായി. “ഐ വെന്റ് ഇൻ, ഐ ന്യൂ നോട്ട് വേർ” (“I Went In, I Knew Not Where”)എന്ന തലക്കെട്ടുള്ള കവിതയിൽ കീഴടങ്ങലിന്റേതായ ഒരു യാത്രയിൽ കണ്ടെത്തുന്ന അദ്ഭുതം ചിത്രീകരിക്കുന്നു – “അറിയുന്നതിന്റെ അതിരുകൾ മറികടന്ന് നാം പോകുമ്പോൾ ദൈവീകമായതിനെ അതിന്റെ എല്ലാ രൂപത്തിലും തിരിച്ചറിയാൻ നാം പഠിക്കുന്നു.” ഈ സമയത്ത് ഞാനും എന്റെ ഭർത്താവും ചെയ്യാൻ ശ്രമിച്ചത് അതാണ്: നിയന്ത്രിക്കാനും മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് ചുറ്റും ദൈവത്തെ കണ്ടെത്താവുന്ന അപ്രതീക്ഷിതവും നിഗൂഢവും മനോഹരവുമായ വഴികളിലേക്ക് ശ്രദ്ധ തിരിക്കുവാൻ!
കാണുന്നതിൽ നിന്നും കാണാത്തതിലേക്കും, പുറമേയുള്ളതിൽ നിന്നും അകമേയുള്ള യഥാർത്ഥ്യങ്ങളിലേക്കും, താൽക്കാലിക കഷ്ടതയിൽ നിന്ന്,”അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനത്തിലേക്കും” (2 കൊരി. 4:17) ഉള്ള യാത്രയ്ക്ക്, വിശ്വാസികളെ അപ്പൊസ്തലനായ പൗലൊസ് ക്ഷണിക്കുന്നു.
അവരുടെ കഷ്ടതയോട് അനുകമ്പയില്ലാത്തതിനാലല്ല പൗലൊസ് ഇങ്ങനെ പറഞ്ഞത്. തങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുന്ന കാര്യങ്ങളെ വിട്ടുകളയുന്നതിലൂടെ മാത്രമേ അവർക്ക് അത്യന്തം ആവശ്യമുള്ള ആശ്വാസം, സന്തോഷം, പ്രത്യാശ എന്നിവ അനുഭവിക്കുവാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു (വാ.10, 15-16). എങ്കിലേ,എല്ലാം പുതുതാക്കുന്ന ക്രിസ്ത്രുവിന്റെ ജീവിതത്തിലെ വിസ്മയം അവർക്കറിയാൻ സാധിക്കൂ.
നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയാത്ത വിധത്തിൽ ദൈവത്തിന്റെ മഹത്വം എപ്പോഴാണ് നിങ്ങൾ അനുഭവിച്ചിട്ടുള്ളത്? ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിൽ “അറിയുന്നതിന്റെ അതിരുകൾക്കപ്പുറം”നിങ്ങൾക്കു ദൈവത്തെ അനുഭവിക്കുവാൻ കഴിയും?
സ്നേഹവാനായ ദൈവമേ, ഞങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയാത്ത വിധം ഈ ലോകത്ത് ദുരിതവുംഅനിശ്ചിതത്വവും ഉണ്ട്. പുതുജീവൻ ശ്വസിച്ചു കൊണ്ട് അങ്ങയുടെ ജീവന്റെ അദ്ഭുതത്തിലേക്ക്, എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിനപ്പുറം അങ്ങയെ പിന്തുടരുവാൻഎന്നെ സഹായിക്കണമേ.