ഒരു ഗ്രാമത്തിൽ, ഒരു ധാന്യപ്പുര നിർമ്മിക്കുക എന്നത് ഒരു സാമൂഹിക കാര്യമാണ്. ഒരു കർഷക കുടുംബം ഒറ്റക്ക് ചെയ്താൽ മാസങ്ങൾ വേണ്ടി വരുന്ന നിർമ്മാണം ഗ്രാമത്തിലെ എല്ലാവരും ചേർന്ന് ഒരുമിച്ച് വളരെ പെട്ടെന്ന് തീർക്കും. നിർമ്മാണ വസ്തുക്കൾ നേരത്തെ ശേഖരിച്ചു വെക്കും; ഉപകരണങ്ങളൊക്കെ തയ്യാറാക്കി വെക്കും. നിശ്ചിത ദിവസം ഗ്രാമം മുഴുവൻ ഒരുമിച്ച് കൂടും, ജോലി ഭാഗം വെക്കും, എന്നിട്ട് ഒരുമിച്ച് നിർമ്മാണ പ്രവർത്തനം നടത്തും—ചിലപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ അത് പണിത് തീർക്കും.
ഇത് സഭയെക്കുറിച്ചും അതിൽ നമ്മുടെ ദൗത്യത്തെക്കുറിച്ചുമുള്ള ദൈവത്തിന്റെ വിഭാവനയുടെ ഒരു നല്ല ചിത്രമാണ്. ബൈബിൾ പറയുന്നു: “എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു” (1 കൊരിന്ത്യർ 12:27). ദൈവം, വ്യത്യസ്തരായ നമ്മെ ഓരോരുത്തരേയും ഒരു ശരീരത്തിന്റെ അംഗങ്ങൾ എന്ന നിലയിൽ “അതത് വ്യാപാരത്തിന് ഒത്തവണ്ണം “സജ്ജരാക്കി ജോലി വിഭജിച്ച് നല്കി,” “ശരീരം മുഴുവനും യുക്തമായി ചേർക്കുന്നു” (എഫേസ്യർ 4:16). ഒരു സമൂഹം എന്ന നിലയിൽ “തമ്മിൽ ഭാരങ്ങളെ ചുമക്കാൻ” (ഗലാത്യർ 6:2) നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
എന്നാൽ പലപ്പോഴും നാം തനിയെ നടക്കുന്നു. പരാശ്രയമില്ലാതെ എല്ലാം ചെയ്യാൻ താല്പര്യപ്പെട്ട്, നമ്മുടെ ആവശ്യങ്ങളെ നേടിയെടുക്കാൻ തനിയെ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മററുള്ളവരുടെ ആവശ്യഭാരങ്ങളെ താങ്ങുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. എന്നാൽ നാം മററുള്ളവരുമായി സഹവർത്തിത്വമുളളവരായിരിക്കണം എന്ന് ദൈവം താല്പര്യപ്പെടുന്നു. നാം മററുളളവരുടെ സഹായം തേടുകയും അവരുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ മനോഹരമാകുമെന്ന് ദൈവത്തിനറിയാം.
നാം അന്യോന്യം ആശ്രയിക്കുന്നത് വഴി മാത്രമാണ് ദൈവം നമുക്കായി കരുതിയത് എല്ലാം അനുഭവിക്കാനും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അതിശയകരമായ ദൈവിക പദ്ധതികൾ നടപ്പിലാക്കാനും കഴിയുകയുളളു-ഒരു ദിവസം കൊണ്ട് ആ ധാന്യപ്പുര പണിതതു പോലെ.
നിങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവരോട് പറയുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് എന്താണ്? ആരുടെയെങ്കിലും ഭാരം വഹിക്കുന്നതിന് സഹായിക്കാൻ നിങ്ങൾക്കിന്ന് എന്തു ചെയ്യാൻ കഴിയും?
സ്നേഹമുള്ള ദൈവമേ, ഞാൻ പലപ്പോഴും മറ്റുള്ളവരിൽ നിന്നും എന്നെത്തന്നെ ഒറ്റപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. അവരുമായി സഹവസിക്കാൻ എന്നെ സഹായിക്കണമേ.