പിതാവ് നോക്കി നിൽക്കെ,ഒരു കുഞ്ഞു ബാലിക ചെറിയ അരുവിയിൽക്കൂടി വേച്ച് വേച്ച് നടക്കുകയായിരുന്നു.അവളുടെ റബ്ബർ ബൂട്ട്സ് മുട്ടൊപ്പം ഉണ്ടായിരുന്നു. വെള്ളം തെറിപ്പിച്ച് നടന്ന് കുറച്ച് ആഴത്തിലേക്ക് നടന്നപ്പോൾ ബൂട്ട്സിൽ വെള്ളം കയറി, അവൾക്ക് ഒരടി പോലും വെക്കാൻ പറ്റാതായി. അവൾ അലറി, “ഡാഡി, ഞാൻ കുടുങ്ങി.“ മൂന്ന് സ്റ്റെപ്പ് വെച്ച് പിതാവ് അവളുടെ അരികിൽ എത്തി; പുൽത്തകിടിയിലേക്ക് അവളെ വലിച്ചു കയറ്റി. അവൾ ബൂട്ട്സ് വലിച്ചൂരി, പൊട്ടിച്ചിരിച്ചു കൊണ്ട് വെള്ളം കമഴ്ത്തിക്കളഞ്ഞു.
സങ്കീർത്തകനായ ദാവീദിനെ ദൈവം ശത്രുക്കളിൽ നിന്ന് രക്ഷിച്ചപ്പോൾ, അദ്ദേഹം ഒരു നിമിഷം ഒന്ന് ഇരുന്നിട്ട്, “തന്റെ ബൂട്ട്സ് വലിച്ചൂരി.“ ആശ്വാസം ആത്മാവിൽ നിറയാൻ അനുവദിച്ചു. തന്റെ അനുഭൂതി പ്രകടിപ്പിക്കാൻ ഒരു പാട്ട് എഴുതി. “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽ നിന്നു താൻ എന്നെ രക്ഷിക്കും” (2 ശമുവേൽ 22:4). ദൈവത്തെ തന്റെ പാറയായും കോട്ടയായും പരിചയായും ഗോപുരമായും (വാ. 2,3) പ്രകീർത്തിച്ചു. എന്നിട്ട് ഒരു കവിയുടെ ഭാവനയിൽ ദൈവത്തിന്റെ പ്രതികരണത്തെ വിവരിച്ചു. ഭൂമി ഞെട്ടി വിറച്ചു. ദൈവം ആകാശം ചായിച്ചിറങ്ങി. അവന്റെ സന്നിധിയിൽ നിന്ന് മിന്നലുകളും ഇടിയും പുറപ്പെട്ടു. അവന്റെ ശബ്ദം ഇടി മുഴങ്ങി. പെരുവെള്ളത്തിൽ നിന്ന് അവനെ വലിച്ചെടുത്തു (വാ. 8,10,13-15,17).
ഇന്ന് നിങ്ങൾ, ഒരു പക്ഷേ, ചുറ്റും എതിർപ്പുകൾ നേരിടുന്നുണ്ടാകാം. ആത്മീയമായി മുമ്പോട്ട് പോകാനാകാത്ത വിധം പാപത്തിൽ പുതഞ്ഞു പോയിട്ടുണ്ടാകാം. മുൻ കാലങ്ങളിൽ ദൈവം നിങ്ങളെ സഹായിച്ചത് ഓർക്കുക, എന്നിട്ട് അവനെ സ്തുതിക്കുകയും തുടർന്നും സഹായം ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങളെ രക്ഷിച്ച് അവന്റെ രാജ്യത്തിലാക്കിയതിനാൽ പ്രത്യേകമായി നന്ദി പറയുക (കൊലോസ്യർ 1:13).
പ്രതിസന്ധികളിലായിരിക്കുമ്പോൾ മുൻ കാലങ്ങളിൽ ദൈവം ചെയ്ത നന്മകളെ ഓർക്കാതെ പോകുന്നത് എന്തുകൊണ്ട്? ദൈവത്തെ സ്തുതിക്കുന്നത് അവനിലുള്ള വിശ്വാസം വർധിക്കുവാൻ ഇടയാക്കുന്നില്ലേ?
പ്രിയ സ്വർഗീയ പിതാവേ, നിരവധി തവണ എന്റെ സഹായത്തിനായി വന്നതിന് നന്ദി. അവിടുന്ന് എന്റെ ചാരെ ഉണ്ടെങ്കിൽ ഏതു പോരാട്ടത്തെയും അഭിമുഖീകരിക്കാൻ എനിക്കു കഴിയുമെന്നറിയാൻ എന്നെ സഹായിക്കണമേ.