മുംബൈയിൽ ഒരു നഴ്സ് ആയി ജോലിക്കു കയറുവാൻ പോവുകയായിരുന്നു യമുന. തൊഴിലവസരങ്ങൾ പരിമിതമായ അവളുടെ ഗ്രാമത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ മെച്ചമായി അവളുടെ കുടുംബത്തെ പരിപാലിക്കുവാൻ അവൾക്കതാവശ്യമായിരുന്നു. പുറപ്പെടുന്നതിന്റെ തലേദിവസം രാത്രി, അവൾ തന്റെ അഞ്ചു വയസ്സുള്ള മകളെ നോക്കുവാനേറ്റ സഹോദരിക്ക് നിർദ്ദേശങ്ങൾ നൽകി. “ഒരു സ്പൂൺ പഞ്ചസാര കൂട്ടി കൊടുത്താൽ അവൾ അവളുടെ മരുന്നുകൾ കഴിക്കും,” യമുന വിശദീകരിച്ചു, “ഓർക്കുക, അവൾ ഒരു നാണം കുണുങ്ങിയാണ്. പതിയെ അവൾ അവളുടെ കസിൻസുമായി കളിച്ചുകൊള്ളും. അവൾക്ക് ഇരുട്ടിനെ ഭയമാണ്, . . ”
പിറ്റേന്ന് ട്രെയിനിലെ ജനലിലൂടെ പുറത്തേക്ക് നോക്കി യമുന പ്രാർത്ഥിച്ചു: “കർത്താവേ, എന്റെ മകളെ എന്നെപ്പോലെ ആർക്കും അറിയില്ല. എനിക്ക് ഇപ്പോൾ അവളോടൊപ്പം ആയിരിക്കുവാൻ കഴിയുകയില്ല, പക്ഷേ നിനക്കതു കഴിയും.”
നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളെ നമ്മൾ അറിയുന്നു, അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നു;കാരണം അവർ നമുക്ക് വിലപ്പെട്ടവരാണ്. വിവിധ സാഹചര്യങ്ങളാൽ നമുക്ക് അവരോടൊപ്പമുണ്ടാകുവാൻ കഴിയാത്തപ്പോൾ, നമ്മളെപ്പോലെ വേറെ ആർക്കും അവരെ അറിയാത്തതിനാൽ അവർക്കെന്തങ്കിലും പ്രയാസമുണ്ടാകുമോ എന്ന് നാം പലപ്പോഴും ഉത്കണ്ഠാകുലരാണ്.
മറ്റാരെക്കാളും കൂടുതൽ ദൈവം നമ്മെ അറിയുന്നു എന്നു സങ്കീർത്തനം 139 ൽ ദാവീദ് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുപോലെ, അവൻ തന്റെ പ്രിയപ്പെട്ടവരെ അടുത്തറിയുന്നു (വാ. 1-4). അവൻ അവരുടെ സ്രഷ്ടാവാണ് (വാ. 13-15), അതിനാൽ അവൻ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. അവരുടെ ജീവിതത്തിലെ ഓരോ ദിവസവും എന്ത് സംഭവിക്കുമെന്ന് അവനറിയാം (വാ. 16), അവൻ അവരോടൊപ്പമുണ്ട്, അവരെ ഒരിക്കലും അവൻ ഉപേക്ഷിക്കയില്ല (വാ. 5-10).
നിങ്ങൾ മറ്റുള്ളവരെക്കുറിച്ച് ഉത്കണ്ഠാകുലരാകുമ്പോൾ, അവരെ ദൈവത്തിന്റെ കൈയിൽ ഏൽപ്പിക്കുക, കാരണം അവൻ അവരെ നന്നായി അറിയുന്നു, ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.
നിങ്ങൾക്ക് ആരെയാണ് ദൈവത്തിന്റെ കരത്തിൽ ഏൽപ്പിക്കുവാൻ ആവശ്യമുള്ളത്? നിങ്ങൾക്ക് ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ഈ മേഖലയിൽ എങ്ങനെ കാണിക്കുവാനാകും?
സ്വർഗ്ഗസ്ഥനായ പിതാവേ, എനിക്കെപ്പോഴും ഞാൻ സ്നേഹിക്കുന്നവരോടൊപ്പം ആയിരിക്കുവാൻ കഴിയുകയില്ലെങ്കിലും, അങ്ങേക്ക് അവരെ നന്നായി അറിയാമെന്നും നീ അവരെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുവെന്നും ഓർത്ത് ഞാൻ അവരെ നിന്റെ സ്നേഹപൂർണ്ണമായ പരിചരണത്തിന് ഏൽപ്പിക്കുന്നു.