മിക്ക പ്രഭാതങ്ങളിലും ഞാൻ കർത്താവിന്റെ പ്രാർത്ഥന ഉരുവിടാറുണ്ട്. ആ പ്രാർഥനയിൽ ഞാൻ എന്നെത്തന്നെ ഉറപ്പിക്കാതെ ഒരു പുതിയ ദിവസം സാധാരണ തുടങ്ങാറില്ല. ഈയിടെ ഒരിക്കൽ ഞാൻ അതിന്റെ ആദ്യത്തെ വാക്കുകൾ – “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” – എന്നു പറഞ്ഞതേയുള്ളൂ, എന്റെ ഫോൺ റിങ്ങ് ചെയ്തു. അപ്പോൾ രാവിലെ 5:43 മാത്രമേ ആയിരുന്നുള്ളൂ എന്നതിനാൽ അത് എന്നെ ഞെട്ടിച്ചു. ഫോൺ ഡിസ്പ്ലേയിൽ “ഡാഡ് (പിതാവ്)” എന്ന് എഴുതിയിരുന്നു. ഞാൻ ഉത്തരം നൽകുന്നതിന് മുമ്പ്, കോൾ പെട്ടെന്ന് അവസാനിച്ചു. എന്റെ പിതാവ് അബദ്ധത്തിൽ വിളിച്ചതാണെന്ന് ഞാൻ ഊഹിച്ചു. തീർച്ചയായും, അങ്ങനെതന്നെ ആയിരുന്നു. എന്നാൽ ഇത് ഒരു യാദൃശ്ചികത ആയിരുന്നോ? ആയിരിക്കാം. പക്ഷേ, ദൈവകരുണയാൽ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ആ ദിവസം, സ്വർഗീയ പിതാവിന്റെ സാന്നിധ്യത്തിന്റെ ഉറപ്പ് ആവശ്യമായിരുന്നു!
ഒരു നിമിഷം അതിനെക്കുറിച്ച് ചിന്തിക്കുക. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ, പ്രാർത്ഥന ആരംഭിക്കുവാൻ ഈ വാക്കുകളാണ് തിരഞ്ഞെടുത്തത് – “.. ഞങ്ങളുടെ പിതാവേ,”(മത്താ. 6: 9). അതു യാദൃശ്ചികമാണോ? അല്ല, യേശുവിന്റെ വാക്കുകൾ ഒരിക്കലും യാദൃശ്ചികമായിരുന്നില്ല. നമുക്കെല്ലാവർക്കും നമ്മുടെ ഭൗമിക പിതാക്കന്മാരുമായി വ്യത്യസ്ത ബന്ധങ്ങളാണുള്ളത് – ചിലത് നല്ലതായിരിക്കും, ചിലത് അത്ര നല്ലതായിരിക്കില്ല. എന്നാൽ, നാം പ്രാർത്ഥിക്കുമ്പോൾ “എന്റെ” പിതാവേ അല്ലെങ്കിൽ “നിങ്ങളുടെ” പിതാവേ എന്നല്ല, മറിച്ച് “ഞങ്ങളുടെ” പിതാവേ എന്നാണ് അഭിസംബോധന ചെയ്യുന്നത് ;നമ്മെ കാണുന്നവനും നമ്മെ കേൾക്കുന്നവനും, നമ്മൾ അവനോട് യാചിക്കുംമുമ്പേ നമുക്ക് എന്താണ് വേണ്ടതെന്ന് അറിയുന്നവനും (വാ. 8) ആയ നമ്മുടെ പിതാവ്.
എന്തൊരു അത്ഭുതകരമായ ഉറപ്പ്! പ്രത്യേകിച്ച് നമ്മൾ വിസ്മരിക്കപ്പെട്ടതായോ, ഒറ്റപ്പെട്ടതായോ, ഉപേക്ഷിക്കപ്പെട്ടതായോ, അല്ലെങ്കിൽ അത്ര വിലപ്പെട്ടവരല്ലെന്നോ തോന്നുന്ന അവസരങ്ങളിൽ . ഓർക്കുക, നമ്മൾ എവിടെയാണെങ്കിലും, രാത്രിയോ പകലോ ഏതുസമയത്താണെങ്കിലും, സ്വർഗ്ഗസ്ഥനായ പിതാവ് എപ്പോഴും നമ്മുടെ സമീപം ഉണ്ട്.