ന്യൂ മെക്സിക്കോയിൽ ഒരു പ്രദേശത്ത്, ഓരോ മാസവും പരിസരവാസികൾക്ക് 24,000 പൗണ്ടിലധികം സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് അവരുടെ സമൂഹത്തെ പിന്തുണയ്ക്കുന്ന ഒരു ശുശ്രൂഷയുണ്ട്. അതിന്റെ നേതാവ് പറഞ്ഞു, “ആളുകൾക്ക് ഇവിടെ വരാം, ഞങ്ങൾ അവരെ സ്വീകരിക്കുകയും അവർ എവിടെയായിരുന്നാലും അവരെ സമീപിക്കുകയും ചെയ്യും. അവരുടെ പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അവരുടെ ആത്മീയ ആവശ്യങ്ങൾ അഭിമുഖികരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. . .” ക്രിസ്തു വിശ്വാസികളെന്ന നിലയിൽ നമുക്കു നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ, നമ്മുടെ ചുറ്റുമുള്ള സമൂഹത്തെ തന്നിലേക്ക് അടുപ്പിക്കുവാൻ ഉപയോഗിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന് മഹത്വം നൽകുന്ന സേവനങ്ങൾക്കായി നമ്മുടെ ഹൃദയത്തെ എങ്ങനെ ഒരുക്കുവാൻ കഴിയും?
ദൈവം നൽകിയ അനുഗ്രഹങ്ങൾ, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചുതരുവാൻ ദൈവത്തോട് ആവശ്യപ്പെടുന്നതിലൂടെ (1 പത്രോ. 4:10), സേവനത്തിന്റെ ഒരു ഹൃദയം വികസിപ്പിക്കുവാൻ നമുക്ക് കഴിയും. അങ്ങനെ, നമുക്കു ലഭിച്ച അനുഗ്രഹ സമൃദ്ധി, “ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണം ആകും” (2 കൊരി. 9:12).
മറ്റുള്ളവരെ സേവിക്കുന്നത് യേശുവിന്റെ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗമായിരുന്നു. അവൻ രോഗികളെ സുഖപ്പെടുത്തുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്തപ്പോൾ, അനേകർ ദൈവത്തിന്റെ നന്മയും സ്നേഹവും അറിയുകയായിരുന്നു. നമ്മുടെ സമൂഹങ്ങളെ പരിപാലിക്കുന്നതിലൂടെ, നമ്മൾ അവന്റെ ശിഷ്യത്വ മാതൃക പിന്തുടരുന്നു. നമ്മുടെ പ്രവൃത്തികളിലൂടെ നാം ദൈവസ്നേഹം പ്രകടിപ്പിക്കുമ്പോൾ, “അവർ ദൈവത്തെ മഹത്വപ്പെടുത്തും” (വാ. 13) എന്ന്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ഓർമ്മിപ്പിക്കുന്നു. സേവനം ആത്മസംതൃപ്തിക്കല്ല, മറിച്ച് ദൈവസ്നേഹത്തിന്റെ വ്യാപ്തിയും, അവൻ പ്രവർത്തിക്കുന്ന അത്ഭുതകരമായ വഴികളും, അവന്റെ നാമം വിളിക്കപ്പെട്ടവരിൽക്കൂടി ലോകത്തെ കാണിക്കുവാനാണ്.