എന്റെ നാൽപ്പത് മിനിറ്റ് വ്യായാമത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് ഞാൻ പ്രവേശിക്കുമ്പോൾ, എന്റെ പരിശീലകൻ നിർദ്ദേശിക്കും, “ശക്തമായി പൂർത്തിയാക്കുക!” എനിക്ക് അറിയാവുന്ന ഓരോ വ്യക്തിഗത പരിശീലകനോ ഗ്രൂപ്പ് ഫിറ്റ്നസ് ലീഡറോ വ്യായാമം അവസാനിപ്പിക്കുന്നതിന്റെ കുറച്ച് മിനിറ്റ് മുമ്പ് ഈ വാചകം ഉപയോഗിക്കുന്നു. വ്യായാമത്തിന്റെ അവസാനം തുടക്കംപോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് അവർക്കറിയാം. കുറച്ചുസമയം ചലനത്തിലായിരിക്കുമ്പോൾ തനിയെ വേഗത കുറയ്ക്കാനോ മന്ദഗതിയിലാക്കാനോ ആഗ്രഹിക്കുന്ന പ്രവണത മനുഷ്യശരീരത്തിനുണ്ടെന്ന് അവർക്ക് അറിയാം.
യേശുവുമായുള്ള നമ്മുടെ യാത്രയിലും ഇത് സത്യമാണ്. ജറുസലേമിലേക്ക് പോകുമ്പോൾ എഫെസോസിലെ സഭയിലെ മൂപ്പന്മാരോടു പൗലോസ് പറഞ്ഞു: അവിടെ ക്രിസ്തുവിന്റെ അപ്പോസ്തലനെന്ന നിലയിൽ പീഡനങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പായിരുന്നു എങ്കിലും, തനിക്ക് തന്റെ ദൗത്യം ശക്തമായി പൂർത്തിയാക്കേണ്ടതുണ്ട് (പ്രവൃ. 20: 17-24). പൗലോസ് തളർന്നില്ല, താൻ ആരംഭിച്ച യാത്ര പൂർത്തിയാക്കുകയും ദൈവം തന്നെ വിളിച്ച കാര്യം ചെയ്യുകയുമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം – “ദൈവകൃപയുടെ സുവിശേഷം” പറയാൻ (വാ. 24) അവൻ ശക്തമായി ആഗ്രഹിച്ചു. ബുദ്ധിമുട്ട് അവനെ കാത്തിരിക്കുകയാണെങ്കിൽപ്പോലും (വാ. 23), അവൻ തന്റെ ഫിനിഷിങ്ങ് ലൈനിലേക്ക് ഓടിക്കൊണ്ടിരിക്കുവാൻ ശ്രദ്ധിക്കുകയും തന്റെ ഓട്ടത്തിൽ ഉറച്ചുനിൽക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
നാം നമ്മുടെ ശാരീരിക പേശികൾ ശക്തമാക്കാൻ വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവം നൽകിയ കഴിവുകൾ വികസിപ്പിച്ചെടുക്കുകയോ ചെയ്യുന്നുവെങ്കിൽ, ശക്തമായി പൂർത്തിയാക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തൽ നമുക്കും പ്രോത്സാഹജനകമാണ്. “മടുത്തുപോകരുത് ” (ഗലാത്യർ 6: 9). ക്ഷീണിക്കരുത്. നിങ്ങളുടെ വേല ശക്തമായി പൂർത്തിയാക്കുവാൻ വേണ്ട ശക്തി ദൈവം നിങ്ങൾക്ക് നൽകും.
ക്ഷീണിക്കുകയും ദൗത്യം ഉപേക്ഷിക്കാൻ തോന്നുകയും ചെയ്യുമ്പോൾ നിങ്ങൾ എന്തു ചെയ്യും? തുടങ്ങിയത് ശക്തമായി പൂർത്തിയാക്കുന്നതിന്റെ പ്രയോജനം എന്താണ്?
പിതാവേ, ഈ യാത്ര തുടരുവാൻ എന്നെ സഹായിക്കൂ. ശക്തമായി പൂർത്തിയാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ എന്റെ ജീവിതവും യാത്രയും മൂലം അങ്ങേക്ക് മഹത്വം ഉണ്ടാകട്ടെ.