സൈമണിന്റെ വീട്ടിലേക്കുള്ള എന്റെ യാത്ര അവിസ്മരണീയമായിരുന്നു. നക്ഷത്രഖചിതമായ ആകാശത്തിന്റെ കീഴിൽ അത്താഴത്തിന് കെനിയയിലെ ന്യാഹുരുരുവിൽ അദ്ദേഹത്തിന്റെ ചെറിയ വീട്ടിലേക്ക് ഞങ്ങൾ ചെന്നു. ആ വീടിന്റെ മൺതറയും, വിളക്കിന്റെ വെളിച്ചവും സൈമണിന്റെ പരിമിതമായ വരുമാനത്തെ പ്രതിഫലിപ്പിച്ചു. എന്തായിരുന്നു അവിടെ നിന്ന് കഴിച്ചതെന്ന് ഞാൻ ഓർക്കുന്നില്ല; എന്നാൽ ഞങ്ങൾ അവന്റെ അതിഥികളായി വന്നതിനാൽ സൈമണുണ്ടായ സന്തോഷം എനിക്ക് മറക്കാനാകാത്തതാണ്. അവന്റെ സ്നേഹം നിറഞ്ഞ ആതിഥ്യം യേശുവിന്റെ മനോഭാവത്തോടെയായിരുന്നു-നിസ്വാർത്ഥവും ജീവിതത്തെ സ്പർശിക്കുന്നതും ഉന്മേഷദായകവും.
1 കൊരിന്ത്യർ 16: 15-18 -ൽ, പൗലോസ് ഒരു കുടുംബത്തെക്കുറിച്ച് പരാമർശിക്കുന്നു – സ്തെഫനാസിന്റെ കുടുംബം (വാ. 15). അവരുടെ ശുശ്രൂഷ പ്രസിദ്ധമായിരുന്നു – അവർ “വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു” (വാ. 15). അവരുടെ സേവനം ഭൗമികമായ കാര്യങ്ങളിൽ ആയിരുന്നുവെങ്കിലും (വാ. 17), അതിന്റെ സ്വാധീനത്താൽ പൗലോസ് എഴുതി, “അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ” (വാ. 18).
മറ്റുള്ളവരെ സൽക്കരിക്കുവാൻ അവസരങ്ങളുണ്ടാകുമ്പോൾ, ഭക്ഷണത്തിന്റെ ക്രമീകരണങ്ങളിലും അതുപോലുള്ള മറ്റ് കാര്യങ്ങളിലും നാം കൂടുതൽ ശ്രദ്ധിക്കുന്നു. എന്നാൽ അവ പ്രധാന്യമുള്ളതാണെങ്കിലും, അത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളല്ലെന്ന് നമ്മൾ ചിലപ്പോൾ മറക്കുന്നു. മനോഹരവും മികച്ചതുമായ ഭക്ഷണക്രമീകരണങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, പക്ഷേ ഒരു ഭക്ഷണത്തിനും നമ്മെ പൂർണ്ണമായി പരിപോഷിപ്പിക്കുവാനും നമുക്ക് ഉന്മേഷം നല്കുവാനും സാധിക്കുകയില്ല. യഥാർത്ഥ പോഷണം ദൈവത്തിൽ നിന്ന് നമ്മിലേക്ക് ഒഴുകിവരേണ്ടതാണ്; അത് നമ്മുടെ ഹൃദയത്തിലാണുണ്ടാകേണ്ടത്. അത് മറ്റുള്ളവരുടെ ഹൃദയങ്ങളിലും എത്തും; അത് ഭക്ഷണശേഷവും വളരെനാൾ അവരെ പോഷിപ്പിക്കുകയും ചെയ്യും.