1742 നവംബറിൽ, ഇംഗ്ലണ്ടിലെ സ്റ്റാഫ്‌ഫോർഡ്ഷയറിയിൽ ചാൾസ് വെസ്‌ലിയുടെ പ്രസംഗത്തിനെതിരായി ഒരു ലഹള പൊട്ടിപ്പുറപ്പെട്ടു. ചാൾസും തന്റെ സഹോദരൻ ജോണും ദീർഘ നാളുകളായുണ്ടായിരുന്ന പല സഭാപാരമ്പര്യങ്ങളെയും മാറ്റിമറിക്കുന്നതായി പല നഗരവാസികൾക്കും
തോന്നി.

ലഹളയെക്കുറിച്ചു കേട്ടപ്പോൾ ജോൺ വെസ്ലി തന്റെ സഹോദരനെ സഹായിക്കേണ്ടതിനായി സ്റ്റാഫ്ഫോർഡ്ഷയറിലേക്ക് പോയി. പെട്ടെന്ന് അനിയന്ത്രിതമായ ഒരു ജനക്കൂട്ടം ജോൺ താമസിച്ചിരുന്ന സ്ഥലത്തു എത്തിച്ചേർന്നു. എന്നാൽ ധൈര്യം സംഭരിച്ച് അദ്ദേഹം അവരുടെ നേതാക്കളുമായി മുഖാമുഖം ശാന്തമായി സംസാരിക്കുകയും അവരുടെ കോപം ശമിക്കുകയും ചെയ്തു.

ജോൺ വെസ്‌ലിയുടെ സൗമ്യവും ശാന്തവുമായ ആത്മാവ് ക്രൂരന്മാരായ ജനക്കൂട്ടത്തെ ശാന്തരാക്കി. എന്നാൽ ആ ശാന്തത തന്നിൽ സ്വയമായി ഉണ്ടായിരുന്നതല്ല. അത് താൻ വളരെ അടുത്ത് പിൻപറ്റിയിരുന്ന തന്റെ രക്ഷകന്റെ ഹൃദയമായിരുന്നു. യേശു പറഞ്ഞു, “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും” (മത്തായി 11:29). സൗമ്യതയുടെ ഈ നുകമായിരുന്നു അപ്പോസ്തലനായ പൗലോസ് നമുക്ക് മുൻപിൽ വച്ച വെല്ലുവിളി. “പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും…ചെയ്‍വിൻ” (എഫെസ്യർ 4:2)

നമ്മുടെ മാനുഷികതയിൽ അത്തരം ക്ഷമ നമുക്ക് അസാദ്ധ്യമാണ്. എന്നാൽ നമ്മിലുള്ള ആത്മാവിന്റെ ഫലത്താൽ ക്രിസ്തുവിന്റെ ഹൃദയത്തിലെ സൗമ്യത നമ്മെ വേർതിരിക്കുകയും ശത്രുത നിറഞ്ഞ ലോകത്തെ അഭിമുഖീകരിക്കാൻ സജ്ജമാക്കുകയും ചെയ്യും. അങ്ങനെ നാം ചെയ്യുമ്പോൾ “നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ” (ഫിലിപ്പ്യർ 4:5) എന്ന പൗലോസിന്റെ വാക്ക് അന്വർഥമാക്കുകയും ചെയ്യും.