ഒരിക്കൽ ഒരു ബിസ്സിനസുകാരൻ അയാൾ കോളേജിൽ പഠിച്ചിരുന്ന കാലത്തെപ്പറ്റി പറയുന്നത് ഞാൻ കേട്ടു, വിഷാദരോഗത്തിന്റെ ആക്രമണത്താൽ പലപ്പോഴും അയാൾ നിസ്സഹായനും നിരാശനും ആയിരുന്നു എന്ന്. ദുഃഖകരമെന്നു പറയട്ടെ, അയാൾ ഇതിനായി ഒരു ഡോക്ടറെ കാണുന്നതിന് പകരം ലൈബ്രറിയിൽ നിന്ന് ആത്മഹത്യയെപ്പറ്റിയുള്ള ഒരു പുസ്തകം വരുത്തി ജീവിതം അവസാനിപ്പിക്കുവാനുള്ള ദിവസം തീരുമാനിക്കുകയായിരുന്നു.

നിസ്സഹായരും നിരാശരുമായവർക്കായി ദൈവം കരുതുന്നു. ബൈബിൾ കഥാപാത്രങ്ങളുടെ ഇരുണ്ട അവസ്ഥയിൽ നാം അവിടുത്തെ ഇടപെടൽ കാണുന്നു. യോനാ മരിക്കാൻ ആഗ്രഹിച്ചപ്പോൾ ദൈവം അവനെ ഒരു രൂപാന്തരത്തിലേക്ക് നയിക്കുന്നു (യോനാ 4:3-10). ഏലിയാവ് തന്റെ ജീവൻ എടുത്തുകൊള്ളുവാൻ ദൈവത്തോട് പറഞ്ഞപ്പോൾ (1 രാജാക്കന്മാർ 19:4), ദൈവം അവനെ ഉന്മേഷവാനാക്കുവാൻ അപ്പവും വെള്ളവും നൽകി (വാ.5-9), അവനോട് മൃദുവായി സംസാരിച്ചു (വാ.11-13), താൻ ചിന്തിച്ചതുപോലെ അവൻ ഏകനല്ല എന്ന് മനസ്സിലാക്കുവാൻ സഹായിച്ചു (വാ.18). ആർദ്രവും പ്രായോഗികവുമായ സഹായത്താൽ ദൈവം നിരാശരായവരെ സമീപിക്കുന്നു.

ആത്മഹത്യയെപ്പറ്റിയുള്ള ആ പുസ്തകം തിരികെ നൽകേണ്ട സമയമായപ്പോൾ ലൈബ്രറി ഒരു കുറിപ്പ് അവനയച്ചു. എന്നാൽ അവർ ശ്രദ്ധിക്കാതെ അവന്റെ മാതാപിതാക്കളുടെ വിലാസത്തിലാണ് ആ കുറിപ്പ് അയച്ചത്. അസ്വസ്ഥതയോടെ അവന്റെ അമ്മ അവനെ വിളിച്ചപ്പോൾ, തന്റെ ആത്മഹത്യാ വരുത്തുമായിരുന്ന വിനാശത്തെപ്പറ്റി അവൻ തിരിച്ചറിഞ്ഞു. ആ വിലാസം മാറിപ്പോയില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല എന്ന് അവൻ പറഞ്ഞു.

ആ വിദ്യാർത്ഥി ഭാഗ്യം കൊണ്ടോ യാദൃശ്ചികമായോ ആണ് രക്ഷപെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ ആവശ്യത്തിൽ അപ്പവും വെള്ളവുമായോ, അല്ലെങ്കിൽ ഒരു തെറ്റായ വിലാസമായോ, ഇത്തരത്തിലുള്ള നിഗൂഢമായ ദൈവീക ഇടപെടലുകൾ നമ്മെ രക്ഷിക്കുമ്പോൾ, നാം ദൈവീകമായ ആർദ്രതയാണ് അനുഭവിച്ചത്.