സ്നേഹവാനായ ദൈവമേ, അവിടുത്തെ മൃദുവായ, പരിലാളനത്തോടുകൂടിയ തിരുത്തലിനായി നന്ദി. തളർന്ന തോളുകളോടെ ആ വിഷമം പിടിച്ച വാക്കുകൾ ഞാൻ ഉരുവിട്ടു. “എല്ലാം എനിക്ക് തനിയെ ചെയ്യാൻ കഴിയും എന്ന അഹങ്കാരമായിരുന്നു എനിക്ക്. കഴിഞ്ഞ ചില മാസങ്ങളായി എന്റെ പ്രൊജെക്ടുകൾ എല്ലാം വളരെ ഭംഗിയായി പൂർത്തിയായതിനെ ആസ്വദിച്ചുകൊണ്ട്, അഭിന്ദനങ്ങളിൽ മയങ്ങി എന്റെ സ്വന്തം കഴിവുകളിൽ ആശ്രയിച്ചു ദൈവീക നടത്തിപ്പിനെ ഞാൻ ത്യജിച്ചു. ഞാൻ വിചാരിച്ചത്ര മിടുക്കനല്ല ഞാൻ എന്നത് മനസ്സിലാക്കുവാൻ വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു പ്രൊജക്റ്റ് വേണ്ടി വന്നു എനിക്ക്. അഹങ്കാരം നിറഞ്ഞ എന്റെ ഹൃദയം ദൈവസഹായം ആവശ്യമില്ല എന്ന വിശ്വാസത്താൽ എന്നെ ചതിക്കുകയായിരുന്നു.

ശക്തരായ എദോം ജനതയ്ക്ക് അവരുടെ അഹങ്കാരത്തിന് ദൈവത്തിൽ നിന്നുള്ള ശിക്ഷണം ലഭിക്കാനിടയായി. മലകളാൽ ചുറ്റപ്പെട്ട, ശത്രുക്കൾക്ക് ആക്രമിക്കാൻ പറ്റാത്ത സ്ഥലത്തായിരുന്നു എദോം സ്ഥിതിചെയ്തത് (ഓബദ്യാവ് 1:3). തന്ത്രപ്രധാന കച്ചവട പാതയിലായിരുന്നു എദോം സ്ഥിതിചെയ്തത്. കൂടാതെ പുരാതന കാലത്തു വളരെ വിലയുള്ള ചെമ്പിനാൽ സമൃദ്ധവുമായ ഒരു സമ്പന്ന രാഷ്ട്രവുമായിരുന്നു. അത് എല്ലാ നല്ല കാര്യങ്ങളും ഒപ്പം അഹങ്കാരവും നിറഞ്ഞിരുന്നു. അവർ അജയ്യരാണെന്ന് അവിടുത്തെ ആളുകൾ വിശ്വസിച്ചിരുന്നു ഒപ്പം ദൈവജനത്തെ പീഡിപ്പിക്കുകയും ചെയ്തു (വാ.10-14). എന്നാൽ ദൈവം തന്റെ പ്രവാചകനായ ഓബദ്യാവിനെ അവരോട് തന്റെ ന്യായവിധിയെ അറിയിക്കുവാൻ ഉപയോഗിച്ചു. മറ്റു രാജ്യങ്ങൾ ഏദോമിനെതിരെ ഉയർന്ന്, ഒരിക്കൽ ശക്തരായിരുന്നവർ സുരക്ഷിതരല്ലാത്തവരും അപമാനിതരും ആകും (വാ.1-2).

ദൈവത്തെ കൂടാതെ നമ്മുടെ വഴികളിൽ ജീവിക്കാം എന്ന ചിന്തയിലൂടെ അഹങ്കാരം നമ്മെ വഞ്ചിക്കുന്നു. അത് നാം, അധികാരങ്ങൾക്കും തിരുത്തുകൾക്കും ബലഹീനതയ്ക്കും അതീതരാണെന്ന തോന്നൽ ഉളവാക്കും. എന്നാൽ ദൈവം നമ്മെ തിരുമുൻപിൽ താഴ്മയുള്ളവരാകാൻ വിളിക്കുന്നു (1 പത്രൊസ് 5:6). നാം അഹങ്കാരത്തിൽ നിന്നും തിരിഞ്ഞു മാനസാന്തരം തിരഞ്ഞെടുക്കുമ്പോൾ, ദൈവം തന്നിൽ പൂർണ്ണമായി ആശ്രയിക്കുവാൻ നമ്മെ സഹായിക്കും.