മാൻ കുടുംബത്തിലെ അംഗമായ ഇംപാലയ്ക്ക് പത്തടി ഉയരത്തിലും മുപ്പതടി ദൂരത്തിലും വരെ ചാടാൻ കഴിയും. ഇത് അവിശ്വസനീയമായ ഒരു നേട്ടമാണ്, ആഫ്രിക്കൻ വനത്തിലെ അതിജീവനത്തിന് ഇത് അനിവാര്യമാണ്. എന്നിരുന്നാലും, മൃഗശാലകളിൽ കാണപ്പെടുന്ന പല ഇംപാലകളെയും വെറും മൂന്നടി ഉയരമുള്ള മതിൽക്കെട്ടിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്രയും കായികശേഷിയുള്ള ഈ മൃഗങ്ങളെ എങ്ങനെ ഇത്രയും ഉയരം കുറഞ്ഞ മതിലിനുള്ളിൽ സൂക്ഷിക്കാൻ കഴിയും? ഇത് പ്രവർത്തിക്കുന്നതിന്റെ കാരണം, എവിടേക്കാണ് ചാടിവീഴുന്നതെന്നു കാണാൻ കഴിയാതെ ഇംപാലകൾ ഒരിക്കലും ചാടുകയില്ല. മറുവശത്ത് എന്താണെന്ന് കാണാൻ കഴിയാത്തതിനാൽ അവ ചുവരുകൾക്കുള്ളിൽ തന്നെ കഴിയുന്നു.
മനുഷ്യരായ നമ്മളും വ്യത്യസ്തരല്ല. മുന്നോട്ടു പോകുന്നതിനു മുമ്പ് ഒരു സാഹചര്യത്തിന്റെ ഫലം അറിയാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വിശ്വാസജീവിതം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. കൊരിന്തിലെ സഭയ്ക്ക് എഴുതുമ്പോൾ പൗലൊസ് അവരെ ഓർമ്മിപ്പിച്ചു, “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്’’ (2 കൊരിന്ത്യർ 5:7).
“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ’’ (മത്തായി 6:10) എന്നു പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. എന്നാൽ അതിനർത്ഥം നമുക്ക് അവന്റെ ഫലങ്ങൾ മുൻകൂട്ടി അറിയാമെന്നല്ല. വിശ്വാസത്താൽ ജീവിക്കുക എന്നതിനർത്ഥം ആ ഉദ്ദേശ്യങ്ങൾ നിഗൂഢതയിൽ മറഞ്ഞിരിക്കുമ്പോഴും അവന്റെ നല്ല ഉദ്ദേശ്യങ്ങളിൽ വിശ്വസിക്കുക എന്നതാണ്.
ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ, നമുക്ക് അവന്റെ അചഞ്ചലമായ സ്നേഹത്തിൽ വിശ്വസിക്കാം. ജീവിതം നമുക്കു നേരെ കൊണ്ടുവരുന്നതെന്തായാലും, “അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9).
ഏതൊക്കെ മേഖലകളിലാണ് നിങ്ങൾ സ്വീകരിക്കേണ്ട അടുത്ത ഘട്ടം കാണാൻ നിങ്ങൾ പ്രയാസപ്പെടുന്നത്? നിങ്ങൾ അവിടുത്തെ കൃപയിൽ മുമ്പോട്ടു പോകുമ്പോൾ അവനെ വിശ്വസിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ ദൈവത്തോടപേക്ഷിക്കുക.
പിതാവേ, പലപ്പോഴും, ഞാൻ അനിശ്ചിതത്വത്താലും ഭയത്താലും മരവിച്ചിരിക്കുന്നു. അങ്ങയുടെ നല്ല ഹിതം നിറവേറുമെന്നു വിശ്വസിച്ചുകൊണ്ട്, ഞാൻ പോകുവാൻ അങ്ങാഗ്രഹിക്കുന്ന വഴിയിൽ എന്റെ ചുവടുകളെ നയിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.